ഫ്രഞ്ച് നാടകകൃത്തായ ജീൻ അനോൽ, സോഫോക്ലീസിെൻറ ആൻറിഗണിയെ അധികരിച്ചെഴുതിയ നാടകം, മൂലപാഠത്തെക്കാൾ രാഷ്ട്രീയ അർഥധ്വനികളാൽ സമ്പന്നമാണ്. ഫ്രഞ്ച് ആഭ്യന്തര യുദ്ധ സമരെത്ത ഫാഷിസ്റ്റ് സർക്കാറിനെതിരായ സമര സമയത്തെഴുതപ്പെട്ട നാടകം അതിെൻറ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത് ഒരു മൃതദേഹത്തെയാണ്. സ്വന്തം സഹോദരെൻറ മൃതദേഹം മാന്യമായി മറവുചെയ്യാൻ പോരാടുന്ന ആൻറിഗണിക്ക് അപാരമായ മാനങ്ങൾ കൈവരുന്നുണ്ട് അന്നത്തെ ഫ്രഞ്ച് പരിതസ്ഥിതിയിൽ. സ്വന്തം ജന്മസ്ഥലമായ തെബ്സിൽ തെൻറ മൃതദേഹം മറവ് ചെയ്യപ്പെടണം എന്നാണ് ആൻറിഗണിയുടെ സഹോദരനായ പോളിനീസസ് ആഗ്രഹിക്കുന്നത്. എന്നാൽ, മരണശേഷം സ്വശരീരം എന്തായിത്തീരണം എന്ന പോളിനീസസിെൻറ ആഗ്രഹം, അട്ടിമറിക്കപ്പെടുന്നത് അയാൾ രാജാവിനെതിരെ/നിലനിൽക്കുന്ന അധികാരത്തിനെതിരെ സമരംചെയ്തു എന്നതുകൊണ്ടുതന്നെയാണ്. എല്ലായ്പോഴും അധികാരം ജീവിച്ചിരിക്കുന്നവരെക്കാളും മരിച്ചവരെ ഭയപ്പെടുന്നുണ്ട്; അത് തെബ്സിലും കാലദേശങ്ങൾക്കിപ്പുറത്ത് ഇന്നത്തെ കൊടുങ്ങല്ലൂരിലായാലും.
ടി.എൻ. ജോയ് നജ്മൽ ബാബു ആയി മാറുന്നത്, ഹിന്ദുത്വഫാഷിസ്റ്റ് അധികാരരൂപത്തിനെതിെര, അതിനെ നിർമിക്കുകയും നിലനിർത്തുകയും ചെയ്യുന്ന പൊതുബോധത്തിനെതിരായാണ്. ആ സമരത്തിെൻറ ഭാഗമായാണ് പുരാതനമായ ചേരമാൻ മസ്ജിദിൽ മറവ് ചെയ്യപ്പെടണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത്. പക്ഷേ, ആ ആഗ്രഹം പ്രകടിപ്പിക്കുന്ന സമയത്ത് അദ്ദേഹം മുസ്ലിം ആയിട്ടുണ്ടായിരുന്നില്ല. ഒരു പക്ഷേ, ആ ആഗ്രഹത്തിെൻറ വളർച്ചയിലും ഫലപ്രാപ്തിയിലും ആയിരിക്കണം അദ്ദേഹം മുസ്ലിം ആകുന്നത്. അപ്പോഴേക്കും ആ തീരുമാനത്തിന് വിശ്വാസപരമായ ഒരു പ്രതലം രൂപപ്പെട്ടിട്ടുണ്ടായിരുന്നു. എത്രത്തോളം എന്ന് ചോദിച്ചാൽ അതിനെ കേവലം പൊളിറ്റിക്കൽ ആയി ചുരുക്കാൻ പറ്റാത്തത്ര. അവിടെ വെച്ചാണ്, അദ്ദേഹം പരലോകത്തെക്കുറിച്ച് സംസാരിക്കുന്നത്. രാഷ്ട്രീയം എന്ന് പറയുന്നത് ഇഹലോകത്ത് അവസാനിക്കുന്ന ഒന്നാണല്ലോ. എന്നാൽ, ഇത്രയൊക്കെയായിട്ടും നജ്മൽ ബാബുവിന് എന്തുകൊണ്ട് അദ്ദേഹം ആഗ്രഹിച്ച രീതിയിലുള്ള ഒരു അന്ത്യയാത്ര അനുവദിക്കപ്പെട്ടില്ല എന്നതുതന്നെയാണ് പ്രസക്തമായ ചോദ്യം.
അത്തരം ആഗ്രഹം നിഷേധിക്കപ്പെടുന്ന ആദ്യത്തെ ആളല്ല നജ്മൽ ബാബു. ഇതേ കൊടുങ്ങല്ലൂരിൽ വെച്ച്, മുസ്ലിമായ സൈമൺ മാസ്റ്റർക്ക് ഇതേ ദുര്യോഗം സംഭവിച്ചിരുന്നു. ഇവരിൽനിന്നെല്ലാം, നജ്മൽ ബാബുവിെൻറ കാര്യത്തെ വ്യതിരിക്തമാക്കുന്നത് അദ്ദേഹത്തിേൻറത് ‘‘ഒരു പരമ്പരാഗത യുക്തിവാദ കുടുംബമാണെന്നതാണ്.പരമ്പരാഗത യുക്തിവാദ കുടുംബം’ എന്ന് പറയുമ്പോൾ അത് പാരമ്പര്യത്തിലധിഷ്ഠിതമായ ജാതിയുടെതന്നെ മറ്റൊരു രൂപമാണ്. മൃതദേഹവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളോട്, ആ കുടുംബം പ്രതികരിച്ചത് തങ്ങളുടേത് പാരമ്പര്യമായ ഹൈന്ദവ ആചാരങ്ങൾപോലും പാലിക്കാത്ത ഉയർന്ന യുക്തിചിന്തയുള്ള കുടുംബമാണെന്നും അപ്പോൾ പിന്നെ മുസ്ലിംകളുടേതുപോലുള്ള ആചാരങ്ങൾക്ക്, തങ്ങളുടെ കുടുംബത്തിൽപെട്ട ഒരു അംഗത്തിെൻറ മൃതദേഹം എങ്ങനെ വിട്ടുകൊടുക്കുമെന്നുമാണ്. അവിടെയും പ്രവർത്തിക്കുന്നത്, മരിച്ച ആളുടെ ഹിതത്തിന് ഒരുവിധ പ്രാമുഖ്യവും കൊടുക്കാത്ത യുക്തിവാദവംശാഭിമാനത്തിലാണ്.
അതിനുശേഷം, അതേ യുക്തിവാദകുടുംബം മറവുചെയ്ത അസ്ഥി പെറുക്കിയെടുത്ത് സമുദ്രത്തിൽ നിമജ്ജനം ചെയ്ത് അസ്ഥി സഞ്ചയനവും നടത്തുകയായിരുന്നു. (ക്ഷേത്രത്തിനകത്ത് കാമുകി കാമുകൻമാർ പരസ്പരം മാല കൈമാറി മതേതര വിവാഹം നടത്തുന്ന, കേരളീയ സെക്കുലർ പരിസരത്തിൽ അതൊട്ടും അത്ഭുതകരമായിരിക്കില്ല. അല്ലെങ്കിൽതന്നെ, മതേതരത്വത്തിൽ പ്രവേശനം നേടണമെങ്കിൽ, നിർബന്ധമായും നാം ചെയ്യേണ്ട ആചാരം നിലവിളക്ക് കൊളുത്തൽ ആണല്ലോ. ആ അസ്ഥിസഞ്ചയനത്തിൽ അടങ്ങിയിരിക്കുന്ന അപാരമായ ഹിംസ നജ്മൽ ബാബു, ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിനെതിരെ, പ്രയോഗിക്കപ്പെടണം എന്നാഗ്രഹിച്ച ആ മൃതദേഹം തന്നെ, ആ അസ്ഥി സഞ്ചയനത്തിലൂടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിെൻറ പ്രയോഗമാക്കി മാറ്റപ്പെട്ടു എന്നുള്ളതാണ്. നജ്മൽ ബാബുവിെൻറ കുടുംബം അദ്ദേഹത്തോട് ഇപ്രകാരമാണ് അനീതി പ്രവർത്തിച്ചതെങ്കിൽ, അദ്ദേഹത്തിെൻറ അടുത്ത സുഹൃത്തുക്കളായ പലരും അദ്ദേഹത്തിെൻറ അന്ത്യാഭിലാക്ഷം നടപ്പാക്കുന്നതിനോട് വേണ്ടവിധത്തിൽ നീതി നടപ്പാക്കിയില്ലാ എന്നുതന്നെ പറയേണ്ടി വരും.
ആ സുഹൃത്തുക്കളിൽ ചിലർതന്നെയാണ് ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് പള്ളിയും വേണ്ട അമ്പലവും വേണ്ട അതൊരു ആർക്കൈവ് ആയി മാറട്ടെ എന്ന വിചിത്രമായ ആ പഴയ സമവായയുക്തിയെ പിൻപറ്റി, മൃതദേഹം പള്ളിയിലും വീട്ടിലും സംസ്കരിക്കപ്പെടേണ്ടതില്ല പകരം അദ്ദേഹം പ്രവർത്തിച്ചിരുന്ന പാലിയേറ്റിവ് സെൻററിൽ സംസ്കരിക്കപ്പെടട്ടെ എന്ന നിർദേശം മുന്നോട്ടുവെച്ചത്. അദ്ദേഹത്തെ മരണദിവസം അനുസ്മരിച്ച് ആദ്യകാല സഹപ്രവർത്തകരിൽ പലരും സംസാരിച്ചത്, നിസ്സാരമായ കേവല പ്രതിഷേധമാണ് ആ ഇസ്ലാംമത ആശ്ലേഷം എന്ന നിലക്കാണ്. അവരെ സംബന്ധിച്ച് ടി.എൻ. ജോയ് ഒരു പൂർണ മനുഷ്യനും നജ്മൽ ബാബു ടി.എൻ. ജോയിയുടെ അവസാനകാലത്തെ അസംബന്ധ അവതാരവും ആണ്. ഹിന്ദു മിഥോളജിയിൽ പൂർണാവതാരവും അംശാവതാരങ്ങളും എന്ന പരികൽപന സർവസാധാരണമാണല്ലോ.
എല്ലായ്പോഴും ജോയ് ഉണ്ടാകണമെന്ന് ആഗ്രഹിച്ച മുസ്ലിം സാന്നിധ്യത്തെ, അത്തരം അനുസ്മരണത്തിൽനിന്ന് തിരസ്കരിക്കുക കൂടി ചെയ്തതോടെ ആ തമസ്കരണം പൂർണമായി. അങ്ങനെ ഒരു മനുഷ്യെൻറ ആഗ്രഹത്തെ അയാളുടെ കുടുംബം, കൂട്ടുകാർ എല്ലാവരും ചേർന്ന് എങ്ങനെ പലവട്ടം കൊല്ലുമെന്ന് തന്നെയാണ് കാണിച്ച് തന്നത്. ഹിന്ദുത്വ വ്യവഹാരത്തിന് എതിരായ ഏറ്റവും ഉയർന്ന സമരരൂപം എന്നത് മുസ്ലിം ആകുക എന്നതുതന്നെയാണ്. അതു തന്നെയാണ് നജ്മൽ ബാബു ചെയ്തത്. അതിനാൽ തന്നെയാണ് അത്തരം അപമാനങ്ങളിലൂടെതന്നെ അന്ത്യയാത്രയിലും കടന്നുപോകേണ്ടി വന്നത്.
സ്വന്തം സഹോദരെൻറ മൃതദേഹത്തെ മാന്യമായി മറവുചെയ്യാൻ എന്ന ന്യായയുക്തമായ ആവശ്യം ഉന്നയിച്ച ആൻറിഗണിക്ക്, അഭിമുഖീകരിക്കേണ്ടി വന്നത്, സ്റ്റേറ്റിനെ അതിെൻറ അധികാര രൂപത്തെ-അതിെൻറ മർദനോപകരണങ്ങളെയാണ്. അതിനെ ആൻറിഗണി നേരിടുന്നത് സ്റ്റേറ്റിെൻറ നിയമത്തെക്കാൾ വലുതല്ലേ, ദൈവത്തിെൻറ നിയമം എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ്. അതെ ആൻറിഗണിയുടെ ആകുലതകൾ എല്ലായിടത്തും ഒന്നുതന്നെയാണ്. അതിപ്പോൾ തെബ്സിലായാലും മുസിരിസിലായാലും. മുസിരിസ് പേരുമാറ്റിയ കൊടുങ്ങല്ലൂരിലായാലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.