ലവ് ജിഹാദിനെയും മതം മാറ്റത്തെയും സംബന്ധിച്ച ചർച്ച അവിരാമം തുടർന്നുകൊണ്ടിരിക്കുകയാണ്. ശക്തമായ പ്രചാരണത്തിലൂടെ സത്യത്തെ അപ്രസക്തമാക്കാമെന്ന സത്യാനന്തരകാലത്തെ കാഴ്ചപ്പാടാണ് ഇപ്പോൾ വ്യാപകമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒരു കള്ളം ഒരായിരം തവണ ആവർത്തിച്ച് സത്യമാണെന്ന് തോന്നിപ്പിക്കുന്ന ഗീബൽസിയൻ തന്ത്രം. ഒരുഭാഗത്ത് ഇസ്ലാം സ്ത്രീകളുടെ സമസ്താവകാശങ്ങൾ കവർന്നെടുക്കുകയും അവരെ അടിമസമാനരാക്കുകയും ചെയ്യുന്നതായി ആരോപിക്കുന്നു. മുസ്ലിംകൾ തോന്നുന്നപോലെ മൊഴിചൊല്ലുന്നവരും മൂന്നും നാലും സ്ത്രീകളെ വിവാഹം കഴിക്കുന്നവരും അവരെ അടുക്കളയിൽ തളച്ചിടുന്നവരുമാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നു. ഇപ്പോൾ െഎ.എസിൽ ചേർത്ത് കൊല്ലാൻ കൊണ്ടുപോകുന്നതായി ആരോപിക്കുന്നു. അതോടൊപ്പം അവർ ഹിന്ദു സ്ത്രീകളെ പ്രണയിച്ച് മതംമാറ്റുന്നതായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. അപ്പോൾ തങ്ങളെ അടിമകളാക്കി ചൂഷണം ചെയ്യുകയും കൊലക്ക് കൊടുക്കുകയും ചെയ്യുന്ന പുരുഷന്മാരുടെ കാമുകിമാരാകാൻ വെമ്പൽപൂണ്ട് കാത്തിരിക്കുകയാേണാ വിദ്യാസമ്പന്നരായ സ്ത്രീകൾ? ഇത്തരം വ്യാജപ്രചാരണം നടത്തുന്ന വർഗീയ ഫാഷിസ്റ്റ് ശക്തികൾ യഥാർഥത്തിൽ ഹിന്ദു സഹോദരിമാരെ ക്രൂരമായി അപമാനിക്കുകയാണ്. ഒട്ടും വ്യക്തിത്വമോ സ്വാതന്ത്ര്യബോധമോ ആലോചനാശേഷിയോ ഇല്ലാത്ത മന്ദബുദ്ധികളാണെന്ന് ആരോപിക്കുകയാണ്.
സ്ത്രീകൾ ഇസ്ലാം സ്വീകരിക്കുന്നത് ലവ് ജിഹാദാണെങ്കിൽ അതിന്ന് ഏറ്റവും കൂടുതൽ നടക്കുന്നത് പടിഞ്ഞാറൻ നാടുകളിലാണ്. അമേരിക്കയിൽ വർഷംതോറും 25,000 പേർ ഇസ്ലാം സ്വീകരിക്കുന്നു. സ്പെയിനിൽ 20,000വും ബ്രിട്ടനിൽ 15,000വുമാണിത്. ഇസ്രായേലിൽ പോലും ഇസ്ലാം സ്വീകരണം അപൂർവമല്ല. അമേരിക്കയിൽ ഇസ്ലാം സ്വീകരിക്കുന്നവരിൽ 70 ശതമാനവും സ്ത്രീകളാണ്. ബ്രിട്ടനിലിത് 75 ശതമാനമാണ്. പടിഞ്ഞാറൻ നാടുകളിലെങ്ങും ഇസ്ലാം സ്വീകരിക്കുന്നവരിൽ നാലിൽ മൂന്നും മൂന്നിൽ രണ്ടുമൊക്കെ സ്ത്രീകളാണ്. സമൂഹത്തിൽ ഉന്നതനിലവാരം പുലർത്തുന്ന പലരും ഇവരിലുണ്ട്. ലോകപ്രശസ്ത മാധ്യമപ്രവർത്തക യിവോൺ റിഡ്ലി, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറുടെ ഭാര്യാ സഹോദരി, എം.ടി.വി അവതാരക ക്രിസ്റ്റീന ബേക്കർ, അനീസാ അകിൻസൻ തുടങ്ങിയവരെല്ലാം അവരിൽ പെടുന്നു.
സ്ത്രീകൾക്ക് ഇസ്ലാം നൽകുന്ന ഉയർന്ന പരിഗണനയിലും കുടുംബ ജീവിതത്തിലെ ഭദ്രതയിലും ആകൃഷ്ടരായാണ് സ്ത്രീകൾ ഇസ്ലാം സ്വീകരിക്കുന്നത്. തടവിൽനിന്ന് വിട്ടയച്ചപ്പോൾ താലിബാൻകാർ നൽകിയ ഖുർആൻ പരിഭാഷ വായിച്ച് ഇസ്ലാം സ്വീകരിച്ച മാധ്യമപ്രവർത്തക യിവോൺ റിഡ്ലി ഇതിെൻറ മികച്ച ഉദാഹരണമാണ്. േകംബ്രിജ് സർവകലാശാലയിലെ സെൻറർ ഫോർ ഇസ്ലാമിക് സ്റ്റഡീസ് ലെയിസ്റ്ററിലെ നവ മുസ്ലിംകളുടെ സഹായത്തോടെ ഇസ്ലാം സ്വീകരിച്ച സ്ത്രീകളെ സംബന്ധിച്ച ഒരു പഠനം പുറത്തിറക്കിയിട്ടുണ്ട്. 129 പേജുള്ള പ്രസ്തുത പുസ്തകം പാശ്ചാത്യവനിതകൾ എന്തുകൊണ്ട് ഇസ്ലാമിൽ ആകൃഷ് ടരാകുന്നുവെന്ന് സുതരാം വ്യക്തമാക്കുന്നു. അതുതന്നെയാണ് േകരളത്തിലെയും ഇന്ത്യയിലെയും സ്ത്രീകളെ ഇസ്ലാമിേലക്ക് ആകർഷിക്കുന്നത്.
ഇസ്ലാമിെൻറ വിശ്വാസവിശുദ്ധിയും ജീവിതവ്യവസ്ഥയുടെ സമഗ്രതയും കുടുംബഘടനയുടെ ഭദ്രതയും ഉൾപ്പെട്ട വ്യത്യസ്ത ഘടകങ്ങളാണ് അതേക്കുറിച്ച് പഠിക്കുന്നവരെ അതിലേക്കാകർഷിക്കുന്നത്.
ജന്മാവകാശം
മനുഷ്യെൻറ ഏറ്റവും വലിയ സവിശേഷത മനനം ചെയ്യാനുള്ള കഴിവാണ്. ചിന്തിക്കാനും മനസ്സിലാക്കാനും ഉൾക്കൊള്ളാനുമുള്ള കഴിവ് വിനിയോഗിക്കുന്നില്ലെങ്കിൽ മനുഷ്യൻ ജന്തുവിതാനത്തിലായിരിക്കും. വിശ്വാസവും ജീവിതവീക്ഷണവും രൂപംകൊള്ളുന്നത് മനുഷ്യമനസ്സിലാണ്. അവിടെ സംഭവിക്കുന്ന മാറ്റങ്ങൾക്കനുസരിച്ച് ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളും മാറിക്കൊണ്ടിരിക്കും. വായനയും പഠനവും അറിവും ചിന്തകളും മാനവ മനസ്സിനെ അഗാധമായി സ്വാധീനിക്കുന്നു. അതിനനുസരിച്ച് അവിടെ സ്വാഭാവികമായും മാറ്റങ്ങൾ സംഭവിക്കുന്നു. അങ്ങനെ സംഭവിക്കാൻ പാടില്ലെന്ന് സാമാന്യബുദ്ധിയുള്ള ആരും പറയുകയില്ല.
മതം വിശ്വാസത്തിലധിഷ്ഠിതമാണ്. അറിവും ചിന്തയും അതിൽ സ്വാധീനം ചെലുത്തുന്നു. പുതിയ കാര്യങ്ങൾ മനസ്സിലായാലും അതിനനുസരിച്ച് വിശ്വാസവീക്ഷണങ്ങളിൽ മാറ്റംവരുത്താൻ പാടില്ലെന്ന് ശഠിക്കുന്നത് മനുഷ്യബുദ്ധിയെ കൊഞ്ഞനം കുത്തലാണ്. പരമ്പരാഗതമായി കിട്ടിയ വിശ്വാസം പരമാബദ്ധമാണെന്ന് ബോധ്യമായാലും അതുതന്നെ സ്വീകരിക്കണമെന്നും ഒരു കാരണവശാലും അതുപേക്ഷിക്കരുതെന്നും ശഠിക്കുന്നത് നിരർഥകമത്രെ. അതിനാൽ തനിക്ക് ഏറ്റവും ശരിയെന്ന് തോന്നുന്ന വിശ്വാസവും ജീവിതവീക്ഷണവും ആചാരാനുഷ്ഠാനങ്ങളും സ്വീകരിക്കാനും നടപ്പാക്കാനും ഏതൊരാൾക്കും സ്വാതന്ത്ര്യമുണ്ട്. ഉണ്ടായിരിക്കുകയും വേണം. അത് മനുഷ്യെൻറ ജന്മാവകാശമാണ്. അതിെൻറ നിരാസം കടുത്ത സ്വാതന്ത്ര്യനിഷേധവും.
ഇപ്രകാരംതന്നെ തനിക്ക് ഏറ്റവും ശരിയെന്ന് ബോധ്യമായ കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനും പ്രബോധനം ചെയ്യുവാനും ഏല്ലാവർക്കും അവകാശവും സ്വാതന്ത്ര്യവുമുണ്ട്. അതിന് വിലക്കേർപ്പെടുത്തുന്നത് മൗലിക മനുഷ്യാവകാശങ്ങളുടെ നിഷേധമത്രെ. അതിനാലാണ് നമ്മുടെ രാജ്യത്തെ ഭരണഘടന ഏതു പൗരനും ഇഷ്ടമുള്ള വിശ്വാസവും മതവും സ്വീകരിക്കാനും ആചരിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും അനുവാദവും സ്വാതന്ത്ര്യവും നൽകിയത്. മനുഷ്യബുദ്ധിക്കും സ്വാതന്ത്ര്യത്തിനും മുന്തിയ പരിഗണനനൽകുന്ന ഏതു പരിഷ്കൃത സമൂഹത്തിനും രാഷ്ട്രത്തിനും മറിച്ചൊരു നിലപാട് സ്വീകരിക്കുകയേ സാധ്യമാകൂ.
പുരാതനകാലം മുതൽതന്നെ ലോകത്തിെൻറ ഇതരഭാഗങ്ങളിലെന്ന പോലെ ഇന്ത്യയിലും മതംമാറാനുള്ള സ്വാതന്ത്ര്യം നിലനിന്നിരുന്നു. നമ്മുടെ നാട്ടിൽ പിറവിയെടുത്ത ബുദ്ധ, സിഖ്, ജൈന മതങ്ങൾക്കു ലഭിച്ച പ്രചാരണവും ഇസ്ലാം, ക്രൈസ്തവ വിശ്വാസങ്ങൾക്ക് ഇവിടെക്കിട്ടിയ വ്യാപകമായ സ്വാധീനവും ഇതാണ് വ്യക്തമാക്കുന്നത്. പ്രാക്തനസമൂഹങ്ങൾ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യംപോലുമിന്ന് നിഷേധിക്കണമെന്ന് വാദിക്കുന്നത് മനുഷ്യബുദ്ധിെയയും ചിന്തയെയും ഭയപ്പെടുന്നതുകൊണ്ടാകാനേ തരമുള്ളൂ.
ഒന്നും ഇരുപത്തിയഞ്ചും ശതമാനങ്ങൾ
ആദർശ വിശ്വാസങ്ങൾ അംഗീകരിക്കേണ്ടത് മനുഷ്യമനസ്സുകളാണ്. അതല്ലാതെ നാവുകൊണ്ട് നടത്തുന്ന പ്രഖ്യാപനങ്ങളുടെ അംഗീകാരം വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളുമായി ബന്ധപ്പെട്ടുനിൽക്കുന്നു. അവ ആരുടെ മേലും അടിച്ചേൽപിക്കാൻ പാടില്ല. സാധ്യവുമല്ല. അതുകൊണ്ടുതന്നെ നിർബന്ധ മതംമാറ്റത്തെ ഇസ്ലാം അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നില്ലെന്നു മാത്രമല്ല, കണിശമായി വിലക്കുകയും വിരോധിക്കുകയും ചെയ്യുന്നു. പേടിപ്പിച്ചോ പീഡിപ്പിച്ചോ പ്രീണിപ്പിച്ചോ പ്രണയിച്ചോ പ്രേലാഭിപ്പിച്ചോ ആരെയും മതംമാറ്റാൻ ഇസ്ലാം അനുവദിക്കുന്നില്ല (ഖുർആൻ: 10:29, 5:48, 16:93, 88:21, 22, 2: 256, 18:29). ഇസ്ലാമും മുസ്ലിംകളും നിർബന്ധ മതംമാറ്റത്തിന് ശ്രമിച്ചിരുന്നുവെങ്കിൽ മുസ്ലിം സ്പെയിനിൽ കുരിശുയുദ്ധക്കാർ ആധിപത്യം സ്ഥാപിച്ച് അരനൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും ഒരൊറ്റ മുസ്ലിമും ഇല്ലാതായതുപോലെ മുസ്ലിംകൾ 14 നൂറ്റാണ്ട് ഭരിച്ച നാടുകളിലൊന്നും മുസ്ലിംകളല്ലാത്ത ആരും ഉണ്ടാകുമായിരുന്നില്ല. എന്നാൽ, മുസ്ലിംകൾ 14 നൂറ്റാണ്ട് അവിരാമം ഭരണം നടത്തിയ ഇൗജിപ്തിൽ ഇപ്പോഴും ഒമ്പത് ശതമാനം കോപ്റ്റിക് ക്രിസ്ത്യാനികളുണ്ട്. െഎക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്ന ബുത്റുസ് ഗാലി അവിടത്തെ മന്ത്രിയായിരുന്നു.
ഇറാഖിൽ ഇപ്പോഴും ധാരാളം ക്രിസ്ത്യാനികളുണ്ട്. യാക്കോബായ ചർച്ചിെൻറ ആസ്ഥാനം ഇപ്പോഴും ഇറാഖാണ്. ലബനാനിൽ 45 ശതമാനത്തോളം വരും ക്രൈസ്തവ വിശ്വാസികൾ. ഭരണഘടനാപരമായിത്തന്നെ അവർ അധികാരപങ്കാളിത്തം വഹിക്കുന്നു. ഇസ്രായേൽ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുംകൂടുതൽ ജൂതന്മാരുള്ളത് ഇറാനിലാണ്. അവിടെ 25,000 ജൂതന്മാരുണ്ട്. ഒരു യൂറോപ്യൻ രാജ്യത്തും ഇത്രയേറെ യഹൂദരില്ല. അമേരിക്കയിലുമില്ല. ലോകത്തിലെ ആകെയുള്ള നാലു ജൂത ധർമാശുപത്രികളിലൊന്ന് ഇറാനിലാണ്. മറ്റു മുസ്ലിംനാടുകളിലും കഴിഞ്ഞ 14 നൂറ്റാണ്ടുകളായി ഇതര മതവിശ്വാസികൾ സ്വൈരമായും സ്വതന്ത്രമായും നിലനിന്നുപോരുന്നു.
ഇന്ത്യയിൽ മുസ്ലിംകൾ ഭരിച്ച കാലത്ത് ജനസംഖ്യയുടെ ഒരുശതമാനം മാത്രമാണ് ഇസ്ലാം സ്വീകരിച്ചത്. 1707 മാർച്ച് മൂന്നിന് ഇന്ത്യയിലെ അവസാനത്തെ പ്രമുഖ മുസ്ലിം ഭരണാധികാരി മരണമടയുേമ്പാൾ ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ മൊത്തം ജനസംഖ്യയുടെ ഒരുശതമാനം മാത്രമായിരുന്നുവെന്ന് എഫ്. ബർണിയർ ട്രാവൽസ് ഇൻ മുഗൾ എംപയർ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയതായി എം.എൽ. ശ്രീവാസ്തവ തെൻറ ഇന്ത്യാ ചരിത്രത്തിൽ ഉദ്ധരിക്കുന്നു (പേജ്: 1). എന്നാൽ, 1931ൽ രണ്ടാം വട്ടമേശ സമ്മേളനം നടക്കുേമ്പാഴേക്കും അത് 25 ശതമാനമായി ഉയർന്നു. അധികാരമുള്ള എട്ടു നൂറ്റാണ്ടിൽ ഒരുശതമാനം മാത്രം ഇസ്ലാം സ്വീകരിച്ചപ്പോൾ അധികാരമില്ലാത്ത 224 വർഷംകൊണ്ട് അത് 25 ശതമാനമായി ഉയർന്നുവെന്നത് നിർബന്ധ മതം മാറ്റമെന്നത് തീർത്തും വ്യാജാരോപണമാണെന്ന് വ്യക്തമാക്കുന്നു.
ഇസ്ലാം മതം മാറ്റത്തെയല്ല അംഗീകരിക്കുന്നത്. മതം മാറലിനെയാണ്. അതിന് ഏവർക്കും സ്വാതന്ത്ര്യമുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്യുന്നു. പ്രണയത്തെ മതംമാറ്റ മാർഗമായി ഇസ്ലാം അംഗീകരിക്കുന്നില്ല. അങ്ങനെയൊന്ന് എവിടെയും നടക്കുന്നുമില്ല. അതോടൊപ്പം ലവ് ജിഹാദെന്ന പ്രയോഗംതന്നെ മതനിന്ദയാണ്. നീതിയും നേർമാർഗവും സ്ഥാപിക്കാനും നിലനിർത്താനുമുള്ള അധ്വാന പരിശ്രമമാണ് ജിഹാദ്. അത് ഇസ്ലാമിെൻറ അവിഭാജ്യഘടകമാണ്. പുണ്യമായ മഹദ്കർമം. അതിനെ പ്രണയവുമായി ചേർത്തുവെക്കുന്നതുതന്നെ ഹീനകൃത്യമാണ്. ജിഹാദ് മതം മാറ്റാനുള്ളതാണെന്ന് വരുത്തിത്തീർക്കാനുള്ള നീചശ്രമവും ഇത്തരം പ്രയോഗങ്ങളിലും പ്രചാരണങ്ങളിലുമുണ്ടെന്ന കാര്യവും തിരിച്ചറിയപ്പെടാതെ പോകരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.