ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തി മലബാറിലെ ദേശീയ പ്രസ്ഥാനം. ഒന്നാം ലോക യുദ്ധാനന്തരമാണ് ദേശീയ പ്രസ്ഥാനം മലബാറിൽ ശക്തമാകുന്നത്. നിസ്സഹകരണ പ്രക്ഷോഭത്തിന്റെ തുടക്കം അതിന് ആക്കംകൂട്ടുകയും ചെയ്തു. 1910ൽ ജില്ല കോൺഗ്രസ് കമ്മിറ്റി മലബാറിൽ രൂപവത്കരിച്ചു. എന്നാൽ, സംഘടനക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. ആനി ബസന്റിന്റെ ഹോം റൂളായിരുന്നു 1915ൽ മലബാറിൽ ഉണ്ടായിരുന്ന ദേശീയ പ്രസ്ഥാനം. ഒന്നാം മലബാർ ജില്ലാ സമ്മേളനം 1916ൽ പാലക്കാട് ആനി ബസന്റിന്റെ അധ്യക്ഷതയിൽ നടന്നു. ഇന്ത്യക്ക് സ്വയംഭരണം വേണമെന്നുള്ള പ്രമേയം കെ.പി. കേശവ മേനോൻ അവതരിപ്പിച്ചു.
തുടർ വർഷങ്ങളിൽ കോഴിക്കോട്, തലശ്ശേരി, വടകര, മഞ്ചേരി എന്നിവിടങ്ങളിൽ ജില്ലാ സമ്മേളനങ്ങൾ നടന്നു. ഭരണ പരിഷ്കരണം, കുടിയാൻ പ്രശ്നം, ഖിലാഫത്ത് തുടങ്ങി വിഷയങ്ങൾ ചർച്ചചെയ്ത കസ്തൂരിരംഗ അയ്യങ്കാറുടെ അധ്യക്ഷതയിൽ നടന്ന മഞ്ചേരി സമ്മേളനത്തിൽനിന്ന് ആനി ബസന്റും അനുയായികളും ഇറങ്ങിപ്പോയി. സംസ്ഥാന അടിസ്ഥാനത്തിൽ കോൺഗ്രസ് പുനഃസംഘടിപ്പിക്കാനുള്ള നാഗ്പുർ സമ്മേളന തീരുമാനപ്രകാരം കേരള സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു.
1921 ജനുവരി 31ന് കോഴിക്കോട് ചേർന്ന കോൺഗ്രസ് പ്രതിനിധികളുടെ യോഗം കേരള പ്രൊവിൻസ് കോൺഗ്രസ് കമ്മിറ്റി രൂപവത്കരിച്ചു. ആദ്യം മലബാറിലെ എല്ലാ താലൂക്കുകളിലും കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിക്കപ്പെട്ടു. ഈ സമയത്ത് തന്നെ കേരള പ്രൊവിൻസ് ഖിലാഫത്ത് കമ്മിറ്റിയും രൂപവത്കരിക്കപ്പെട്ടു. പ്രധാന പട്ടണങ്ങളിലും ഉൾനാടുകളിലും കോൺഗ്രസിന്റെയും ഖിലാഫത്തിന്റെയും കമ്മിറ്റികൾ രൂപവത്കരിക്കപ്പെട്ടു. ഇതിനായി യോഗങ്ങൾ ചേർന്നു. 1921ന്റെ തുടക്കത്തിൽ കോൺഗ്രസിന്റെയും ഖിലാഫത്തിന്റെയും കുടിയാൻ പ്രസ്ഥാനത്തിന്റെയും പ്രവർത്തനം മൂർധന്യത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.