പാണക്കാട് കൊടപ്പനക്കൽ തറവാട് മുസ്ലിം ലീഗിന്റെ ‘തറവാടായിട്ട്’ 50 വർഷം പിന്നിട്ടു. പാർട്ടി ഏഴരപ്പതിറ്റാണ്ടിലെത്തിനിൽക്കെ പാണക്കാട് കുടുംബത്തിലെ ഇളംതലമുറക്കാരനും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ മുനവ്വറലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
ഒന്നുമാകില്ലെന്നു പറഞ്ഞ് പലരും എഴുതിത്തള്ളിയ ഒരു പാർട്ടി ഒരു നാടിന്റെയും ജനതയുടെയും പ്രതീക്ഷയും പ്രത്യാശയുമായി നിലകൊള്ളുമ്പോൾ ഹരിതപതാകയേന്തി മുന്നേ നടന്ന പാണക്കാട് കുടുംബത്തിലെ ഒരംഗമെന്ന നിലയിലും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റെന്ന നിലക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്.
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ വളർച്ചയിലും നമ്മുടെ നാടിന്റെ സാമുദായിക സൗഹാർദം സംരക്ഷിക്കുന്നതിലും സാധ്യമായതെന്തും ചെയ്യുക എന്നത് അമാനത്ത് (സൂക്ഷിപ്പ് മുതൽ) പോലൊരു ഉത്തരവാദിത്തമായാണ് ഈ കുടുംബത്തിലെ ഓരോ അംഗവും നെഞ്ചേറ്റുന്നത്.
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന് രൂപംനൽകവെ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന് ഏറ്റവും വലിയ ആശയപിന്തുണ നൽകിയത് കെ.എം. സീതിസാഹിബാണ്. അദ്ദേഹമാണ് കൊയിലാണ്ടിക്കാരനായ സയ്യിദ് അബ്ദുറഹ്മാൻ ബാഖഫി തങ്ങളെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്. ബാഖഫി തങ്ങൾ മുഖ്യമായും കൂടിയാലോചന നടത്തിയിരുന്നത് പി.എം.എസ്.എ. പൂക്കോയ തങ്ങളുമായാണ്.
പാണക്കാട് കുടുംബത്തിന് രാഷ്ട്രീയം നേരത്തേയുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് നാടുകടത്തപ്പെട്ട സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളാണ് തുടക്കക്കാരൻ. അദ്ദേഹത്തിന്റെ പുത്രൻ സയ്യിദ് മുഹമ്മദ് കോയഞ്ഞികോയ തങ്ങളുടെ മകനാണ് പാണക്കാട് പൂക്കോയ തങ്ങൾ. എല്ലായിടത്തും എത്തി ജനങ്ങളുമായി വളരെ നേർത്ത ശബ്ദത്തോടെ സംവദിച്ചിരുന്ന അദ്ദേഹത്തിന്റെ നിലപാടുകൾ അതിശക്തവും വ്യക്തവുമായിരുന്നു.
ബാഖഫി തങ്ങൾ എന്തു തീരുമാനമെടുക്കുമ്പോഴും പൂക്കോയ തങ്ങളുടെ അഭിപ്രായംകൂടി കേൾക്കുമായിരുന്നു. ബാഖഫി തങ്ങളുടെ സമയത്ത് 1960കളിൽതന്നെ സി.എച്ച്. മുഹമ്മദ്കോയ പൂക്കോയ തങ്ങളെ ‘സെക്കൻഡ് ഇൻ കമാൻഡ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ബാഖഫി തങ്ങളുടെ വിയോഗശേഷം പൂക്കോയ തങ്ങളിലേക്ക് ലീഗിന്റെ സാരഥ്യം ഏൽപിക്കപ്പെട്ടു. സി.എച്ച്. മുഹമ്മദ് കോയയായിരുന്നു അന്ന് ലീഗ് ജനറൽ സെക്രട്ടറി.
ഇരുവരും തമ്മിലെ വലിയ അടുപ്പം പാർട്ടിക്കും വലിയ മുതൽക്കൂട്ടായി. 1973ലാണ് ബാഖഫി തങ്ങൾ മരിക്കുന്നത്. രണ്ടു വർഷത്തിനു ശേഷം 1975 ജൂലൈ ആറിന് പൂക്കോയ തങ്ങളും വിടപറഞ്ഞു. 1975ൽ സി.എച്ച് അടക്കമുള്ള നേതാക്കൾ കൂടിയാലോചിച്ചാണ് എന്റെ പിതാവ് മുഹമ്മദലി ശിഹാബ് തങ്ങളെ 1975 സെപ്റ്റംബർ ഒന്നിന് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പദവി ഏൽപിക്കുന്നത്.
ശിഹാബ് തങ്ങൾ പ്രസിഡന്റായി വരുന്നത് അടിയന്തരാവസ്ഥക്കാലത്താണ്. രാഷ്ട്രീയത്തിൽ പുതുക്കക്കാരനായ ഒരു നേതാവ് കാര്യങ്ങൾ എങ്ങനെ കൈകാര്യംചെയ്യുമെന്നൊരു ആശങ്ക പൊതുവിലുണ്ടായിരുന്നു. എന്നാൽ, വിദേശ രാജ്യങ്ങളിൽനിന്ന് നേടിയ വിദ്യാഭ്യാസവും അറിവുകളും പിതാവിന് നേട്ടമായി.
അന്ന് സംസ്ഥാനത്ത് ബിരുദാനന്തര ബിരുദമുള്ള ഏക പാർട്ടി അധ്യക്ഷൻ ശിഹാബ് തങ്ങൾ മാത്രമായിരുന്നുവെന്നാണ് ചരിത്രം. വിവിധ വിദേശ ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്ന അദ്ദേഹം വിവിധ രാജ്യങ്ങളിൽ നടക്കുന്ന രാഷ്ട്രീയ വികാസങ്ങൾ കൃത്യമായി പഠിക്കുകയും ലോകത്തെ പ്രമുഖ എഴുത്തുകാരടക്കമുള്ളവരുമായുള്ള സൗഹൃദം സൂക്ഷിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റവും ജ്ഞാനവുമെല്ലാം എതിർപക്ഷത്തുള്ള രാഷ്ട്രീയക്കാരിൽ വരെ മതിപ്പ് സൃഷ്ടിക്കാൻ പോന്നതായിരുന്നു.
അദ്ദേഹത്തിന്റെ കാലത്ത് സംസ്ഥാനത്ത് ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാരുണ്യ മുന്നേറ്റങ്ങൾക്കും തുടക്കമിട്ടു. സി.എച്ചിന്റെ വിയോഗശേഷം പാർട്ടിയുടെ പ്രധാന മുഖമായി ശിഹാബ് തങ്ങൾ മാറി. സമുദായത്തിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കാനും അദ്ദേഹത്തിനായി.
മുസ്ലിം ലീഗിന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമുണ്ടായതും അദ്ദേഹം നേതൃപദവിയിലിരിക്കെയാണ്. ലീഗിന്റെ കക്ഷിനില ഏറെ ഉയർന്നതും ലോക്സഭയിലും രാജ്യസഭയിലും വലിയ സാന്നിധ്യമുണ്ടായതും എടുത്തുപറയാവുന്നതാണ്.
ലീഗിനെ ഒരു മതസൗഹാർദത്തിന്റെ പാർട്ടിയായി പടുത്തുയർത്തിയതിൽ തീവ്രവാദ ചിന്തകൾക്കെതിരെ ശക്തമായ നിലപാട് കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്റെ സ്വാധീനം വലുതായിരുന്നു. കേരളത്തിൽ മുസ്ലിം ലീഗ് ശക്തമായ സ്ഥലങ്ങളെ വർഗീയ സംഘർഷങ്ങളില്ലാതെ നിലനിർത്താനായി.
ഇസ്ലാമിന്റെ പേരുപറഞ്ഞ് മറ്റുള്ളവരെ കൊന്നൊടുക്കാൻ ആരും നിൽക്കേണ്ടെന്നും ഇതിന് സമുദായം ഒരു പിന്തുണയും നൽകില്ലെന്നും അദ്ദേഹം ഉറച്ചു പറഞ്ഞു. ആ അവസരോചിത ഇടപെടലിനെ ഒരാളും തള്ളിക്കളഞ്ഞില്ല. .
ബാബരി മസ്ജിദ് തകർക്കപ്പെട്ട വേളയിൽ സമുദായത്തിലെ ചില വിഭാഗങ്ങൾ കേരളത്തിൽ ഹർത്താൽ ആചരിച്ച സമയത്ത് ശിഹാബ് തങ്ങൾ ഇടപെട്ടത് ശ്രദ്ധേയമാണ്. സമാധാനപരമായും ആത്മസംയമനത്തോടുംകൂടി മാത്രം പ്രതിഷേധിക്കണമെന്നായിരുന്നു തങ്ങളുടെ നിർദേശം. ഹർത്താൽ ദിനങ്ങളിൽ വഴിയിൽ കുടുങ്ങിയ ശബരിമല തീർഥാടകർക്കു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാൻ അദ്ദേഹം ഓരോ പ്രദേശത്തെയും ലീഗ് കമ്മിറ്റികൾക്കും പ്രത്യേക നിർദേശം നൽകി.
അതേസമയം, അനീതിക്കെതിരെ നിയമപരമായ വഴികളിലൂടെയുള്ള പ്രവർത്തനങ്ങൾ ശക്തമായി തുടരുകയും ചെയ്തു. ബാബരി മസ്ജിദ് തകർക്കപ്പെട്ട മണ്ണിൽ പുനർനിർമിക്കണമെന്ന മുസ്ലിം ലീഗ് കൊണ്ടുവന്ന പ്രമേയം കേരള നിയമസഭ ഐകകണ്ഠ്യേന അംഗീകരിച്ചു.
ലീഡർ കെ. കരുണാകരനുമായി പിതാവിന് വലിയ ബന്ധമുണ്ടായിരുന്നു. ബാബരി മസ്ജിദ് തകർക്കപ്പെട്ട വേളയിൽ കേരള മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനോട് മുസ്ലിം ഭൂരിപക്ഷ മേഖലയിൽ സേനയെ വിന്യസിക്കേണ്ടതുണ്ടോ എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദിച്ചു. സാധാരണ ക്രമീകരണങ്ങൾ ഉറപ്പാക്കിയാൽ മതിയെന്നായിരുന്നു കരുണാകരന്റെ മറുപടി.
കേരളത്തിന്റെ സമാധാനം തകർക്കുന്ന ഒരു നീക്കവും മുസ്ലിം സമുദായത്തിൽനിന്നുണ്ടാകില്ലെന്ന് ശിഹാബ് തങ്ങൾ ഉറപ്പുനൽകിയിട്ടുണ്ടെന്നായിരുന്നു തന്റെ മറുപടിയുടെ പിൻബലമായി കരുണാകരൻ പറഞ്ഞുവെച്ചത്. ശിഹാബ് തങ്ങൾ വിട വാങ്ങിയപ്പോൾ ഹൈദരലി തങ്ങളും അദ്ദേഹത്തിന്റെ വിയോഗശേഷം സാദിഖലി ശിഹാബ് തങ്ങളും പാർട്ടിയുടെ സാരഥ്യം ഏറ്റെടുത്തു.
കൈയെത്തുംദൂരെ അധികാരം ഉണ്ടായിട്ടും ഈ കുടുംബത്തിൽനിന്നാരും ഒരു പാർലമെന്ററി പദവിയിലേക്കും വന്നിട്ടില്ലല്ലോ എന്ന് നിരവധി പേർ ചോദിക്കാറുണ്ട്. അത്തരം അധികാരങ്ങളിൽ ഈ കുടുംബം ഒരിക്കലും കണ്ണുവെച്ചിട്ടില്ല.
നേരത്തേ ഹുസൈൻ ആറ്റക്കോയ തങ്ങൾക്ക് ബ്രിട്ടീഷുകാരുടെ കാലത്ത് നിരവധി ഓഫറുകൾ നൽകിയിരുന്നെങ്കിലും അതിലൊന്നും അദ്ദേഹം വഴങ്ങിയിരുന്നില്ല. ശിഹാബ് തങ്ങളെ പാർലമെന്റിലേക്ക് അയക്കണമെന്ന് പാർട്ടിയിൽനിന്ന് ഒരാവശ്യം ഉയർന്നപ്പോൾ പിതാവ് പൂക്കോയ തങ്ങൾ ഒന്നും നോക്കാതെ അത് നിരസിക്കുകയാണ് ചെയ്തത്.
ഏതു മനുഷ്യനെയും ചേർത്തുപിടിക്കുന്നതാണ് പണ്ടുകാലം മുതലേ പാണക്കാട്ടെ രാഷ്ട്രീയം. പുതിയ നേതൃത്വവും ആ മഹത്തരമായ പൊതുബന്ധം കാക്കുന്നു. കുടുംബത്തിന്റെ ഇടപെടലിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കാനും നീതി നേടിക്കൊടുക്കാനും സാധിച്ചിട്ടുണ്ട്.
ഗൾഫിൽ ജയിലിൽപെട്ടവരെ രക്ഷിക്കാനുള്ള ഇടപെടലുകളടക്കം നാടിന്റെ നാനാപ്രശ്നങ്ങൾ ഏതു സമയവും ഇടപെട്ട് പരിഹാരം കാണാൻ ശ്രമിച്ചുപോരുന്നുണ്ട്. ഇത് മുസ്ലിം ലീഗും ആ പാർട്ടിയെ സ്നേഹിക്കുന്ന വലിയൊരു കൂട്ടത്തിന്റെ പിന്തുണയും ഉള്ളതുകൊണ്ടുകൂടിയാണ് എന്നത് വലിയൊരു യാഥാർഥ്യമാണ്.
(സമൂർ നൈസാൻ ചോദിച്ചറിഞ്ഞത് )
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.