നിയമം കൈയിലെടുക്കാനും ‘ശത്രു’ക്കളുടെ കഥ കഴിക്കാനും ആൾക്കൂട്ടം ആവേശഭരിതരായി രംഗത്തുവരുന്നത് അതിനുള്ള രാഷ്ട്രീയവും സാമൂഹികവുമായ അന്തരീക്ഷം ഒരുങ്ങുമ്പോഴാണ്. നാസി ജർമനിയിൽ ജൂതസമൂഹം കടുത്ത പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നതും ഒടുവിൽ വംശവിച്ഛേദനത്തിന് ഇരയാവേണ്ടിവന്നതും അന്നാട്ടിൽ കർക്കശ നിയമങ്ങൾ ഇല്ലാതിരുന്നതുകൊണ്ടല്ല, രാജ്യത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം മനുഷ്യനെ ഒന്നായി കാണാനോ അക്രമത്തെ നിരാകരിക്കാനോ തയാറാവാത്തതിനാലാണ്. ആൾക്കൂട്ടത്തെ അഴിഞ്ഞാടാൻ ഭരണകൂടം അനുവദിച്ചാൽ എന്തു സംഭവിക്കുമെന്ന് 1938 നവംബർ ഒമ്പതിന് ‘പൊട്ടിയ ചില്ലുകളുടെ രാത്രി’യിൽ മ്യൂണിച്ച് നഗരത്തിൽ അരങ്ങേറിയ ക്രൂരതകൾ ലോകത്തിനു കാട്ടിക്കൊടുത്തു. നവംബർ 17ന് പാരിസിൽ 17കാരനായ ജൂത അഭയാർഥിയുടെ വെടിയേറ്റ് ജർമൻ നയതന്ത്ര ഉദ്യോഗസ്ഥൻ മരിച്ച സംഭവത്തോട് ‘പൊടുന്നെന പ്രതിഷേധിക്കാൻ’ പ്രചാരണമന്ത്രി ജോസഫ് ഗീബൽസ് രഹസ്യാഹ്വാനം ചെയ്തപ്പോഴാണ് ‘ബ്രൗൺ ഷേർട്സ്’ എന്നും ‘സ്റ്റോംട്രൂപ്പേഴ്സ്’ എന്നുമൊക്കെ അറിയപ്പെടുന്ന നാസി ഗുണ്ടാസംഘം ജൂതരുടെ വീടുകളിലേക്കും കടകളിലേക്കും സിനഗോഗുകളിലേക്കും ഇരച്ചുകയറിയത്. ഒറ്റ രാത്രികൊണ്ട് 7500 ജൂതകടകൾ കൊള്ളയടിച്ചു, തച്ചുതകർത്തു.
ഒരു ജൂതദേവാലയത്തിെൻറയും ചില്ലു ജാലകങ്ങൾ ബാക്കിവെച്ചില്ല. ജൂതവേദപുസ്തകം കത്തിച്ചു ചാമ്പലാക്കി. നയതന്ത്രപ്രതിനിധിയെ കൊന്നതിലുള്ള ‘രാജ്യസ്നേഹികളായ നല്ല പൗരന്മാരു’ടെ സ്വാഭാവിക രോഷപ്രകടനം എന്നാണ് ഹിറ്റ്ലർ സംഭവങ്ങളോട് പ്രതികരിച്ചത്. യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ സ്വദേശത്തോട് അശേഷം കൂറില്ലാത്ത യഹൂദവർഗം ശത്രുസൈന്യത്തെയായിരിക്കും സഹായിക്കാൻ പോകുന്നതെന്ന സിദ്ധാന്തം പ്രചരിപ്പിച്ചുവെന്ന് മാത്രമല്ല, അത്തരമൊരു അവസ്ഥ വന്നുചേരുന്നതിനു മുമ്പ് മുഴുവൻ ജൂതരുടെയും കഥ കഴിക്കാൻ നിയമനിർമാണങ്ങളിലേർപ്പെടുകയും ചെയ്തു. ‘ഹോളോകാസ്റ്റ്’ നിയമപിന്തുണയുള്ള ഭരണകൂട ക്രൂരതയായിരുന്നു. നാസികൾ ചെയ്ത സകല കിരാതങ്ങൾക്കും ‘ന്യൂറംബർഗ് നിയമങ്ങളുടെ’ പിൻബലമുണ്ടായിരുന്നു. ഇവിടെ നിയമം ധർമവിചാരങ്ങളെ താലോലിക്കുന്ന, മനുഷ്യനാഗരികതയുടെ നൈരന്തര്യം ഉറപ്പുവരുത്തുന്ന പാവനമായ സംവിധാനമല്ല, പ്രത്യുത, ഭരിക്കുന്ന അധമരുടെ ഇച്ഛ നടപ്പാക്കാനുള്ള ഉപായങ്ങളിലൊന്നു മാത്രമാണ്.
അക്രമികളുടെ പ്രചോദന േസ്രാതസ്സ്
‘മോദിയുഗ’ത്തിൽ ഇടക്കിടെ നടമാടുന്ന ആൾക്കൂട്ട കൊലക്കെതിരെ ജൂലൈ 17ന് പരമോന്നത നീതിപീഠം വാചാലമായപ്പോൾ രാജ്യത്ത് സമാധാനം നിലനിന്നുകാണാൻ ആഗ്രഹിക്കുന്നവരെല്ലാം തെല്ലാശ്വസിച്ചു. സുപ്രീംകോടതിയുടെ നിരീക്ഷണം വിഷയത്തിെൻറ ഗൗരവം ഉൾക്കൊള്ളുന്നുണ്ട് എന്നു മാത്രമല്ല, നിയമം കൈയിലെടുക്കുന്ന ആൾക്കൂട്ടം ബഹുസ്വരതയിലും ഭരണഘടന വ്യവസ്ഥയിലും അധിഷ്ഠിതമായ നമ്മുടെ രാഷ്ട്രസങ്കൽപത്തെ ഏതുവിധമാണ് അട്ടിമറിക്കാൻ പോകുന്നതെന്ന മുന്നറിയിപ്പും നൽകി.
ആൾക്കൂട്ടത്തിെൻറ കടിഞ്ഞാണില്ലാത്ത കിരാത വാഴ്ച (മോബോക്രസി) പൗരെൻറ ജീവനും അന്തസ്സാർന്ന ജീവിതത്തിനും നേരെ ഉയർത്തുന്ന വെല്ലുവിളി തരണം ചെയ്യാൻ പ്രത്യേക നിയമനിർമാണത്തിന് ആഹ്വാനം ചെയ്ത ന്യായാസനം, അടിയന്തരമായി സർക്കാറുകൾ നടപ്പാക്കേണ്ട മാർഗനിർദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു. ഇവിടെ നീതിപീഠത്തിന് മരം കാണാനല്ലാതെ, കാട് കാണാൻ സാധിക്കുന്നില്ല എന്ന പരിമിതി ചൂണ്ടിക്കാട്ടാതെ വയ്യ. നിയമത്തിെൻറ അഭാവമല്ല, രാജ്യം ഭരിക്കുന്ന വിദ്വേഷത്തിെൻറ പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയ സാമൂഹികവും രാഷ്ട്രീയവുമായ അന്തരീക്ഷമാണ് ആൾക്കൂട്ടത്തെ നിയമം കൈയിലെടുക്കാനും തങ്ങളുടെ ശത്രുക്കളായി കരുതുന്ന നിരപരാധികളെ തല്ലിക്കൊല്ലാനും േപ്രരിപ്പിക്കുന്നത്. നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷമാണ് തുടർച്ചയായ ആൾക്കൂട്ട കൊലയെക്കുറിച്ച് കേൾക്കുന്നത്.
പ്രസക്തമായ ചോദ്യമിതാണ്: ഇതിനു മുമ്പും ഇവിടെ ഗോക്കളും ഗോഭക്തരും ഉണ്ടായിരുന്നില്ലേ? പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിക്കുന്ന നിയമങ്ങൾ 1950കൾ മുതൽ നിലനിന്നിട്ടും ജനം ഗോരക്ഷകരുടെ വേഷമിട്ട്, നിയമവാഴ്ചയെ വെല്ലുവിളിക്കാൻ മുതിരാതിരുന്നത് എന്തുകൊണ്ടാണ്? തങ്ങളുടെ ദുഷ്ചെയ്തികൾക്ക് രഹസ്യമായി പിന്തുണ നൽകുന്നവരാണ് ഇവിടെ ഭരിക്കുന്നതെന്നും ഭരണകൂടത്തിെൻറ പ്രത്യയശാസ്ത്രം ‘ശത്രുക്ക’ളെ നേരത്തേതന്നെ അടയാളപ്പെടുത്തിയ സ്ഥിതിക്ക് നിയമപരമായ സുരക്ഷിതത്വം ഉറപ്പാണെന്നുമുള്ള ബോധ്യമാണ് ദാദ്രിയിൽ മുഹമ്മദ് അഖ്ലാഖിനെയും ഝാർഖണ്ഡിൽ അലീമുദ്ദീൻ അൻസാരിയെയും ഹരിയാനയിൽ ജുനൈദിനെയുമൊക്കെ വിദ്വേഷത്തിെൻറ ഹോമകുണ്ഡത്തിൽ വലിച്ചെറിയാൻ ഹിന്ദുത്വവാദികൾക്ക് ധൈര്യം പകർന്നത്.
എന്തുകൊണ്ട് ഈ വക കുറ്റങ്ങളിലേർപ്പെടുന്നവരെ നിയമത്തിെൻറ മുന്നിൽ കൊണ്ടുവരാൻ സർക്കാറുകൾ ആർജവം കാണിക്കുന്നില്ല? ഇവിടെയാണ് ആൾക്കൂട്ട കൊലയുടെ രാഷ്ട്രീയം സൂക്ഷ്മമായി അപഗ്രഥിക്കപ്പെടേണ്ടിവരുന്നത്. ഭരിക്കുന്നവെൻറ രാഷ്ട്രീയദർശനം ഹിംസാത്മകമാണെങ്കിൽ ആരെന്തു നിയമം കൊണ്ടുവന്നാലും സമൂഹം ഹിംസയുടെ മാർഗത്തിലേ നീങ്ങുകയുള്ളൂ. വി.ഡി. സവർക്കറുടെയും ഗോൾവൽക്കറുടെയും ന്യൂനപക്ഷ വിദ്വേഷത്തിലൂന്നിയുള്ള രാഷ്ട്രീയമാണ് ആർ.എസ്.എസിലൂടെ നരേന്ദ്ര മോദി നടപ്പാക്കുന്നത്. ന്യൂനപക്ഷങ്ങളോടുള്ള കടുത്ത വിദ്വേഷമാണ് ഇരുവരുടെയും ചിന്താധാരയുടെ അടിത്തറ. ഗോസംരക്ഷണത്തിെൻറ പേരിൽ മുസ്ലിംകളെയും ദലിതുകളെയും തല്ലാനും കൊല്ലാനും ഇവർ ധൈര്യം സ്വരൂപിക്കുന്നത് താത്ത്വികാചാര്യന്മാരുടെ ചിന്താപദ്ധതിയിൽനിന്നാണ്.
എന്താണ് ഹിന്ദുത്വ എന്ന് വിശദീകരിക്കുന്നിടത്ത് മുസ്ലിംകളെയും ക്രിസ്ത്യാനികളെയും മാറ്റിനിർത്തേണ്ട ആവശ്യകതയെക്കുറിച്ചാണ് സവർക്കർ തത്ത്വവിചാരം നടത്തുന്നത്. ഗോൾവൽക്കറാവട്ടെ, ഹിന്ദുക്കൾ പൗരുഷം പുറത്തെടുത്ത് ദേശേദ്രാഹികളെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് അനുയായികളെ പഠിപ്പിക്കുന്നു. അതുകൊണ്ടുതന്നെ, ഗോരക്ഷക വേഷമിട്ട സംഘ്പരിവാർ ഗുണ്ടകളെ നിലക്കുനിർത്താൻ എത്ര കണിശമായ നിയമം പാസാക്കിയാലും ശരി, അത് നടപ്പാക്കാൻ ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാറും 21 സംസ്ഥാനങ്ങളും ആത്മാർഥത കാണിക്കില്ലെന്നുറപ്പ്.
നീേഗ്രാകളുടെ ജീവിതാനുഭവം
1850കൾക്കു ശേഷം അമേരിക്കയിൽ കറുത്തവർഗക്കാർ അനുഭവിച്ച ദുരിതങ്ങൾക്ക് സമാനമാണ് ആൾക്കൂട്ടം വാഴുന്ന മോദിയുഗത്തിലെ ‘പുതിയ ഇന്ത്യ’യിലെ അവസ്ഥ. അമേരിക്ക വെള്ളക്കാരനു വിട്ടുകൊടുത്ത് നീേഗ്രാകൾ മൂലരാജ്യമായ ആഫ്രിക്കയിലേക്ക് തിരിച്ചുപോവുക എന്ന മാർക്സ് ഗാർവിയുടെ സിദ്ധാന്തം, വെള്ളക്കാരെൻറ കൈയാൽ ദാരുണമായ അന്ത്യം വിധിക്കപ്പെട്ട ആഫ്രിക്കൻ അമേരിക്കക്കാരുടെ മോചനപ്രത്യയശാസ്ത്രമായി മാറിയ പശ്ചാത്തലം വിദ്വേഷത്തിേൻറതായിരുന്നു. മാൽക്കം എക്സ് പിൽക്കാലത്ത് ലോകത്തോട് പങ്കുവെച്ച വിവേചനത്തിെൻറയും നിന്ദ്യതയുടെയും വംശീയാധിപത്യ മനോഭാവത്തെക്കുറിച്ച ആകുലത, സന്ദർഭം ഒത്തുവന്നാൽ ആൾക്കൂട്ടം എന്തുമാത്രം ആസുരശേഷി ആർജിക്കുമെന്ന് കാണിച്ചുകൊടുത്തു. ആൾക്കൂട്ടം മനുഷ്യനെ തല്ലിക്കൊല്ലുന്ന Lynching എന്ന ആംഗലേയ പദം വ്യവഹാരഭാഷയിലേക്ക് കയറിവരുന്നത് ഇക്കാലത്താണ്. മാർട്ടിൻ ലൂഥർ കിങ്ങും മാൽക്കം എക്സുമെല്ലാം ജീവിതം ത്യജിച്ച് പോരാടിയത് കറുത്തവനെ വെള്ളക്കാരൻ മനുഷ്യനായി അംഗീകരിക്കുന്ന കാലം പുലർന്നുകാണാനായിരുന്നു.
ആൾക്കൂട്ട കൊലകളെക്കുറിച്ച് പഠിച്ച് പുസ്തകമെഴുതിയ പ്രഫ. റാൻഡാൽ മില്ലർ വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന ഒരു സത്യം ഇതാണ്: കറുത്ത വർഗക്കാരനെ കൊല്ലുന്നത് അന്നത്തെ വെള്ളക്കാരെൻറ സമൂഹം കുറ്റകൃത്യമായി കണ്ടിരുന്നില്ല എന്നു മാത്രമല്ല, അനിവാര്യമാണെന്ന് വിശ്വസിക്കുക പോലും ചെയ്തു. 1865നും 1920നും ഇടയിൽ ചുരുങ്ങിയത് 3500 ആൾക്കൂട്ട കൊലകൾ ദക്ഷിണ അമേരിക്കയിൽ പൊലീസ് രേഖപ്പെടുത്തിയപ്പോൾ പതിനായിരക്കണക്കിന് അനാഥശവങ്ങൾ കഴുകന്മാർക്ക് കൊത്തിവലിക്കാൻ പെരുവഴികളിൽ ചീഞ്ഞുനാറുന്നുണ്ടായിരുന്നു.
ഈ ദാരുണാന്ത്യങ്ങൾ ഭരണകൂടവും സിവിൽ സമൂഹവും നിസ്സംഗമായാണ് നോക്കിക്കണ്ടത്. ആ മാനസിക അവസ്ഥയിലേക്ക് നമ്മുടെ രാജ്യം ആപതിച്ചതിെൻറ ലക്ഷണമാണ് സമീപകാലത്ത് നാം കണ്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മറ്റൊരു വിധിയിലും തല്ലിക്കൊലയുടെ നേരെ നിർവികാരതയോടെ നിൽക്കുന്ന ജനത്തിെൻറ കഥയില്ലായ്മ എടുത്തുപറഞ്ഞു.
െകാല്ലുന്നവരെ കുറ്റവാളികളായി കാണാനല്ല, മറിച്ച്, മഹത്കൃത്യം ചെയ്തവരായി ആദരിക്കാനാണ് ഭരണഘടന പദവിയിലിരിക്കുന്നവർ പോലും ഒരുമ്പെടുന്നത്. ദാദ്രിയിൽ മുഹമ്മദ് അഖ്ലാഖിനെ തല്ലിക്കൊന്ന പ്രതികളിലൊരാളായ
രവിൺ സിസോദിയ മരിച്ചപ്പോൾ, കേന്ദ്രമന്ത്രി ആദരാഞ്ജലി അർപ്പിക്കാൻ നേരിട്ടെത്തി എന്നു മാത്രമല്ല, അയാളുടെ മൃതദേഹം ദേശീയപതാകയിൽ പൊതിഞ്ഞാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. ഝാർഖണ്ഡിൽ അലീമുദ്ദീൻ അൻസാരി കൊല്ലപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ എട്ടു പ്രതികളെ കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ മാലയിട്ട് ആദരിച്ച ചിത്രം പുറത്തുവന്നപ്പോൾ മന$സാക്ഷിയുള്ളവർ ഞെട്ടിയത് കൊലയാളികളോട് ചങ്ങാത്തം കൂടാൻ ഒരു കേന്ദ്രമന്ത്രി കാട്ടിയ ഭ്രാന്തമായ ആവേശം കണ്ടാണ്.
സ്വാമി അഗ്നിവേശ് ഝാർഖണ്ഡിലെ പാകുഡിൽ ഭാരതീയ ജനത യുവമോർച്ച ഗുണ്ടകളുടെ കൊടിയ ആക്രമണത്തിന് ഇരയായി. ഒടുവിൽ ശനിയാഴ്ച രാത്രി മോദിയുടെ സ്വന്തം ഗുജറാത്തിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന സംശയം പറഞ്ഞ് ഒരു മുസ്ലിംയുവാവിനെ തല്ലിക്കൊന്നിരിക്കുന്നു. അതും ഈ വിഷയത്തിൽ സുപ്രീംകോടതി ഉത്കണ്ഠ ആവർത്തിച്ചതിെൻറ െതാട്ടു പിറ്റേന്നാൾ.
ആര്യസമാജിെൻറ പ്രചാരകനായി കാഷായവസ്ത്രം ധരിച്ച് പരിത്യാഗജീവിതം നയിക്കുന്ന ഹിന്ദുവിനെ പോലും തങ്ങൾ വെറുതെ വിടില്ല എന്ന ആർ.എസ്.എസ് ധാർഷ്ഠ്യത്തിനു പിന്നിൽ അധികാരമേൽക്കോയ്മയുടെ ഗർവും ഭരണകൂടത്തിെൻറ മൗനാനുവാദവുമാണെന്ന് കാണാൻ വലിയ ഗവേഷണമൊന്നും വേണ്ട. ഇത്തരം ദാരുണ സംഭവങ്ങൾക്കു ശേഷം ഒരിക്കലും പ്രധാനമന്ത്രി മോദി അക്രമികളെ തള്ളിപ്പറയാനോ നിയമവാഴ്ച ഉറപ്പുവരുത്തുമെന്ന് പൗരന്മാരെ സമാധാനിപ്പിക്കാനോ മുന്നോട്ടുവരാറില്ല എന്നിടത്താണ് പ്രശ്നത്തിെൻറ മർമം. ആൾക്കൂട്ടത്തിൽനിന്ന് 130 കോടി ജനങ്ങളെ രക്ഷപ്പെടുത്താൻ ഒരു പോംവഴിയേയുള്ളൂ: ഗുണ്ടായിസത്തിനു കൂട്ടുനിൽക്കുന്ന രാഷ്ട്രീയത്തെ എന്നെന്നേക്കുമായി പിഴുതെറിയുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.