പേരിലൊരു പള്ളിയിരിക്കുന്നു എന്നതൊഴിച്ചാൽ പള്ള തന്നെ കാര്യമെന്ന പാർട്ടിപദ്യം സ്കൂൾപാഠങ്ങൾക്കൊപ്പം ചൊല്ലിപ്പഠിച്ചതാണ്. ഭൂമിയെ പങ്കുവെച്ച ദൈവങ്ങളെയും മതങ്ങളെയും ജാതികളെയുമൊക്കെ മാറ്റിനിർത്തി അപ്പത്തിനു വേണ്ടിയാണ് മനുഷ്യൻ എന്ന കമ്യൂണിസ്റ്റു സത്യമാണ് ഇന്നോളം മനസ്സിലുറപ്പിച്ച് നാവുകൊണ്ട് ഉരച്ചുപോന്നത്. അതിനാൽ പഞ്ചായത്ത് പ്രസിഡൻറ് മുതൽ മന്ത്രിപദം വരെ ഏറിയത് ദൈവങ്ങളെയൊക്കെ പടിക്കപ്പുറത്തു നിർത്തി ദൃഢപ്രതിജ്ഞ ചൊല്ലി. ഇനിയും സംശയമുള്ളവർക്കു സാക്ഷാൽ കമ്യൂണിസ്റ്റ് മന്ത്രിയുടെ പവർ കാണിച്ചുകൊടുക്കാൻ സാക്ഷാൽ ശൃംഗേരി പീഠാധിപതിയുടെ പീഠംതന്നെ വലിച്ചുപുറത്തിട്ടു. തലസ്ഥാനത്ത് മിത്രാനന്ദപുരം കുളത്തിെൻറ സമർപ്പണ ചടങ്ങിൽ ശൃംഗേരി മഠാധിപതി ഭാരതിതീർഥ സ്വാമിക്ക് സംഘാടകരൊരുക്കിയ സിംഹാസനം മുൻ ദേവസ്വം മന്ത്രിയുടെ ഒരു കൈ സഹായത്തോടെ എടുത്തു വേദിക്കു പുറത്തിടുകയായിരുന്നു.
ഇങ്ങനെ ദൈവങ്ങൾക്കും ആൾദൈവങ്ങൾക്കുമെതിരെ മനസാ വാചാ കർമണാ സന്ധിയില്ലാ നിലപാട് എടുത്തുപോന്നയാൾക്ക് ഗുരുവായൂരിൽ കണ്ണനെ കണ്ടപ്പോൾ കണ്ണു മഞ്ഞളിച്ചു, കരള് കുളിരണിഞ്ഞു. കമ്യൂണിസത്തിനുവേണ്ടി ഇത്രടം കോരിയ സഖാവ് വെളുപ്പാൻ കാലത്ത് കലമുടച്ചത് പാർട്ടിക്കു തേച്ച പാണ്ടായിപ്പോയെന്ന പരിതാപത്തിലാണ് പാർട്ടിയിലെ പാരമ്പര്യക്കാർ. ഒാർക്കാപ്പുറത്തെ വെളിപാെടാന്നുമായിരുന്നില്ല. കമ്യൂണിസ്റ്റുകാർ മുമ്പും ദേവസ്വം മന്ത്രിയായിട്ടുണ്ട്. ശബരിമലയും ഗുരുവായൂരുമടക്കം സന്ദർശിക്കാറുണ്ട്. അേപ്പാഴൊന്നും നാലമ്പലത്തിൽ കയറി തൊഴാറില്ല. പ്രസാദം വാങ്ങാറില്ല, വഴിപാട് കഴിക്കാറില്ല. ഇതൊന്നും അറിയാത്തയാളല്ല, ചെമ്പഴന്തി എസ്.എൻ കോളജിലും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലും പാർട്ടി കളിച്ചു വളർന്ന, 1974ൽ ഇരുപതാമത്തെ വയസ്സിൽ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്ത സുരേന്ദ്രൻ. എന്നിട്ടും ‘പൊതുജീവിതത്തിലെ ഏറ്റവും മനോഹരവും ധന്യവുമായ നിമിഷങ്ങൾ’ അദ്ദേഹത്തിന് ഗുരുവായൂരപ്പൻ തന്നെ കനിയേണ്ടിവന്നെങ്കിൽ സഖാക്കൾ പന്തികേട് പരതേണ്ടത് കടകംപള്ളിയിലോ അതോ കമ്യൂണിസ്റ്റ് ജാർഗണുകളിലോ?
തികവൊത്തതായിരുന്നു കമ്യൂണിസ്റ്റുകൾക്കു കടകവിരുദ്ധമായ ആ വരവ്. പുലർച്ചെയെത്തി പന്തീരടിപൂജക്ക് നടയടക്കുംമുമ്പേ ഭഗവാനെ ആദ്യം, പിന്നെ നാലമ്പലത്തിൽ പൊന്നോടക്കുഴലേന്തിയ ഉണ്ണിക്കണ്ണനെ തൊഴുതു വണങ്ങി. തുടർന്ന് മേൽശാന്തിക്ക് ദക്ഷിണ നൽകി പ്രസാദം സ്വീകരിച്ചു. ചുറ്റമ്പലത്തിലെ ഉപദേവതകളായ ഗണപതി, ഇടത്തരികത്തുകാവിൽ ഭഗവതി, അയ്യപ്പന്മാർക്കും വണക്കം. കുടുംബാംഗങ്ങളുടെ പേരിൽ വഴിപാടിന് പണം അടച്ചു. കൊടുത്ത പണത്തിെൻറ ബാക്കി ക്ഷേത്രത്തിലെ അന്നദാനത്തിന് സംഭാവന. ആധ്യാത്മിക ഹാളിൽ ഭാഗവത പ്രഭാഷണം കേട്ടു. ഭഗവാെൻറ പിറന്നാൾസദ്യക്ക് ഉൗട്ടാനും ഉണ്ണാനും കൂടി. ക്ഷേത്രത്തിലെ ചുമർചിത്രം കണ്ടും ഘോഷയാത്രയിൽ ശ്രീകൃഷ്ണവേഷം ധരിച്ചെത്തിയ കുട്ടികളെ കവിളിൽ നുള്ളിയും ആഘോഷത്തിൽ പങ്കുകൊണ്ട ശേഷമായിരുന്നു ധന്യതയുടെ, സാക്ഷാൽ കമ്യൂണിസ്റ്റു സ്വർഗത്തിലേക്കുള്ള വിനോദയാത്രക്ക് കേന്ദ്ര സർക്കാർ അള്ളുവെച്ച സങ്കടം തീർഥയാത്രയിലൂടെ നിവർത്തിച്ച സന്തോഷത്തിെൻറ ആ ആത്മഗതം.
തെൻറയുള്ളിൽ പൂത്തിരി കത്തിച്ച ഭക്തി പാർട്ടിയിൽ അമിട്ട് പൊട്ടിക്കുമെന്നൊന്നും കരുതാതെയാവില്ല, അതിലത്ര കരുതാനില്ല എന്നുറപ്പിച്ചുതന്നെയാകണം. എന്നല്ല, അങ്ങനെ പൊട്ടാനുറച്ച ചിലതൊക്കെ നേരത്തേയും ചീറ്റിപ്പോയിട്ടുമുണ്ട്. ശങ്കരാചാര്യ സ്വാമികളുടെ പീഠമെടുത്ത് പുറത്തിട്ട് ഗുരുത്വക്കേടൊന്നും കാര്യമാക്കാതെ കമ്യൂണിസ്റ്റായി ഞെളിഞ്ഞുനിൽക്കുേമ്പാഴാണ്, അേത സ്വാമി സിംഹാസനസ്ഥനായിരിക്കെ ആ പാദാരവിന്ദങ്ങളിൽ നമിച്ചും കാണിക്കയർപ്പിച്ചും സഹ കമ്യൂ.മന്ത്രിമാരായ തോമസ് െഎസക്കും ജി. സുധാകരനും സായുജ്യമടഞ്ഞ് സുരേന്ദ്രനെ ‘ശശി’യാക്കിയത്. ശ്രീനാരായണ ഗുരുവിനും ഇ.എം.എസിനുമുള്ള ഒൗന്നത്യം ശങ്കരാചാര്യർക്കില്ലെന്നും ചാതുർവർണ്യം ശക്തിപ്പെടുത്തിയ ശങ്കരാചാര്യർ ഹിംസക്കെതിരെ ഒന്നും പറഞ്ഞില്ലെന്നും സാമൂഹികപരിവർത്തനത്തിന് ഒരു സംഭാവനയും നൽകിയില്ലെന്നുമൊക്കെ കുറ്റം പറഞ്ഞുനടന്ന സുധാകരനാണ് ആ ശങ്കരാചാര്യരുടെ പിൻപീഠാധിപതിയുടെ മുന്നിൽ താണുവണങ്ങി നിന്നപ്പോഴുള്ള കട്ട കലിപ്പൊന്നും സാക്ഷാൽ ഗുരുവായൂരപ്പെൻറ ഭക്തകുചേലനാകുന്നതിൽ വേണ്ടല്ലോ. എന്നല്ല, വിശ്വാസംകൊണ്ട് വിമ്മിട്ടം മുട്ടി അബ്ദുല്ലക്കുട്ടി പുറത്തുപോകുേമ്പാഴും പൂജയും നേർച്ചയും വഴിപാടുകളുമൊക്കെ ഭാര്യമാരുടെയും കുടുംബാംഗങ്ങളുടെയും ചെലവിൽ പാർട്ടി സെക്രട്ടറിയും മുൻ സെക്രട്ടറിമാരുമൊക്കെ എഴുതിത്തള്ളി അരങ്ങിൽതന്നെ വാഴുേമ്പാൾ ഭാര്യ സുലേഖ, മക്കൾ അരുൺ, അനൂപ് ആദി കുടുംബപ്പേരിൽ കടകംപള്ളിക്കും മാപ്പു വേണ്ടേ? പണ്ട് െഎഷ പോറ്റിയെ വിശ്വാസം മറച്ചുവെച്ചതിെൻറ പേരിൽ ശാസിച്ചേപാെലാന്നു കടകംപള്ളിക്കും കിട്ടിയേക്കും. പാർട്ടി അനുഭവത്തിൽ അത് പുതുമയല്ല. പണ്ട് ജില്ല സെക്രട്ടറിയായിരിക്കെ സഹകരണ ബാങ്കിലെ നിയമനത്തിൽ ചട്ടങ്ങൾ മറികടന്നതിന് താക്കീത് കിട്ടിയതാണ്.
പാർട്ടി ശിക്ഷ മാത്രമല്ല, അബ്കാരി കരാറുകാരൻ മണിച്ചനിൽനിന്നു മാസപ്പടി പറ്റിയ കേസിലും പെട്ടു. തെളിവില്ലാത്തതിനാൽ വിജിലൻസ് കോടതി വെറുതെവിട്ടു. അങ്ങനെ അയോഗ്യത നീക്കിയാണ് െതരഞ്ഞെടുപ്പിന് നിൽക്കുന്നതും ജയിച്ചുകയറി ഇന്നീ കാണുന്ന നിലയെത്തിയതും. അതുകൊണ്ട് ചൈനസ്വപ്നം കേന്ദ്രമന്ത്രി മുടക്കിയതുകൊണ്ടോ ജീവിതത്തിന് ധന്യത നേടി ദൈവങ്ങളിലും വിശ്വാസത്തിലും അഭയം തേടുന്നതിൽ ആരെങ്കിലും കെറുവിച്ചാലോ തോൽപിക്കാനാവില്ലെന്നുതന്നെയാണ് കടകംപള്ളിയുടെ മട്ട്. കമ്പംകെട്ടുകാരുടെ കഴക്കൂട്ടത്തുനിന്നാണ് വരവ്. മത്സരങ്ങളിലൊന്നും ഇതുവരെ മോശമായിട്ടില്ല. ജയിച്ചതൊക്കെ എപ്പോഴും ഉയർന്ന മാർജിന്. തോറ്റത് നിസ്സാരവോട്ടുകൾക്കും. എതിർപ്പുകളെയൊക്കെ 63കാരനായ കടകംപള്ളി കാണുന്നതും നിസ്സാരമായി. ഇപ്പോൾ കർമംകൊണ്ടാണെങ്കിൽ നേരത്തേ വാക്കുകൊണ്ടും പുലിവാലു പിടിച്ചിട്ടുണ്ട്. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ജില്ലയെക്കുറിച്ച് നേതാവ് വി.എസിനെപ്പോലെ ഉള്ളിലുള്ളതങ്ങു പറഞ്ഞു. ജില്ലയുടെ മതേതര സ്വഭാവം ചോദ്യംചെയ്തതിനെതിരെ ഒാൺലൈനിലും ഒാഫ്ലൈനിലുമൊക്കെ പൊങ്കാലയായിരുന്നെങ്കിലും രക്ഷപ്പെട്ടു. ആനയറ ബ്രാഞ്ചിലെ സെക്രട്ടറിയിൽ തുടങ്ങി എൽ.സി, ഏരിയ, ജില്ല വഴി സംസ്ഥാന സമിതിയിലും പഞ്ചായത്ത് വൈസ് പ്രസിഡൻറിൽ തുടങ്ങി മന്ത്രി വരെയും ചവിട്ടിക്കയറിയ കടകംപള്ളിയുടെ മെയ്വഴക്കത്തിന് പഴക്കമുണ്ട്. അതിന് ഗുരുവായൂരപ്പെൻറ കടാക്ഷംകൂടിയാകുേമ്പാൾ പിന്നെ ആരു തൊട്ടാലും മുട്ടില്ല, കട്ടായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.