തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരമായി പുതിയ പെൻഷൻ സമ്പ്രദായം നടപ്പാക്കും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡി.എ/ഡി.ആർ ഏപ്രിൽ മാസത്തെ ശമ്പളത്തിനൊപ്പം നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർക്ക് സുരക്ഷിതത്വം നൽകുന്ന, ഉറപ്പായ കുറഞ്ഞ പെൻഷൻ ലഭിക്കുന്ന സമ്പ്രദായമാകും നടപ്പാക്കുകയെന്ന് ധനമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ വിശദാംശങ്ങൾ തീരുമാനമായിട്ടില്ല.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽനിന്ന് പിന്മാറിയ മറ്റ് സംസ്ഥാനങ്ങൾ നടപ്പാക്കിയ പുതിയ സമ്പ്രദായം കൂടി പഠിച്ച ശേഷം അന്തിമ രൂപമാക്കാനാണ് ധാരണ. 2013ൽ ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ റദ്ദാക്കി പഴയ സ്റ്റാറ്റ്യുട്ടറി പെൻഷൻ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ തിരികെ കൊണ്ടുവരുമെന്നത് 2016ലെ എൽ.ഡി.എഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു. പുതിയ പെൻഷൻ സമ്പ്രദായം കൊണ്ടുവരുമെന്ന പ്രഖ്യാപനം ഫലത്തിൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനത്തിൽ നിന്നുള്ള പിന്മാറ്റമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കാരണം.
2021 നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പങ്കാളിത്ത പെൻഷനെക്കുറിച്ച് പഠിക്കാൻ കമീഷനെ വെച്ചാണ് പിണറായി സർക്കാർ തെരഞ്ഞെടുപ്പിലേക്ക് പോയത്. രണ്ടാം പിണറായി സർക്കാറിന്റെ തുടക്കത്തിൽ തന്നെ റിപ്പോർട്ട് കിട്ടിയെങ്കിലും പൂഴ്ത്തി. സി.പി.ഐയുടെ സർവിസ് സംഘടന ജോയന്റ് കൗണ്‍സില്‍ നിയമനടപടി സ്വീകരിച്ചതോടെ റിപ്പോർട്ട് പരസ്യമാക്കാൻ നിർബന്ധിതരായി.
ഇപ്പോൾ പുതിയ പെൻഷൻ സമ്പ്രദായം കൊണ്ടുവരുമെന്ന ബജറ്റ് പ്രഖ്യാപനം ലോക്സഭാ തെരഞ്ഞെടുപ്പിൽ സർക്കാർ ജീവനക്കാരുടെ വോട്ടിൽ കണ്ണുവെച്ചുള്ള നീക്കമാണ്.
നിലവിൽ ഏഴു ഗഡു ഡി.എ കുടിശ്ശികയാണ് ജീവനക്കാർക്ക് ബാക്കിയുള്ളത്. ഇതിൽ 2021 ജനുവരിയിൽ നൽകേണ്ട രണ്ടു ശതമാനം ഡി.എയാണ് ഇപ്പോൾ നൽകുന്നത്. ഇതനുസരിച്ച് ജീവനക്കാർക്ക് പ്രതിമാസം ചുരുങ്ങിയത് 460 രൂപ മുതൽ വർധനയുണ്ടാകും. ആറു ഗഡുക്കളായി ബാക്കിയുള്ള ഡി.എ കുടിശ്ശിക 18 ശതമാനം വരും. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിലെ കുടിശ്ശികയിൽ രണ്ടു ഗഡു നൽകേണ്ട സമയമായെങ്കിലും അതിനെക്കുറിച്ച് ബജറ്റ് പ്രഖ്യാപനത്തിൽ ഒന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.