ജനനം, ജാതി, തൊഴിൽ-മൂന്നിലും ഒരേകിടയിൽ. എന്നാൽ, കൊച്ചുന്നാൾ തൊേട്ടയുള്ള പൊതുപ്രവർത്തനപരിചയത്തിൽ എതിരാളിയേക്കാൾ ബഹുകാതം മുന്നിൽ. പാർട്ടിക്കാർ ഇറക്കിയ മുഹൂർത്തം ഒന്നു പാളിയെങ്കിലും റെയ്സിനകുന്നിലേക്കുള്ള ഒാട്ടത്തിൽ രണ്ടും കൽപിച്ച് പൊരുതാനുറച്ചാണ് ‘ബിഹാറിെൻറ മോൾ’. അതിലവർക്ക് ധൈര്യം പ്രതിസന്ധികളെ തുഴഞ്ഞുനീന്തി ജീവിതത്തെ പ്രതിഭയുടെ ഉച്ചിയിലെത്തിച്ച അച്ഛെൻറ പാരമ്പര്യം തന്നെ. അതുകൊണ്ട് രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയും മുന്നണിയും ആനയിച്ചുകൊണ്ടുവരുേമ്പാൾ മീരാകുമാർ കളിയല്ല, കാര്യത്തിൽ തന്നെയാണ്. രാഷ്ട്രീയതെരഞ്ഞെടുപ്പ് അക്കങ്ങളുടെ കളിയായതുകൊണ്ടുതന്നെ ആഞ്ഞുപിടിച്ചാൽ കഥയേതും മാറുമെന്നവർക്കറിയാം. ഇനി റെയ്സിനയിലേക്കുള്ള ഒാട്ടം പിഴച്ചാലും പാർട്ടി അധ്യക്ഷ ചിലപ്പോൾ അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്കുള്ള പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രസാദിച്ചുകൂടെന്നില്ലെന്നുവരെ ഡൽഹിയിൽ ഉപശാലാവർത്തമാനങ്ങൾ വന്നുകഴിഞ്ഞു. അതുകൊണ്ട് അമിത് ഷായുടെ കൈയും കണക്കും വെച്ച് തന്നെ എഴുതിത്തള്ളേണ്ട എന്ന നെഞ്ഞൂക്കോടെതന്നെയാണ് മീരാകുമാറിെൻറ നിൽപ്.
വൈകിയെങ്കിലും ഏറ്റവും ഉചിതമായ തീരുമാനം എന്നാണ് മീരയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് സംഘ്പരിവാറിനുപുറത്തുള്ള ഏകോപിച്ചഅഭിപ്രായം. രാജ്യതന്ത്രജ്ഞ, രാഷ്ട്രീയക്കാരി, സാമൂഹികപ്രവർത്തക, പാർലമെേൻററിയൻ, മികച്ച നേതൃശേഷി തുടങ്ങി എല്ലാനിലയിലും ശാഖ മുതൽ രാജ്ഭവൻ വരെ സംഘപ്രതിബദ്ധത തെളിയിച്ചു എന്നതിൽ കവിഞ്ഞൊന്നുമല്ലാത്ത രാംനാഥ് കോവിന്ദിനെ നിഷ്പ്രഭമാക്കുന്ന ജീവചരിത്രരേഖ. അധികാരത്തിെൻറ അത്യുന്നതങ്ങളിൽ വിരാജിച്ചപ്പോഴും രാഷ്ട്രീയസദാചാരമൂല്യങ്ങളിലും സ്വന്തം സമൂഹത്തോടുള്ള പ്രതിബദ്ധതയിലും അളവിൽകവിഞ്ഞ ജാഗ്രതപുലർത്തിയ മഹാനേതാവായിരുന്നു അച്ഛൻ ജഗജീവൻറാം. എല്ലാവരും സ്നേഹപൂർവം ബാബുജി എന്നു വിളിച്ചിരുന്ന അച്ഛെൻറ വളർച്ച മുത്തശ്ശി വാസന്തിദേവിയുടെ കൂടെ കിടന്നുള്ള രാക്കഥകളിലൂടെ കേട്ടുവളരുകയായിരുന്നു. മുത്തശ്ശി മുന്നിൽ വരച്ചിട്ട അച്ഛൻറ വാങ്മയചിത്രങ്ങളാണ് തെൻറ വളർച്ചയുടെ ഉൗർജമെന്ന് എപ്പോഴും അഭിമാനം കൊള്ളാറുണ്ട്.
ആങ്ങള സുരേഷിൽ നിന്ന് വേറിട്ട് അച്ഛെൻറ നിഴലായി വളരാനായിരുന്നു ശ്രമം. ചെറുപ്പത്തിൽ ‘സ്റ്റേറ്റ്സ്മാൻ’ പത്രം വായിക്കാനായി രണ്ടുകിലോമീറ്ററോളം ആറാ റെയിൽേവ സ്റ്റേഷനിലേക്ക് നടന്നിരുന്ന ജഗ്ജീവൻറാമിെൻറ മകൾ വായനയിൽ അച്ഛനെ പകർത്തി. പുസ്തകപ്പുഴുവായിരുന്ന അച്ഛെൻറ മകൾ ലോക്സഭ സ്പീക്കർ സ്ഥാനത്തെത്തിയപ്പോൾ ആദ്യം ചെന്നത് പാർലമെൻറ് നടപടിക്രമങ്ങൾ സംബന്ധിച്ച 4000 ലേറെ പേജുകൾ വരുന്ന പുസ്തകത്തിലേക്കാണ്. ഏതാണ്ട് 10 ആവർത്തി അത് വായിച്ചതോടെ നിയമത്തിെൻറ നൂൽപഴുതുകൾ പോലും ഹൃദിസ്ഥമായി. അതിൽപിന്നെ സഭയിൽ ഏത് അംഗത്തെയും ഏത് വിഷയത്തെയും നേരിടാൻ പ്രയാസമുണ്ടായില്ല.
ജാതിവിവേചനത്തിെൻറ ക്രൂരതകൾ അനുഭവിച്ചറിഞ്ഞ അച്ഛൻ സ്വയം വെട്ടിത്തെളിച്ച അതിജീവനത്തിെൻറ സ്വസ്ഥമായ നാളുകളിലായിരുന്നു മീരയുടെ ജനനം. സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രീയപ്രവർത്തനങ്ങളിലും അച്ഛെൻറ പങ്കാളിയായിരുന്ന ഇന്ദ്രാണിദേവി മകൾക്ക് ജന്മം നൽകുന്നത് 1945 മാർച്ച് 31ന് ബിഹാറിലെ ആറാ ജില്ലയിൽ. കോൺവെൻറിൽ പഠിക്കാനുള്ള ക്രിസ്ത്യൻപാതിരിമാരുടെ ക്ഷണം അമ്മ നിരസിച്ചതിനാൽ ഉന്നത ഇംഗ്ലീഷ് പഠനവും അമേരിക്കൻ ഉപരിപഠനവും മുടങ്ങിയതാണ് അച്ഛെൻറ ബാല്യം. ആ അനുഭവത്തിൽനിന്നാകാം, മകൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകാനായിരുന്നു ജഗജീവൻറാമിെൻറ തീരുമാനം. ഡറാഡൂൺ, ജയ്പൂർ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ പഠനം. പിന്നീട് ഇന്ദ്രപ്രസ്ഥ കോളജ്, ഡൽഹി യൂനിവേഴ്സിറ്റിയുടെ മിറാൻഡ ഹൗസ് എന്നിവിടങ്ങളിൽ നിന്നായി ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദവും നിയമത്തിൽ ബിരുദവും നേടി. സിവിൽ സർവിസ് പരീക്ഷ പാസായപ്പോൾ തെരഞ്ഞെടുത്തത് ഫോറിൻ സർവിസ്. 1973ൽ െഎ.എഫ്.എസ് നേടി. മൗറീഷ്യസ്, സ്പെയിൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നയതന്ത്ര സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസത്തിലും കരിയറിലും മകളെ കൈപിടിച്ചുയർത്തിയ അച്ഛൻ തെൻറ സമകാലീനരിൽ നിന്ന് വ്യത്യസ്തനായി മകളെ രാഷ്ട്രീയത്തിലേക്ക് കൂടെ കൂട്ടിയില്ല. അത് കരിയറിലെ ശോഭ കൂട്ടാനുള്ള അവസരമാക്കിയെടുത്തു മീര. ചെറുപ്പത്തിൽകുറഞ്ഞ കാലം പഠിച്ചിരുന്ന രാജസ്ഥാനിലെ ടോങ്കിലുള്ള ബനസ്തലി സർവകലാശാലയുടെ ഒാണററി ഡോക്ടറേറ്റും 2010 ൽ തേടിയെത്തി.
അച്ഛൻറ ജീവിതത്തിെൻറ അന്തിച്ചോപ്പിലായിരുന്നു മകളുടെ രാഷ്ട്രീയപ്രവേശം. ജഗ്ജീവൻറാം മരിക്കുന്നതിന് ഒരു വർഷം മുമ്പ് 1985ൽ. അമ്മയുടെ നാടായ ഉത്തർപ്രദേശിലെ ബിജ്നോർ ലോക്സഭ മണ്ഡലത്തിലായിരുന്നു കന്നിപ്പയറ്റ്; സംഭവബഹുലമാക്കി തന്നെ. മായാവതി, റാം വിലാസ് പാസ്വാൻ എന്നീ ദേശീയരാഷ്ട്രീയത്തിലെ അതികായരെയാണ് നാൽപതുകാരിയായ മീരാകുമാർ അന്നു മലർത്തിയടിച്ചത്. ഗംഭീരമായ ആ തുടക്കത്തിെൻറ തുടർച്ചയായി പിന്നീട് പാർലമെൻററി രാഷ്ട്രീയത്തിലെ ഉയർച്ചകൾ. എട്ട്, 11, 12 ലോക്സഭകളിലേക്ക് എത്തിയത് ഡൽഹിയിലെ കരോൾബാഗിൽ നിന്ന്. 1999ൽ സീറ്റ് നഷ്ടപ്പെട്ടു. അടുത്തതവണ അച്ഛൻ കുത്തകയാക്കിവെച്ചിരുന്ന ബിഹാറിലെ സസറാം മണ്ഡലം എടുത്ത മകൾ 14, 15 ലോക്സഭകളിലേക്ക് അവിടെ നിന്നു ജയിച്ചുകയറി. ഒന്നാം യു.പി.എ മന്ത്രിസഭയിൽ സാമൂഹികനീതി ശാക്തീകരണമന്ത്രിയായി. രണ്ടാം യു.പി.എയിൽ ജലവിഭവവകുപ്പിലായിരുന്നു മന്ത്രിപദം. 2009ൽ രാജ്യത്തെ ആദ്യ വനിത പാർലമെൻറ് സ്പീക്കറായി അവർ തെരഞ്ഞെടുക്കപ്പെട്ടു. അക്ഷോഭ്യതയിൽ അജയ്യനായിരുന്ന അച്ഛനായിരുന്നു പാർലമെൻറിൽ മീരയുടെ മാതൃക. ഏതുബഹളത്തിലും സഭാനിയന്താവായ സ്പീക്കർക്ക് നിയന്ത്രണം നഷ്ടപ്പെട്ടുകൂടാ എന്ന് അവർക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സഭാധ്യക്ഷ സ്ഥാനത്തെ ശ്രദ്ധേയരിൽ അവർ ഇടം നേടി.
2014ലെ മോദി തരംഗത്തിൽ സസറാമിൽ മീരക്കും അടിപതറി. ഇപ്പോൾ പ്രചണ്ഡമായ പ്രചാരവേലകളുടെ പിൻബലമുള്ള ആ തരംഗത്തിനെതിരെ തുഴയാനുള്ള നിയോഗമാണ് വന്നുചേർന്നിരിക്കുന്നത്. പാർട്ടിക്കാർ ദലിത് മുഖം ഉയർത്തിക്കാട്ടുേമ്പാഴും കടന്നുവന്ന വഴികളേക്കാൾ കടത്തിക്കൊണ്ടുവന്ന സംഘ്പരിവാറിെൻറ രാഷ്ട്രീയാദർശങ്ങളോട് കൂറുപ്രഖ്യാപിക്കുന്ന പ്രതിയോഗിയിൽ നിന്ന് ഭിന്നമായി സ്വജാതിയുടെ അവകാശങ്ങൾക്കും അഭ്യുദയത്തിനും പ്രവർത്തിച്ച പാരമ്പര്യമാണ് മീരയുടേത്. അച്ഛെൻറ മകളുടെ ആർജിതഗുണങ്ങളുമായി ഒരു കൈനോക്കാനാണ് ശ്രമം. കന്നിയങ്കത്തിൽ രണ്ടു ദലിത്പ്രമുഖരെ തള്ളിയിട്ട തനിക്ക് കോവിന്ദ് കടമ്പയാകേണ്ടതല്ല. എന്നാൽ, അതിന് ചില നയകോവിദത്വമൊക്കെ ആവശ്യമുണ്ട്. വിദേശതലസ്ഥാനങ്ങളിൽ രാജ്യത്തിനുവേണ്ടി പയറ്റിയ നയചാരുത രാജ്യത്തിെൻറ പരമോന്നതപദം പിടിക്കാനുള്ള പോരാട്ടത്തിൽ എത്രടം വിജയിക്കുന്നുവെന്ന് കണ്ടറിയുകതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.