ദീർഘകാലമായി രോഗശയ്യയിലായിരുന്ന പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ വിയോഗവാർത്ത ഞെട്ടിച്ചില്ല; അടുത്ത ഏതാനും ദിവസങ്ങളായി അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന വിവരം അപ്പപ്പോൾ അറിഞ്ഞുകൊണ്ടിരുന്നതാണ്. എന്നാൽ, അക്ഷരാർഥത്തിൽ 'മാധ്യമ'ത്തിെൻറ പ്രണേതാവ്, ദേശീയതലത്തിലേക്കു വളർന്ന മുസ്ലിംനേതാവ്, സച്ചാർസമിതി വസ്തുനിഷ്ഠമായി വരഞ്ഞുവെച്ച ഇന്ത്യൻ മുസ്ലിം ന്യൂനപക്ഷാവസ്ഥയെ നേരിൽ മനസ്സിലാക്കി അവരെ പിടിച്ചുയർത്താനുള്ള പ്രായോഗിക പദ്ധതികൾ ആവിഷ്കരിച്ചുനടപ്പാക്കുന്നതിൽ വ്യാപൃതൻ, ഇന്ത്യൻ ബഹുസ്വര സമൂഹത്തിലെ തലയെടുപ്പുള്ള നാനാജാതി മതസ്ഥരായ വ്യക്തിത്വങ്ങളോട് നിരന്തര സമ്പർക്കത്തിലേർപ്പെട്ട് മാറ്റങ്ങൾക്കുവേണ്ടി നിരന്തരം യത്നിച്ച കർമയോഗിയുമായ ത്യാഗിവര്യൻ-ഇതെല്ലാമായ ആ വ്യക്തിത്വത്തിെൻറ വേർപാട് സൃഷ്ടിച്ച ശൂന്യത മഹാനഷ്ടബോധമായി മനസ്സിനെ മഥിക്കുന്നു.
എറിയാട് കേരളവർമ ഹൈസ്കൂളിൽനിന്ന് പത്താം ക്ലാസ് പൂർത്തിയാക്കി. ഫറോക്ക് റൗദത്തുൽ ഉലൂം അറബിക്കോളജിൽ പഠനം മുഴുമിപ്പിക്കാതെ ശാന്തപുരം ഇസ്ലാമിയ കോളജിൽ ചേർന്ന് അറബിഭാഷയിലും സാഹിത്യത്തിലും ഇസ്ലാമിക വിജ്ഞാനീയങ്ങളിലും ഉപരിപഠനം നേടി. കോടഞ്ചേരി മുതൽ കേരള യൂനിവേഴ്സിറ്റി കോളജ് വരെയുള്ള ഉയർന്ന സർക്കാർ സ്ഥാപനങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. എന്നാൽ, കേവലം അക്കാദമിക ജീവിയായി ഒതുങ്ങാൻ സിദ്ദീഖ് ഹസൻ തയാറായില്ല. കോഴിക്കോട്ട് ജോലിചെയ്യവെ, പ്രമുഖ പണ്ഡിതൻ സി.എൻ. അഹ്മദ് മൗലവിയുടെ പ്രശസ്തമായ 'സഹീഹുൽ ബുഖാരി' മലയാളവിവർത്തനത്തിൽ സഹകാരിയായി. തിരുവനന്തപുരത്തായിരിക്കെ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിെൻറ 'ഇസ്ലാം ദർശനം' എന്ന സമഗ്ര സമാഹാരത്തിെൻറ രചനയിൽ പങ്കാളിയായി. സി.എൻ. അഹ്മദ് മൗലവിയോടൊപ്പം ഗ്രന്ഥരചനയിൽ ഏർപ്പെട്ട നാളുകളിൽതന്നെ ബേപ്പൂരിൽ വൈക്കം മുഹമ്മദ് ബഷീറിനോട് നിരന്തരം സമ്പർക്കം പുലർത്തി.
വൈജ്ഞാനികമേഖലയിൽ ബദ്ധശ്രദ്ധനായതോടൊപ്പം ഇസ്ലാമിക നവോത്ഥാന സംരംഭങ്ങളിൽ കർമനിരതനാവാനും സമയംകണ്ടതാണ് സിദ്ദീഖ് ഹസനെ വേറിട്ട വ്യക്തിത്വമാക്കിയത്. 1990 മുതൽ 2005 വരെയുള്ള കാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ കേരള അമീറായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഹാജി വി.പി. മുഹമ്മദലി മുതൽ കെ.സി. അബ്ദുല്ല മൗലവി വരെയുള്ള സാരഥികളുടെ കാലത്തുനിന്ന് വ്യത്യസ്തമായി സംഘടനയെ പൊതുസമൂഹത്തോട് ബന്ധിപ്പിക്കുന്നതിൽ നിർണായകപങ്കു വഹിച്ചതാണ് അദ്ദേഹത്തിെൻറ എടുത്തുപറയാവുന്ന പ്രത്യേകത. പിൽക്കാലത്ത് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ നേതൃത്വത്തിലേക്ക് നിയോഗിക്കപ്പെട്ട അദ്ദേഹം ഉത്തരേന്ത്യൻ മുസ്ലിം സമൂഹത്തിെൻറ ദയനീയമായ പിന്നാക്കാവസ്ഥക്ക് കാരണങ്ങളെന്താണെന്ന് നേരിട്ടു പഠിച്ചു. വിദ്യാഭ്യാസ അധഃസ്ഥിതി അവസാനിപ്പിക്കാതെയും തൊഴിലിനു പ്രാപ്തരാക്കാതെയും പ്രശ്നപരിഹാരം സാധ്യമല്ലെന്ന് അദ്ദേഹം മനസ്സിലാക്കി. അങ്ങനെയാണ് വിഷൻ 2016ന് അദ്ദേഹം രൂപംനൽകുന്നതും 2016ൽ അത് 2026 ആയി ദീർഘിക്കുന്നതും. ഇൗ സേവനസംരംഭങ്ങളിൽ വ്യാപൃതനായിരിക്കെയാണ് പത്താം ക്ലാസ് വിദ്യാർഥിയായിരിക്കെ തന്നെ പിടികൂടിയ ഉദരരോഗം കാരണമായി അദ്ദേഹം പ്രവർത്തനരംഗത്തുനിന്ന് പിൻവാങ്ങുന്നതും അമേരിക്കയിലടക്കം ചികിത്സ തേടിയിട്ടും രോഗമുക്തി നേടാതെ അവസാനം അലംഘനീയ ദൈവവിധിക്ക് കീഴടങ്ങുന്നതും.
മലയാളത്തിൽ സാമ്പ്രദായികധാരയിൽനിന്ന് മാറി മാനവികതയും സാമൂഹികനീതിയും ധാർമികമൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന, സത്യം സത്യമായും അസത്യം അസത്യമായും അവതരിപ്പിക്കുന്ന ഒരു ദിനപത്രത്തിനുവേണ്ടി സിദ്ദീഖ് ഹസൻ ചിന്തിക്കുന്നതും അത് പ്രായോഗികമാക്കാൻ ഇസ്ലാമിക പ്രസ്ഥാനത്തിെൻറ പൂർണ സഹകരണം തേടുന്നതും 1986-87 കാലഘട്ടത്തിലാണ്. യശഃശരീരനായ കെ.സി. അബ്ദുല്ല മൗലവിയുടെ നിസ്വാർഥമായ പിന്തുണയും സഹകരണവും യഥാസമയം ലഭിച്ചിരുന്നില്ലെങ്കിൽ മുമ്പ് പലപ്പോഴുമെന്നപോലെ ഇത്തവണയും മാധ്യമസ്വപ്നം കേവലം പകൽക്കിനാവായി അവശേഷിച്ചേനെ. അദ്ദേഹത്തോടൊപ്പം ചേർന്ന് 1987 ആരംഭം മുതൽ സ്വപ്നസാക്ഷാത്കാരത്തിനായി പണിയെടുക്കാൻ തുടങ്ങിയതോടെയാണ് ഞാനും അേദ്ദഹവുമായുള്ള ഉറ്റസൗഹൃദം തുടങ്ങുന്നതെന്ന് പറയാം. ഭൗതികസൗകര്യങ്ങൾ അങ്ങേയറ്റം പരിമിതമായ പ്രാരംഭകാലത്ത്, യോഗ്യരായ പ്രവർത്തകരെ വേണ്ടത്ര ലഭ്യമല്ലാത്ത സാഹചര്യത്തിൽ, പരസ്യങ്ങളുടെ ലഭ്യത തീർത്തും പരിമിതമായിരുന്ന നാളുകളിൽ വേണ്ടത്ര മൂലധനമില്ലാതെ ആരംഭിച്ച 'മാധ്യമ'ത്തെ പലപ്പോഴും അടച്ചുപൂട്ടലിൽനിന്ന് രക്ഷപ്പെടുത്തിയത് സിദ്ദീഖ് ഹസെൻറ നിശ്ചയദാർഢ്യവും തന്നത്താൻ മറന്നുകൊണ്ടുള്ള കഠിനാധ്വാനവുമാണെന്ന് കൃതജ്ഞതയോടെ ഓർത്തേ പറ്റൂ. അദ്ദേഹത്തിെൻറ പ്രവർത്തനമേഖല ഡൽഹിയിലേക്കു പറിച്ചുനട്ടതിൽ പിന്നെയും 'മാധ്യമ'ത്തിെൻറ നിലനിൽപും വികാസവും അദ്ദേഹത്തിെൻറ പ്രഥമപരിഗണനയിലുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ 'മാധ്യമ'ത്തിെൻറ ഹിന്ദി പതിപ്പും അദ്ദേഹത്തിെൻറ അജണ്ടയിലുണ്ടായിരുന്നതാണ്.
2002 മേയിൽ രണ്ടാം മാറാട് കലാപം പടരാതിരിക്കാനും വർഗീയാഗ്നി തല്ലിക്കെടുത്താനും സിദ്ദീഖ് ഹസൻ നടത്തിയ ധീരവും നിസ്വാർഥവുമായ ഇടപെടൽ ഓർക്കാതെ വയ്യ. മുസ്ലിംകൾ മുഴുവൻ മാറാട് വിട്ടുപോവുകയും ഒരൊറ്റ മുസ്ലിമിനെയും ആ പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുകയില്ലെന്ന് അരയസമാജം തീരുമാനിക്കുകയും ചെയ്ത സന്ദർഭം. സ്ഥലം സന്ദർശിക്കാൻ പുറപ്പെട്ട മുഖ്യമന്ത്രി എ.കെ. ആൻറണിയോടൊപ്പമുണ്ടായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്കുപോലും പ്രവേശനം ലഭിക്കാതെ തിരിച്ചുപോരേണ്ടിവന്നു. തീർത്തും പ്രതികൂല സാഹചര്യത്തിലാണ് സിദ്ദീഖ് ഹസൻ അരയസമാജം ഭാരവാഹികളുമായി സംസാരിച്ച് അവരുടെ അനുമതിയോടെ കലാപഭൂമി സന്ദർശിക്കുന്നത്.
കലാപാനന്തരം സമാധാനപുനഃസ്ഥാപനാർഥം കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി എ.കെ. ആൻറണിയും കെ.പി.സി.സി പ്രസിഡൻറ് കെ. മുരളീധരനും മന്ത്രി കുഞ്ഞാലിക്കുട്ടിയും ഇ. അഹമ്മദ് എം.പിയുമെല്ലാം ചേർന്ന് അടിയന്തര നടപടികളെക്കുറിച്ച് ആലോചിക്കാൻ കോഴിക്കോട് െഗസ്റ്റ് ഹൗസിൽ സമ്മേളിച്ചപ്പോൾ അതിലേക്ക് സിദ്ദീഖ് ഹസനെയും പ്രത്യേകം ക്ഷണിച്ചുവരുത്തി. അദ്ദേഹം എന്നെയും കൂട്ടി െഗസ്റ്റ് ഹൗസിലെത്തി. എന്തു വിലകൊടുത്തും സമാധാനം സ്ഥാപിക്കണമെന്ന് അഭിപ്രായപ്പെട്ട സിദ്ദീഖ് ഹസൻ ചില പ്രായോഗിക നിർദേശങ്ങളും മുന്നോട്ടുെവച്ചു. പിന്നീട് െഗസ്റ്റ് ഹൗസിൽതന്നെ മന്ത്രിമാരും എം.പിമാരും മറ്റു നേതാക്കളും വിളിച്ചുചേർത്ത ഹിന്ദു-മുസ്ലിം നേതാക്കളുടെയും അരയസമാജം ഭാരവാഹികളുടെയും യോഗം തീരുമാനമാകാതെ മണിക്കൂറുകൾ നീണ്ടതും അലസിപ്പിരിയലിെൻറ വക്കിൽവെച്ച് സിദ്ദീഖ് ഹസെൻറ നിർദേശപ്രകാരം കൂടിയാലോചനകൾ മുഖ്യമന്ത്രിയുടെ ചേംബറിലേക്കു മാറ്റി ഒടുവിൽ പ്രശ്നപരിഹാരം സാധ്യമായതും അദ്ദേഹത്തിെൻറ സമാധാനപ്രേമത്തെയും ഒപ്പം ഡിപ്ലോമസിയെയും തെളിയിച്ചുകാട്ടുന്നതാണ്.
അതുല്യ സംഭാവനകൾ രാജ്യത്തിനു നൽകി ജീവിതം മനുഷ്യസ്നേഹത്തിനും സേവനത്തിനുമുള്ളതാണെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച് കടന്നുപോയ ആ കർമയോഗിക്ക് കണ്ണീരിൽ കുതിർന്ന പ്രാർഥനകളോടെ വിടചൊല്ലുക മാത്രം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.