എം.ബി.ബി.എസ് ബിരുദം തകര്‍ന്നുവീഴുമോ?

പണ്ടുകാലത്തു എം.ബി.ബി.എസ് ബിരുദധാരികള്‍ ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പ്രാക്ടിസ് ഏര്‍പ്പാടാക്കി താമസിച്ചുവന്നിരുന്നു. 1960 മുതല്‍ നടന്ന സുപ്രധാന ജനകീയവിപ്ളവമായിരുന്നു ഇത്. തിരുവനന്തപുരം,  കോഴിക്കോട്  മെഡിക്കല്‍ കോളജുകളില്‍നിന്ന് പുതുതായി ജയിച്ചുവന്ന ഭൂരിപക്ഷം ഡോക്ടര്‍മാരും ഇങ്ങനെ കേരളത്തിന്‍െറ ആരോഗ്യസംവിധാനത്തിന്‍െറ നെടുന്തൂണുകളായി. ഭീമമായ സാമ്പത്തികലാഭം സര്‍ക്കാറിന് നേടിക്കൊടുത്തത് ഒറ്റയാള്‍ ക്ളിനിക്കുകള്‍ സ്ഥാപിച്ച ഈ എം.ബി.ബി.എസ് ഡോക്ടര്‍മാരാണ്.

സമൂഹം അവര്‍ക്ക് തിരിച്ചുനല്‍കിയത് നിസ്സീമമായ ആദരവായിരുന്നു. ആശുപത്രിയിലേക്ക് മാറ്റാനാവാത്ത ആസന്നമരണരായ രോഗികളെ കാണാനത്തെുന്ന ഡോക്ടര്‍ ഗ്രാമത്തിലെ സര്‍വശ്രദ്ധയും പിടിച്ചുപറ്റും. ഇമ്മാതിരിയൊരു കാലം തിരിച്ചുവരേണ്ടതില്ല. ദേവതുല്യനായ ഡോക്ടര്‍ സങ്കല്‍പം മാറിയേ തീരൂ. തുല്യ പങ്കാളിത്തമുള്ള ഡോക്ടര്‍രോഗി ബന്ധങ്ങള്‍ സ്ഥാപിക്കേണ്ടതും ആവശ്യമാണ്. ഇന്നും നമ്മുടെ പൊതുജനാരോഗ്യരംഗം എം.ബി.ബി.എസ് ഡോക്ടറെ ചുറ്റിപ്പറ്റിയാണ് നിലനില്‍ക്കുന്നത്. അപ്പോള്‍ ഈ അടിസ്ഥാന യോഗ്യതയുള്ള ഡോക്ടര്‍മാരെ എന്തിനു കൊള്ളാം എന്ന ചോദ്യം പ്രസക്തമാവുന്നു.
എഴുപതുകളിലെ എം.ബി.ബി.എസ്  ഡോക്ടര്‍ക്ക് ഇന്നത്തെ ബിരുദധാരിക്ക് തുല്യമായ അറിവ് ഉണ്ടായിരുന്നില്ല; എന്നാല്‍ അന്നത്തെ ഡോക്ടറുടെ നൈപുണ്യം ഇന്നത്തേതിനേക്കാള്‍ കൂടുതലായിരുന്നു, സേവനം സ്തുത്യര്‍ഹവും.

എണ്‍പതുകളില്‍  സ്പെഷലൈസേഷന്‍ യുഗമായപ്പോള്‍ ബിരുദാനന്തര പഠനം പ്രാക്ടിസിനു ആവശ്യമായി വന്നു. സത്യത്തില്‍ മെഡിക്കല്‍ ബിരുദത്തിന്‍െറ വിലയിടിവ് തുടങ്ങുന്നത് ഈ ഘട്ടം മുതലാണ്. പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ഇതിലേക്ക് നയിച്ചിട്ടുണ്ടാവണം. ഒന്ന്, സ്പെഷലൈസേഷന്‍ ഡോക്ടര്‍മാരും സമൂഹവും തമ്മിലുള്ള വിടവ് വര്‍ധിപ്പിച്ചു. ഡോക്ടര്‍മാരെ എളുപ്പം കാണാമെന്ന നില ഏറക്കുറെ ഇല്ലാതായി; അതിനുള്ള ചെലവു വര്‍ധിക്കുന്നത് അംഗീകരിക്കപ്പെട്ടു. രണ്ട്, സര്‍ക്കാര്‍ മേഖലയില്‍ സ്പെഷലിസ്റ്റ് തസ്തികകള്‍ ഇല്ലാത്തതിനാല്‍ അനേകം ഡോക്ടര്‍മാര്‍ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിചെയ്യണം എന്ന നിലവന്നു. സ്വകാര്യ സ്ഥാപനങ്ങളാകട്ടെ, സ്വയം നിര്‍മിത ചട്ടക്കൂടുകളില്‍ പ്രവര്‍ത്തിക്കുന്നതാകയാല്‍ കണ്‍സള്‍ട്ടേഷനും മറ്റു പരിചരണങ്ങളുമടക്കം സാമൂഹിക ബന്ധങ്ങളില്‍നിന്നു മുക്തമായി തികച്ചും തൊഴില്‍ബന്ധത്തിലേക്ക് ചുരുങ്ങി. മൂന്ന്, സ്പെഷലിസ്റ്റ് ചികിത്സ ഏറിയകൂറും സാങ്കേതിക കേന്ദ്രീകൃതമാകയാല്‍,  പല തലത്തിലുള്ള ടെക്നോളജി കൈകാര്യം ചെയ്യുന്നവരുമായിട്ടാവും രോഗികള്‍ക്ക് അധികവും സമ്പര്‍ക്കം. ഈ വ്യവസ്ഥ ഡോക്ടറും രോഗിയും തമ്മില്‍ എന്തെങ്കിലും വ്യക്തിഗതമായ ബന്ധം സ്ഥാപിക്കാന്‍ അനുവദിക്കില്ലല്ളോ.

ഈ കാലഘട്ടം മുതല്‍ എം.ബി.ബി.എസ് ബിരുദധാരികള്‍ പൊതുധാരയില്‍നിന്ന് അപ്രത്യക്ഷമായി തുടങ്ങിയെങ്കിലും ബിരുദത്തിന്‍െറ തകര്‍ച്ച വ്യക്തമാകുന്നത് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികളും കോര്‍പറേറ്റ് സംരംഭങ്ങളും അനവധി സ്വകാര്യ മെഡിക്കല്‍ കോളജുകളും  രംഗപ്രവേശം ചെയ്ത തൊണ്ണൂറുകളിലാണ്. ബിരുദത്തിനു ശേഷം മൂന്നുമുതല്‍ എട്ടുവരെ വര്‍ഷം നീണ്ടുനില്‍ക്കുന്ന മെഡിക്കല്‍ ഉപരിപഠനങ്ങളും പരിശീലനങ്ങളും ഇന്ന് സര്‍വവ്യാപിയായിരിക്കുന്നു. ഇത്ര നീണ്ട പഠിപ്പും പരിശീലനവും കോര്‍പറേറ്റ് സംരംഭങ്ങളെയും കോളജുകളെയും പുഷ്ടിപ്പെടുത്തും എന്നതില്‍ തര്‍ക്കമുണ്ടാവില്ലല്ളോ. കോളജുകള്‍ക്ക് അധ്യാപനത്തിന്‍െറ പേരില്‍ ഭാരിച്ച ഫീസും, കോര്‍പറേറ്റ് ആശുപത്രികള്‍ക്ക് പരിശീലനത്തിനത്തെുന്നവരില്‍നിന്ന് ലഭിക്കുന്ന വേതനലാഭവും സേവനസമയവും സങ്കീര്‍ണമായ ടെസ്റ്റുകളും  ഉറപ്പാക്കുന്ന ബില്ലിങ് സാധ്യത തുടങ്ങിയവ എം.ബി.ബി.എസ് എന്ന അടിസ്ഥാനബിരുദത്തെ നിഷ്പ്രഭമാക്കി.

മെഡിക്കല്‍ ബിരുദത്തിനുണ്ടായ ക്രമമായ തകര്‍ച്ചയില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്തെങ്കിലും പങ്കുവഹിച്ചിട്ടുണ്ടോ? ആദ്യകാലങ്ങളില്‍ മെഡിക്കല്‍ ബിരുദ കോഴ്സിന്‍െറ സിലബസ് തയാറാക്കുന്നത് സര്‍വകലാശാലയായിരുന്നു. ഒരു ഏകീകൃത സിലബസ് എന്ന ആശയവുമായി മെഡിക്കല്‍ കൗണ്‍സില്‍ സിലബസ് നിര്‍മാണത്തിന്‍െറ ചുമതല പൂര്‍ണമായും ഏറ്റെടുത്തു. ഇരുനൂറില്‍പരം സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ നാട്ടില്‍ തിങ്ങിനിറഞ്ഞപ്പോള്‍ അവയുടെമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനായി രണ്ടു ഭരണരേഖകള്‍ പുറപ്പെടുവിച്ചു. മെഡിക്കല്‍ ബിരുദത്തിന്‍െറ പാഠ്യപദ്ധതിയും മെഡിക്കല്‍ കോളജുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും ആണ് അവ.

ഇതനുസരിച്ചു എം.ബി.ബി.എസ് സിലബസും പാഠ്യപദ്ധതിയും പൂര്‍ണമായും മെഡിക്കല്‍ കൗണ്‍സിലിന്‍െറ അധീനതയിലായി. അതായത് ഒരു സ്വകാര്യ കോളജ് ആരംഭിക്കുന്ന വ്യക്തിക്ക് മുന്നേ തയാര്‍ചെയ്ത സിലബസും പാഠ്യപദ്ധതിയും  ലഭ്യമാകും. ഇപ്രകാരം തയാര്‍ ചെയ്ത എം.ബി.ബി.എസ് സിലബസ്, പാഠ്യപദ്ധതി എന്നിവ കൗണ്‍സിലിന് താഴെയുള്ള ഏതെങ്കിലും മെഡിക്കല്‍ കോളജില്‍ നടപ്പാക്കുന്നുണ്ടോ എന്നു കണ്ടെത്തേണ്ട ചുമതല കൗണ്‍സിലിനാണല്ളോ ഉള്ളത്. ഇതുവരെ അതിനു സാധ്യമായിട്ടില്ല. കാരണം ലളിതമാണ്: ഇതിനുള്ള സംവിധാനം കൗണ്‍സിലിന്‍െറ പക്കലില്ല.

പാഠ്യപദ്ധതിയിലെ പ്രശ്നങ്ങള്‍ ഏതാനും ഉദാഹരണങ്ങള്‍ കൊണ്ട് വ്യക്തമാക്കാം. 1997ലെ ബിരുദപഠന നിബന്ധനകളില്‍ പറയുന്ന കാര്യങ്ങളാണ് ഇവ. മെഡിക്കല്‍ ബിരുദധാരിക്ക് വിപുലവും വൈവിധ്യവുമുള്ള നിരവധി മേഖലകളില്‍ ജോലിസാധ്യത ഉള്ളതിനാല്‍ ഈ സാധ്യതകള്‍ അധ്യാപനത്തിലും ഉണ്ടാവണം, എന്നാല്‍, ഇന്ത്യയുടെ ആരോഗ്യാവശ്യങ്ങളില്‍ ഊന്നല്‍ കൊടുക്കുകയും വേണം. ബിരുദപഠനം ലോകനിലവാരത്തിലുള്ളതാകണം. ഈ ആശയം എങ്ങനെ നൂറിനും ഇരുനൂറിനും ഇടയില്‍ പ്രവേശനം നടത്തുന്ന സ്വകാര്യ മെഡിക്കല്‍കോളജുകള്‍ക്ക് നടപ്പാക്കാനാകും? ഒന്നാം വര്‍ഷത്തെ പഠനം കഴിഞ്ഞാല്‍ ക്ളാസ്മുറി ചെറുതാക്കാമെന്ന വാദമുണ്ട്. അതും വാര്‍ഡ്, ക്ളിനിക്കല്‍ പോസ്റ്റിങ്ങുകളില്‍ മാത്രമേ നടപ്പാക്കാനാകൂ. മറ്റു ക്ളാസുകളില്‍ വിദ്യാര്‍ഥിബാഹുല്യം നിമിത്തം ക്ളാസുകള്‍ക്ക് ഉദ്ദേശിച്ച ഫലം കാണാനാവില്ല. ഇതിനു പോംവഴിയായി കൗണ്‍സില്‍ നിര്‍ദേശിക്കുന്നത് എല്ലാ കോളജിലും കരിക്കുലം കമ്മിറ്റി സ്ഥാപിച്ചു പാഠ്യപദ്ധതിയില്‍  മേല്‍നോട്ടം നടത്തുക എന്നതാണ്.

ബിരുദപഠനത്തിന് ദേശീയ ലക്ഷ്യങ്ങളുണ്ട്. ഇവ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവയില്‍ പലതും കൈവരിക്കേണ്ടതെങ്ങനെ എന്ന കാര്യത്തില്‍ ഒരു രൂപവും ഇല്ല. ദേശീയ ലക്ഷ്യങ്ങള്‍ക്ക് പുറമെ ഓരോ വിദ്യാഭ്യാസസ്ഥാപനത്തിനും സ്വന്തം ലക്ഷ്യങ്ങള്‍ ഉണ്ടാവണം. ഈ ലക്ഷ്യങ്ങളും പഠനാനുഭവത്തില്‍ വരേണ്ടതാണ്. ഇന്ത്യയിലിപ്പോള്‍ എത്ര മെഡിക്കല്‍ കോളജുകളാണ് സ്വന്തം ലക്ഷ്യങ്ങള്‍ കണ്ടത്തെി അവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക?

ഇതുപോലെ ഓരോ പാഠ്യവിഷയങ്ങളിലും കൗണ്‍സില്‍ വ്യക്തമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇതനുസരിച്ചു ഓരോ വിഷയത്തിലും വിദ്യാര്‍ഥിക്ക് അത്യാവശ്യം ഉണ്ടാകേണ്ട അറിവ്, നൈപുണ്യം, മറ്റു പാഠ്യവിഷയങ്ങളുമായുള്ള സംയോജനം എന്നിവ നിഷ്കര്‍ഷിച്ചിട്ടുണ്ട്.  ഓരോ ആഴ്ചയിലേയും ക്ളാസുകള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം നല്ലതാണെല്ളോ എന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകാം.

ഏറ്റവും കുറഞ്ഞത് 1430 മണിക്കൂര്‍ ആവശ്യമായ ഈ പദ്ധതി നടപ്പാക്കേണ്ടത് പത്തു മാസം കൊണ്ടാണ്. ഒരു മാസം പരീക്ഷക്കും ഒരു മാസം വെക്കേഷനും നഷ്ടപ്പെട്ടാല്‍, ബാക്കി മാസങ്ങളില്‍ 220 പാഠ്യ ദിനങ്ങള്‍ ഉറപ്പാക്കേണ്ടിയിരിക്കുന്നു. നമ്മുടെ അവധിനാളുകളും ഹര്‍ത്താലുകളും കൂടി കണക്കെടുത്താല്‍ എം.ബി.ബി.എസ് പഠനം അതീവ സമ്മര്‍ദത്തിലാണെന്നു കാണാം. അപ്പോള്‍ നടക്കാതെ പോകുന്നത് കോളജുകളുടെ ലക്ഷ്യങ്ങളും വിവിധ പഠനാനുഭവങ്ങളുമാണ്. വിദ്യാര്‍ഥികളുടെ അറിവ്, നൈപുണ്യം എന്നിവ കൃത്യമായി പരീക്ഷിക്കുന്നുണ്ടോ എന്ന് കൗണ്‍സില്‍ നോക്കാറുമില്ല. ഇന്‍േറണല്‍ അസസ്സ്മെന്‍റ് പൊതുവെ കുത്തഴിഞ്ഞ  നിലയിലാണ് ബഹുഭൂരിപക്ഷം കോളജുകളിലും.

അവശ്യമായ അധ്യാപകരെ ഉറപ്പാക്കാനും കൗണ്‍സിലിന് കഴിഞ്ഞിട്ടില്ല. അതിനാലാണ് എല്ലാ മെഡിക്കല്‍ കോളജ് അധ്യാപകരും ബയോമെട്രിക് സംവിധാനത്തിലൂടെ ഹാജര്‍ വെക്കണമെന്നും അത് കൗണ്‍സില്‍ പരിശോധിക്കണമെന്നും ഇപ്പോള്‍ പറയുന്നത്. ഭൂരിപക്ഷം സ്വകാര്യ കോളജുകളിലും വിദ്യാര്‍ഥികളുടെ നിലവാരത്തില്‍ വലിയ അന്തരം നിലനില്‍ക്കുന്നു. പഠിക്കാന്‍ കഴിവുള്ളവരും, പഠിക്കാനാകാത്തവരും ഒരേ ക്ളാസ്സുമുറിയില്‍ ഇരിക്കുമ്പോള്‍ എങ്ങനെയാണ് പരിമിതമായ സമയത്തിനുള്ളില്‍ പഠനം നടക്കുക? എങ്ങനെയാണ് എല്ലാ കോളജുകളിലും യൂനിവേഴ്സിറ്റി പരീക്ഷ കഴിഞ്ഞാല്‍ 90 ശതമാനം പേര്‍ പരീക്ഷ പാസാകുന്നത്. 1977 വരെ (കൗണ്‍സില്‍ രംഗത്തില്ലാതിരുന്നപ്പോള്‍) ഒന്നും അഞ്ചും വര്‍ഷ പരീക്ഷകളില്‍ ഉദ്ദേശം 50 ശതമാനം മാത്രമായിരുന്നു വിജയിച്ചിരുന്നത്.

എഴുതിവെക്കപ്പെട്ട കരിക്കുലവും യഥാര്‍ഥത്തില്‍ പഠനാനുഭവവും തമ്മില്‍ നിശ്ചയമായും പൊരുത്തക്കേടുണ്ട്. ഇതുതന്നെയാണ് എം.ബി.ബി.എസ് ബിരുദത്തിന്‍െറ നിലവാരം കുറക്കാനിടയാക്കിയത്.

മെഡിക്കല്‍ കൗണ്‍സില്‍ പുറത്തുവിട്ട മറ്റൊരു രേഖയാണ് 50, 100, 150, 200 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്ന കോളജുകളുടെ മിനിമം സ്റ്റാന്‍ഡേഡ്. ഈ അടിസ്ഥാന സൗകര്യങ്ങള്‍ നിലവിലുണ്ടോയെന്ന് കൗണ്‍സില്‍ നിയമിക്കുന്ന ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിക്കുന്നു. രണ്ടു കാര്യങ്ങളാണ് പ്രധാനമായും പരിശോധനയില്‍ വരുന്നത്. ഒന്ന്, കോളജിലെ ഭൗതിക സാഹചര്യങ്ങള്‍. രണ്ട്, അത്യാവശ്യം വേണ്ട മാനവശേഷി. അല്ലാതെ വിദ്യാര്‍ഥികളുടെ പഠനാനുഭവം, ഇന്‍േറണല്‍ പരീക്ഷകളുടെ നടത്തിപ്പ്, നൈപുണ്യ പരിശോധന എന്നിവയില്‍ കൗണ്‍സിലിന് പ്രത്യേക താല്‍പര്യമൊന്നുമില്ല.

കൗണ്‍സില്‍ പരിശോധന നടക്കുന്ന നാളില്‍ എത്ര സ്റ്റാഫ് നിലവിലുണ്ട് എന്ന് കണ്ടത്തെുന്നു. അതായത് പരിശോധന വരുന്നു എന്നറിഞ്ഞാല്‍ ഉടനത്തെുന്ന പ്രഫസര്‍മാരും നിരവധി പല കോളജുകളുടെയൂം പക്കല്‍ ഉണ്ട്. പലേടത്തും ജോലിനോക്കുന്ന ആളുകളെ ആ ദിവസം കോളജില്‍ എത്തിക്കാന്‍ സാധിച്ചാല്‍ ഇന്‍സ്പെക്ഷന്‍ എന്ന കടമ്പ കടക്കാം. തുടര്‍ന്നുള്ള ഒരു വര്‍ഷം കോളജില്‍ സ്റ്റാഫ് ഉണ്ടോ എന്ന് ആരും ചോദിക്കുന്നില്ല. അങ്ങനെ ഏറ്റവും പരിമിതമായ അധ്യാപകരെ ഉപയോഗിച്ച് അധ്യയനം നടത്തുമ്പോള്‍ കൗണ്‍സില്‍ പറയുന്ന ലക്ഷ്യങ്ങളെ ആരോര്‍ക്കുന്നു? കൗണ്‍സില്‍ പറയുന്ന സ്റ്റാഫ് വേണമെന്നേ അവര്‍ക്കും ഉള്ളൂ. അല്ലാതെ ബിരുദപഠന കോളജില്‍ ഏതെല്ലാം തരം ചികിത്സകള്‍ വേണം, ഏതെല്ലാം സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ ചെയ്തിരിക്കണം, എന്നൊന്നും ആരും  ഉറപ്പാക്കാറില്ല. കൂണുപോലെ മുളച്ചുവരുന്ന സ്വകാര്യ കോളജുകള്‍ക്ക് ഇതിലും നല്ല സാഹചര്യം ഉണ്ടാകാനില്ല.

ചുരുക്കത്തില്‍ ഒരു വന്‍ കരിക്കുലം ഉണ്ടാക്കിയിട്ട്, അതിന്‍െറ നടത്തിപ്പ്, ഗുണമേന്മ ഉറപ്പാക്കല്‍, പഠിതാവില്‍ നിശ്ചയമായും ഉണ്ടാവേണ്ട നൈപുണ്യ സ്വഭാവ മാറ്റങ്ങള്‍ കണ്ടത്തെല്‍ എന്നിവയില്‍നിന്ന് കൗണ്‍സില്‍ അപ്രത്യക്ഷമായിരിക്കുന്നു. അപ്പോള്‍ കൗണ്‍സില്‍ പരിശോധിക്കുന്ന ഭൗതിക വിഭവങ്ങള്‍ നിലവാരത്തിനൊത്തു ഉണ്ടാവുകയും പരിശോധിക്കാത്ത ക്വാളിറ്റി നഷ്ടപ്പെടുകയും ചെയ്താല്‍ എന്തത്ഭുതം?.

 

Tags:    
News Summary - mbbs degree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.