മന്വന്തരങ്ങളുടെ ജ്ഞാനനിധികളാൽ സുശക്തമായിത്തീർന്ന ആധാരശിലകളിൽ സുസ്ഥാപിതമായ ആയുർവേദ വൈദ്യശാസ്ത്രത്തിൽ അതിന്റെ ആദിപുരുഷനായ ധന്വന്തരിയുടെ പൈതൃകത്തെ ആസ്പദമാക്കിത്തന്നെ, ആധുനികകാലത്ത് മഹത്തായൊരു നവോത്ഥാനം സംഭവിക്കുകയുണ്ടായി. ഇന്ത്യയുടെ സ്വന്തമായ ഈ വൈദ്യശാസ്ത്ര സമ്പ്രദായത്തിന്റെ പ്രശസ്തിയും പ്രയോഗവും ലോകമാസകലം എത്തിച്ച ആ നവജാഗരണത്തിന്റെ ധ്വജവാഹകരിലെ വിശിഷ്ട വ്യക്തിത്വമാണ് പി.കെ. വാര്യരുടെ വിയോഗത്തിലൂടെ വിടപറഞ്ഞിരിക്കുന്നത്. ജ്ഞാനനിബദ്ധമായ അത്തരം കർമമണ്ഡലങ്ങളും സാമൂഹിക നിലപാടുകളും ഇടപെടലുകളും നിറഞ്ഞ ജീവിതസപര്യയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുേമ്പാൾ അദ്ദേഹം തീർത്തും ഒരു നവോത്ഥാന പുരുഷനായിരുന്നു.
അനന്യസാധാരണമായൊരു പാഠപുസ്തകമായിരുന്നു ഡോ. പി.കെ. വാര്യരുടെ ജീവിതം. ചികിത്സമധ്യേ രോഗിയോട് നിഷ്കർഷിക്കുന്ന ജീവിതശൈലിയുടെ തത്ത്വങ്ങളത്രയും സ്വജീവിതത്തിൽ പാലിച്ചുകൊണ്ടാണദ്ദേഹം ജീവിച്ചത്. സംയമനത്തിലൂടെ ജീവിതസംതൃപ്തിയെ പ്രാപിക്കാൻ സഹജീവികളെ സജ്ജരാക്കിയ അദ്ദേഹം തന്നെ കാണാൻ വരുന്ന രോഗികളെ പരിശോധിച്ച് മരുന്ന് നിർണയിച്ചുകൊടുക്കുക മാത്രമല്ല, സാന്ത്വനത്തിലൂടെ സമാശ്വാസവും പ്രദാനം ചെയ്തു. പി.കെ. വാര്യരുടെ സാന്നിധ്യംതന്നെ സാന്ത്വനമായിരുന്നു. വൈദ്യത്തിൽ അലിഞ്ഞുചേർന്ന ജീവിതം, ജീവിതത്തിന്റെ നാരായവേരുകളിലേക്ക് ആഴ്ന്നിറങ്ങിയ വൈദ്യം. രണ്ടും പരസ്പരം മാരകമാകുന്ന ദുരന്തങ്ങൾ കുറവല്ലാത്തൊരു കാലത്ത് അദ്ദേഹം രണ്ടിനെയും പരസ്പരപൂരകമാക്കി. അങ്ങനെ പി.കെ. വാര്യരിൽ അദ്ദേഹത്തിന്റെ ജീവിതം രോഗികൾക്കും വൈദ്യന്മാർക്കും മാത്രമല്ല, സമൂഹത്തിനുതന്നെ ഒരു പാഠപുസ്തകമായിത്തീരുകയും ചെയ്തു. അതിൽ ചികിത്സകർക്ക് മാത്രമല്ല, സമൂഹത്തിനാകെ പഠിക്കാനും പകർത്താനും ഒട്ടേറെ ഗുണപാഠങ്ങളുണ്ട്. ജീവിതലാളിത്യം, സമത്വഭാവം, ഭൂതദയ, ദീനാനുകമ്പ, നിസ്വാർഥത, കൃത്യനിഷ്ഠ, സാമൂഹികാവബോധം, എല്ലാത്തിനും പുറമെ മനുഷ്യസ്നേഹത്തിൽ ചാലിച്ച ജീവിതചിന്തയും. ശാസ്ത്രഗ്രന്ഥത്തിന്റെ അക്ഷരമാലകളിൽനിന്ന് പകർത്തിയെഴുതുന്ന മരുന്നിന്റെ 'ഓല'കളുടെ സാങ്കേതിക പ്രയോഗമായിരുന്നില്ല ഡോ. പി.കെ. വാര്യർക്ക് ചികിത്സ. സ്വന്തം ഹൃദയത്തിന്റെ പ്രവാഹമായിരുന്നു. അതുകൊണ്ടുതന്നെ രോഗിക്ക് ലഭിച്ചത് ഹൃദയസ്പർശവുമായിരുന്നു.
വാര്യരുടെ വൈദ്യസംബന്ധിയായ രീതിശാസ്ത്രത്തിൽ പ്രകടമായി കണ്ട പാരമ്പര്യവും പരിവർത്തനവും സമന്വയിപ്പിച്ചുകൊണ്ടുള്ള സന്തുലിത സമീപനം അദ്ദേഹത്തിന്റെ വ്യക്തിത്വത്തോടുതന്നെ ബന്ധപ്പെട്ടതായിരുന്നു. ജീവിതത്തിലും അദ്ദേഹം അങ്ങനെത്തന്നെയായിരുന്നു. ആര്യവൈദ്യശാലയുടെ വളർച്ചയിലും ആയുർവേദത്തിന്റെ വികാസത്തിലും അദ്ദേഹം വഹിച്ച പങ്കിലും ഈ നയം പ്രതിഫലിച്ചുകിടപ്പുണ്ട്.
അതുപോലെ സമൂഹത്തിനും പി.കെ. വാര്യർ ഇഴകൾ ചേർക്കുന്ന കണ്ണിയായി. സൗഹൃദത്തിന്റെയും സമവായത്തിന്റെയും പ്രതീകമായിരുന്ന അേദ്ദഹം സമുദായ മൈത്രിയുടെയും ബഹുസ്വരതയുടെയും ശക്തനായ വക്താവുമായിരുന്നു. കൈലാസ മന്ദിരത്തിന്റെ കവാടത്തിൽ മൂന്നു പ്രമുഖ മതങ്ങളുടെ മുദ്രകൾ കൊത്തിവെപ്പിച്ച തന്റെ വലിയമ്മാവനായ വൈദ്യരത്നം പി.എസ്. വാര്യരുടെ പാതയിൽ പി.െക. വാര്യർ എന്ന 'കുട്ടിമ്മാൻ' പാദമൂന്നി സഞ്ചരിച്ചത് വൈദ്യശാസ്ത്രത്തിന്റെ പ്രയോഗരീതിയിൽ മാത്രമായിരുന്നില്ല. സമുദായ സൗഹാർദത്തിേൻറതും മതേതരത്വത്തിേൻറതുമായ നിലപാടിലുംകൂടിയായിരുന്നു. 1921 കാലത്ത് മലബാറിൽ ആളിപ്പടർന്ന സാമ്രാജ്യത്വ വിരുദ്ധ സമരത്തിലെ പോരാളികളായ മാപ്പിളമാരിലെ ദുരിതബാധിതരെ ആശ്വസിപ്പിക്കാൻ മാത്രമല്ല, അവർക്ക് കഞ്ഞി പാർന്നുകൊടുക്കാനും രംഗത്തിറങ്ങിയ പി.എസ്. വാര്യരുടെ അനന്തരാവകാശിയാകാൻ നിഖില മേഖലകളിലും പി.കെ. വാര്യർക്ക് സാധ്യമായി.
പിഴക്കാത്ത നൈതികതയും തെറ്റാത്ത കൃത്യതയും ജീവിതത്തിലുടനീളം അദ്ദേഹം കാത്തുസൂക്ഷിച്ചു. നിരവധി വേദികൾ അദ്ദേഹത്തോടൊപ്പം പങ്കിടാൻ അവസരം ലഭിച്ചപ്പോഴെല്ലാം സമയനിഷ്ഠയിലും മറ്റും അദ്ദേഹം പുലർത്തിയ കാർക്കശ്യം ശ്രദ്ധിച്ചിട്ടുണ്ട്. ആഹാരരീതിയടക്കം ജീവിതത്തിലെ സകല കാര്യങ്ങളും സമയബന്ധിതവും കൃത്യനിഷ്ഠയോടെയുമായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. അദ്ദേഹത്തിന്റെ സാമീപ്യ സമ്പർക്കത്തിന്റെ സൗഭാഗ്യ സന്ദർഭങ്ങളെല്ലാം സ്നേഹനിർഭരമായിരുന്നു.
അന്ത്യംവരെ ഊർജസ്വലനായി ജീവിക്കുകയും ചുറ്റുവട്ടത്തുള്ളവരിൽ ഊർജം പ്രസരിപ്പിക്കുകയും ചെയ്ത മനുഷ്യസ്നേഹിയായിരുന്നു വാര്യർ. സമൂഹത്തെ രോഗങ്ങളും ക്ലേശങ്ങളും ഒപ്പം വൈരവിദ്വേഷങ്ങളും ഗ്രസിച്ചൊരു കാലത്ത് വിടചൊല്ലി പിരിഞ്ഞുപോയത് ആയുർവേദത്തിന്റെ കുലപതിയും കുലഗുരുവും ആചാര്യസ്ഥാനീയനും മാത്രമല്ല, സമൂഹത്തിന്റെ മഹാവ്യാധികളെ സംബന്ധിച്ച് ഉത്കണ്ഠപ്പെടുകയും അതിനും മരുന്ന് നിർദേശിക്കുകയും ചെയ്തൊരു വൈദ്യനാണ്. മഹാവൈദ്യനും അപൂർവ വൈദ്യനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.