അമൃത്സറിൽനിന്ന് കുറച്ചുദിവസമായി കേൾക്കുന്നൊരു ചോദ്യമുണ്ട്: പഞ്ചാബിെൻറ യഥാർഥ ക്യാപ്റ്റൻ ഇപ്പോൾ ആരാണ്? പാർട്ടിയുടെ പ്രതിയോഗികൾപോലും 'ക്യാപ്റ്റൻ' എന്ന് വിളിക്കുന്ന സാക്ഷാൽ അമരീന്ദറോ, അതോ ക്രൗഡ് പുള്ളർ സിദ്ദുവോ? നിയമസഭ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെ, പാർട്ടിക്കുള്ളിൽ ക്യാപ്റ്റൻസിക്കായി ഇവർ തമ്മിൽ കിടമത്സരം തന്നെ നടക്കുന്നുണ്ടത്രേ. ഇൗ 80ാം വയസ്സിലും തൽസ്ഥാനം നിലനിർത്തി ഒരഞ്ചു വർഷം കൂടി മുഖ്യമന്ത്രി കസേരയിലിരിക്കാൻ 'ക്യാപ്റ്റൻ' കിണഞ്ഞു പണിയെടുക്കുേമ്പാഴാണ്, സിക്സർ സിദ്ദുവിെൻറ സ്വതഃസിദ്ധമായൊരു പുൾ ഷോട്ട്. ടിയാൻ, ഹൈകമാൻഡ് വഴിയാണ് പതിവുപോലെ ഇക്കുറിയും ബാറ്റു വീശിയത്. സംഗതി സക്സസ്. നെഹ്റു കുടുംബത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പുതിയ ഇന്നിങ്സിന് തുടക്കമിട്ടിരിക്കുകയാണ് 'സിക്സർ സിദ്ദു'. സർക്കാറിെൻറ തലപ്പത്ത് ക്യാപ്റ്റൻ തുടരുേമ്പാൾ പാർട്ടിയെ സിദ്ദു നയിക്കെട്ട എന്നാണ് മുകളിൽനിന്നുള്ള ഉത്തരവ്. നാലു വർഷം മുമ്പ് പാർട്ടിയിലെത്തിയ സിദ്ദുവാണ് ഇനി പഞ്ചാബ് പി.സി.സി പ്രസിഡൻറ്. ഒരു ഭാഗ്യാന്വേഷിയുടെ രാഷ്ട്രീയ യാത്ര തൽക്കാലം ഇവിടെവരെ എത്തിനിൽക്കുന്നു. തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുകയാണ് പ്രഥമദൗത്യം. ഗോദയുണരാൻ ദിവസങ്ങൾ ഇനിയുമുണ്ട്. അതിനുമുമ്പ് 'ഉൾപ്പാർട്ടി ബലപരീക്ഷണ'ത്തിെൻറ നാളുകളാണ്. സിദ്ദുവിെൻറ സ്ഥാനാരോഹണചടങ്ങ് തന്നെ അതിെൻറ ഉദ്ഘാടനവേദിയായി.
പാർട്ടിയിലെത്തിയ നാൾ മുതൽതന്നെ, 'ക്യാപ്റ്റനു'മായി ഉടക്കിലാണ്. പണ്ട് കേരളത്തിലെ വി.എസ്-പിണറായി പോലെയാണിപ്പോൾ പഞ്ചാബിലെ കാര്യങ്ങൾ. കഴിഞ്ഞ നാലു വർഷവും നല്ല പോരായിരുന്നു. അതുകാരണം, സിദ്ദുവിന് മന്ത്രിസ്ഥാനംവരെ പോയി. ഗ്രൂപ്പിസവും പോരാട്ടവുമൊക്കെ നടക്കുന്നതിനിടെയാണ് സിദ്ദു ഒരിക്കൽകൂടി ഡൽഹിയിൽ രാഹുലിനെയും സോണിയയെയും കണ്ടത്. വല്ല താക്കോൽ സ്ഥാനത്തും ഇരുത്തിയില്ലെങ്കിൽ വേറെ പാർട്ടി നോക്കുമെന്ന് കെജ്രിവാളിനെയും മറ്റുമൊക്കെ വെറുതെ ചൂണ്ടിക്കാണിച്ച് പറയാതെ പറയുകയും ചെയ്തു. താക്കോൽ സ്ഥാനം ഏതെന്നും വ്യക്തം. അവിടെയാണെങ്കിൽ സുനിൽകുമാർ ഝക്കർ എന്ന നിർദോഷിയാണ് അഞ്ചു വർഷമായി ഇരിക്കുന്നത്. ആളൊരു പരാതിക്കാരനല്ലാത്തതിനാൽ കാര്യങ്ങളൊക്കെ വേഗത്തിൽ നടന്നു. അമരീന്ദർ എന്തുപറയും എന്നതു മാത്രമായിരുന്നു ആശങ്ക. നാലു മാസമായി ഇരുവരും പരസ്രം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, സിദ്ദുവിനെയടക്കം ഞെട്ടിച്ചു സ്ഥാനാരോഹണചടങ്ങിന് 'ക്യാപ്റ്റൻ' എത്തി; അതോടെ അസ്വാരസ്യങ്ങളുടെ കാർമേഘങ്ങളൊഴിഞ്ഞുവെന്നു ധരിച്ചവർക്ക് തെറ്റി. അത്രക്കും ഗംഭീരമായിരുന്നു ആശംസ പ്രസംഗം. അതിലെ ഒരു ഭാഗമിങ്ങനെ: ''സിദ്ദു ജനിക്കുേമ്പാൾ ഞാൻ ചൈന അതിർത്തിയിൽ പ്രവർത്തിക്കുകയാണ്. അക്കാലത്ത് എെൻറ മാതാവ് പാർട്ടിയുടെ ജില്ല പ്രസിഡൻറാണ്; സിദ്ദുവിെൻറ പിതാവ് അന്ന് സെക്രട്ടറിയും. അവരൊക്കെയാണ് പത്തു വർഷത്തിനുശേഷം എന്നെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നത്. അന്ന് സിദ്ദുവിന് ആറു വയസ്സുണ്ടാകും''. സിദ്ദു വള്ളിട്രൗസറിട്ടു നടക്കുന്ന കാലം മുതലേ താനീ പണി തുടങ്ങിയിട്ടുണ്ടെന്ന് പച്ച മലയാളം. സിദ്ദുവിെൻറ പിതാവിെന അമരീന്ദർ സ്മരിക്കാൻ വേറെയും കാരണമുണ്ട്. പി.സി.സി അധ്യക്ഷനായുള്ള തീരുമാനം വന്നയുടൻ സിദ്ദു ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത് പിതാവ് സർദാർ ബൽവന്ദ് സിങ് നെഹ്റുവിനൊപ്പം നിൽക്കുന്ന ഒരു ഫോേട്ടാ പങ്കുവെച്ചുകൊണ്ടായിരുന്നു. പാർട്ടിയിലെത്തിയിട്ട് വർഷം അഞ്ച് തികഞ്ഞിട്ടില്ലെങ്കിലും തനിക്കുമുണ്ടൊരു 'നെഹ്റുവിയൻ പാരമ്പര്യം' എന്നു കാണിക്കാനാണ് ഇൗ പോസ്റ്റ് എന്ന് നൂറു തരം. അതിൽ ശരിയുമുണ്ട്. ബൽവന്ത് സിങ് ക്രിക്കറ്റ് കളിക്കാരൻ മാത്രമായിരുന്നില്ല; സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു. ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തിന് ഒരിക്കൽ വധശിക്ഷ വിധിച്ചിട്ടുമുണ്ട്. പക്ഷേ, എന്തോ കാരണത്താൽ അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നുവേത്ര. ഇതൊക്കെ സിദ്ദുവിനേക്കാൾ കൃത്യമായി അറിയുന്നയാളാണ് അമരീന്ദർ. അപ്പോൾ, ബൽവീന്ദറിനേക്കാളും പാരമ്പര്യമുള്ള ഒരാളെ സ്വന്തം കുടുംബത്തിൽനിന്നും അവതരിപ്പിക്കാതെ മാർഗമില്ല. ബൽവീന്ദറിനെ രാഷ്ട്രീയം പഠിപ്പിച്ച തെൻറ മാതാവ് മെഹ്താബ് കൗർ അവിടെ അനുസ്മരിക്കപ്പെടുന്നത് അങ്ങനെയാണ്.
പിതാവിെൻറ രാഷ്ട്രീയ പാരമ്പര്യമൊക്കെ സിദ്ദു വലിയ വായിൽ പറെഞ്ഞങ്കിലും, ബൽവീന്ദറിന് മകനെ ക്രിക്കറ്റ് കളിക്കാരനാക്കണമെന്നായിരുന്നു ആഗ്രഹം. ചെറുപ്പത്തിൽ സിദ്ദുവിനുമുണ്ടായിരുന്നു പിതാവിനെപ്പോലെ ക്രിക്കറ്റ് ഭ്രാന്ത്. 18ാം വയസ്സിൽ പഞ്ചാബിനുവേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. രണ്ടു വർഷത്തിനുള്ളിൽതന്നെ ദേശീയ ജഴ്സിയുമണിഞ്ഞു. ഇന്ത്യയിലെത്തിയ വെസ്റ്റിൻഡീസ് ടീമിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. പക്ഷേ, മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയി. അതിൽപിന്നെ, നാലു വർഷത്തിനുശേഷമാണ് വീണ്ടും ഇന്ത്യൻ ടീമിലെത്തിയത്. '87ലെ ലോകകപ്പ് ക്രിക്കറ്റിലൂടെയാണ് ഏകദിന ക്രിക്കറ്റിലെത്തിയത്. ആ സീരീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ടൂർണമെൻറിൽ ഏറ്റവും കൂടുതൽ സിക്സർ പറത്തിയത് സിദ്ദുവായിരുന്നു. അങ്ങനെയാണ് 'സിക്സർ സിദ്ദു'െവന്ന പേരു വന്നത്. തുടർച്ചയായി നാലു മത്സരങ്ങളിൽ അർധ സെഞ്ച്വറിയുമടിച്ച് റെക്കോഡുമിട്ടു. 11 വർഷമാണ് ക്രിക്കറ്റ് കരിയർ നീണ്ടത്. 136 ഏകദിനങ്ങളിലും 51 ടെസ്റ്റുകളിലും ഇന്ത്യയെ പ്രതിനിധാനം ചെയ്തു. '99ൽ വിരമിച്ചു. പിന്നെ ക്രിക്കറ്റ് കമേൻററ്റർ, റിയാലിറ്റി ഷോ ജഡ്ജ് തുടങ്ങിയ മേഖലകളിൽകൂടി കൈയൊപ്പ് ചാർത്തിയശേഷമാണ് രാഷ്ട്രീയത്തിൽ വന്നത്.
2004ലെ ലോക്സഭ തെരഞ്ഞെടുപ്പിെൻറ ആരവങ്ങളിലേക്ക് രാജ്യം കാലെടുത്തുവെക്കുന്ന നേരമായിരുന്നു. 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യവുമായി അവസാനവട്ട ശ്രമെമന്ന നിലയിൽ വാജ്പേയിയും കൂട്ടരും തെക്കുവടക്ക് ഒാടുകയാണ്. ആ ഒാട്ടത്തിനിടയിലാണ് അമൃത്സറിെൻറ മാണിക്യമായി സിദ്ദുവിനെ ബി.ജെ.പി അവതരിപ്പിച്ചത്. ഭരണം പോയെങ്കിലും സിദ്ദുവിെൻറ ഭാഗ്യജാതകം തെളിഞ്ഞു; പാർലമെൻറിലെത്തി. 1988ൽ നടന്നൊരു കൊലപാതകത്തിൽ പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് രണ്ടു വർഷത്തിനുശേഷം രാജിവെച്ചു. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിലും 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിലും വിജയക്കൊടി പാറിച്ചു. എന്നാൽ, 2014ൽ ബി.ജെ.പി സീറ്റ് നൽകിയില്ല. പ്രതിഷേധിച്ചപ്പോൾ രണ്ടു വർഷത്തിനുശേഷം രാജ്യസഭയിൽ ഇരിപ്പിടം നൽകി. പക്ഷേ, അതിൽ തൃപ്തനാകാതെ പാർട്ടിവിട്ടു; ആറു മാസത്തിനുള്ളിൽ രാജ്യസഭാംഗത്വവും രാജിവെച്ചു. ബി.ജെ.പി വിടുേമ്പാൾ കണ്ണ് 'ആപി'ലായിരുന്നു. നാലു മാസത്തോളം കെജ്രിവാളുമായി ചർച്ച നടത്തി. അത് പൊളിഞ്ഞപ്പോൾ, 'ആവാസെ പഞ്ചാബ്' എന്ന പേരിൽ പുതിയ രാഷ്ട്രീയചേരിയുണ്ടാക്കി. അകാലി ദളിൽനിന്ന് രാജിവെച്ച പഴയ ഹോക്കി താരം പർഗത് സിങ് ഉൾപ്പെടെയുള്ള വിമത/ അതൃപ്തരുടെ നിരയായിരുന്നു 'ആവാസെ പഞ്ചാബ്'. ആ പ്രസ്ഥാനത്തിന് കാര്യമായ ചലനങ്ങളില്ലാതെ വന്നപ്പോഴാണ് പിതാവിെൻറ ഫ്രെയിം ചെയ്തൊരു ചിത്രവുമായി കോൺഗ്രസിലെത്തിയതും തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ മത്സരിച്ച് ടൂറിസം മന്ത്രിയായതുെമല്ലാം. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം, വകുപ്പ് മാറ്റിയതോടെ ക്യാപ്റ്റനുമായി കലഹം മൂർച്ഛിച്ചു. അത് രാജിയിൽ കലാശിച്ചു. തനിക്കുമുന്നേ ബി.ജെ.പി വിട്ട് പാർട്ടിയിലെത്തിയ ഭാര്യ നവ്ജ്യോത് കൗറിന് ലോക്സഭയിലേക്ക് ടിക്കറ്റ് നിഷേധിച്ചതും തെരഞ്ഞെടുപ്പ് റാലിയിൽനിന്ന് മാറ്റിനിർത്തിയതുമൊക്കെ രാജിക്ക് കാരണമായി. കലഹം മൂത്തുമൂത്തിപ്പോൾ, സിദ്ദു എത്തിയിരിക്കുന്നത് ക്യാപ്റ്റനും മുകളിലാണ്. ഇതാണ് പറയുന്നത്, രാഷ്ട്രീയമെന്നാൽ സാധ്യതകളുടെ കലയാണെന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.