ജനങ്ങള്‍ക്കും നാടിനും ദ്രോഹം ചെയ്യുന്ന സംസ്ഥാന സര്‍ക്കാറിെൻറ മദ്യനയത്തിനും തുടര്നടപടികള്ക്കുമെതിരെയുള്ള പ്രതിഷേധങ്ങൾ കേരളത്തിൽ ശക്തിപ്പെടുകയാണ്. പ്രതിഷേധത്തിെൻറ ഭാഗമായി ഒക്ടോബര്‍ 23ന് സെക്രട്ടേറിയറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തുകയാണ്. കഴിഞ്ഞ മാസം സെക്രട്ടേറിയേറ്റിനു മുമ്പില്‍ നടന്ന ആധ്യാത്മിക-സാമൂഹിക-സാംസ്കാരിക നായകരുടെ സത്യഗ്രഹത്തിെൻറ തുടര്‍ച്ചയാണിത്. ജനങ്ങളേയും തലമുറകളേയും സർവനാശത്തിലേക്ക് തള്ളിവിടുന്ന മദ്യനയത്തിനും സര്‍ക്കാര്‍ നടപടികള്‍ക്കുമെതിരായി നാടെങ്ങും ഉയരുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ജനാധിപത്യവിരുദ്ധ സമീപനമാണ് സര്‍ക്കാറിേൻറത്. പുതിയ മദ്യനയം ലക്ഷ്യമിടുന്നത് മദ്യവർജനമാണെന്ന് അവകാശപ്പെട്ട് മദ്യശാലകളുടെ എണ്ണം വ്യാപകമാക്കുന്നതും മദ്യ ഉപയോഗത്തിനുള്ള സാഹചര്യത്തിന് കളമൊരുക്കുന്നതും തികഞ്ഞ വൈരുധ്യമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനത്തിെൻറ നഗ്നമായ ലംഘനമാണിത്.
ടൂറിസം മേഖല
മദ്യശാലകള്‍ അടച്ചുപൂട്ടിയതുമൂലം ടൂറിസം മേഖല തകര്‍ന്നു എന്ന വാദമാണ് പ്രധാനമായും സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ടൂറിസം വകുപ്പിെൻറ ഔദ്യോഗിക കണക്കുകള്‍ തന്നെയാണ് ഇതിനുള്ള കൃത്യമായ മറുപടി. മദ്യശാലകള്‍ അടച്ചുപൂട്ടിയതിന് ശേഷവും കേരളത്തിലേക്ക് ടൂറിസ്റ്റുകളുടെ എണ്ണം നല്ലരീതിയില്‍ വർധിച്ചുകൊണ്ടിരിക്കുന്നു. ആ മേഖലയില്‍നിന്നുള്ള വരുമാനത്തിനും വന്‍ വർധനയാണ് ഉണ്ടായത്. ഇതെല്ലാം ടൂറിസം വകുപ്പിെൻറ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നു. 2014നേക്കാള്‍ 1,15,053 വിദേശ ടൂറിസ്റ്റുകള്‍ 2016ല്‍ കേരളത്തില്‍ വന്നു. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ആകട്ടെ 14,77,124 പേരുടെ വർധനവുണ്ടായി. ടൂറിസം മേഖലയില്‍നിന്നുള്ള മൊത്തം വരുമാനത്തില്‍ 4,774 കോടി രൂപ 2014നേക്കാള്‍ അധികമായി ലഭിച്ചു. ഈ വസ്തുതകള്‍ നിലനില്‍ക്കേ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കബളിപ്പിക്കാനും ആണ് മന്ത്രിമാര്‍ ശ്രമിക്കുന്നത്. വിനോദ സഞ്ചാര മേഖലയെ രക്ഷിക്കാനാണ് മദ്യശാലകള്‍ വ്യാപിപ്പിക്കുന്ന നയമെന്ന വാദഗതി സത്യവിരുദ്ധമാണ്.
വിനോദസഞ്ചാരികള്‍ വരുന്നത് മദ്യം കഴിക്കാനല്ല മറിച്ച് കേരളത്തിെൻറ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനാണ്. അവര്‍ക്ക് വേണ്ടത് മദ്യമല്ല, വൃത്തിയും വെടിപ്പുമുള്ള, സമാധാനം നിലനില്‍ക്കുന്ന, നല്ല പെരുമാറ്റം ലഭിക്കുന്ന ഊഷ്മളമായ അന്തരീക്ഷമാണ്. യഥാർഥത്തില്‍ ടൂറിസ്റ്റുകള്‍ ഭയപ്പെടുന്നത് പകര്‍ച്ചപ്പനിയെയും മാലിന്യ കൂമ്പാരങ്ങളെയും സ്വൈരവിഹാരം നടത്തുന്ന തെരുവുനായ്ക്കളെയും വർധിച്ചുവരുന്ന അക്രമങ്ങളെയുമാണ്. ഇതെല്ലാം കണ്ടില്ലെന്നു നടിച്ച് ചില ‘വിദഗ്ദ്ധന്മാര്’ തട്ടിക്കൂട്ടുന്ന റിപ്പോര്‍ട്ടുകള്‍ പൊക്കിപ്പിടിച്ച് മദ്യലോബിക്കുവേണ്ടി മന്ത്രിമാരും വിധേയരായ ഉദ്യോഗസ്ഥ പ്രമുഖരും നടത്തുന്ന അസത്യ പ്രചരണങ്ങള്‍ പരിഹാസ്യമാണ്. മദ്യശാലകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് മദ്യ ഉപയോഗം കുറയുകയല്ല മറിച്ച് കൂടുകയാണ് ഉണ്ടായതെന്നാണ് മറ്റൊരു വാദം. ഇതും വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് സര്ക്കാറിെൻറതന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2014 ഏപ്രില്‍ ഒന്നു മുതല്‍ 17 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വിദേശ മദ്യത്തിെൻറ ഉപയോഗത്തില്‍ 8,65,60,876 ലിറ്റര്‍ കുറഞ്ഞത് ഒരു യാഥാർഥ്യമാണ്. ബിയറിെൻറയും വൈനിെൻറയും ഉപയോഗം ഈ കാലയളവില്‍ കൂടിയിട്ടുപോലും ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരം കണക്കാക്കിയാല്‍ പൂര്‍ണ മദ്യാംശം (അബ്സല്യൂട്ട് ആള്‍ക്കഹോള്‍) മൊത്തം അളവില്‍ 34.27% കുറവാണ് ഉണ്ടായത്. അതേസമയം, മദ്യവില്പനയുടെ മൊത്തം കണക്കില്‍ (വോള്യം സെയില്‍) 7.47% കുറവ് വന്നതായി കാണാം. അതായത് 2,25,35,901 ലിറ്റര്‍ മദ്യ ഉപയോഗം കുറഞ്ഞു. എന്നിട്ടും കള്ളക്കണക്ക് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് സര്‍ക്കാറിെൻറ ശ്രമം. മദ്യ ഉപയോഗം കുറക്കാന്‍ അനിവാര്യമായി വേണ്ടത് മദ്യലഭ്യത കുറക്കുകയാണ്. ഇത് ലോകവ്യാപകമായിതന്നെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യമാണ്. മദ്യലഭ്യത കുറച്ചാല്‍ മദ്യ ഉപയോഗം കുറയും എന്നതിെൻറ വ്യക്തമായ തെളിവാണ് പാതയോരത്തെ മദ്യവില്പന ശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീം കോടതിവിധി നടപ്പാക്കിയതിനെ തുടര്‍ന്ന് 2017 ഏപ്രില്‍ മാസത്തില്‍ കണ്ടത്. 2016 ഏപ്രില്‍ മാസത്തെ മദ്യ ഉപയോഗവുമായി താരതമ്യപ്പെടുത്തിയാല്‍ അന്നത്തേക്കാളും 94,48,562 ലിറ്റര്‍ മദ്യ ഉപയോഗം 2017 ഏപ്രില്‍ മാസത്തില്‍തന്നെ കുറഞ്ഞിട്ടുണ്ട്. അതായത് 30.34%. കേരള ബിവറേജസ് കോർപറേഷെൻറ വെബ്സൈറ്റിനെ ആധാരമാക്കി ‘അഡിക് ഇന്ത്യ’ തയാറാക്കിയതാണ് ഈ കണക്കുകളെല്ലാം.
മദ്യശാലകള്‍ അടഞ്ഞപ്പോള്‍ വ്യാജ മദ്യവും മയക്കുമരുന്നും വ്യാപകമായി എന്ന പ്രചരണം കൊണ്ടുനടക്കുകയാണ് മന്ത്രിമാരും എക്സൈസ് കമീഷണറും. എക്സൈസ് വകുപ്പിെൻറ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കുകള്‍ക്ക് വിരുദ്ധമാണ് ഈ കള്ളപ്രചരണം. വസ്തുതകള്‍ക്ക് വിരുദ്ധമായ കള്ളക്കണക്കുകളുടെ തെറ്റായ വാദമുഖങ്ങളുടെ അടിസ്ഥാനത്തില്‍ രൂപം കൊടുത്തതും ജനങ്ങള്‍ക്ക് ദോഷകരവും മദ്യമുതലാളിമാര്‍ക്ക് ഗുണകരവുമായ സംസ്ഥാന സര്‍ക്കാറിെൻറ ഇപ്പോഴത്തെ മദ്യനയം പിന്‍വലിച്ചേ മതിയാകൂ. മദ്യശാല ശൃംഖല വിപുലീകരിക്കുന്നതിന് എന്തും ചെയ്യാന്‍ മടിക്കാത്ത സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നത്. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അധികാരം എടുത്തുകളഞ്ഞതും ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ കോളനികളില്‍നിന്നുള്ള ദൂരപരിധിയില്‍ വരുത്തിയ ഇളവുകളും ഒക്കെ വ്യക്തമാക്കുന്നത് ഇതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.