നാടിനെക്കുറിച്ച് നമുക്ക് ഒരുമിച്ചു പറയാം -പി.എ. മുഹമ്മദ് റിയാസ്

സ്വന്തം നാടിനും നഗരത്തിനും അപ്പുറത്തേക്ക് നിരന്തരം യാത്രകൾ ചെയ്യുമ്പോഴാണ് നാം കാണാത്ത ആളുകളെ കാണുന്നത്, കാണാത്ത സ്ഥലങ്ങൾ കാണുന്നത്, കഴിക്കാത്ത ഭക്ഷണങ്ങളുടെ രുചി അറിയുന്നത്, അറിയാത്ത ജീവിതങ്ങൾ തൊട്ടറിയുന്നത്. എല്ലാറ്റിനുമപ്പുറം നമ്മൾ അതുവരെ കഴിഞ്ഞ ലോകം എത്ര ചെറുതായിരുന്നു എന്ന് തിരിച്ചറിയുന്നത്. ഈ തിരിച്ചറിവിൽനിന്നാവണം മനുഷ്യൻ നൂറ്റാണ്ടുകൾക്കുമുമ്പേ മറുനാടുകൾ അന്വേഷിച്ചു യാത്ര തുടങ്ങിയത്.

ഇന്ന് ദേശീയ വിനോദസഞ്ചാര ദിനമാണല്ലോ. ഇപ്പോൾ നമ്മൾ സഞ്ചരിക്കുന്നത് വിനോദത്തിനുവേണ്ടി മാത്രമായല്ല. ചെല്ലുന്ന നാടി​െൻറ ചരിത്രവും സംസ്കാരവും ഭക്ഷണ വൈവിധ്യം അറിയലും എല്ലാം ഉൾപ്പെടുന്നതാണത്. നമ്മുടെ നാട് കാണാൻ വരുന്ന വിദേശ, ആഭ്യന്തര സഞ്ചാരികൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിക്കാനും അവിസ്മരണീയമായ ആതിഥ്യം അരുളാനുമാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. വിനോദസഞ്ചാരവും അതി​െൻറ സാധ്യതകളും വളരുമ്പോൾ നമ്മുടെ നാടിനും നാട്ടുകാർക്കും പ്രത്യക്ഷമായും പരോക്ഷമായും അതി​െൻറ ഗുണഫലങ്ങൾ ലഭിക്കണമെന്ന്​ സർക്കാറിന് നിർബന്ധമുണ്ട്. മഹാമാരിയുടെ മൂന്നാം വരവ് സൃഷ്ടിച്ച അനിവാര്യമായ നിയന്ത്രണങ്ങൾക്ക് നടുവിലാണ് നാം ഇതെല്ലം പറയുന്നത്. പക്ഷേ, ഏതു തരംഗത്തെയും നേരിടാനുള്ള സജ്ജീകരണങ്ങൾ എല്ലാ മേഖലയിലും സർക്കാർ ഒരുക്കിയിട്ടുണ്ട്. സുരക്ഷിത കേരളം, സുരക്ഷിത ടൂറിസം എന്ന ആശയം മുന്നോട്ടുവെച്ചു. ആരോഗ്യവകുപ്പി​െൻറ സഹായത്തോടെ ടൂറിസം കേന്ദ്രങ്ങൾ നൂറു ശതമാനം വാക്സിനേറ്റഡ് ആക്കാൻ മുൻകൈ എടുത്തു. കാരവൻ ടൂറിസം, ബയോ ഡൈവേഴ്സിറ്റി സർക്യൂട്, മലബാർ ലിറ്റററി സർക്യൂട്, അഗ്രി ടൂറിസം നെറ്റ് വർക്ക്, ഇൻ കാർ ഡൈനിങ് തുടങ്ങിയവ വിനോദസഞ്ചാര മേഖലയിൽ ഈ സർക്കാർ അഭിമാനത്തോടെ അവതരിപ്പിച്ച നൂതന പദ്ധതികളാണ്.

ഹൗസ് ബോട്ടിനുശേഷം കേരള ടൂറിസം അവതരിപ്പിക്കുന്ന കാരവൻ ടൂറിസം മുഖേന അധികമാരും കടന്നുചെന്നിട്ടില്ലാത്ത ഇടങ്ങളിലേക്ക്​ യാത്ര സാധ്യമാക്കുന്നു. ഇത്​ പ്രാദേശിക തൊഴിൽ സാധ്യത വർധിപ്പിക്കും. സഞ്ചാരികൾക്ക് പ്രാദേശികമായി ഭക്ഷണം നൽകാനുള്ള സംവിധാനം ഒരുക്കാം. പ്രാദേശിക കലാരൂപങ്ങളെ പരിചയപ്പെടുത്താം, സുരക്ഷ ഒരുക്കാൻ പ്രത്യേക പരിശീലനം നൽകി യുവജനങ്ങളെ സജ്ജമാക്കാം, അങ്ങനെ ഒരു പ്രദേശത്തെ ജനങ്ങളുടെ ആഗ്രഹമായി ടൂറിസം വളരും. ആഭ്യന്തര വിനോദസഞ്ചാരം ശക്തിപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഓരോ പ്രദേശത്തും ഒന്നിൽ കുറയാത്ത വിനോദ സഞ്ചാര കേന്ദ്രം വികസിപ്പിക്കുക എന്നതും പ്രധാന ഉദ്ദേശ്യമാണ്. കാർഷിക സംസ്കൃതിയെ അനുഭവിച്ചറിയാൻ വിനോദസഞ്ചാരവുമായി ബന്ധിപ്പിക്കുന്ന അഗ്രി ടൂറിസം ശൃംഖലയും അത്തരമൊരു ഇടപെടലാണ്. ഇവിടെ കർഷകരുടെ വിപണിയിലേക്കുള്ള വഴിയായി കൂടി ടൂറിസം മാറും. സഞ്ചാരികളുടെ അഭിരുചിക്കനുസരിച്ച് നീങ്ങുക മാത്രമല്ല ടൂറിസം. നമ്മുടെ സവിശേഷതകളിലേക്ക് സഞ്ചാരികളെ ആകർഷിക്കുകയും ടൂറിസത്തി​െൻറ ലക്ഷ്യമാണ്. നമ്മുടെ പ്രത്യേകതകൾ സഞ്ചാരികൾക്കുകൂടി അനുഭവവേദ്യമാക്കണം. അതിനുതകുന്ന ചുവടുവെപ്പാണ് സ്ട്രീറ്റ് പദ്ധതി. നമ്മുടെ ഭക്ഷണവും കലയും സംസ്കാരവും എല്ലാം സഞ്ചാരികളുടെ ഹൃദയം തൊടണം.

കേരളത്തെ ആകെ ടൂറിസം ഡെസ്റ്റിനേഷനാക്കി ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. ജനങ്ങളെ യോജിപ്പിച്ച് നല്ല ടൂറിസം സംസ്കാരം വളർത്തിയെടുക്കാനാകും. നമുക്കൊരുമിച്ച് നമ്മുടെ നാടിനെക്കുറിച്ച് ലോകത്തോട് അഭിമാനത്തോടെ പറയാൻ കഴിയണം.

Tags:    
News Summary - National Tourism Day article by minister PA muhammed riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.