ഈ കുറിപ്പിനാധാരം അടുത്ത ദിവസങ്ങളില്‍ വായിച്ച രണ്ടു വാര്‍ത്തകളാണ്. മൂന്നാര്‍ കൈയേറ്റത്തെ തുടര്‍ന്ന് ഒരു മന്ത്രി നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ടതാണ് ആദ്യത്തേത്. കൈയേറ്റം ഒഴിപ്പിക്കാന്‍ നേതൃത്വം നല്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഊളമ്പാറയിലേക്കയക്കണം എന്നായിരുന്നു ആ പ്രസ്താവന. മന്ത്രിയെ ഊളമ്പാറയിലേക്കയക്കരുത്; അങ്ങനെ ചെയ്താല്‍ അവിടെയുള്ളവര്‍ ഓടിപ്പോകുമെന്ന പ്രതിപക്ഷെത്ത നേതാവിെൻറ പ്രസ്താവനയായിരുന്നു രണ്ടാമത്തേത്. ഈ രണ്ട് പ്രസ്താവനകളിലും ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത്, മനസ്സിന് അസുഖം വന്നതിെൻറ പേരില്‍ അധിക്ഷേപത്തിനും പരിഹാസത്തിനും വിധേയമാകേണ്ടിവരുന്ന ഒരു വിഭാഗത്തിെൻറ വേദന ആരും കേള്‍ക്കാതെപോകുന്നു. മറ്റേതു രോഗത്തിെൻറ പിടിയില്‍ അകപ്പെടുമ്പോഴും ഒരു രോഗി അനുഭവിക്കുന്നതിെൻറ പതിന്മടങ്ങ് പ്രശ്നങ്ങളാണ് മനസ്സിന് രോഗം വന്നയാള്‍ അനുഭവിക്കുന്നത്. അത് ഇത്തരം രോഗങ്ങളോടുള്ള സമൂഹത്തിെൻറ നിലപാടുകളുടെകൂടി ഫലമാണ്.
ഒരു പനിയോ തലവേദനയോ വന്നാല്‍ അടുത്തുള്ള ഡോക്ടറുടെ അടുത്തേക്ക് ഓടുന്നവര്‍ മനസ്സിന് രോഗം വന്നാല്‍ ഒളിച്ചുവെക്കാനാണ് ശ്രമിക്കുന്നത്. പിന്നീട് രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ബന്ധുക്കളോ സുഹൃത്തുക്കളോ നിര്‍ബന്ധിക്കുമ്പോഴാണ് വ്യക്തി ചികിത്സതേടി പോകുന്നത്; അതും കഴിയുന്നത്ര രഹസ്യമായി. ഇവിടെ പ്രതി നാമെല്ലാം അടങ്ങുന്ന സമൂഹമാണ്. ശരീരത്തിന് വരുന്ന ഏതു രോഗവുംപോലെ തികച്ചും സാധാരണമാണ് മനസ്സിന് വരുന്ന രോഗമെന്ന കാര്യം ഉള്‍ക്കൊള്ളാന്‍ സമൂഹം ഇപ്പോഴും തയാറായിട്ടില്ല. വിദ്യാസമ്പന്നര്‍പോലും ഇക്കാര്യത്തില്‍ പിന്നാക്കമാണ്.
മനസ്സിന് രോഗം ബാധിച്ചവര്‍ ഏതെങ്കിലും വിധത്തില്‍ അധമരോ പൊതുധാരയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടവരോ ആണെന്ന ധാരണ നമുക്കിടയില്‍ ഇന്നും ശക്തമായി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് ആരെയെങ്കിലും ആക്ഷേപിക്കുമ്പോള്‍ ഇയാളെ കുഷ്ഠരോഗാശുപത്രിയിലോ ക്ഷയരോഗാശുപത്രിയിലോ കൊണ്ടുപോകണമെന്ന് പറയാത്തത്; മറിച്ച്, ഊളമ്പാറയെന്നും കുതിരവട്ടമെന്നുമുള്ള പേരുകള്‍ ഉയരുന്നത്.
ഇവിടെയും നാം തിരിച്ചറിയപ്പെടാതെപോകുന്ന ഒരു കാര്യമുണ്ട്. സ്ത്രീകളെയോ ദലിതരെയോ മറ്റേതെങ്കിലും സമൂഹത്തെയോ ആരെങ്കിലും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആക്രമിച്ചാല്‍, എത്ര ന്യൂനപക്ഷമായാല്‍പോലും അവർക്കുവേണ്ടി സംസാരിക്കാൻ ആരെങ്കിലുമൊക്കെയുണ്ടാവും. അല്ലെങ്കില്‍ അക്കൂട്ടര്‍തന്നെ സംഘടിച്ച് പ്രതികരിക്കും. എന്നാല്‍, വട്ടനെന്നും മാനസികരോഗിയെന്നും പറഞ്ഞ് പരിഹസിക്കുന്നവര്‍ക്കും ആക്ഷേപിക്കുന്നവര്‍ക്കും ഒന്നറിയാം. ഇക്കൂട്ടര്‍ സംഘടിച്ച് എതിര്‍ക്കാന്‍ വരില്ല എന്ന്. അതുമല്ലെങ്കില്‍ ഇവർക്കുവേണ്ടി ആരും ശബ്ദമുയര്‍ത്തില്ല എന്ന്.
മറ്റൊരു കാര്യം കുതിരവട്ടമെന്നോ ഊളമ്പാറയെന്നോ പറയുമ്പോള്‍ നമ്മുടെയെല്ലാം മനസ്സുകളില്‍ തെളിയുന്ന ഒരു ചിത്രമുണ്ട്. ചങ്ങലക്കിട്ട് പ്രാകൃത ചികിത്സകള്‍ ചെയ്യുന്ന ഒരിടത്തെക്കുറിച്ച ചിത്രമാണത്. എന്നാല്‍, ആ കാലമെല്ലാം പോയ്മറഞ്ഞു എന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ഏറ്റവും ആധുനിക രീതിയിലുള്ള ഫലപ്രദമായ ചികിത്സകള്‍ ലഭിക്കുന്ന ചികിത്സാലയങ്ങളായി മാറിയിരിക്കുന്നു ഇന്നവ. ഒരു ശിക്ഷണ നടപടിയെന്ന നിലക്കാണ് ഒരാളെ അങ്ങോട്ട് അയക്കണമെന്ന് പറയുന്നത്. എന്നാല്‍, അത്തരം പ്രയോഗങ്ങള്‍ ഒടുവില്‍ പരിക്കേൽപിക്കുന്നത് ഈ മികച്ച സ്ഥാപനങ്ങളുടെ അസ്തിത്വത്തിലാണ്. മറ്റേതൊരു ആതുരാലയവുംപോലെ രോഗങ്ങള്‍മൂലം ബുദ്ധിമുട്ടുന്ന ഒരു വിഭാഗത്തിെൻറ അത്താണിയാണ് ഈ കേന്ദ്രങ്ങള്‍. ഇത്തരം പ്രസ്താവനകള്‍കൊണ്ട് അപഹസിക്കപ്പെടേണ്ടതോ മോശം മുദ്ര ചാര്ത്തപ്പെടേണ്ടതോ അല്ല സമൂഹത്തിന് വേണ്ടി സേവനം ചെയ്യുന്ന ഈ ഇടങ്ങള്‍.
മനോരോഗങ്ങളുടെ മേല്‍ നാണക്കേടിെൻറ മുദ്ര ചാര്‍ത്തുന്ന പരിഹാസ വാക്കുകളായിരുന്ന ഊളമ്പാറയും കുതിരവട്ടവും പടിഞ്ഞാറേ കോട്ടയുമൊക്കെ. അത് വെടിഞ്ഞ് ഇന്ന് ആധുനിക മാനസികാരോഗ്യ കേന്ദ്രങ്ങളായി വളര്‍ന്ന സാഹചര്യത്തില്‍ ചികിത്സക്കായും മനോരോഗ പരിചരണത്തിനായും പൊതുജനം എത്തുന്ന ഈ കേന്ദ്രങ്ങളെ ഇഷ്ടമല്ലാത്തവരുടെ മേല്‍ ഭ്രാന്ത് ആരോപിച്ചു പൂട്ടിയിടാനുള്ള സ്ഥലമെന്നു പറയുന്നതില്‍ അമ്പതുകളുടെ അവസാനത്തിലും അറുപതുകളുടെ തുടക്കത്തിലും മനോരോഗ ലേബല്‍ പ്രയോഗിച്ച് സോവിയറ്റ് യൂനിയനില്‍ നടത്തിയ രാഷ്ട്രീയ ദുരുപയോഗങ്ങള്‍ (Political abuse of psychiatry) നിഴലിക്കുന്നുണ്ട്.
ഭരണാധികാരികളോടും അന്നത്തെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ക്ക് ‘ഡില്യൂഷന് ഓഫ് റിഫോമിസം’ (Dilution of reformism) എന്ന് ഒരു മനോരോഗ ലക്ഷണ ടാഗ് ഇട്ട് മാനസികരോഗാശുപത്രികളില്‍ ഇടുമായിരുന്നുവെന്ന് ചരിത്രം പറയുന്നു. ഇന്നത് തടയാന്‍ മനുഷ്യാവകാശ നിയമങ്ങളുണ്ട്. മാനസികാരോഗ്യനിയമങ്ങളുമുണ്ട്. വിയോജിപ്പുള്ള കാര്യങ്ങള്‍ ചെയ്യുന്നവരെ സൃഷ്ടിപരവും ആശയപരവുമായി വിമര്‍ശിക്കാതെ മനോരോഗത്തിെൻറ മുദ്ര ചാര്‍ത്തി പൂട്ടിയിടണമെന്നു പറയുന്നവരില്‍ ആ പഴയ പ്രവണതയുടെ പ്രേതം കൂടിയിട്ടുണ്ടെന്നുകൂടി പറയേണ്ടിവരും. അത് രാഷ്ട്രീയ മനസ്സിെൻറ ആരോഗ്യത്തിന് ഹാനികരവുമാണ്. ജൈവപരവും സാമൂഹികവും മനഃശാസ്ത്രപരവുമായ ഘടകങ്ങള്‍ മൂലം മനസ്സിന് രോഗം ബാധിക്കുകയും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അഭയം പ്രാപിക്കുകയും ചെയ്യുന്ന അനുതാപം അര്‍ഹിക്കുന്ന ഹതഭാഗ്യര്‍ നില മറന്നുള്ള അധികാര ഉന്മാദത്തിെൻറയും അഹംബോധത്തിെൻറയും ആഘോഷത്തില്‍ നിന്ദിക്കപ്പടുകയാണ്. ചിലര്‍ അങ്ങനെയാണ്. അവര്‍ ചൊല്ലിലും ചെയ്തിയിലും കാലത്തെ പിറകോട്ടടിപ്പിക്കും. പിന്തുണ നല്‍കേണ്ടവരോട് പ്രകടിപ്പിക്കേണ്ട അനുതാപവും പരിഗണനകളും മറന്നുപോകും.
ഇഷ്ടമില്ലാത്തത് പറയുന്നവരും എതിരാളികളും ഭ്രാന്തന്മാരാണെന്നോ, ഇവരെയൊക്കെ ഒരു ശിക്ഷപോലെ അല്ലെങ്കില്‍ നിന്ദപോലെ മാനസികാരോഗ്യകേന്ദ്രങ്ങളിലേക്കയക്കണമെന്നോ പറയുന്ന പ്രവണത ഉത്തരവാദപ്പെട്ടവരെങ്കിലും ഒഴിവാക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അത് ഹതഭാഗ്യരായ, മാനസികപ്രശ്നങ്ങളുള്ള ഒരു വിഭാഗത്തിനു നേരെയുള്ള സമൂഹത്തിെൻറ തെറ്റായ മനോഭാവത്തെ വളര്‍ത്താനേ സഹായിക്കൂ.
(എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ മനോരോഗ വിഭാഗം മേധാവിയാണ് ലേഖകന്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.