മൂന്നാംഘട്ടം നൽകുന്ന സൂചനകൾ; ബി.ജെ.പിക്കും ഇൻഡ്യ സഖ്യത്തിനും -2
2019ലെ നിയമസഭ തെരഞ്ഞെടുപ്പ് പരിഗണിച്ചാൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സീറ്റുകൾ നിലനിർത്തും. ശിവസേനയിലെ രണ്ടുവിഭാഗങ്ങൾക്കും എൻ.സി.പിക്കുമിടയിലായി വോട്ടുകൾ തുല്യമായി പകുത്തെടുക്കുകയും ചെയ്യും. എന്നാൽ, ശരദ് പവാറിന്റെ എൻ.സി.പിയും ഉദ്ധവ് താക്കറെയുടെ ശിവസേനയും മാതൃസംഘടനയുടെ വോട്ടുവിഹിതത്തിലേറെയും സ്വന്തമാക്കുമെന്നാണ് സൂചന. ബി.ജെ.പിക്കെതിരെ ശിവസേന (യു.ബി.ടി), എൻ.സി.പി (ശരദ്ചന്ദ്ര പവാർ), കോൺഗ്രസ് എന്നിവയുടെ കൂട്ടുകെട്ട് ബി.ജെ.പിയും എൻ.സി.പി (അജിത് പവാർ), ശിവസേന (ഏക്നാഥ് ഷിൻഡെ) എന്നിവയുടെ സഖ്യത്തേക്കാൾ ബഹുദൂരം മുന്നിലാണ്. അതിനാൽ തന്നെ, ഈ ഘട്ടത്തിൽ അവർ സീറ്റുകൾ നേടും.
അയൽസംസ്ഥാനമായ മധ്യപ്രദേശിൽ ഇൻഡ്യ സഖ്യത്തിന്റെ സാധ്യതകൾക്ക് തിളക്കം കൂടും. വിശിഷ്യ ചമ്പൽ-ഗ്വാളിയോർ മേഖലകളിൽ. സംസ്ഥാനത്ത് മറ്റിടങ്ങളിൽ ബി.ജെ.പി തരംഗം നിലനിൽക്കുന്നുണ്ടാകാം. 2019ൽ ബി.ജെ.പി എല്ലാ സീറ്റുകളും നേടിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലാകട്ടെ, മൂന്നിടത്ത് പാർട്ടി പിറകിലായി. അത് പ്രതിപക്ഷത്തിന് തുറന്നുനൽകിയത് വലിയ സാധ്യതകൾ. ആദ്യ രണ്ടു ഘട്ടത്തിലെ കുറഞ്ഞ പോളിങ്ങാണ് ബി.ജെ.പിക്ക് ആധിയാകുന്ന മറ്റൊരു ഘടകം. പാർട്ടി 10 ശതമാനത്തിൽ കുറവ് മാർജിനിൽ നിയമസഭ ജയിച്ച 26 നിയമസഭ മണ്ഡലങ്ങളിൽ 8.5 ശതമാനത്തോളമാണ് കുറവ്.
ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ്. മൂന്നാം ഘട്ടത്തിൽ വോട്ടുചെയ്ത ദൊആബ്-ബ്രാജ് മേഖലയിലെ 10 സീറ്റിൽ ആറും പാർട്ടിക്ക് ആധിപത്യമുള്ളവയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പക്ഷേ, രണ്ടു സീറ്റ് മാത്രമാണ് സമാജ്വാദി പാർട്ടി നേടിയത്. ബറേലിയിൽ എട്ടു തവണ ജയിച്ച സന്തോഷ് ഗാങ്വാർക്ക് സീറ്റ് നിഷേധിച്ചതിൽ കുർമി സമുദായത്തിന്റെ കടുത്ത എതിർപ്പ് പരിഗണിച്ചാൽ ബി.ജെ.പിക്ക് കാര്യങ്ങൾ സുഗമമാകില്ല. എന്നാൽ, ഇവിടെ അഞ്ചിടത്ത് ബി.എസ്.പി മുസ്ലിം സ്ഥാനാർഥികളെ നിർത്തിയത് ഇൻഡ്യ സഖ്യത്തിന് തിരിച്ചടിയാകും.
ഈ ഘട്ടത്തിൽ ഏറ്റവും വലിയ നേട്ടം ഗുജറാത്താകും. ഇവിടെ 25 സീറ്റുകളാണ് ബി.ജെ.പിയെ കാത്തിരിക്കുന്നത്. അതിലൊന്നായ സൂറത്ത് നേരത്തേ പാർട്ടിക്കൊപ്പമായി കഴിഞ്ഞു. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അണിനിരക്കുന്ന സംസ്ഥാനത്ത് ഒരു സീറ്റ് പോലും പാർട്ടിയെ കൈവിട്ടിട്ടില്ല. ഇത്തവണ പക്ഷേ, മത്സരസാധ്യത പറയുന്ന ചില മണ്ഡലങ്ങളുണ്ട്. ആദിവാസികൾക്ക് മേൽക്കൈയുള്ള കിഴക്കൻ ബെൽറ്റിൽ കോൺഗ്രസ് മത്സരം കാഴ്ചവെച്ചേക്കും. എ.എ.പിയുമായി സഖ്യം ചേർന്നത് മൂന്ന് മണ്ഡലങ്ങളിൽ ചെറിയ സാധ്യത നൽകുന്നു. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി റെക്കോഡ് നേട്ടം കുറിച്ചപ്പോഴും ഇവിടങ്ങളിൽ ഈ കൂട്ടുകെട്ടിനായിരുന്നു കൂടുതൽ വോട്ട്. സിറ്റിങ് എം.പിമാർക്ക് സീറ്റ് നിഷേധിക്കൽ, ക്ഷത്രിയരോടുള്ള അവഗണന എന്നിവ ബി.ജെ.പിക്കെതിരെ വോട്ടാകുമോയെന്നാണ് ഉറ്റുനോക്കാനുള്ളത്. എല്ലാം ചേർന്നാൽ ഒന്നിലേറെ സീറ്റുകൾ ഇൻഡ്യ സഖ്യത്തിന് ലഭിച്ചേക്കാം.
പശ്ചിമ ബംഗാളിൽ മുസ്ലിം ഭൂരിപക്ഷ മേഖലകളായ മാൽയിലും മുർഷിദാബാദിലും നാലു സീറ്റുകളിൽ ത്രികോണ മത്സരമാണ്. കോൺഗ്രസ്- ഇടത് സഖ്യം ശരിക്കും കരുത്തുകാട്ടുന്ന ഇടങ്ങളാണിവ. നിയമസഭ ഫലങ്ങൾ വെച്ചുനോക്കിയാൽ തൃണമൂൽ സീറ്റുകൾ തൂത്തുവാരും. ബി.ജെ.പിയും കോൺഗ്രസും കൈയിൽവെക്കുന്ന സീറ്റുകൾ പിടിച്ചെടുക്കും. എന്നാൽ, പരമ്പരാഗത കോൺഗ്രസ് ശക്തികേന്ദ്രത്തിൽ മുസ്ലിം വോട്ട് ചിതറിയാൽ ബി.ജെ.പിക്ക് സാധ്യത കൂടും. നാലിടത്തും കോൺഗ്രസ്- ഇടത് സഖ്യം മുസ്ലിം സ്ഥാനാർഥികളെയാണ് വെച്ചിരിക്കുന്നത്.
അസമിലും വിശിഷ്യാ ബാർപെറ്റ, കൊക്രജർ എന്നിവിടങ്ങളിൽ ഇൻഡ്യ സഖ്യത്തിന് വലിയ തിരിച്ചടികളുണ്ട്. രണ്ടിടത്തും കോൺഗ്രസ് എതിരിടുന്നത് എൻ.ഡി.എയോട് മാത്രമല്ല, ഇന്ത്യ സഖ്യത്തിലെ സി.പി.എം, തൃണമൂൽ കക്ഷികൾക്കെതിരെ കൂടിയാണ്.
ബിഹാർ, ഛത്തിസ്ഗഢ്, ഗോവ എന്നിവിടങ്ങളിൽ സീറ്റുകളിൽ വലിയ അട്ടിമറികൾക്ക് സാധ്യതയില്ല. അതിവേഗം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ജെ.ഡി(യു)വിന് അഗ്നി പരീക്ഷയാകും ഈ തെരഞ്ഞെടുപ്പ്. അഞ്ചിൽ നാലും നിലവിൽ പാർട്ടിക്കാണ് പ്രാതിനിധ്യം. അതിപിന്നാക്ക വിഭാഗങ്ങൾക്കിടയിൽ പാർട്ടിയുടെ വേരുകൾ നിലനിർത്താനാകും പോരാട്ടം. ഛത്തിസ്ഗഢിൽ 2019ൽ ഒരു സീറ്റ് മാത്രമായിരുന്നു കോൺഗ്രസ് സമ്പാദ്യം. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിലും സ്ഥിതി മാറിയില്ല. ഇത്തവണ ശക്തമായ മത്സരം കാഴ്ചവെക്കുന്നതിനാൽ ഒന്നോ രണ്ടോ സീറ്റ് പിടിക്കാനായാൽ പാർട്ടിക്ക് ഏറെ സന്തോഷിക്കാനുണ്ടാകും. ഗോവയിലും നിലവിലെ സമവാക്യം തിരുത്തൽ കഠിനമാകും. ഹിന്ദു ഭൂരിപക്ഷ വടക്കൻ ഗോവ പൊതുവെ ബി.ജെ.പിയെ തുണക്കുമ്പോൾ ക്രിസ്ത്യൻ മേൽക്കൈയുള്ള തെക്ക് ഇൻഡ്യക്കൊപ്പവുമാകും.
എല്ലാം ചേർത്ത്, എൻ.ഡി.എക്ക് മൂന്നാം ഘട്ടത്തിൽ 20 സീറ്റ് നഷ്ടമാകാം. അതുവഴി തെരഞ്ഞെടുപ്പ് ആരംഭത്തിൽ ആരുടെയും ഭാവനയില്ലാത്ത ഒരു കാര്യം നാം കണക്കുകൂട്ടുന്നു- എൻ.ഡി.എക്ക് 272 എന്ന മാന്ത്രിക സംഖ്യയിലെത്താൻ സാധിക്കാതെ വരാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.