ഇന്ത്യയിൽ നിന്ന് മുസ്ലിംകൾ ഒന്നടങ്കം അപ്രത്യക്ഷരായെന്ന് 'വിളിച്ചുപറയുന്ന ആക്ഷേപഹാസ്യം കലർന്നതെങ്കിലും സ്തോഭജനകമായ കൃതിയാണ് ലോകപ്രശസ്ത മാധ്യമപ്രവർത്തകൻ സഈദ് നഖ്വിയുടേതായി അടുത്തിടെ പെൻഗ്വിൻ പുറത്തിറക്കിയ 'ദ മുസ്ലിം വാനിഷസ്'എന്ന പുസ്തകം. ഇതു നിർബന്ധമായും വായിക്കണമെന്ന് ഈ ലേഖകന്റെ ശ്രദ്ധയിൽ പെടുത്തിയത് സഈദ് നഖ്വിയുടെ സുഹൃത്തും ഇന്ത്യയിലെ വിവര സാങ്കേതികവിപ്ലവത്തിന്റെ അഗ്രകാമിയുമായ ഡോ. സാം പിട്രോഡയാണ്. ഇ - പുസ്തകം വാങ്ങി ഡൗൺലോഡ് ചെയ്ത ശേഷം ഒറ്റയിരിപ്പിനുതന്നെ വായിച്ചു തീർത്തു.
ഒരു ന്യൂസ് ചാനലിന്റെ ബ്രേക്കിങ് സ്റ്റോറി പുറത്തുവിടാൻ തയാറെടുക്കുന്ന സ്റ്റുഡിയോയുടെ പശ്ചാത്തലത്തിലാണ് നാടക രൂപത്തിലുള്ള കൃതി തുടങ്ങുന്നത്. ആവേശത്തള്ളിച്ചയിലാണ് ന്യൂസ് ഡെസ്കിലുള്ള ചെറുപ്പക്കാരനായ മാധ്യമ പ്രവർത്തകൻ രംഗത്ത് പ്രത്യക്ഷപ്പെടുന്നതെങ്കിലും അയാൾ അസ്വസ്ഥനായി കാണപ്പെട്ടു. 'അവർ പോയി… അവർ കൂടെ അതുംകൊണ്ട് പോയി…അവരോടൊപ്പം അതും അപ്രത്യക്ഷമായി…" ജീവിതത്തിലെ ഏറ്റവും വലിയ വാർത്തയാണിതെന്ന് അയാൾ ഉറക്കെ വിളിച്ച്പറയുന്നുണ്ടായിരുന്നു.
അതുകേട്ട ആനന്ദ് എന്നു പേരുള്ള സീനിയർ വാർത്ത അവതാരകൻ പരുഷ സ്വരത്തിൽചോദിക്കുന്നു: എടോ, ഒന്ന് ശ്വാസമെടുത്ത് പറയൂ… ആര് പോയെന്നാണ് താൻ പറയുന്നത്? മാധ്യമപ്രവർത്തകൻ: ഒരാളും നഗരത്തിൽ അവശേഷിക്കുന്നില്ലെന്നാണ് റിപ്പോർട്ടർമാർ പറയുന്നത്. ഒരാൾ മാത്രമല്ല. എല്ലാവരും പോയി. ഒരാൾപോലും അവശേഷിക്കാതെ (സാഹചര്യത്തിന്റെ ഗൗരവംകൊണ്ട് അവന്റെ ശബ്ദം നേർത്ത് വരുന്നുണ്ടായിരുന്നു). ആനന്ദ്: ആരാണ് പോയതെന്ന് പറയെടോ? എങ്ങോട്ടാണ് പോയത്? വെറുതെ കെട്ട്കഥപോലെ പറയല്ലേ.
മാധ്യമപ്രവർത്തകൻ: സാർ, ഞാൻ പറയുന്നത് വിശ്വസിക്കൂ, അവർ എല്ലാവരും ഇവിടെനിന്ന് പോയി. എവിടേക്കാണ് പോയതെന്ന് ദൈവത്തിനു മാത്രമേ അറിയാൻ പറ്റൂ. ഇതൊരു മായാജാലംപോലെ തോന്നുന്നു സാർ, അതുമല്ലെങ്കിൽ ഒരു ദുർമന്ത്രവാദം.
ആനന്ദ് (ഒരല്പം ദേഷ്യത്തിൽ ): 'അത്' പോയെന്ന് ആദ്യം പറഞ്ഞ നിങ്ങൾ ഇപ്പോൾ പറയുന്നു അവർ പോയെന്ന്. ഒരു ആടിനെ കാണാതാവാം. ഒരു വധുവിനെയും കാണാതായിപ്പോകാം. പക്ഷികൾ അപ്രത്യക്ഷ്യമാവാം (ശബ്ദം ഉയർത്തി). എന്നാൽ, ഇവിടെ ഇപ്പോൾ എന്താണ് പോയത്? ആരാണ് പോയത്? ഞങ്ങളെ വെറുതെ കുഴപ്പിക്കല്ലേ.
മാധ്യമപ്രവർത്തകൻ (ഭയവും പരിഭ്രാന്തിയും കാരണം സംസാരിക്കാൻ പറ്റാതെ): എങ്ങനെയാണ് തെളിച്ചു പറയേണ്ടതെന്ന് എനിക്കറിയില്ല. ഇത്…വിശ്വസിക്കാൻ പറ്റുന്നില്ല. സർ, അവിടെ ഒരാളെപോലും കാണാനില്ല. ഞാൻ പറഞ്ഞുവരുന്നത് മുസ്ലിംകളെക്കുറിച്ചാണ്. മുസ്ലിംകളെല്ലാവരും പോയി. ചിലർ പറയുന്നത് അവർ കുത്തബ്മീനാറും എടുത്തുകൊണ്ട് പോയെന്നാണ്.
നാല് സീനുകളിലുള്ള ഈ ട്രാജിക് കോമഡിയിലൂടെ സഈദ് നഖ്വി രാജ്യത്തെ സമകാലിക സ്ഥിതിഗതികളെക്കുറിച്ചുള്ള ആഖ്യാനമാണ് നിർവഹിച്ചിരിക്കുന്നത്. ഗൃഹാതുരത്വം, വിശ്വാസവഞ്ചന, അരക്ഷിതാവസ്ഥ, അപരവത്കരണം, വിലാപം എന്നിവ നാടകത്തിലുടനീളം നമുക്കനുഭവപ്പെടും. രാജ്യത്തെ മുസ്ലിംകൾ തങ്ങളുടെ സംസാര ഭാഷ , കവിതകൾ, സംഗീതം, ഭക്ഷണം, വസ്ത്രങ്ങൾ, സ്മാരകങ്ങൾ തുടങ്ങി അവരുടെ ശവകുടീരങ്ങളിൽനിന്ന് കുഴിച്ചെടുത്ത തങ്ങളുടെ സാംസ്കാരിക പൈതൃകത്തിന്റെ ശേഷിപ്പുകൾപോലും ബാക്കിവെക്കാതെയാണ്, അപ്രത്യക്ഷമായതെന്നാണ് ഈ നാടകത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
വായനയുടെ വൈകാരിക തലങ്ങളെ ഉലച്ചുകളഞ്ഞ പുസ്തകം വായിച്ചതിന്റെ ചൂടാറും മുമ്പ് തൊട്ടടുത്ത ദിവസം തന്നെ ഡൽഹിയിലുള്ള സഈദ് നഖ്വിയുമായി ഫോണിലൂടെ സംസാരിച്ചു. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ഇന്ത്യൻ സമൂഹം ഇന്ന് എന്തു മാത്രം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു എന്ന് വരച്ചുകാട്ടുകയാണ് താൻ ചെയ്തതെന്നും ഇതിന് കാരണക്കാരായവർ എത്രതന്നെ പ്രകോപിതരായാലും സത്യമറിയുന്നവർ തെറ്റു തിരുത്തട്ടെയെന്നും ഉറച്ചസ്വരത്തിലാണ് അദ്ദേഹം പറഞ്ഞത്. യുക്രെയ്നിലെ റഷ്യൻ കടന്നുകയറ്റത്തെക്കുറിച്ചുള്ള ആകുലതകളും ഫോണിലൂടെ അദ്ദേഹം പങ്കുവെച്ചു. സ്വയം സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ തടവുകാരാണ് ലോകത്തെവിടെയുമുള്ള മനുഷ്യർ. അത്തരമൊരു പ്രതിസന്ധിയിലേക്ക് ഇന്ത്യ ഒരിക്കലും ചെന്നെത്തില്ലെന്ന് അദ്ദേഹം പ്രത്യാശിച്ചു.
തന്റെ ജീവിതയാത്രയിൽ നൂറ്റി പത്തോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അദ്ദേഹം സ്റ്റാർ ടി.വിക്കുവേണ്ടി 'ഇറ്റ്സ് എ സ്മോൾ വേൾഡ്'എന്ന പേരിൽ അന്താരാഷ്ട്ര വാർത്തകളെ സംബന്ധിച്ച പ്രൈം ടൈം പരമ്പരയും 'വേൾഡ് വ്യൂ ഇന്ത്യ'എന്ന പേരിൽ '86 -'87 കാലത്ത് ദൂരദർശൻ സംപ്രേഷണം ചെയ്ത പ്രതിവാര വിദേശകാര്യ ഷോയും അവതരിപ്പിച്ചിട്ടുണ്ട്. തന്റെ നീണ്ട കരിയറിൽ നെൽസൺമണ്ടേല, ഫിദൽ കാസ്ട്രോ, മുഅമ്മർ ഗദ്ദാഫി , ഹെൻറി കിസിഞ്ജർ, ബേനസീർ ഭുട്ടോ, ഹാമിദ് ഖർസായി, ഷിമോൺ പെരസ് തുടങ്ങി നിരവധി ലോക നേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. ബി.ബി.സി ന്യൂസ്, ന്യൂയോർക് ടൈംസ്, വാഷിങ്ടൺ ടൈംസ്, ദ സ്റ്റേറ്റ് മാൻ, ദ ഗാർഡിയൻ ഇന്ത്യൻ എക്സ്പ്രസ് തുടങ്ങി നിരവധി മാധ്യമങ്ങൾക്കു വേണ്ടി കമന്റേറ്ററായും ഫോറിൻ എഡിറ്ററായും എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ആ അനുഭവങ്ങളുടെ പക്വതയും ധീരതയും ഈ പുസ്തകത്തിലെ ഓരോ വാക്കിലും നിറഞ്ഞുനിൽക്കുന്നു.
ഈ കൃതി വായിച്ചുകഴിയുമ്പോൾ നമുക്കറിയാം ആരും എവിടേക്കും പോകുന്നില്ല, പോകുകയുമില്ലെന്ന്. എന്നാലും രാജ്യത്തെ നിലവിലെ അവസ്ഥക്കെതിരെ എഴുത്തുകാരൻ ഉയർത്തുന്ന പ്രതിഷേധത്തിനൊപ്പം ചിന്തിക്കുന്ന ഒാരോ മനുഷ്യനും ചേർന്നുനിൽക്കുമെന്നുറപ്പ്.
mansoorpalloor@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.