സ്ത്രീകളുടെ അന്തസ്സും മുസ്ലിം, ഹിന്ദു നിയമങ്ങളും

ഏക സിവില്‍കോഡ് വാദം സംഘ്പരിവാര്‍ കൂട്ടായ്മകള്‍ ഏറ്റെടുത്തതോടെ, വ്യക്തിനിയമമാണ് മുസ്ലിം സമൂഹത്തിന്‍െറ എല്ലാ പിന്നാക്കാവസ്ഥക്കും കാരണമെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അതോടൊപ്പം, ഹിന്ദു വ്യക്തിനിയമം കാലോചിതമായി പരിഷ്കരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് പൊതുസിവില്‍ കോഡിന്‍െറ അടിത്തറയായി അതിനെ അംഗീകരിക്കണമെന്നും വരെ വാദങ്ങളുയര്‍ന്നു. എന്നാല്‍, ഇവിടെ ഹിന്ദുനിയമത്തിനു കീഴില്‍ ജീവിക്കുന്ന സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ മുസ്ലിം സ്ത്രീകളെക്കാള്‍ എത്രയോ പരിതാപകരമാണെന്ന് ചരിത്രവും വര്‍ത്തമാനവും തെളിയിക്കുന്നു. തലാഖിനെക്കുറിച്ച് മാത്രമേ കേള്‍ക്കാറുള്ളൂ. അതും ഒറ്റയിരിപ്പില്‍ മൂന്ന് തലാഖും ഒരുമിച്ചു ചൊല്ലുന്ന,  ഒരുവിഭാഗം പണ്ഡിതന്മാര്‍ അനഭിലഷണീയമായി കരുതുന്ന രീതിയെക്കുറിച്ച് മാത്രം. എന്നാല്‍, ഭാര്യ മുന്‍കൈയെടുത്ത് വിവാഹബന്ധം വേര്‍പെടുത്തുന്ന ‘ഖുല്‍ഇ’നെ കുറിച്ചോ ഇരുവരും ഉഭയസമ്മതത്തിലൂടെ വേര്‍പിരിയുന്ന, ഏറ്റവും  ആധുനികമെന്നു  വിശേഷിപ്പിക്കാവുന്ന ‘മുബാറഅത്തി’നെ കുറിച്ചോ സമുദായനേതൃത്വംപോലും മിണ്ടാറില്ല. കോടതിവഴി, വിവാഹമോചനം തേടാന്‍ 1939 തൊട്ടേ മുസ്ലിം സ്ത്രീകള്‍ അവകാശം നേടിയെടുത്തിരുന്നു. 1955ലെ ഹിന്ദുവിവാഹ നിയമം പ്രാബല്യത്തില്‍ വരുന്നതുവരെ, എത്ര ക്രൂരവും കഠിനവുമാണെങ്കിലും ദാമ്പത്യച്ചങ്ങല പൊട്ടിച്ചോടാന്‍ ഹിന്ദുസ്ത്രീകള്‍ക്ക് പോംവഴിയുണ്ടായിരുന്നില്ല.

ദേശീയ ഐക്യത്തിനായി ഹിന്ദുക്കള്‍ അവരുടെ മതവികാരം മാറ്റിനിര്‍ത്തിയപ്പോള്‍ മുസ്ലിംകള്‍ അതിനു തയാറായില്ല എന്ന് ജ. കുല്‍ദീപ്സിങ് പരാമൃഷ്ടവിധിയില്‍ തട്ടിവിടുന്നുണ്ട്. 1954-56 കാലത്ത് ജവഹര്‍ലാല്‍ നെഹ്റു സാഹസികമായി പാസാക്കിയെടുത്ത അഞ്ച് ഹിന്ദുകോഡ് ബില്ലുകള്‍ വാസ്തവത്തില്‍ ദേശീയഐക്യം ഉദ്ദേശിച്ചുള്ള ഉദ്യമങ്ങളായിരുന്നില്ല. മറിച്ച്, മുസ്ലിം നിയമത്തോട് ഒത്തുപോകാന്‍ പാകത്തില്‍ ഹിന്ദുനിയമത്തില്‍ ചില ഭേദഗതികള്‍ കൊണ്ടുവരുകയും ക്രോഡീകരണത്തിനു തുടക്കമിടുകയുമായിരുന്നുവെന്ന് ജസ്റ്റിസ് പി.ബി ഗജേന്ദ്രേക്കര്‍ 59ാം ലോകമീഷന്‍ റിപ്പോര്‍ട്ടിന്‍െറ ആമുഖത്തില്‍ വിവരിക്കുന്നുണ്ട്്. ഇതിനെതിരെ പ്രസിഡന്‍റ് ഡോ. രാജേന്ദ്രപ്രസാദ് അടക്കമുള്ള, യാഥാസ്ഥിതികരില്‍നിന്ന് അന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ഹനുമാന്‍ പ്രസാദ് പോദ്ദാറിന്‍െറ ഉടമസ്ഥയിലുള്ള ‘കല്യാണ്‍’ എന്ന മാസികയായിരുന്നു അന്ന് തീവ്രവലതുപക്ഷത്തിന്‍െറ ജിഹ്വ. ഹിന്ദു സംസ്കാരം നശിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്‍െറ ഭാഗമാണീ നിയമനിര്‍മാണം എന്നാരോപിച്ച് നിയമമന്ത്രി  അംബേദ്കര്‍ക്കും ബില്‍ 1944ല്‍ ആദ്യമായി അവതരിപ്പിച്ച നിയമമന്ത്രി സര്‍ സുല്‍ത്താന്‍ അഹ്മദിനും എതിരെയായിരുന്നു വര്‍ഗീയവിഷം മുഴുവനും വമിച്ചത്. അച്ഛന്‍െറ സ്വത്തില്‍ മകള്‍ക്ക് അവകാശം നല്‍കുന്ന വ്യവസ്ഥയെ മുസ്ലിം നിയമത്തില്‍നിന്ന് കടമെടുത്തത് എന്നായിരുന്നു ആക്ഷേപം.

പെണ്‍മക്കള്‍ക്ക് സ്വത്തവകാശം ലഭിച്ചാലുള്ള പ്രത്യാഘാതം ‘കല്യാണ്‍’ ഭയാനകമായി അവതരിപ്പിച്ചപ്പോള്‍ പ്രതികരണം വിചാരിച്ചതിലും അപ്പുറമായിരുന്നു. 16 വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് സ്വാഭീഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ അനുമതി നല്‍കിയാലെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കി. ഹിന്ദുധര്‍മത്തെ നശിപ്പിക്കാന്‍ ദലിതനായ അംബേദ്കര്‍ ഗൂഢാലോചന നടത്തുകയാണെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍പോലും ആരോപണമുയര്‍ത്തി. 1950ലും 51ലും ബില്‍ പാര്‍ലമെന്‍റില്‍ വന്നപ്പോള്‍ പ്രഭുദയാല്‍ ഹിമ്മാത്സിങ്കയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം തടസ്സവാദം ഉന്നയിച്ചു. എതിര്‍പ്പ് ശക്തമായപ്പോള്‍ നെഹ്റുപോലും പതറി. ബില്‍ കോള്‍ഡ് സ്റ്റോറേജില്‍ വെക്കാന്‍ നെഹ്റു ആവശ്യപ്പെട്ടു.  ഡോ. അംബേദ്കര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ പിന്തിരിഞ്ഞോട്ടം.  നിയമമന്ത്രിസ്ഥാനം രാജിവെച്ച് അദ്ദേഹം സ്ഥലം വിട്ടു. കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ശേഷമാണ് 1954-56 കാലയളവില്‍ ഹിന്ദുകോഡ് ബില്ലുകള്‍ പാസാക്കുന്നത്. എന്നിട്ടും, ഹിന്ദുസ്ത്രീകള്‍ക്ക് മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ വകവെച്ചുകിട്ടിയില്ളെന്നതാണ് വാസ്തവം.

ദേശീയോദ്ഗ്രഥനം എന്ന മിഥ്യ
 

മുസ്ലിം സ്ത്രീകള്‍ക്ക് ശരീഅത്ത് വകവെച്ചുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യം 21ാം നൂറ്റാണ്ടിലും ഹിന്ദുസ്ത്രീകള്‍ക്ക് അപ്രാപ്യമാണ്. പ്രത്യേകിച്ചും സ്വത്തവകാശത്തിന്‍െറ കാര്യത്തില്‍. കൂട്ടുകുടുംബ സ്വത്ത് ഓഹരി വെക്കുമ്പോള്‍ പെണ്‍മക്കളോട് ഇപ്പോഴും കടുത്ത വിവേചനമുണ്ട്. ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമത്തില്‍ രണ്ടുതവണ ഭേദഗതി കൊണ്ടുവന്നിട്ടും സ്ത്രീജനത്തിനു ഗുണഫലം ലഭ്യമായിട്ടില്ല. ആദായനികുതി നിയമത്തില്‍നിന്ന് രക്ഷപ്പെടാന്‍ പഴുതുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹസമയത്ത് ലഭിക്കുന്ന ‘മഹ്ര്‍’ അവള്‍ ഒരിക്കലും തിരിച്ചുകൊടുക്കേണ്ടിവരുന്നില്ല.  ബഹുഭാര്യത്വം നിരോധിച്ചിട്ടും ഹിന്ദുസമൂഹത്തില്‍ മുസ്ലിംകളെക്കാള്‍ അത് നടക്കുന്നുണ്ടെന്ന് 2011ലെ സെന്‍സസില്‍നിന്ന് വ്യക്തമാണ്. പക്ഷേ, ആദ്യത്തെ ഭാര്യക്ക് മാത്രമേ, ജീവനാംശവും സ്വത്താവകാശവും ലഭിക്കാന്‍ അര്‍ഹതയുള്ളൂ. മുസ്ലിം നിയമം ബഹുഭാര്യത്വം അംഗീകരിക്കുന്നത് കൊണ്ട് ഭാര്യമാര്‍ക്കെല്ലാം നിയമപരമായ അസ്തിത്വം ഉള്ളതിനാല്‍, സ്വത്തവകാശം വകവെച്ചു കിട്ടുന്നുവെന്ന് മാത്രമല്ല, മറ്റെല്ലാ ആനുകുല്യങ്ങള്‍ക്കും അര്‍ഹരുമാണ്. മുസ്ലിം കുടുംബനിയമത്തിന്‍െറ ഏക സ്രോതസ്സ് ശരീഅത്ത് ആണെന്നതുകൊണ്ട് പ്രാദേശിക വൈവിധ്യങ്ങള്‍ തുലോം കുറവാണ്. എന്നാല്‍, മുന്‍കേന്ദ്ര നിയമമന്ത്രി വീരപ്പമൗലി ചൂണ്ടിക്കാട്ടിയതുപോലെ, 200-300 വ്യക്തിനിയമങ്ങള്‍ ഹിന്ദു ജാതി-ഉപജാതി വിഭാഗങ്ങള്‍ക്കിടയിലുണ്ട്. അവ ഏകീകരിക്കാനുള്ള നടപടികളാണ് ആദ്യമായി വേണ്ടത്.

ഇന്ത്യയുടെ സാമൂഹികവും മതപരവുമായ യാഥാര്‍ഥ്യങ്ങള്‍ നിരാകരിക്കുന്ന അപ്രായോഗിക വാദങ്ങളാണ് പലപ്പോഴും ന്യായാധിപന്മാര്‍ മുന്നോട്ടുവെക്കുന്നത്. വലതുപക്ഷശക്തികള്‍ അത് ഏറ്റുപിടിക്കുകയും ചെയ്യുന്നു. ദേശീയോദ്ഗ്രഥനമാണത്രെ പൊതു സിവില്‍കോഡ്കൊണ്ട് ഒന്നാമതായി ലക്ഷ്യമിടുന്നത്.  ‘ദേശീയോദ്ഗ്രഥനം’ കൊണ്ട്  വിവക്ഷിക്കുന്നതെന്താണ്? രാജ്യത്തിന്‍െറ മതം ഹിന്ദുത്വമാണെന്ന തെറ്റായ കാഴ്ചപ്പാടിലൂന്നിയുള്ള, സങ്കുചിതമായ ആശയഗതിയുടെ പ്രതിഫലനമാണ് ഈ സങ്കല്‍പത്തിനു പിന്നില്‍. ഒരൊറ്റ ജനത, ഒരൊറ്റ രാഷ്ട്രം, അഖണ്ഡ ഭാരതം, ഏക സംസ്കാരം തുടങ്ങിയ പരികല്‍പനകള്‍ ഉയര്‍ന്നുവന്ന 1980കളിലാണ് ഇമ്മട്ടിലുള്ള ബാലിശവാദങ്ങള്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ തുടങ്ങിയത്. മുസ്ലിംകളും ക്രിസ്ത്യാനികളുമൊന്നും യഥാര്‍ഥ പൗരന്മാര്‍ അല്ളെന്നല്ളേ? ഇത് സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും സിദ്ധാന്തമല്ളേ? നിയമം ഏകീകരിക്കുന്നതുകൊണ്ട് മാത്രം രാജ്യം ഐക്യപ്പെടുമെന്നോ അതിന്‍െറ അഭാവത്തില്‍ രാജ്യം ശിഥിലീഭവിക്കുമെന്നോ വാദിക്കുന്നതില്‍ എന്തര്‍ഥം?

മറ്റൊരു ശരീഅത്ത് വിവാദമോ?

ഏക സിവില്‍കോഡ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ 80കളില്‍ ഷാബാനു ബീഗം കേസ് കൈകാര്യം ചെയ്ത രീതിയിലാണ് മുസ്ലിം നേതൃത്വം പെരുമാറുന്നതെങ്കില്‍ ഗുണം ഹിന്ദുത്വശക്തികള്‍ക്കായിരിക്കും. അന്ന് രാജ്യമാസകലം ആഞ്ഞുവീശീയ ശരീഅത്ത് വിവാദമാണ് മതധ്രുവീകരണത്തിന് വഴിവെച്ചതും ബി.ജെ.പിയെ വളര്‍ത്തി അധികാരത്തിലത്തെിച്ചതും. ലോകമീഷന്‍ ഏക സിവില്‍ കോഡ് വിഷയത്തില്‍ ആരംഭിച്ച നീക്കങ്ങളുമായി സഹകരിക്കേണ്ടതില്ല എന്ന ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡിന്‍െറയും മുസ്ലിം സംഘടനകളുടെയും തീരുമാനം സര്‍ക്കാറിനെ പ്രകോപിപ്പിച്ചിട്ടുണ്ടെങ്കിലും ഉദ്യമത്തില്‍നിന്ന് പിന്മാറാന്‍ തയാറല്ല എന്നാണ് മന്ത്രിമാരായ വെങ്കയ്യനായിഡു, രവിശങ്കര്‍ പ്രസാദ്, മുഖ്താര്‍ അബ്ബാസ് നഖ്വി തുടങ്ങിയവരുടെ പ്രചണ്ഡമായ പ്രചാരണങ്ങളില്‍നിന്ന് മനസ്സിലാവുന്നത്. വിഷയത്തെ വര്‍ഗീയ ചേരിതിരിവിനുള്ള ഉപകരണമായി  മാറ്റിയെടുക്കാന്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും തടയിടേണ്ടതുണ്ട്.

1980കളിലെ അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാതെ, ‘ശരീഅത്ത് അപകടത്തില്‍’ എന്ന മുറവിളി കൂട്ടി, വിവാദത്തെ സാമുദായികമായി കൈകാര്യം ചെയ്യാനാണ് മുസ്ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ കോപ്പുകൂട്ടുന്നതെങ്കില്‍ പിന്നീട് ദു$ഖിക്കേണ്ടിവരും. സംഘ്പരിവാര്‍ ഒരുഭാഗത്തും മുസ്ലിംകള്‍ മറ്റൊരു ഭാഗത്തും നിലയുറപ്പിച്ചുള്ള ‘പോരാട്ടം’ ആത്യന്തികമായി ഗുണംചെയ്യുക ഹിന്ദുത്വശക്തികള്‍ക്ക് തന്നെയായിരിക്കും. പ്രത്യേകിച്ചും, അടുത്തവര്‍ഷാദ്യം അഞ്ച് നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സന്ദര്‍ഭത്തില്‍. കേന്ദ്രസര്‍ക്കാറും മുസ്ലിംകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന തലത്തില്‍നിന്ന് മോദിസര്‍ക്കാറിന്‍െറ ഫാഷിസ്റ്റ് അജണ്ടക്കെതിരെ മതേതരശക്തികളുടെ പ്രതിരോധം എന്ന നിലയിലേക്ക് ഏക സിവില്‍കോഡ് വിവാദത്തെ വളര്‍ത്തിയെടുക്കാനാണ് മുസ്ലിം രാഷ്ട്രീയ-മത നേതൃത്വം ശ്രമിക്കേണ്ടത്. മുഴുവന്‍ സെക്കുലര്‍ ശക്തികളെയും മുന്നില്‍നിര്‍ത്തിയുള്ള രാഷ്ട്രീയപോരാട്ടത്തിലൂന്നിയുള്ള തന്ത്രമാണ് ആവിഷ്കരിക്കേണ്ടത്.
(അവസാനിച്ചു)

Tags:    
News Summary - muslim personal law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.