നിലകൊള്ളണം, പുടിന്‍റെ സാമ്രാജ്യത്വ നിലപാടിനെതിരെ

രാഴ്ച മുമ്പു വരെ യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ പ്രേരിപ്പിക്കാൻ ശ്രമിക്കുന്ന പാശ്ചാത്യ സഖ്യത്തിലെ ഏറ്റവും ദുർബലമായ കണ്ണിയായിരുന്നു ജർമനി. എന്നാൽ, യൂറോപ്പിലെ അതിസമ്പന്നരായ, റഷ്യയോട് ഏറ്റവുമധികം രാഷ്ട്രീയ അനുഭാവം പുലർത്തുന്ന അവർ ഈ ആഴ്ച പുടിന്റെ യുക്രെയ്ൻ യുദ്ധത്തിനെതിരെ നിലകൊള്ളുന്നതിൽ തങ്ങളുടെ അമേരിക്കൻ- യൂറോപ്യൻ പങ്കാളികൾക്കൊപ്പം ഭാഗധേയം നിർവഹിച്ചു.

ഞായറാഴ്ച പ്രത്യേകം വിളിച്ചു ചേർത്ത ഫെഡറൽ പാർലമെന്റ് സമ്മേളനത്തിൽ പ്രസംഗിച്ച ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് റഷ്യയുടെ യുക്രെയ്ൻ അധിനിവേശം 'യൂറോപ്പിന്റെ വഴിത്തിരിവി'നെ അടയാളപ്പെടുത്തുന്നുവെന്ന് പ്രഖ്യാപിച്ചു. യുക്രെയ്നുമായി സൈനിക ഐക്യദാർഢ്യം, പുടിന്റെ റഷ്യക്കെതിരെ ശിക്ഷ നടപടികൾ, നാറ്റോ മുഖേനയുള്ള സംഘടിത യൂറോപ്യൻ പ്രതിരോധത്തോടുള്ള ശക്തമായ പ്രതിബദ്ധത, ജർമൻ പുനർനിർമാണം, റഷ്യയോടുള്ള ഊർജ,സാമ്പത്തിക പരസ്പരാശ്രിതത്വം കുറക്കൽ എന്നിങ്ങനെ പഞ്ചതല പ്രതികരണമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ജർമനിയുടെ മാത്രമല്ല, യൂറോപ്പിന്റെ തന്നെ ഭൗമരാഷ്ട്രീയക്രമത്തിനു തന്നെ മാറ്റം വരുത്താൻ കെൽപ്പുള്ള മൗലികമായ പുതിയ നയങ്ങളുടെ സഞ്ചയമായിരുന്നു അത്.

റഷ്യയോട് ഇന്ത്യ പുലർത്തിപ്പോരുന്നതിന് സമാനമായ രാഷ്ട്രീയ ഊഷ്മളതയും തന്ത്രപരമായ ആശ്രിതത്വവുമാണ് ദീർഘകാലമായി ജർമനിയും നിലനിർത്തിയിരുന്നത്.

എന്നാൽ, പുടിന്റെ ആക്രമണത്തിനെതിരെ ജർമനിയും യൂറോപ്പും എഴുന്നുനിൽക്കുമ്പോൾ, പുടിന്റെ ബോധരഹിതമായ ചെയ്തിയുടെ അനന്തരഫലമായി ഇന്ത്യക്കും ഏറെ വൈകാതെ നിലപാടെടുക്കേണ്ടി വരും.

ഒരു ആണവശക്തിയെന്ന നിലയിൽ അണ്വായുധശേഷിയെന്ന ശീട്ട് യുക്രെയ്നിന്റെ യുദ്ധക്കളത്തിലേക്കിടാനുള്ള പുടിന്റെ തീരുമാനത്തെ വേറിട്ടുകാണാൻ ഇന്ത്യക്ക് കഴിയില്ല. റഷ്യൻ സാമ്രാജ്യം പുനർനിർമിക്കാനുള്ള തന്റെ ശ്രമം പുടിൻ തുടരുകയാണെങ്കിൽ യൂറോപ്പിലെ ക്രെംലിൻ സാമ്രാജ്യത്വ പദ്ധതിയെ പിന്തുണക്കാനും ഇന്ത്യക്ക് ഒരു കാരണവുമില്ല.

ഇന്ത്യയിലും തെക്കനേഷ്യയിലാകമാനവും റഷ്യക്ക് കാലാകാലമായി നിലനിന്നിരുന്ന പ്രതിച്ഛായ പാശ്ചാത്യ സാമ്രാജ്യത്വത്തിനെതിരായ സ്വാഭാവിക സഖാവ് എന്നതായിരുന്നു. എന്നാലിന്ന് മറ്റൊരു രാജ്യത്തെ നശിപ്പിക്കാനുള്ള പുടിന്റെ ഒരുമ്പെടലിനെതിരെ ഐക്യരാഷ്ട്ര സഭയിൽ നിരവധി വികസ്വര രാജ്യങ്ങൾ പടിഞ്ഞാറൻ ശക്തികൾക്കൊപ്പം ചേരും.

ഇന്ത്യയിൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിലും ഈയിടെ തന്റെ പ്രസംഗങ്ങളിലൊന്നിൽ സോവിയറ്റ് യൂനിയന്റെ സ്ഥാപകനായ വ്ലാദിമിർ ലെനിനെ തള്ളിപ്പറഞ്ഞിരുന്നു. വിപ്ലവാനന്തര റഷ്യയിൽ വൈവിധ്യമാർന്ന ദേശീയതകളുടെ സ്വയംഭരണാവകാശം ഊന്നിപ്പറഞ്ഞതിനാണിത്. സാർ കാല റഷ്യയെ 'ദേശീയതകളുടെ തടവറ' ആയി കണ്ടിരുന്ന ലെനിൻ സോവിയറ്റ് യൂനിയൻ റഷ്യൻ സാമ്രാജ്യത്വത്തിന്റെ കമ്യൂണിസ്റ്റ് പതിപ്പാവരുതെന്നും ദേശീയ റിപ്പബ്ലിക്കുകളുടെ ഫെഡറേഷൻ ആവണമെന്നും നിഷ്കർഷിച്ചിരുന്നു.

സോവിയറ്റ് യൂനിയന്റെ പതനം 20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായി വിശ്വസിക്കുന്ന പുടിൻ ഇപ്പോൾ ശ്രമിക്കുന്നത് യു.എസ്.എസ്.ആറിനെ വീണ്ടെടുക്കാനല്ല, മറിച്ച് സാർ കാല റഷ്യയെ പുനഃസ്ഥാപിക്കാനാണ്. യുക്രെയ്നെയും ബെലറൂസിനെയും ഉപഗ്രഹ ദേശങ്ങളാക്കി മാറ്റുന്നതും മധ്യയൂറോപ്പിനപ്പുറം സ്വാധീനവലയം നിർമിക്കാൻ ശ്രമിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.

ലെനിൻ വേരോടെ പിഴുതെറിയാൻ നോക്കിയ മഹാറഷ്യൻ മേൽകോയ്മാവാദത്തിലൂന്നിയ പുടിന്റെ അതിരുവിട്ട അഭിലാഷങ്ങൾ ഇപ്പോൾ തന്നെ കുഴപ്പത്തിലേക്കാണ് പോകുന്നത്. യുക്രെയ്ൻ ഒരിക്കലും ഒരു രാഷ്ട്രമല്ലെന്നും റഷ്യയുമായി ചേർന്ന് മാത്രമെ അതിനു പരമാധികാരമുണ്ടാവൂ എന്നുമുള്ള പുടിന്റെ വാദം യുക്രെയ്ന്റെ ദേശീയത ആഖ്യാനത്തിലൂടെ ഇതിനകം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. യുക്രെയ്ൻ ഒരു രാഷ്ട്രമായിരുന്നാലും ഇല്ലെങ്കിലും റഷ്യൻ കടന്നുകയറ്റത്തിനെതിരായ ജനകീയ ചെറുത്തുനിൽപ്പിലൂടെ ഇപ്പോഴത് യാഥാർഥ്യമായിരിക്കുന്നു. ബെലറൂസിനെ റഷ്യയിലക്ക് ചേർക്കാൻ പുടിൻ ഏറെക്കാലമായി ശ്രമിച്ചിക്കുന്നു. ജനഹിതത്തിന് വിരുദ്ധമായി പുടിന്റെ ബലത്തിൽ നിൽക്കുന്ന അവിടുത്തെ നിലവിലെ ഭരണത്തിൻ കീഴിൽ അക്കാര്യത്തിൽ അദ്ദേഹത്തിന് വിജയം നേടാനായേക്കാം.

വിദൂരദേശങ്ങളിൽപോയി റഷ്യ കാട്ടിക്കൂട്ടിയ സാഹസങ്ങൾ യൂറോപ്പിലെ അയൽക്കാരെ അലോസരപ്പെടുത്തിയിട്ടുണ്ടാവണമെന്നില്ല. എന്നാൽ, ഒരു യൂറോപ്യൻ രാജ്യത്തിന്റെ പരമാധികാരം തേച്ചുമാച്ചു കളയാനുള്ള ശ്രമം ഭൂഖണ്ഡത്തിൽ കനത്ത തിരിച്ചടിക്ക് വഴിവെച്ചു. യുക്രെയ്നിനെതിരായ റഷ്യൻ ആക്രമണം നേരിടുന്നതിനെച്ചൊല്ലി യൂറോപ് ഭിന്നിക്കപ്പെടുമെന്ന് ക്രെംലിൻ ഉറപ്പിച്ചിരുന്നുവെങ്കിൽ യൂറോപ്പ്യരുടെ മറുപടി അതിവേഗത്തിലും ശക്തിയിലുമായിരുന്നു. റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂനിയൻ സമ്മതിച്ചു, പല യൂറോപ്യൻ രാജ്യങ്ങളും റഷ്യയിലേക്കുള്ള അവരുടെ വ്യോമാതിർത്തി അടച്ചിട്ടു. കൂടാതെ യൂറോപ്പിലെ വിശുദ്ധ ആചാരമായ ഫുട്ബാൾ ഉൾപ്പെടെ പല മേഖലകളിലും മോസ്കോ ഒറ്റപ്പെടുത്തപ്പെട്ടു. ഇടതുപക്ഷ പുരോഗമന വേദികളാവട്ടെ, വലതുപക്ഷ ദേശീയവാദികളാവട്ടെ റഷ്യയുമായി ഊഷ്മമള ബന്ധം പുലർത്തിയിരുന്ന യൂറോപ്പിലെ പല രാഷ്ട്രീയ കൂട്ടായ്മകളും പുടിന്റെ യുദ്ധത്തിൽ നിന്ന് സ്വയം അകന്നുപോകാൻ തുടങ്ങിയിരിക്കുന്നു.

ചില യൂറോപ്യൻ രാജ്യങ്ങൾ യുക്രെയ്ന് ആയുധങ്ങൾ നൽകാൻ തുടങ്ങിയിരിക്കുന്നു, മറ്റു പലരും ഗണ്യമായ സാമ്പത്തിക- മാനുഷിക പിന്തുണ നൽകുന്നു. 550 മില്യൻ ഡോളറിന്റെ ആയുധങ്ങൾ യുക്രെയ്നിനു വേണ്ടി വാങ്ങാൻ യൂറോപ്യൻ യൂനിയൻ തീരുമാനിച്ചിരിക്കുന്നു. യൂറോപ്പിനെ വിഭജിക്കാനും അമേരിക്കയിൽ നിന്ന് അകറ്റുവാനും പണിപ്പെട്ട് നടക്കുന്ന പുടിന്റെ യുക്രെയ്ൻ ആക്രമണം യൂറോപ്പിനെ ഒന്നിപ്പിക്കുകയും പാശ്ചാത്യ സഖ്യത്തെ ഊട്ടി ഉറപ്പിക്കുകയുമാണ് ചെയ്തത്.

പുടിനെ പരാജയപ്പെടുത്താൻ ജർമനിയുടെ വിഭവങ്ങൾ വിനിയോഗിക്കാൻ തീരുമാനിച്ചപ്പോഴും, റഷ്യയുമായുള്ള നയതന്ത്രത്തിനുള്ള വാതിൽ തുറന്നിട്ടിരിക്കുകയാണ് ഷോൾസ്. ജർമനിക്കും യൂറോപ്പിനും റഷ്യൻ ജനതയുമായി പിണക്കമില്ലെന്നും പുടിന്റെ ഉയർത്തെഴുന്നേൽപ് അജണ്ടയാണ് പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി.

കുറച്ച് യൂറോപ്യൻ രാജ്യങ്ങൾ ജർമനിയെപ്പോലെ റഷ്യയോട് അനുഭാവം പുലർത്തിയിരുന്നു. ജർമനി നാറ്റോയുടെ നിർണായക അംഗമായിരുന്നിട്ടും, രാജ്യത്തെ ഉന്നതർ അവരുടെ റഷ്യൻ എതിരാളികളുമായി ആഴത്തിലുള്ള രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക ബന്ധങ്ങൾ വളർത്തിയെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം റഷ്യയുമായുള്ള ജർമൻ വ്യാപാരം 66 ബില്യൺ ഡോളറിനടുത്തായിരുന്നു (ഇതുമായി തട്ടിച്ചു നോക്കുമ്പോൾ ഡൽഹിയും മോസ്കോയും തമ്മിലെ 10 ബില്യൺ ഡോളർ ഇടപാട് വെറും തുച്ഛം). തീർച്ചയായും, ജർമനിക്കില്ലാത്ത വിധത്തിൽ സൈനിക ഉപകരണ വിതരണങ്ങളുടെ കാര്യത്തിൽ ഇന്ത്യ റഷ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു.

യുക്രെയ്ൻ പ്രതിസന്ധി വിഷയത്തിലെ ഐക്യരാഷ്ട്രസഭ വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നതിനെ വിമർശിക്കുന്നവർക്ക് ഇന്ത്യൻ ദേശീയതയും റഷ്യയും തമ്മിലെ ആഴത്തിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് അറിവില്ലായിരിക്കാം. ആയുധ വിതരണവും കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഉരുവപ്പെട്ട ഇന്ത്യയുടെയും റഷ്യയുടെയും താൽപര്യങ്ങളും മാത്രമല്ല ഇതിനുള്ള പ്രശ്നങ്ങൾ. ഒരു നൂറ്റാണ്ടോളം, എല്ലാ വർണങ്ങളിലുമുള്ള ഇന്ത്യൻ പുരോഗമനവാദികളും ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ റഷ്യയെ ഒരു സ്വാഭാവിക സഖ്യകക്ഷിയായി കണ്ടു; അവർ റഷ്യൻ സാഹിത്യവും സംസ്കാരവും രാഷ്ട്രീയവും സാമ്പത്തികവുമായ ആശയങ്ങൾ മുഖ്യധാരാ ഇന്ത്യൻ ചിന്തയിലേക്ക് കൊണ്ടുവന്നു. സ്വാതന്ത്ര്യാനന്തരം, ഇന്ത്യയുടെ ഭൗമരാഷ്ട്രീയ, സുരക്ഷ കണക്കുകൂട്ടലുകളിൽ ഗുണകരമായ ഘടകമായി ദീർഘകാലമായി മോസ്കോയെ നാം കാണുന്നു. എന്നിരിക്കിലും, റഷ്യയോടുള്ള അളവറ്റ ഗുണകാംക്ഷയെ പുടിന്റെ യൂറോപ്പിലെ സ്വയം വിനാശകരമായ സാമ്രാജ്യത്വ പദ്ധതിയിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയ വർഗം വേർതിരിച്ചു കാണേണ്ടതുണ്ട്.

ജർമനിയെയും ഫ്രാൻസിനെയും പോലെ, യൂറോപ്യൻ, ആഗോള ക്രമത്തിൽ റഷ്യ അതിന്റെ ശരിയായ സ്ഥാനം നേടണമെന്ന് ഡൽഹിയും ആഗ്രഹിക്കുന്നു. എന്നാൽ, പ്രസിഡൻറ് പുടിനു കീഴിൽ ഇനിയത് അസാധ്യമാണെന്ന് തോന്നുന്നു.

പുടിൻ എത്രയും പെട്ടെന്ന് നിലപാട് തിരുത്തിയില്ലെങ്കിൽ, അദ്ദേഹത്തിന്റെ അവിഹിത അഭിലാഷത്തിന് റഷ്യ കനത്ത വില നൽകേണ്ടിവരും. ഈ നാശത്തിന്റെ പാതയിൽ പുടിനൊപ്പം നിൽക്കാൻ ഇന്ത്യക്ക് ഒരു ബാധ്യതയുമില്ല. പുടിനും റഷ്യയും ഒരുപോലെയല്ലെന്ന് തിരിച്ചറിയണം. റഷ്യയെപ്പോലുള്ള ഒരു മഹത്തായ രാഷ്ട്രം അതിജീവിക്കുമെന്ന് ഇന്ത്യ പ്രത്യാശിക്കണം, ഒരു മുട്ടാളന്റെ അതിമോഹങ്ങൾക്കും ഭയാനകമായ തെറ്റായ കണക്കുകൂട്ടലുകൾക്കും ദീർഘകാല ബന്ദിയാവേണ്ടതില്ലയെന്നും.

(ഡൽഹിയിലെ ഏഷ്യ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ ഫെലോയും ഇന്ത്യൻ എക്സ്പ്രസ് കോൺട്രിബ്യൂട്ടിങ് എഡിറ്ററുമാണ് ലേഖകൻ)

Tags:    
News Summary - Must stand against Putin's imperialist stance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.