വ്യക്തിനിയമത്തിലെ മുസ് ലിം സ്ത്രീ

വ്യക്തിനിയമവും ഏക സിവില്‍ കോഡുമെല്ലാം വിവാദമായി ഉയര്‍ന്നുവരുന്നത് ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ജീവിത പരിസരത്തുനിന്നാണ്. ഉയര്‍ത്തിവിട്ട ഭൂതം യഥാര്‍ഥമാണെന്നോ, അതല്ല സാങ്കല്‍പിക ഭൂതത്തിന്‍െറ നിഴല്‍പാടുകളാണോ എന്നു പരിശോധിക്കേണ്ടതാണ്. ഇസ്ലാം ഏറ്റവും നല്ല മതമാണ്, പക്ഷേ, മുസ്ലിംകളാണ് ഏറ്റവും കുഴപ്പക്കാര്‍ എന്ന ചിന്ത ഇവിടെ പ്രസക്തമാണ്. പൊതു ഇടങ്ങളിലെ സ്ത്രീ ഇനിയും തന്‍െറ ശരീരത്തിന്‍െറയും മനസ്സിന്‍െറയും കെട്ടുപാടുകളില്‍നിന്ന് സ്വതന്ത്രയല്ളെന്നും മുസ്ലിം സ്ത്രീ മത പൗരോഹിത്യം തീര്‍ത്ത ആഴക്കയത്തില്‍ മുങ്ങിത്താഴുകയാണെന്നും വാദിക്കപ്പെടുന്നു. മുസ്ലിംകളുടെ ബഹുഭാര്യത്വം, വിവാഹമോചനം, സ്വത്തവകാശം എന്നിവയാണല്ളോ പ്രധാന പ്രശ്നങ്ങള്‍. ഇതിനുള്ള ഒറ്റമൂലിയാണ് ഏക സിവില്‍ കോഡും മുസ്ലിം വ്യക്തിനിയമപരിഷ്കരണവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഏക സിവില്‍ കോഡ് വേണമെന്ന വാദത്തിന് നിലവിലുള്ള പൊതുനിയമങ്ങള്‍ തന്നെ മറുപടിയാണ്. 1959ല്‍ പൊതു സിവില്‍ നടപടിക്രമങ്ങളും 1960ല്‍ ഇന്ത്യന്‍ ശിക്ഷനിയമവും (ഐ.പി.സി) 1961ല്‍ പൊതു ക്രിമിനല്‍ നടപടിച്ചട്ടവും നടപ്പില്‍ വരുത്തിയിട്ടുണ്ട്. അഥവാ ബഹുഭൂരിപക്ഷം നിയമങ്ങളും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഏകരൂപത്തിലാണ്. ബാക്കിയുള്ള വിരളമായ നിയമങ്ങളേ മത പരിഗണനയിലുള്ള വ്യക്തിനിയമങ്ങളാക്കി മാറ്റിയിട്ടുള്ളൂ. അതാകട്ടെ, വിവിധ മതവിഭാഗങ്ങളുടെ വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ടതാണ്. സൂക്ഷ്മ നിരീക്ഷണത്തില്‍ സാധുവാകുന്ന ഇത്തരം നിയമങ്ങള്‍ പരിരക്ഷിക്കാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍  25 അനുശാസിക്കുന്നുമുണ്ട്. നിലവിലെ വ്യക്തി നിയമങ്ങളിലെ വിവാഹം, വിവാഹമോചനം, സ്ത്രീസ്വത്ത്, പൗത്രന്‍െറ ദായാവകാശം എന്നിവയില്‍ മുസ്ലിം പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇസ്ലാമിക വിധിവിലക്കുകള്‍ മുസ്ലിമിന് മൗലികവിശ്വാസത്തിന്‍െറ ഭാഗമായതിനാല്‍ കേവല പരിഷ്കരണം സാധ്യമല്ലതാനും. എന്നാല്‍, ശരീഅത്തിന്‍െറ അകത്തുനിന്ന് ഖുര്‍ആന്‍, സുന്നത്ത്,  ഇജ്മാഅ് (പണ്ഡിത അഭിപ്രായൈക്യം), ഖിയാസ് (കീഴ്വഴക്കം) എന്നിവയെ ആധാരമാക്കി മാത്രം പുന$ക്രമീകരണമാകാമെന്നതാണ് പണ്ഡിത മതം.

ഇന്ത്യന്‍ വ്യക്തി നിയമം (മുഹമ്മദന്‍ ലോ ) 1937ല്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയത്, ഫിഖ്ഹ് ഗ്രന്ഥങ്ങളും കോടതി കീഴ്വഴക്കങ്ങളും മുന്‍നിര്‍ത്തിയാണ്. ഈ വ്യക്തിനിയമങ്ങള്‍ കൈയാളുന്ന ബഹുഭാര്യത്വം, മുത്തലാഖ്, വിഷയങ്ങളില്‍. വിവാഹം, വിവാഹമോചനം, ജീവനാംശം, സ്ത്രീ സ്വത്തവകാശം, ദായാവകാശം (അനന്തരാവകാശം) എന്നിവയില്‍ ഇസ്ലാമിക ശരീഅത്ത് അനുശാസിക്കുന്നതും നാട്ടുനടപ്പും തമ്മില്‍ വലിയ അന്തരമുണ്ടെന്ന കാര്യം മുസ്ലിം സമുദായത്തിനകത്തും പുറത്തും ഇന്ന് ഏറക്കുറെ അംഗീകരിക്കപ്പെട്ടതാണ്. യുദ്ധത്തില്‍ മദീനയില്‍ ഒട്ടനേകം പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ അനാഥ കുട്ടികളുടേയും വിധവകളുടേയും സംരക്ഷണമാണ് ബഹുഭാര്യത്വം അനുവദിക്കാനുണ്ടായ ചരിത്ര പശ്ചാത്തലം. മുസ്ലിം സമൂഹത്തിന്‍െറ മൊത്തം ബാധ്യതയായിരുന്നു അനാഥ അഗതിസംരക്ഷണം. പ്രവാചക കാലഘട്ടത്തിലുള്ള തികഞ്ഞ മതബോധത്തിലധിഷ്ഠിതമായ ഹൃദയബന്ധവും  കുടുംബ ഗോത്ര പശ്ചാത്തലവും കാരണം ബഹുഭാര്യത്വം കാര്യമായ ചര്‍ച്ച ആയില്ളെങ്കിലും പുതിയ അണുകുടുംബ കാലഘട്ടത്തില്‍ ബഹുഭാര്യത്വം ഉപരിപ്ളവമായ നിയമമായി കാണേണ്ടതില്ല.

ഇസ്ലാമില്‍ വിവാഹം മരണംവരെ നിലനില്‍ക്കാനുള്ളതാണ്. അനുവദനീയമായതില്‍ ഏറ്റവും വെറുക്കപ്പെട്ടത് വിവാഹമോചനമാണെന്നാണ് മതാധ്യാപനം. എന്നാല്‍, ഒരുനിലക്കും പൊരുത്തപ്പെടാത്ത സ്ത്രീയുമായോ പുരുഷനുമായോ കൂട്ടിക്കെട്ടി ശിഷ്ടജീവിതം പുകച്ചുകളയുന്നതിലുപരി വിഷയത്തിന്‍െറ മാനവികവശം കാണുകയാണിവിടെ. വിവാഹമോചനം തനിക്കിഷ്ടമല്ലാത്ത സ്ത്രീയെ കുടഞ്ഞുകളഞ്ഞ് സ്വതന്ത്രമാകലല്ല. നിമിഷസാധ്യമായ ഒരു ഏര്‍പ്പാടുമല്ല അത്. പൊരുത്തക്കേടുകള്‍ സ്വയം മനസ്സിലാക്കി മുന്നോട്ടുപോവാനും ബന്ധത്തിലെ അനിഷ്ടങ്ങള്‍ക്ക് ദൈവികപരിഹാരം പ്രതീക്ഷിക്കാനും പിന്നീട് ഭാര്യയുടെയും ഭര്‍ത്താവിന്‍െറയും കുടുംബത്തില്‍നിന്ന് മധ്യസ്ഥരെവെക്കാനും എന്നിട്ടും പരിഹാരമായില്ളെങ്കില്‍ കുടുംബകോടതിയും മറ്റും പരീക്ഷിക്കാനും ഇസ്ലാം ആവശ്യപ്പെടുന്നു. ഒത്തുതീര്‍പ്പിന്‍െറ അവസാന വാതിലും അടഞ്ഞാലേ മൂന്നു ഘട്ടമായി തലാഖ് (മൊഴി) ചൊല്ലാന്‍ അനുവാദമുള്ളൂ. അതും ശുദ്ധി കാലത്താകണം. ഒന്നും രണ്ടും തലാഖിന്‍െറ ഇടവേളകളിലെ മൂന്നു ശുദ്ധി കാലം (മൂന്നുമാസം) ഭര്‍ത്താവിന്‍െറ സ്വന്തം വീട്ടില്‍ തന്നെ നിര്‍ത്തണമെന്നും ദമ്പതികള്‍ക്ക് മാനസാന്തരം വന്നാല്‍ തിരിച്ചെടുക്കണമെന്നും പറയുന്നു. മൂന്നാമത്തെ തലാഖില്‍ മാത്രമേ ബന്ധം വിച്ഛേദിക്കപ്പെടുകയുള്ളൂ.

ഇന്ത്യന്‍ ക്രിമിനല്‍ നടപടിക്രമങ്ങളിലെ 125ാം വകുപ്പ് പ്രകാരം വിവാഹമോചിതക്ക് ജീവനാംശം നല്‍കണമെന്നാണ് വിധി (ഷാബാനു കേസ്). വിവാഹമോചനം ഇസ്ലാമിക നടപടിക്രമങ്ങളിലൂടെ നടക്കുമ്പോള്‍ ജീവനാംശത്തിനുള്ള പഴുതുതന്നെ കുറയും. ജീവനാംശത്തിനു ഇസ്ലാം നിര്‍ദേശിക്കാത്തത് വിവാഹമോചിതയെ വഴിയാധാരമാക്കാനുള്ള നിയമമല്ല, ബന്ധം വേര്‍പെട്ടാല്‍ ഭാര്യ അല്ലാതായിത്തീരുന്നതോടെ സംരക്ഷണബാധ്യത സ്ത്രീയുടെ പിതാവിനാകുന്നു. പിതാവില്ളെങ്കില്‍ സംരക്ഷണബാധ്യത രക്തബന്ധമുള്ള അടുത്ത ബന്ധുക്കള്‍ക്ക്. ഇവിടെ പിതാവ് മരണപ്പെട്ടാലോ എന്ന ചോദ്യം വന്നാല്‍ മുന്‍ ഭര്‍ത്താവ് മരണപ്പെട്ടാലോ എന്ന ഉത്തരമേയുള്ളൂ. ഖുര്‍ആന്‍ വിവാഹമോചിതക്ക് താല്‍കാലിക ആശ്വാസവിഭവം (മതാഅ്) നല്‍കാനാണ് ആവശ്യപ്പെടുന്നത്. ബന്ധം വേര്‍പെട്ടാലും കുട്ടികളുടെ ബാധ്യത പിതാവിന് തന്നെയാണ്. അതേസമയം, പരിപൂര്‍ണ സ്വാതന്ത്ര്യമാഗ്രഹിക്കുന്ന ആധുനിക സ്ത്രീ വിവാഹമോചിതയായ ശേഷം മുന്‍ ഭര്‍ത്താവിന്‍െറ ആശ്രിതയാകണം എന്നതിനോട് എങ്ങനെ യോജിക്കും?

സ്വത്തവകാശത്തിലും ഭാഗം വെക്കലിലും മുസ്ലിം സ്ത്രീക്ക് തുല്യ അവകാശമില്ളെന്നാണ് മറ്റൊരു ആരോപണം. സ്ത്രീ വീട്ടില്‍ കഴിയേണ്ടവളോ അടുക്കളപ്പുകയില്‍ എരിഞ്ഞൊടുങ്ങേണ്ടവളോ അല്ല, സൂക്ഷ്മ നിരീക്ഷണത്തില്‍ പുരുഷനെക്കാളും പദവിയുള്ളവളാണ്. കുടുംബം പോറ്റേണ്ടത് ഭര്‍ത്താവിന്‍െറ ബാധ്യതയാണ്. അതിനാല്‍ ദായധനത്തില്‍ പുരുഷന്‍െറ പകുതി അവകാശമേ സ്ത്രീക്കുള്ളൂ. എന്നാല്‍, ആ പകുതിസ്വത്തില്‍ ഭര്‍ത്താവിന് അവകാശവുമില്ല. ഭാഗം വെക്കലൊഴികെ മറ്റെല്ലാ സ്വത്തിടപാടുകളിലും പുരുഷനോളം അവകാശം സ്ത്രീക്കുമുണ്ട്. ഭാര്യയുടെ സ്വത്തില്‍നിന്ന് അനുവാദമില്ലാതെ ചില്ലിക്കാശെടുക്കാന്‍ ഭര്‍ത്താവിനാവകാശമില്ല. മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ നാട്ടാചാരങ്ങളല്ല യഥാര്‍ഥപ്രമാണങ്ങള്‍. ആധുനികകാലത്തും തുല്യമായി ജോലിചെയ്യുന്ന സ്ത്രീയുടെ വേതനം പുരുഷന്‍ കൈപ്പറ്റുന്നതും സ്ത്രീയെക്കൊണ്ട് അടിമവേല ചെയ്യിക്കുന്നതും ഇതര സമുദായങ്ങളിലും അനേകമുണ്ട്. ഇതിനൊന്നും വ്യക്തിനിയമമോ ശരീഅത്തോ ഉത്തരവാദിയല്ലല്ളോ.

വസ്തുതകള്‍ ഇങ്ങനെയായിരിക്കെ, മാറാത്ത മാമൂലുകളുടേയും നാട്ടാചാരങ്ങളുടേയും വിഴുപ്പുഭാണ്ഡം പേറി നടുവൊടിഞ്ഞ മുസ്ലിംസ്ത്രീയുടെ രക്ഷക്കത്തൊന്‍ സമുദായം സ്വയം മുന്നിട്ടിറങ്ങുകയേ രക്ഷയുള്ളൂ. ഇസ്ലാം  സമ്പൂര്‍ണവും കാല ദേശാതീതവുമാണ്. അതിനാല്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള സാഹചര്യങ്ങളില്‍നിന്ന് ഇന്നിന്‍െറ ചോദ്യങ്ങള്‍ക്കെങ്ങനെ മറുപടി പറയും? അവിടെയാണ് ശരീഅത്തില്‍ ഖുര്‍ആനിനും സുന്നത്തിനും പോലെ ഇജ്മാഇനും (ഗവേഷണാനന്തരമുള്ള പണ്ഡിതരുടെ അഭിപ്രായൈക്യം) ഖിയാസിനും മറ്റും പ്രാധാന്യമേറുന്നത്. പണ്ഡിതന്മാര്‍ക്ക് കര്‍മശാസ്ത്രകാര്യങ്ങളില്‍ ശരീഅത്തില്‍നിന്ന് കൊണ്ടുതന്നെ മറുപടി പറയാന്‍ കഴിയും.

സ്ത്രീധനവും വിവാഹധൂര്‍ത്തും അറബിക്കല്യാണവും അലസമായ രണ്ടാംകെട്ടും തടയേണ്ടതാണ്. അതിനു പഴുത് നല്‍കുന്നത് വ്യക്തിനിയമമാണെങ്കില്‍ പുന$ക്രമീകരിക്കാം. പക്ഷേ എപ്പോള്‍? ആര്? എന്ന ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ സാഹചര്യത്തില്‍ മറുപടി എളുപ്പമല്ല.

Tags:    
News Summary - muslim womens in muslim personal law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.