വി​ട, ജ​മാ​ലു​പ്പാ

പേ​രി​നെ അന്വർഥമാക്കുന്നവിധം മനോഹരമായി ദൗത്യം പൂർത്തിയാക്കി എം.എ. മുഹമ്മദ്‌ ജമാൽ മടങ്ങി. വയനാട് ജില്ലയിലെ മുട്ടിൽ ഗ്രാമത്തിൽ കാലത്തിന്റെ അനിവാര്യതകളാൽ സ്ഥാപിക്കപ്പെട്ട ചെറിയ അനാഥാലയം ഇന്ന് നാടിന്റെ സാംസ്കാരിക, വിദ്യാഭ്യാസ കേന്ദ്രമായി വളർന്ന് പന്തലിച്ചതിന് പിന്നിൽ ഈ സാത്വികന്റെ കഠിനാധ്വാനവും അർപ്പണബോധവുമാണ്.

മൈസൂരുവിൽനിന്ന് കച്ചവടത്തിനായി സുൽത്താൻ ബത്തേരിയിലെത്തിയ അബ്ദുറഹീം അധികാരിയുടെ മകനായി 1940 ലാണ് ജനനം. ഏഴ് വയസ്സ് പ്രായമുള്ളപ്പോൾ പിതാവ് വിടപറഞ്ഞു. അനാഥത്വത്തിന്റെ നോവനുഭവങ്ങളിലൂടെ കടന്നുപോയ ബാല്യവും കൗമാരവും പഠിപ്പിച്ച പാഠങ്ങളാകണം ആയിരങ്ങൾക്ക് താങ്ങും തണലുമായി നിലകൊള്ളാനും അഗതികളെയും അനാഥരെയും പുതിയ ആകാശങ്ങളിലേക്ക് കൈപിടിച്ചുയർത്താനും അദ്ദേഹത്തെ സഹായിച്ചത്.

വയനാട്ടിലെ പൗരപ്രമുഖനായ നീലിക്കണ്ടി കുഞ്ഞമ്മദ് ഹാജിയുടെ നേതൃത്വത്തിൽ അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ 1967 ലാണ് മുട്ടിലിൽ വയനാട് മുസ്‍ലിം യതീംഖാന സ്ഥാപിതമാകുന്നത്. മർഹൂം കെ.പി. ഹാജി, വാഴയിൽ കുഞ്ഞബ്ദുല്ല ഹാജി എന്നിവരുടെ വിയോഗശേഷം സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തിലാണ് 1987 ൽ യതീംഖാനയുടെ ചുമതല മുഹമ്മദ് ജമാലിന്റെ തോളിലെത്തിയത്.

എല്ലാ അർഥത്തിലും പിന്നാക്കാവസ്ഥ വരിഞ്ഞുമുറുക്കിയിരുന്ന വയനാട്ടിലെ സാധാരണക്കാർക്ക് ഒരു യതീംഖാനകൂടി പുലർത്തുകയെന്നത് ചിന്തിക്കാൻകൂടി പറ്റാത്ത കാലത്താണ് അദ്ദേഹം യതീംഖാനയെ ജനകീയമാക്കാനുള്ള കർമപദ്ധതികളുമായി മുന്നിട്ടിറങ്ങുന്നത്. അനാഥർക്ക് പുറമെ അഗതികൾക്കും നിർധനർക്കും അഭയം നൽകി. തോട്ടം മേഖലയിലും കാർഷിക മേഖലയിലും മാത്രം വ്യാപരിച്ചിരുന്ന വയനാട്ടിലെ മുസ്‍ലിംകൾക്ക് പുതിയ വാതായനങ്ങൾ അദ്ദേഹം തുറന്നുകൊടുത്തു. വിരലിലെണ്ണാവുന്ന പൊതുവിദ്യാകേന്ദ്രങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് ഡബ്ല്യു.എം.ഒയുടെ കീഴിൽ നിരവധി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും മതകലാലയങ്ങളും തൊഴിൽ സംരംഭങ്ങളും സാമൂഹിക നവജാഗരണ പദ്ധതികളും ആരംഭിച്ചപ്പോൾ വയനാട്ടിലെ ന്യൂനപക്ഷ വിഭാഗത്തിന്റെ എന്നല്ല പൊതുസമൂഹത്തിന്റെതന്നെ ചരിത്രഗതി മാറിയൊഴുകി.

കുട്ടികളോട് സ്നേഹത്തിനും വാത്സല്യത്തിനും അപ്പുറം ആദരവ് എന്നതായിരുന്നു ജമാൽ സാഹിബിന്റെ നയം. ‘റെസ്‌പെക്ട് ദ ചൈൽഡ് ആസ് എ പെഴ്സൻ’ എന്നതാണ് അദ്ദേഹം ഡബ്ല്യൂ.എം.ഒക്ക് നൽകിയ മോട്ടോ. ബാല്യത്തിൽ ഏറ്റെടുത്ത് ഭക്ഷണവും പാർപ്പിടവും വിദ്യാഭ്യാസവും നൽകുകയെന്ന പാരമ്പര്യ അനാഥ സംരക്ഷണ ശൈലിയിൽനിന്ന് വ്യത്യസ്തമായി ആ കുട്ടിയുടെ ജീവിതം സ്നേഹം കൊണ്ടും ആദരവ് കൊണ്ടും പോഷിപ്പിക്കുകയും അവരിൽ ആത്മവിശ്വാസം വളർത്തി ജീവിതത്തെ നേരിടാൻ പ്രാപ്തരാക്കുകയും ചെയ്തു. ജമാലുപ്പ എന്ന് വിളിച്ച ആയിരങ്ങൾക്ക് അദ്ദേഹം പിതാവും രക്ഷാകർത്താവുമായി. പണ്ഡിതരെയും ശാസ്ത്രജ്ഞരെയും പ്രഫഷണലുകളെയും സാമൂഹിക നിർമിതിയിലും മാനവികതയിലും വിശ്വസിക്കുന്ന ഉത്തമ മനുഷ്യർകൂടിയായി പരിവർത്തിപ്പിക്കാൻ ജമാലുപ്പക്ക് സാധിച്ചു.

ഒട്ടേറെ എതിർപ്പുകളും ഉന്നതതലങ്ങളിൽനിന്നുള്ള സമ്മർദങ്ങളും അദ്ദേഹം അവഗണിച്ചത് കൊണ്ടുമാത്രം പിറവിയെടുത്ത സംവിധാനങ്ങൾ പിന്നീട് വയനാടിന്റെ മത -സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ വലിയ വിപ്ലവംതന്നെ സൃഷ്ടിച്ചു. 1990 കളുടെ ആരംഭത്തിൽ വയനാട്ടിലെ ആദ്യ സി.ബി.എസ്.ഇ സ്കൂൾ ആരംഭിക്കാനുള്ള തീരുമാനം അത്തരത്തിൽ ഒന്നായിരുന്നു.

ഉത്തരേന്ത്യൻ നാടുകളിൽ വംശഹത്യക്കിരയാവുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പത്രമാധ്യമങ്ങളിൽ കാണുമ്പോൾ അദ്ദേഹം കുട്ടികളെപ്പോലെ പൊട്ടിക്കരയുമായിരുന്നു. പലരും പിന്തിരിപ്പിച്ചിട്ടും ആ നാടുകളിൽ സഞ്ചരിച്ച് അദ്ദേഹം ആ മനുഷ്യരുടെ വേദനകൾ കണ്ടറിഞ്ഞു. കലാപത്തീയിൽ പുകഞ്ഞ,

ദാരിദ്ര്യ​െപ്പാരിവെയിലിൽ എരിഞ്ഞ കുഞ്ഞുങ്ങളെ വയനാടിന്റെ സാന്ത്വന തണുപ്പിലേക്ക്, കേരളത്തിലെ കരുതലിലേക്ക് കൂട്ടിക്കൊണ്ടുവന്നു. 2013 ലെ മുസഫർ നഗർ വംശഹത്യയെതുടർന്ന് ഡൽഹിയിൽ തമ്പടിച്ച് അദ്ദേഹവും സംഘവും നടത്തിയ പരിശ്രമങ്ങൾ ഇന്ന് പശ്ചിമ യു.പിയിലെ കാണ്ഡ് ലയിൽ പ്രൗഢിയോടെ ഉയർന്നുനിൽക്കുന്ന ഔർ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിന്റെ പിറവിക്ക് ഹേതുവായി.

മുസ്‍ലിം സമുദായത്തിനുള്ളിലെ അഭിപ്രായാന്തരങ്ങൾക്ക് അപ്പുറമുള്ള ഐക്യത്തിനും സഹകരണത്തിനും അദ്ദേഹം ഏറെ പ്രാധാന്യം കൊടുത്തു. ആദരിക്കേണ്ടവരെ ആദരിച്ചും അവഗണിക്കേണ്ടതിനെ ബഹളങ്ങളില്ലാതെ അവഗണിച്ചും അദ്ദേഹം പലപ്പോഴും സമുദായത്തിനുള്ളിൽ ഒരു പാലമായി നിലകൊണ്ടു. പുതിയ കാലത്തും പുതിയ തലമുറക്ക് ഉതകുന്ന കർമപദ്ധതികളുമായി ജമാൽ സാഹിബ് സജീവമായിരുന്നു. ആദ്യമായി വയനാട്ടിൽ ഹവായി ചെരിപ്പ് കൊണ്ടുവന്നത് താനായിരുന്നെന്ന് അദ്ദേഹം രസകരമായി പറയും.

ടേപ്പ് റെക്കോർഡറും റേഡിയോയും ടെലിവിഷനും പേജറും അതത് കാലത്ത് അ​േദഹം അവതരിപ്പിച്ചു. ഇന്നത്തെ ഏറ്റവും പുതിയ സാങ്കേതിക ഉപകരണങ്ങളെല്ലാം പുത്തൻ തലമുറയോട് കിടപിടിക്കുംവിധം അദ്ദേഹം കൈകാര്യം ചെയ്തുപോന്നു. ഇംഗ്ലീഷ് ഭാഷയോടും സാഹിത്യത്തോടും നല്ല ഇഴയടുപ്പം സൂക്ഷിച്ച അദ്ദേഹത്തിന് ഉർദുവും തമിഴും ഹിന്ദിയും കന്നടയും ഭാഗികമായി അറബിയും വഴങ്ങുമായിരുന്നു. ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ വയനാട്ടിലെ മനുഷ്യരുടെ പ്രശ്നപരിഹാര കേന്ദ്രമായി വർത്തിച്ചിരുന്നു മുട്ടിൽ യതീംഖാനയിലെ അദ്ദേഹത്തിന്റെ ചെറിയ ഓഫിസ് മുറി.

പ്രശംസിക്കപ്പെടുമ്പോഴും ആദരിക്കപ്പെടുമ്പോഴും അദ്ദേഹത്തിന് വല്ലാതെ ഭയം തോന്നിയിരുന്നു. പരലോക മോക്ഷം കാംക്ഷിച്ച് ചെയ്ത സേവനങ്ങൾക്കെല്ലാം ഇവിടെ നിന്നുതന്നെ പ്രതിഫലം ലഭിക്കുകയാണോ എന്നൊരു ആശങ്കയാണ് അദ്ദേഹത്തിലെ വിശ്വാസിയെ പലപ്പോഴും അസ്വസ്ഥനാക്കിയത്. അലംഘനീയമായ തീരുമാനത്തിന് വഴങ്ങി പ്രിയപ്പെട്ട ജമാലുപ്പ മടങ്ങിപ്പോയിരിക്കുന്നു,ആഗ്രഹിച്ച, തികച്ചും അർഹമായ ആദരങ്ങൾ ഏറ്റുവാങ്ങാൻ. അദ്ദേഹം പകർന്നുപോയ പാഠങ്ങൾ ഇവിടത്തെ മക്കൾക്ക് ഇനിയും തണൽ വിരിച്ചുകൊണ്ടിരിക്കട്ടെ. 

Tags:    
News Summary - MA-Muhammad-Jamal-Passed-Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT