തലേന്നും പിറ്റേന്നുമായി രണ്ടു ബജറ്റുകൾ പ്രഖ്യാപനങ്ങളുമായി കടന്നുപോയപ്പോൾ കേരളത്തിലെ സാധാരണ പൗരന് ബോധ്യപ്പെട്ടത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, തെരഞ്ഞെടുപ്പിനു മുമ്പായി ഭരണത്തിലിരിക്കുന്നവർ മധുരംപൊതിഞ്ഞ് അവതരിപ്പിക്കുന്ന തെരഞ്ഞെടുപ്പു ബജറ്റ്. രണ്ട്, നരസിംഹറാവു സർക്കാറിൽ ധനമന്ത്രിയായി, മൻമോഹൻ സിങ് തുടക്കംകുറിച്ച നവ ഉദാരീകരണ^സാമ്പത്തിക പരിഷ്കരണങ്ങളുടെ തുടർച്ച അതായത് അരുൺ ജെയ്റ്റ്ലിയുടെ സാമ്പത്തിക^പരിഷ്കരണ പാതയിലൂടെ കേരള ധനമന്ത്രി തോമസ് ഐസക്കും കൂകിപ്പായുന്നു.
വിരിപ്പുകൃഷിക്ക് ആദ്യമായി ഒന്നര ഇരട്ടി താങ്ങുവില, 10 കോടി കുടുംബങ്ങൾക്ക് ആരോഗ്യസുരക്ഷ, ഗ്രാമീണമേഖലക്ക് പ്രത്യേക ഉൗന്നൽ എന്നൊക്കെ അരുൺ ജെയ്റ്റ്ലിക്ക് പറയേണ്ടിവന്നു. വാജ്പേയിയുടെ സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ ആന്ധ്രയിലും മഹാരാഷ്ട്രയിലും കൃഷിക്കാർ കൂട്ടആത്മഹത്യയിലായിരുന്നു. എന്നിട്ടും ഇന്ത്യ തിളങ്ങുന്നതാണ് ബി.ജെ.പി കണ്ടത്. മോദിസർക്കാർ അവസാന വർഷത്തിലേക്ക് കടക്കുമ്പോൾ അതുപോലുള്ള സ്ഥിതിയാണ്. സെക്രട്ടേറിയറ്റിൽ ചെന്നുപോലും കൃഷിക്കാർ ആത്മഹത്യചെയ്യുന്നു. പഴയ അനുഭവം െജയ്റ്റ്ലിയെ ഭയപ്പെടുത്തുന്നുണ്ടാകണം.
പക്ഷേ, ജെയ്റ്റ്ലി കാര്യങ്ങൾ സത്യസന്ധമായി തുറന്നുപറഞ്ഞിരിക്കുന്നു: നയപരമായി രാജ്യം തളർവാതം പിടിപെട്ട് കിടക്കുമ്പോഴാണ് കടുത്ത തീരുമാനങ്ങളെടുത്ത് ഇന്ത്യൻ സാമ്പത്തികരംഗം കരുത്തുറ്റതാക്കുമെന്ന് ‘ഞങ്ങൾ’ വാഗ്ദാനം ചെയ്തത്. കുറഞ്ഞ വർഷങ്ങളിൽ സാമ്പത്തിക പരിഷ്കരണം പ്രതിഫലദായകമായിരിക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ ലഭ്യമാക്കുന്ന അവസ്ഥയിലേക്ക് ലോകത്തിലെ വേഗംകൂടിയ, വളർച്ചയുള്ള രാജ്യമായി ഇന്ത്യയെ മാറ്റിയിരിക്കുന്നു.
കൃഷിക്കാരും തൊഴിലാളികളും ഇടത്തരക്കാരും തൊഴിലില്ലാത്തവരും ഉൾക്കൊള്ളുന്ന ഇന്ത്യ എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ചല്ല ധനമന്ത്രി ഉത്കണ്ഠപ്പെടുന്നത്. നവ ഉദാരീകരണ ലോകത്ത് തിളങ്ങുന്ന ഒരിടമാണ് വേണ്ടത്. ആഗോള നിക്ഷേപകർക്കു മുന്നിൽ ആകർഷകവും വിശ്വസനീയവുമായ ഒരു ഇന്ത്യ.
ഇന്ത്യയിൽ 49 ശതമാനവും തൊഴിലെടുക്കുന്ന കാർഷിക മേഖലയിൽ വമ്പൻ വിളവ്, കുറഞ്ഞ വില, വരൾച്ച, പൂജ്യം വരുമാനം, ആത്മഹത്യ... ഇതാണ് ബാക്കിപത്രം. മൊത്തം കാർഷിക മേഖലയുടെയോ കൃഷിക്കാരുടെയോ ഭൂരഹിതരായ കർഷകത്തൊഴിലാളികളുടെയോ മറ്റു വിവിധ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെയോ കാര്യം ബജറ്റിൽ പരിഗണിച്ചിട്ടില്ല. വിദേശ നിക്ഷേപങ്ങൾക്കുള്ള ലോകത്തെ വലിയൊരു വിപണിയായി ഇന്ത്യയെ രൂപപ്പെടുത്തുന്നവർക്ക് അതിെൻറ കാര്യമില്ല. പ്രകൃതിവിഭവങ്ങൾ അതിവേഗം ലഭ്യമാക്കാനുള്ള പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനാണ് അവരുടെ മുൻഗണന.
മൻമോഹൻ സിങ്ങും ചിദംബരവും കെ.എം. മാണിയും ഒക്കെ റവന്യൂ കമ്മിയും ധനക്കമ്മിയും കുറച്ചുകൊണ്ടുവരാൻ കഠിനാധ്വാനം ചെയ്തപ്പോൾ നവ ഉദാരീകരണ നയങ്ങളുടെ ഭാഗമാണെന്ന് ഐസക്കും ഇടതുപക്ഷവും കുറ്റപ്പെടുത്തി. ഇപ്പോൾ ആ ‘സാമ്പത്തിക അച്ചടക്ക’ത്തിലേക്ക് ഇടതുമുന്നണി സർക്കാറിെൻറ ധനമന്ത്രി സ്വയം മാറിയതാണ് ഇത്തവണ സംസ്ഥാന ബജറ്റ് അവതരണത്തിൽ കണ്ടത്.സംസ്ഥാനം സുസ്ഥിര വികസന പാതയിലാണെന്ന സന്ദേശം രാജ്യത്തിന് പുറത്തേക്കു നൽകി മോദിസർക്കാറിനെേപ്പാലെ സംസ്ഥാന സർക്കാറിനും എ പ്ലസ് റേറ്റിങ് ലഭ്യമാക്കാനാണ് ഇതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിശ്വാമിത്രൻ ത്രിശങ്കു സൃഷ്ടിച്ചതുപോലെ ബജറ്റിനു പുറത്ത് ഒരു സമാന്തര ധനേസ്രാതസ്സ് തോമസ് ഐസക് സൃഷ്ടിച്ചിട്ടുണ്ട്^കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബോർഡ് (കിഫ്ബി). കിഫ്ബിയുടെ വിശ്വാസ്യത ഉറപ്പുവരുത്താനാണ് ധന അച്ചടക്കത്തിെൻറ വളയത്തിലേക്ക് ഐസക് ഒതുങ്ങിയത്.
വരവും ചെലവും നോക്കാതെ ഏഷ്യൻ വികസന ബാങ്കിൽനിന്നടക്കം അഴുക്കുചാൽ പദ്ധതികളുടെയും മറ്റും പേരിൽ യഥേഷ്ടം കടമെടുത്ത് സാമ്പത്തിക അരാജകത്വത്തിന് കൂട്ടുനിന്ന ധനമന്ത്രിയാണ് തോമസ് ഐസക്. തിരിച്ചടവ് വരുമ്പോഴല്ലേ, ഇപ്പോൾ വാങ്ങി ചെലവാക്ക് എന്നാണ് നഗരസഭകളോട് പറഞ്ഞിരുന്നത്. ആ വികസനമൊക്കെ ഏത് അഴുക്കുചാലിൽ പോയെന്ന് വ്യക്തമല്ല. സാമൂഹികക്ഷേമ പദ്ധതിക്കും ശമ്പളത്തിനും പെൻഷനുമൊക്കെവേണ്ടി പണം കണ്ടെത്തേണ്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിെൻറ ബാധ്യതയാണെന്നും വാദിച്ചുപോന്നു.
പലർക്കും യഥേഷ്ടം കോടികൾ ബജറ്റിലൂടെ സമ്മേളനങ്ങൾക്കും ആഘോഷങ്ങൾക്കും വാരിക്കൊടുത്ത ധനമന്ത്രി കെ.എസ്.ആർ.ടി.സിയുടെ പെൻഷൻ ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചു. ഇടതുപക്ഷങ്ങൾക്കന്യമായ നവഉദാരീകരണ വലതുപക്ഷ പാളത്തിലൂടെയാണ് പക്ഷേ, കിഫ്ബി എന്ന വലിയൊരു മാറാപ്പിൽ പൊതിഞ്ഞ ബജറ്റുമായി ഐസക് ഇത്തവണ വന്നത്. അതുകൊണ്ട് ആഹ്ലാദിച്ചും അമ്പരന്നും സഭക്കകത്തും പുറത്തും ദൃശ്യമാധ്യമങ്ങളിലും ചോദ്യങ്ങളുയർന്നു. അരുൺ ജെയ്റ്റ്ലിയാണോ അതോ മൻമോഹൻ സിങ് ആണോ ഡോ. തോമസ് ഐസക്കിെൻറ ഗുരു?
‘ഇത് പിണറായി വിജയൻ സർക്കാറിെൻറ ബജറ്റാണെ’ന്നാണ് പ്രസംഗത്തിെൻറ ആദ്യ ഖണ്ഡികയിൽ തോമസ് ഐസക് പറഞ്ഞത്. ഇടതുപക്ഷ സർക്കാറിെൻറ ബജറ്റല്ലെന്ന് വ്യക്തം. ഗീത ഗോപിനാഥ് സാമ്പത്തിക ഉപദേശം നൽകുന്ന മുഖ്യമന്ത്രി പിണറായിക്കുവേണ്ടി തോമസ് ഐസക് എഴുതിവായിച്ചത് എന്നർഥം. അതേസമയം, തലേദിവസം ലോക്സഭയിൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി അരുൺ ജെയ്റ്റ്ലിപോലും ഇത് ‘ഞങ്ങളുടെ സർക്കാറാണ്’ എന്നും ‘നരേന്ദ്ര മോദി നയിക്കുന്ന’ ഞങ്ങളുടെ സർക്കാറാണെന്നുമാണ് പ്രസംഗത്തിെൻറ ആദ്യ ഖണ്ഡികയിൽ ആവർത്തിച്ചുപറഞ്ഞത്.
എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റ ദിവസം ദേശീയ മാധ്യമങ്ങളിൽ നൽകിയ പരസ്യത്തിൽ ‘പിണറായി ഗവൺമെൻറ്’ എന്നു വിശേഷിപ്പിച്ചത് സി.പി.ഐ ജനറൽ സെക്രട്ടറി പരസ്യമായി തിരുത്തിയിരുന്നു. ഈ സർക്കാറിെൻറ നയങ്ങൾ സംബന്ധിച്ച് സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള വിമർശനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഐസക്കിെൻറ പ്രയോഗത്തിന് രാഷ്ട്രീയ മാനങ്ങൾ പലതുണ്ട്.
മൻമോഹൻ സിങ്ങിെൻറയും യു.പി.എ സർക്കാറിെൻറയും വലതുപക്ഷ-ഉദാരീകരണ നയങ്ങളാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നടപ്പാക്കാൻ ശ്രമിച്ചതെന്ന് വിമർശിച്ചുപോന്നവരാണ് ധനമന്ത്രി തോമസ് ഐസക്കും എൽ.ഡി.എഫും. 2006ൽ നിശ്ചയിച്ച വിപണിവിലയുടെ അടിസ്ഥാനത്തിൽ ഭൂനികുതി വർധിപ്പിക്കുകയാണ് 2015ൽ യു.ഡി.എഫ് സർക്കാർ ചെയ്തത്. ഇടതുമുന്നണിയുടെ പ്രതിഷേധ സമരങ്ങളെ തുടർന്ന് അന്നത് പിൻവലിച്ചു. അതേ ഭൂനികുതി ഇപ്പോൾ വീണ്ടും കൊണ്ടുവരുകയും വർധിപ്പിക്കുകയും ചെയ്യുമ്പോൾ ഇത് എൽ.ഡി.എഫിെൻറ ബജറ്റോ യു.ഡി.എഫിെൻറ ബജറ്റോ എന്ന ചോദ്യം സ്വാഭാവികം.
ഈ പുതുവർഷ കാലയളവിലാണ് ഖജനാവ് അടഞ്ഞുകിടന്നതും സംസ്ഥാനത്തിെൻറ സാമ്പത്തിക സ്ഥിതി ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് പരസ്യമായി ബോധ്യപ്പെട്ടതും. സാമ്പത്തിക മുരടിപ്പിനെപ്പറ്റിയും സംസ്ഥാനം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ചും മന്ത്രി സമ്മതിക്കുന്നുണ്ട്. എങ്കിലും കിഫ്ബി എന്ന മാന്ത്രികവടികൊണ്ട് ഇതെല്ലാം പരിഹരിച്ചുകളയാം എന്ന ലാഘവബുദ്ധിയോടെയും അസഹിഷ്ണുതയോടെയുമാണ് ബജറ്റ് സംബന്ധിച്ച വിമർശനങ്ങളോട് പക്ഷേ, തോമസ് ഐസക് പ്രതികരിക്കുന്നത്.
മുൻ കംേട്രാളർ^ഓഡിറ്റർ ജനറൽ വിനോദ് റായിയെപ്പോലുള്ളവർ കിഫ്ബിയുടെ സംവിധാനത്തിെൻറ രക്ഷാധികാരികളാണ്. എല്ലാ രേഖകളും നിയമസഭയിൽ സമർപ്പിച്ചിട്ടുണ്ട്. ഇനി എന്തു ചോദ്യം, ചോദിക്കാൻ ഇവർ ആര്? ധനമന്ത്രിയുടെ അസഹിഷ്ണുത വ്യക്തമാണ്. ബജറ്റ് സുതാര്യമായ, സംശയരഹിതമായ ഔദ്യോഗിക രേഖയായിരിക്കണമെന്നിരിക്കെ കിഫ്ബിയെ ബജറ്റിലേക്ക് ജീവനാളി കൊടുത്ത് സമാഹരിക്കപ്പെടുന്ന വരുമാനം ധനമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊത്ത് ചെലവഴിക്കപ്പെടുന്ന ഒരവസ്ഥയിലേക്ക് കേരളം പോകുകയാണ്.
1991 ജൂലൈ 24നാണ് മൻമോഹൻ സിങ് നരസിംഹറാവു സർക്കാറിെൻറ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. നായനാർ സർക്കാറിനു കീഴിലുള്ള ആസൂത്രണ ബോർഡിൽ അംഗമായിരുന്നു തോമസ് ഐസക്. സി.പി.എം മുഖപത്രത്തിെൻറ കൊച്ചി ഓഫിസിൽ തോമസ് ഐസക്കിനെയും ബോർഡിലെ മറ്റൊരു സി.പി.എം അംഗത്തെയും ക്ഷണിച്ചുവരുത്തി. മൻമോഹൻ സിങ്ങിെൻറ ബജറ്റ് അവതരണം ടി.വിയിൽ കേട്ട് പത്രത്തിന് അവലോകനം എഴുതിക്കാൻ.
മൻമോഹൻ സിങ് ദീർഘ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് വിക്ടർ ഹ്യൂഗോയുടെ വാക്കുകൾ ഉദ്ധരിച്ചാണ്: ‘ഒരാശയത്തിെൻറ സമയമെത്തിയാൽ അതിെൻറ കഥകഴിക്കാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല.’’ മൻമോഹൻ ഇങ്ങനെ തുടർന്നു: ‘‘ഈ മഹത്തായ സഭക്കു മുന്നിൽ ഞാനൊരാശയം സമർപ്പിക്കുകയാണ്. ലോകത്തിനു മുന്നിൽ ഇന്ത്യ വലിയ ഒരു സാമ്പത്തിക ശക്തിയായി അവതരിക്കാൻ പോകുന്നു എന്ന ആശയം. വ്യക്തവും ശക്തവുമായി ലോകം അത് കേൾക്കട്ടെ. ഇന്ത്യ ഇപ്പോൾ ഉണർന്നെഴുന്നേറ്റുകഴിഞ്ഞു. നാം അതിജീവിക്കും.’’ ടി.വി റൂമിൽനിന്ന് ആഹ്ലാദഭരിതരായാണ് രണ്ടു സഖാക്കളും പത്രാധിപരുടെ മുറിയിൽ എത്തിയത്: ‘‘ഗംഭീരം. ഒന്നും എഴുതാനില്ല. നമ്മുടെ പാർട്ടി അധികാരത്തിൽ വന്നാൽ ഇത്രയും നല്ല ഒരു ബജറ്റ് അവതരിപ്പിക്കാനാവില്ല.’’
-പത്രത്തിെൻറ ഒന്നാം പേജിൽ ബജറ്റ് അവലോകനത്തിന് സ്ഥലം ഒഴിച്ചിട്ട പത്രാധിപരുടെ മുന്നിൽ എഴുത്തുകടലാസും പേനയുംവെച്ച് തോമസ് ഐസക്കും കൂട്ടുകാരനും സ്ഥലംവിട്ടു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗംകൂടിയായ തോമസ് ഐസക്കിെൻറ ഒമ്പതാമത്തെ കേരള ബജറ്റിൽ മൻമോഹൻ സിങ്ങിെൻറ ആശയം കവിതകൾക്കും ഉദ്ധരണികൾക്കുമൊപ്പം പൂവും കായും അണിഞ്ഞിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.