ആരോഗ്യ അവകാശ നിയമം നടപ്പാക്കുന്നതിനെതിരെ രാജസ്ഥാനിലെ ഡോക്ടർമാർ നടത്തിയ പ്രതിഷേധം

രോഗിക്ക് കാവലായി​ എന്തുണ്ട് നിയമമേ?

കേരളത്തിൽ പുതിയ ‘ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസ്’ വരുന്നു. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ. വന്ദനാദാസ്​ ദാരുണമായി കൊല്ലപ്പെട്ടതാണ്​ 2012-ലെ ആശുപത്രി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തി പുതിയ ഓർഡിനൻസിന് രൂപം നൽകാൻ കേരള സർക്കാറിനെ പ്രേരിപ്പിച്ചിട്ടുള്ളത്.

ആരോഗ്യ രക്ഷാസേവന സ്ഥാപനങ്ങളിലെ മെഡിക്കൽ പ്രാക്ടീഷണർമാരും മെഡിക്കൽ-നഴ്​സിങ്​ വിദ്യാർഥികളും മുതൽ ഹെൽപർമാർ വരെയുള്ളവർക്കു​നേരെ അക്രമം നടത്തുകയോ അതിന്​ മുതിരുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ ആറു​ മാസം മുതൽ അഞ്ചു​ വർഷം വരെ തടവുശിക്ഷയും അര ലക്ഷം മുതൽ രണ്ടു​ ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും. പുതിയ ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഓഫിസർ അന്വേഷിക്കും. കേസന്വേഷണവും വിചാരണാനടപടിക്രമങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കും, സത്വര വിചാരണക്ക് ഓരോ ജില്ലയിലും ഒരു കോടതിയെ ‘സ്‌പെഷൽ’ ആയി നിയോഗിക്കുമെന്നും നിയമം വ്യവസ്ഥചെയ്യുന്നു. സമൂഹമാധ്യമങ്ങൾ വഴിയുള്ള വിമർശനമടക്കം നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്.

പുതിയ നിയമത്തെ പ്രകീർത്തിച്ച്​ മാധ്യമങ്ങളിലെല്ലാം ചർച്ചകൾ നടക്കുന്നു. പക്ഷേ, ആരോഗ്യരംഗത്ത് ഇത്തരം ഒരു നിയമമാണോ നമുക്ക് ഇപ്പോൾ അനിവാര്യം​​? ഓപറേഷൻ ചെയ്യുമ്പോൾ, രോഗിയുടെ ശരീരത്തിനകത്ത് കത്രികയും നൂലുമൊക്കെ മറന്നുവെക്കുന്നതിന് എതിരെ വല്ല നിയമവും ഇന്നാട്ടിലുണ്ടാകുമോ! അനാവശ്യ പരിശോധനകളും ചികിത്സാവിധിയും മരുന്നുകളും മനുഷ്യർക്കുമേൽ അടിച്ചേൽപിക്കുന്നതിനെതിരെ? അതല്ലെങ്കിൽ ഓപറേഷന് തലേന്ന് ഡോക്ടറെ വീട്ടിൽപോയി കണ്ട് ആയിരങ്ങളുടെ കാണിക്കവെച്ച് തൊഴുന്ന ഏർപ്പാടിനെതിരെ വല്ല നിയമവും നടപ്പാകുമോ? ചികിത്സാപ്പിഴവും ആശുപത്രിക്കൊള്ളകളും മൂലം ഉയിരറ്റുപോയവരും, ജീവിക്കുന്ന രക്​തസാക്ഷികളുമായി എത്രയോ പേർ മുന്നിലുണ്ടായിട്ടും ജനപക്ഷത്തുനിന്നുകൊണ്ടുള്ള അത്തരമൊരു നിയമം സർക്കാറി​െൻറ വിദൂരചിന്തയിൽപ്പോലും വരാത്തതെന്താണ്​? ആരോഗ്യവും ആരോഗ്യ സംരക്ഷണവും ജനങ്ങളുടെ അവകാശമാണെന്ന്​ അസന്ദിഗ്​ധമായി പ്രഖ്യാപിക്കുന്ന നിയമമാണ് ആദ്യം ഇവിടെ ഉണ്ടാകേണ്ടത്. അക്രമങ്ങളിൽനിന്ന് ആരോഗ്യ സേവകരെ സംരക്ഷിക്കുക എന്നത് അതിന്റെ ഭാഗമാകേണ്ട ഒരു വകുപ്പു മാത്രം.

 

അശോക് ഗെഹ്ലോട്ട്,  വി. ആർ. രാമൻ

രാജസ്​ഥാനിൽ ആരോഗ്യം അവകാശം

അശോക് ഗെഹ് ലോട്ട് നേതൃത്വം നൽകുന്ന രാജസ്ഥാൻ സർക്കാർ ആരോഗ്യത്തിനായുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന് പ്രഖ്യാപിക്കുന്ന ഒരു സുപ്രധാന നിയമം കഴിഞ്ഞ മാസം കൊണ്ടുവരുകയുണ്ടായി. കാലങ്ങളായി ആരോഗ്യ, പൗരാവകാശ, മനുഷ്യാവകാശ പ്രവർത്തകർ ഉന്നയിക്കുന്ന ഒരു ആവശ്യത്തിനാണ് ഇതുവഴി രാജസ്ഥാൻ സർക്കാർ അംഗീകാരം നൽകിയത്. നിയമം രൂപപ്പെടുത്തുന്ന ഘട്ടത്തിൽ, അവിടത്തെ ഡോക്ടർമാരുടെ സംഘടനകൾ പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും സംസ്ഥാനസർക്കാർ നിയമനിർമാണവുമായി മുന്നോട്ടുപോയി. ആരോഗ്യപരിചരണം പൗരജന അവകാശങ്ങളുടെ പരിധിയിൽ വ്യക്തമായി കൊണ്ടുവരുകയും, അതി​െൻറ ഉത്തരവാദിത്തം വ്യക്തമായി സ്റ്റേറ്റിന് ഏറ്റെടുക്കാൻ നിശ്ചയിക്കുകയും ചെയ്യുന്ന രാജ്യത്തെ തന്നെ ആദ്യത്തെ നിയമമാണിത്. ഒരു ദശാബ്ദത്തിനുമുമ്പ്, ഏറെ ചർച്ച ചെയ്യപ്പെട്ട ‘സൗജന്യ മരുന്ന്’ പദ്ധതി നടപ്പിലാക്കിയ (കേരളത്തിൽ സൗജന്യ മരുന്നു വിതരണമടക്കമുള്ള കാര്യങ്ങൾ നേരത്തേതന്നെ നടക്കുന്നുണ്ട്) ഉത്തരേന്ത്യൻ സംസ്ഥാനം കൂടിയാണ് രാജസ്ഥാൻ എന്നതിനാൽ ഇത് പ്രതീക്ഷ നൽകുന്നതാണ്. എങ്കിലും ആരോഗ്യത്തിനുള്ള അവകാശ നിയമത്തിന് മുന്നോട്ടുള്ള വഴിയിൽ നിരവധി തടസ്സങ്ങൾ ഉണ്ടെന്ന് പബ്ലിക് ഹെൽത്ത് റിസോഴ്‌സ് നെറ്റ്‌വർക്ക്​ ദേശീയ കൺവീനറും ജൻസ്വാസ്ഥ്യ അഭിയാൻ പ്രവർത്തകനും ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‌വർക്ക്​ കേന്ദ്ര നിർവാഹക സമിതി അംഗവുമായ വി.ആർ. രാമൻ ചൂണ്ടിക്കാണിക്കുന്നു. എന്തെല്ലാം പരിമിതികളുണ്ടെങ്കിലും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ നിയമത്തിന് അതിന്റേതായ സാധ്യതകൾ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. രാജസ്ഥാൻ സംസ്ഥാനത്തിന് അതിന്റെ ആരോഗ്യ മേഖലയിലെ മുൻകൈ ശക്തിപ്പെടുത്താനും മറ്റു സംസ്ഥാനങ്ങൾക്ക് അവരുടേതായ സമഗ്രമായ ഒരു പൊതുജനാരോഗ്യ നയം ഉണ്ടാക്കാനും ഇതു സഹായിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നു.

രാജസ്ഥാൻ നിയമത്തിന് ‘ആരോഗ്യാവകാശ നിയമം’ എന്നു പേരിട്ടിരിക്കുമ്പോൾ തന്നെ, അതിൽ ജനങ്ങളുടെ ആരോഗ്യ പരിപാലന സേവനങ്ങളുമായി, പ്രത്യേകിച്ച് അത്യാഹിത/ ആകസ്മിക സേവനങ്ങളുമായി ബന്ധപ്പെട്ട അവകാശങ്ങൾ മാത്രമാണ് ഉൾപ്പെടുന്നത്. ഇത് ഒരു വലിയ കുറവാണ്. രോഗപ്രതിരോധത്തിലൂന്നിയ ആരോഗ്യ പ്രചാരണം, പാരിസ്ഥിതിക ആരോഗ്യം, സാമൂഹിക ആരോഗ്യം, ആരോഗ്യരോഗ നിർണയ ഘടകങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട അവകാശങ്ങളുടെ കാര്യത്തിൽ ഇനിയും കാര്യമായ ഭേദഗതികൾ ഈ നിയമത്തിൽ നടത്തേണ്ടതുണ്ട്.

ആരോഗ്യം, പൊതുജനാരോഗ്യം, ആരോഗ്യ സംരക്ഷണം എന്നീ വ്യത്യസ്ത വിഷയങ്ങളെ പലപ്പോഴും ഒന്നായി മനസ്സിലാക്കുന്നതിന്റെ പ്രശ്നമാണ് പലപ്പോഴും സമഗ്രവും സമ്പൂർണവുമായ ഒരു കാഴ്ചപ്പാട് ഉണ്ടാകുന്നതിനു തടസ്സമെന്ന്​ വി.ആർ. രാമൻ പറയുന്നു. നിയമത്തിന്റെ വിവിധ വ്യവസ്ഥകളിൽ വ്യക്തത കൊണ്ടുവരുകയും സേവന ദാതാക്കളുടെ ആവശ്യങ്ങൾക്ക് നീതി ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണെങ്കിലും, ജനങ്ങളുടെ ആരോഗ്യ അവകാശങ്ങൾ അവർക്ക് എത്തിക്കുക എന്ന നിയമത്തിന്റെ പ്രാഥമിക ഉദ്ദേശ്യത്തെ മാനിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് മെഡിക്കൽ പ്രഫഷനലുകളുടെയും അസോസിയേഷനുകളുടെയും കടമകൂടിയാണ്.

2010-ൽ, തരുൺ ഗൊഗോയി മുഖ്യമന്ത്രിയായിരിക്കെ അസം സർക്കാർ ‘അസം പബ്ലിക് ഹെൽത്ത് ആക്ട്’ നടപ്പാക്കിയിരുന്നു. ഈ നിയമം ജനങ്ങളുടെ ആരോഗ്യ സംരക്ഷണ അവകാശങ്ങൾ, ദാതാക്കളുടെ കടമകൾ, അവകാശങ്ങൾ, സംസ്ഥാനത്തുടനീളമുള്ള ജനങ്ങൾക്ക് നൽകേണ്ട ആരോഗ്യ സേവനങ്ങൾ എന്നിവ നന്നായി നിർവചിച്ചിരുന്നു എങ്കിലും അതു നടപ്പാക്കുന്നതിൽ ഇക്കാലമത്രയും കാര്യമായ ഒരു പുരോഗതിയും അസമിൽ ഉണ്ടായില്ല. അന്ന് ഈ ബിൽ സഭയിൽ അവതരിപ്പിച്ച ആരോഗ്യമന്ത്രിതന്നെ പാർട്ടി മാറി ഇന്ന് സംസ്​ഥാന മുഖ്യമന്ത്രി പദമേറിയിട്ടും നിർഭാഗ്യകരമായ ഈ സ്ഥിതി തുടരുകയാണ്.

കേരളത്തിന്റെ സാധ്യതകൾ

കേരളം ആരോഗ്യകാര്യത്തിൽ, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾവെച്ച് നോക്കുമ്പോൾ ഏറെ മുന്നിൽനിൽക്കുന്ന ഒരു സംസ്ഥാനമാണ്. രാജ്യത്തിനും ലോകത്തിനും മുന്നിൽ നിരവധി മാതൃകകൾ നമുക്ക് ചൂണ്ടിക്കാണിക്കാനുമുണ്ട്. ഏറ്റവും ഒടുവിൽ- പ്രാദേശിക, സംസ്ഥാന സർക്കാറുകളുടെ നേതൃത്വത്തിൽ കോവിഡ് -19 മഹാമാരി സമയത്ത് കേരളത്തിൽ, സർക്കാർ ആരോഗ്യ സംവിധാനങ്ങളും സ്വകാര്യ സംരംഭകരും പ്രാദേശിക സമൂഹവും ഒരുമിച്ചുനിന്നു പ്രവർത്തിച്ച രീതിയെ കുറിച്ചെല്ലാം നമുക്കറിയാം.

സമൂഹമാകെ ചേർന്ന് ഒരു ആരോഗ്യ ‘മുന്നണിയായി’ മുന്നോട്ടു പോകാനുള്ള സാധ്യതകളുടെ സൂചനകൾ ഇതിനകത്ത് ഒളിഞ്ഞുകിടപ്പുണ്ട്.

ആരോഗ്യ അവകാശം നിയമപരമായി ഏറ്റവും നന്നായി നടത്താൻ കഴിവുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ കേരളവും തമിഴ്നാടുമാണ്. രാജസ്ഥാൻ നിയമത്തിലുള്ളതുപോലുള്ള പരിരക്ഷ ഇല്ലെങ്കിൽക്കൂടി, ജനതയുടെ ആരോഗ്യപരമായ അവകാശങ്ങൾ എങ്ങനെ ഉറപ്പാക്കാമെന്ന് കേരളവും തമിഴ്നാടുമൊക്കെ നേരത്തേ തന്നെ തെളിയിച്ചിട്ടുണ്ട്. കേരള നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ നിയമവും, ആരോഗ്യത്തിനുള്ള അവകാശം സ്ഥാപിക്കുന്നതിന് തമിഴ്‌നാട് സർക്കാർ നടത്തിവരുന്ന തയാറെടുപ്പ് നടപടികളും ആരോഗ്യത്തിനുള്ള അവകാശ നിയമം - ‘എല്ലാവർക്കും ആരോഗ്യം’ എന്ന ലക്ഷ്യം - നിയമപരമായി സാധ്യമാണ് എന്നു കാണിക്കുന്നതാണ്.

പുതിയ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ പൂർണമായുള്ള ഒരു ആരോഗ്യ അവകാശ നിയമത്തിന്റെ സാധ്യതകളിലേക്ക് സഞ്ചരിക്കാൻ നമുക്ക് സാധിക്കണം. നിലവിൽ സർക്കാർ മുന്നോട്ടുവെക്കുന്ന നിയമം ഒരു മധ്യവർഗ സമൂഹത്തി​ന്റെ കൈയടി കിട്ടാൻ പര്യാപ്​തമായിരിക്കാം. എന്നാൽ, ആതുരാലയങ്ങളിൽ ചെന്ന് നീതിക്കു വേണ്ടി ‘വാദിക്കാൻ’ പോയിട്ട്, ‘കെഞ്ചാൻ’ പോലും കെൽപില്ലാത്തവർക്ക് സംരക്ഷണവും സുരക്ഷയുമൊരുക്കുന്ന നിയമങ്ങളാണ്​ നമുക്കു​ വേണ്ടതെന്നു പറയാൻ കേരളീയ സമൂഹം ഒന്നടങ്കം മുന്നോട്ടുവരേണ്ട സന്ദർഭമാണിത്​.

‘ഒരു തീരുമാനം എടുക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ തെളിയേണ്ടത് ജീവിതത്തിൽ നിങ്ങൾ കണ്ടതിൽവെച്ചേറ്റവും ദുർബലരായ ഒരാളുടെ മുഖമായിരിക്കണം’ എന്ന ഗാന്ധി വചനം നമ്മുടെ നിയമനിർമാതാക്കളുടെ മനസ്സിൽ എന്തുകൊണ്ടാണ് തെളിഞ്ഞുനിൽക്കാത്തത്?

(റിട്ട. അധ്യാപകനും കുട്ടികളുടെ ആരോഗ്യ മേഖലയിലെ ആക്ടിവിസ്റ്റുമായ ലേഖകൻ, സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ ദേശീയ റിവ്യൂ മിഷനിൽ സുപ്രീംകോടതി നിയോഗിച്ച പ്രതിനിധിയായിരുന്നു )

v.manoj101@gmail.com 

Tags:    
News Summary - New 'Hospital Protection Act Amendment Ordinance' in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.