മൂന്നു ലക്കങ്ങളിലായി ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന എസ്. ഹരീഷിെൻറ നോവൽ ആൾക്കൂട്ട ഭീകരതയെ തുടർന്ന് പിൻവലിക്കേണ്ടിവന്നു. ഇതേ വിഷയത്തിൽ തൃപ്പൂണിത്തുറയിൽ ‘മാതൃഭൂമി’ ബുക്സിെൻറ പുസ്തകമേള ഹിന്ദുത്വവർഗീയശക്തികൾ കടന്നാക്രമിച്ചു. തെരുവിലിറങ്ങി നിയമവാഴ്ച ൈകയിലെടുക്കുന്ന ആൾക്കൂട്ടഭീകരതയുടെ താണ്ഡവം തടയാൻ പാർലമെൻറും കേന്ദ്ര-സംസ്ഥാന സർക്കാറുകളും അടിയന്തരമായി നടപടിയെടുക്കണമെന്ന സുപ്രീംകോടതി വിധിയുടെയും മാർഗനിർദേശങ്ങളുടെയും ഗുരുതര ലംഘനമാണ് ഇവിടെ നടന്നത്.
മതത്തിെൻറയോ മറ്റ് ആശയങ്ങളുടെയോ പേരിൽ സ്വയം ജാഗ്രത സംഘങ്ങളായി അസഹിഷ്ണുതയും ധ്രുവീകരണവും ആൾക്കൂട്ട ആക്രമണവും കൊലയും രാജ്യത്തു പെരുകുന്നതു തടയാനാണ് ഉന്നത നീതിപീഠം ചരിത്രപരമായ ഇടപെടൽ നടത്തിയത്. പാർലമെൻറ് പുതിയ നിയമം കൊണ്ടുവരുകയോ കേന്ദ്ര-സംസ്ഥാന സർക്കാറുകളും പൊലീസും കോടതികളും പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കുകയോ ചെയ്യുംവരെ ഈ വിധിക്ക് നിയമ പ്രാബല്യമുണ്ട്.
ജൂലൈ 17ന് സുപ്രീംകോടതി വിധി പുറത്തുവന്ന ദിവസംതന്നെ ആദ്യ പ്രതികരണം ബി.ജെ.പി ഭരിക്കുന്ന ഝാർഖണ്ഡിലെ പകൂഡ് ജില്ലയിൽനിന്നുണ്ടായി. ആത്മീയത ജനസേവനത്തിെൻറയും പൊതുപ്രവർത്തനത്തിെൻറയും മുഖമുദ്രയാക്കിയ എൺപതിനോടടുക്കുന്ന സ്വാമി അഗ്നിവേശിനെ ശാരീരികമായി ആക്രമിച്ചുവീഴ്ത്തി കാഷായവസ്ത്രങ്ങളും തലപ്പാവും വലിച്ചുകീറി. ആൾക്കൂട്ടങ്ങളുടെ വിചാരണയും ശിക്ഷയും തെരുവിൽ വേണ്ടെന്ന സുപ്രീംകോടതി വിധിയെ ബി.ജെ.പിയുടെ യുവമോർച്ചയും അഖിൽ ഭാരതീയ വിദ്യാർഥി പരിഷത്തും വെല്ലുവിളിച്ചത് അങ്ങനെയാണ്. അതിെൻറ നാലാംദിവസം ബി.ജെ.പിയുടെ വസുന്ധര രാജെ ഭരിക്കുന്ന രാജസ്ഥാനിലെ ആൽവാറിൽനിന്ന് ഹരിയാനയിലേക്ക് പശുക്കളെ കൊണ്ടുപോകുന്ന രണ്ടു മുസ്ലിം യുവാക്കളെ ഗോരക്ഷകർ ആക്രമിച്ചു. ഒരാൾ ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടപ്പോൾ രക്ബർ ഖാൻ എന്ന 28കാരൻ പൊലീസ് മർദനംകൂടി ഏറ്റുവാങ്ങി മരിച്ചു. ബി.ജെ.പി എം.എൽ.എയുടെ പിന്തുണയുണ്ടെന്നു വിളിച്ചുപറഞ്ഞായിരുന്നു ആക്രമണം. ആൽവാറിൽ കഴിഞ്ഞവർഷം ഗോരക്ഷകർ നടത്തിയ ആൾക്കൂട്ട കൊലപാതകത്തിെൻറകൂടി വെളിച്ചത്തിലായിരുന്നു സുപ്രീംകോടതിവിധി.
അക്ഷരങ്ങൾ മാരകായുധങ്ങളെയല്ല ആശയങ്ങളെയാണ് പ്രസവിക്കുന്നത്. ആശയങ്ങളെ ആശയങ്ങൾകൊണ്ടാണ് നേരിടേണ്ടത്. നോവലിനെക്കുറിച്ച്, കഥകളെക്കുറിച്ച്, ഗ്രന്ഥങ്ങളെക്കുറിച്ച് വായനയും സംവാദവും ചർച്ചകളുമാണ് നടക്കേണ്ടത്. എഴുത്തുകാർ കുടുംബസമേതം രാജ്യംവിട്ടു പോകണമെന്ന് മതത്തിെൻറ പേരിൽ ഫത്വ ഇറക്കുകയോ ഭ്രാന്തു കയറ്റി തോക്കുമായി ആളെ അയക്കുകയോ അല്ല വേണ്ടത്. എഴുത്തുകാരെൻറ ആവിഷ്കാര സ്വാതന്ത്ര്യവും മതവികാരം വ്രണപ്പെടുത്തിയെന്ന ഹിന്ദുത്വശക്തികളുടെ ആരോപണവും സംബന്ധിച്ച വസ്തുതകളിലേക്കു കടക്കുംമുമ്പ് സുപ്രീംകോടതി വിധി ആൾക്കൂട്ട ആക്രമണങ്ങളിലൂടെ വെല്ലുവിളിക്കുകയാണ് കേരളത്തിലുമെന്ന് എടുത്തുപറയേണ്ടതുണ്ട്. ഇതിനു പശ്ചാത്തലമൊരുക്കിയത് സമൂഹമാധ്യമങ്ങളിൽ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണശകലങ്ങൾ ഉദ്ധരിച്ചു തുടങ്ങിവെച്ച നോവലിലെ സന്ദേശങ്ങളും വർഗീയ വിഭജനവും മതവികാരവും ആളിക്കത്തിക്കുന്ന ശക്തമായ പ്രചാരണങ്ങളുമായിരുന്നു.
പെരുമാൾ മുരുകൻ സംഭവം കേരളത്തിലും ആവർത്തിക്കുന്നു എന്ന സന്ദേശമാണ് നോവൽ പിൻവലിച്ചതിലൂടെ രാജ്യത്തിനു ലഭിച്ചത്. സുപ്രീംകോടതിയുടെ ഇടപെടൽജലരേഖയാണെന്ന് വരുത്താനുള്ള ബോധപൂർവമായ നീക്കങ്ങൾ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലുമുണ്ടായി. ഝാർഖണ്ഡിലും രാജസ്ഥാനിലും ആൾക്കൂട്ട ഭീകരത ഇളകിയാടുന്നതുപോലെയല്ല നവോത്ഥാനത്തിെൻറയും ഇടതുപക്ഷ-പുരോഗമന പ്രസ്ഥാനങ്ങളുടെയും പാരമ്പര്യവും പിൻബലവും ഉൾക്കൊള്ളുന്ന കേരളം.
സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനങ്ങളുണ്ടായിട്ടും ആൾക്കൂട്ടം ആക്രമണോത്സുകമായിട്ടും സുപ്രീംകോടതി നിർദേശിച്ചതുപോലുള്ള ഭരണപരമായ ഇടപെടൽ കേരളത്തിലെ ഇടതുപക്ഷ സർക്കാറിൽനിന്നോ പൊലീസിൽനിന്നോ ഉണ്ടായില്ല. ഏതു ഭാഗത്തുനിന്നായാലും നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന ശക്തമായ നിലപാട് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിതന്നെ സ്വീകരിക്കേണ്ടതായിരുന്നു.
കോൺഗ്രസിെൻറ ഇടപെടലും ഡി.വൈ.എഫ്.ഐയുടെ പ്രതിരോധവും എഴുത്തുകാരുടെ പ്രതികരണവും ഉണ്ടായി. ആൾക്കൂട്ട അതിക്രമത്തെ ആളെക്കൂട്ടി പ്രതിരോധിക്കുകയല്ല വേണ്ടത്. സുപ്രീംകോടതി പുറപ്പെടുവിച്ച 23 മാർഗനിർദേശങ്ങൾ പ്രയോഗത്തിൽ വരുത്തേണ്ട അവസരം കൈവന്നിട്ടും ചെയ്യാതിരുന്നത് ഇടതുപക്ഷ സർക്കാറിൽനിന്ന് പ്രതീക്ഷിക്കാത്തതാണ്.
അന്തസ്സോടെ ജീവിക്കാനുള്ള പൗരെൻറ മൗലികാവകാശം ആവിഷ്കാര സ്വാതന്ത്ര്യത്തിെൻറ പേരിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ല. ആൾക്കൂട്ട ആക്രമണങ്ങളോടുള്ള ഈ പൊതുനിലപാട് ശക്തമായി ഉയർത്തിപ്പിടിക്കുമ്പോഴും വിവാദ നോവലിലെ പരാമർശത്തിനുനേരെ കണ്ണടക്കാനാവില്ലെന്നുകൂടി ചൂണ്ടിക്കാട്ടട്ടെ.
മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പിയിലൂടെ ആർ.എസ്.എസ്-സംഘ്പരിവാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ രാഷ്ട്രമെന്ന ലക്ഷ്യമാണ് ന്യൂനപക്ഷങ്ങളെയും ദലിതരെയും മതനിരപേക്ഷ വിശ്വാസികളെയും ഏറെ ഭയപ്പെടുത്തുന്ന അവരുടെ ഫാഷിസ്റ്റ് ഭരണവ്യവഹാരം. ഇതിെൻറ അടിത്തറ വി.ഡി. സവർക്കർ രൂപംകൊടുത്ത പുണ്യഭൂമിശാസ്ത്രത്തിൽ അധിഷ്ഠിതമായ ഹിന്ദുത്വവും അതിെൻറ ദേശീയതയും ദേശരാഷ്ട്രവുമാണ്. ഇതാകട്ടെ, സ്വാതന്ത്ര്യാനന്തരം ഇന്ത്യ രൂപപ്പെടുത്തിയ ദേശീയതയുടെ, സാമ്പത്തിക ഭൂമിശാസ്ത്രത്തിെൻറ നിഷേധമാണ്. സംഘ്പരിവാർ ഹിന്ദുത്വ ദേശീയത അയോധ്യയും രാമജന്മഭൂമിയും അടക്കമുള്ള ഹിന്ദു പുണ്യക്ഷേത്രങ്ങളും രാമായണംപോലുള്ള ഇതിഹാസങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തിയതാണ്.
എന്നിരിക്കെ, ‘പെൺകുട്ടികൾ എന്തിനാണിങ്ങനെ കുളിച്ച് സുന്ദരികളായി അമ്പലത്തിൽ പോകുന്നത്’ എന്ന നോവലിലെ സുഹൃത്തിെൻറ ചോദ്യവും അതിന് ലൈംഗികതയുമായി ബന്ധപ്പെടുത്തി, സ്ത്രീസമൂഹത്തെയാകെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വ്യാഖ്യാനവും നൽകി എന്ന വസ്തുതകൂടിയുണ്ട്. അത് ഒരു കഥാപാത്രത്തിെൻറ സംഭാഷണത്തിെൻറ സ്വാഭാവിക പരിധി ലംഘിക്കുകയും ഏതാനും പെൺകുട്ടികളുടെ മാത്രമല്ല, വിശ്വാസികളുടെയാകെ വെറുപ്പും എതിർപ്പും വിളിച്ചുവരുത്തും. അത് രാഷ്ട്രീയായുധമാക്കി ഹിന്ദുത്വശക്തികൾ ഉപയോഗപ്പെടുത്തുമ്പോൾ നഷ്ടം ആർക്കാണെന്നാണ് മതനിരപേക്ഷ വിശ്വാസികൾ തിരിച്ചറിയേണ്ടത്. അവർണജാതിക്കാർക്കും അസ്പൃശ്യരായി ദൂരെ നിർത്തിയവർക്കും ക്ഷേത്രപ്രവേശനവും തുല്യതയും ഉറപ്പുവരുത്താൻ പോരാട്ടം നടത്തിയ മതനിരപേക്ഷ-ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുമാണ്.
‘ഹിന്ദുത്വം’ ഹിന്ദുമതവിശ്വാസത്തിെൻറ പര്യായമല്ല. ഹിന്ദുമതത്തിനുള്ളിൽ നിൽക്കുന്നവരെ സങ്കുചിതമാക്കി നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മറ്റു മതങ്ങളെ പിതൃഭൂമിക്ക് പുറത്തേക്കു തള്ളുന്നതാണ് സംഘ് പരിവാർ പ്രത്യയശാസ്ത്രം. നാസികളും ഇപ്പോൾ ഇസ്രായേലിലെ യഹൂദ ഭരണകൂടവും പുലർത്തുന്ന മത-രാഷ്ട്ര സങ്കൽപങ്ങളിലേക്കും ആ അവസ്ഥ സൃഷ്ടിക്കാനുള്ള ഫാഷിസ്റ്റ് രാഷ്ട്രീയ ഭരണനീക്കങ്ങളിലേക്കുമാണ് അത് നയിക്കുക. ഇത് സംഭവിക്കാതിരിക്കാൻ വിശ്വാസികളും അവിശ്വാസികളുമായ ഹിന്ദുക്കളെയും മതന്യൂനപക്ഷങ്ങളെയും ദലിതരെയുമടക്കം ഏകോപിപ്പിച്ച് ഹിന്ദുത്വ രാഷ്ട്രീയനീക്കങ്ങളെ തോൽപിക്കേണ്ട നിർണായക ഘട്ടത്തിലാണ് രാജ്യം. അതിനിടക്ക് അമ്പലത്തിൽ പോകുന്ന വിശ്വാസികളായ പെൺകുട്ടികളെ ചിത്രീകരിച്ച് വിശ്വാസത്തിെൻറ പേരിൽ ക്ഷേത്രങ്ങളിൽ പോകുന്ന ജനങ്ങളെയാകെ ഹിന്ദുത്വ ശക്തികളുടെ കൂടെനിർത്താൻ അവസരമൊരുക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിെൻറ പേരിൽ ന്യായീകരിക്കുന്നത് ഹിന്ദുത്വശക്തികൾക്ക് ശക്തിപകരുന്നതാണ്. ആവിഷ്കാരസ്വാതന്ത്ര്യമടക്കമുള്ള എല്ലാ സ്വാതന്ത്ര്യങ്ങൾക്കും മൗലിക അവകാശങ്ങൾക്കും തത്തുല്യമായ കടമകളും ചുമതലകളുമുണ്ട്.
രാമായണം കത്തിക്കണമെന്ന് മുമ്പ് കേരളത്തിൽ വിളിച്ചുപറഞ്ഞപ്പോൾ ആ തീവ്രവാദത്തിന് കൂട്ടുനിൽക്കാൻ പുരോഗമന സാഹിത്യകാരന്മാർ തയാറായില്ല. ആധുനികതയുടെ പേരിൽ പടിഞ്ഞാറുനിന്ന് ആഞ്ഞടിച്ച വിഷക്കാറ്റിനെ ചെറുത്തതും പുരോഗമന ഇടതുപക്ഷ ചിന്തകരും എഴുത്തുകാരുമായിരുന്നു. ആഗോളീകരണകാലത്ത്, മൂല്യങ്ങളെയും ധാർമികതയെയും തകർത്ത് ലൈംഗിക വൈകൃതങ്ങളെ സമൂഹത്തിലേക്കു അടിച്ചുകയറ്റുന്നതിനെ ചെറുക്കേണ്ട ബാധ്യതയും അവരുടേതാണ്.
ഹരീഷിെൻറ നോവൽ തീർച്ചയായും ആലപ്പുഴയിലെ പട്ടികവിഭാഗക്കാർ ഒരു കാലഘട്ടത്തിൽ അനുഭവിച്ച ദുരന്തജീവിതത്തിെൻറ സാമ്പത്തികവും ജാതീയവുമായ അടിച്ചമർത്തലിെൻറ ചരിത്രത്തിൽനിന്ന് ഉൗതിയെടുക്കുന്ന പ്രതിരോധത്തിെൻറയും ആത്മാഭിമാനത്തിെൻറയും നോവലാണെന്ന സൂചനയാണ് നൽകിയത്. പക്ഷേ, അതിൽ അമ്പലത്തിെൻറയും പ്രാർഥിക്കാൻ പോകുന്ന പെൺകുട്ടികളുടെയും സമകാലിക ചിത്രത്തെ ലൈംഗികവത്കരിച്ചത്, തെൻറ പ്രസംഗത്തിലെ വാദങ്ങളെ കശക്കിയെറിഞ്ഞ് കാര്യങ്ങളറിയാത്ത ഭാവനയുടെ കരിംകുതിരപ്പുറത്തിരിക്കുന്ന വിഡ്ഢിയെന്നുതന്നെ വിളിച്ച യുവ കോളജ് അധ്യാപകനോട് കഥാപാത്രം രോഷംകൊള്ളുന്നത്, പ്രസംഗം കേട്ട് മുന്നിലിരുന്ന് വാപൊത്തി കുലുങ്ങിച്ചിരിച്ച പെൺകുട്ടികളെ കഥാപാത്രം ലൈംഗികമായി അധിക്ഷേപിക്കുന്നത്- ഇതൊക്കെ ഒഴിവാക്കിയിരുന്നെങ്കിൽ ‘മീശ’യെന്ന നോവലിെൻറ സാമൂഹികപ്രതിബദ്ധതയും പ്രതികരണശേഷിയും സംവാദശക്തിയും നിലനിൽക്കുമായിരുന്നു.
പെൺകുട്ടികൾ രാവിലെ അമ്പലങ്ങളിൽ പോകുന്നതിനെക്കുറിച്ചുള്ള ഒരാളുടെ മനോഗതം പള്ളിയിൽപോകുന്നതിനെ കുറിച്ചായിരുന്നെങ്കിൽ ഇപ്പോൾ അക്രമത്തിെൻറ കഠാരയും തീക്കൊള്ളിയും എടുത്തിറങ്ങിയവർ ഇങ്ങനെ പ്രതികരിക്കുമായിരുേന്നാ? നാളെ കുമ്പസാരവുമായി ബന്ധപ്പെട്ട് ഒരാൾ നോവൽ എഴുതിയാൽ ക്രിസ്തുമതവുമായി ബന്ധപ്പെട്ട സംഘടനകൾ ഈ നിലക്ക് തെരുവിലിറങ്ങുമോ- ഇതൊക്കെ ഗൗരവമായി ചർച്ചചെയ്യേണ്ടതുണ്ട്.
ഫാഷിസത്തിനെതിരായ ജനാധിപത്യ പ്രതിരോധം ഹിന്ദുത്വ ശക്തികളുടെ പ്രചാരണത്തിന് എണ്ണയും നെയ്യും വിറകും എറിഞ്ഞുകൊടുക്കലല്ല. നമ്മുടെ എഴുത്തുകാർ അത്യധികം ജാഗ്രത പുലർത്തേണ്ട സമയമാണിത്. സമകാലിക ഹിന്ദുത്വത്തിെൻറ സ്ഥലതന്ത്രങ്ങളെ ഉൾക്കൊള്ളാതെയും പഠിക്കാതെയുമുള്ള പാളിച്ചകളും വീഴ്ചകളും കേരളം പോലുള്ള ഒരു സംസ്ഥാനത്ത് പുരോഗമന ശക്തികൾക്ക് വലിയ തിരിച്ചടിയായിത്തീരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.