നേർക്കാഴ്ചകളെ കാമറക്കണ്ണിലൂടെ പ്രതിഫലിപ്പിക്കുന്ന, കെട്ടകാലത്തിനെതിരെ ചിത്രങ്ങളിലൂടെ കലഹിക്കുന്ന 28കാരി, സന്ന ഇർഷാദ് മട്ടൂ. പൊരുതുന്ന കശ്മീർ താഴ്വരയിലെ ഫോട്ടോഗ്രാഫർ. പുലിറ്റ്സർ പുരസ്കാരം നേടുന്ന ആദ്യ കശ്മീരി വനിതാ ഫോട്ടോഗ്രാഫറെന്ന ബഹുമതിയും ഇനി സന്നക്ക് സ്വന്തം. രാജ്യത്ത് കോവിഡ് മഹാമാരി വിതച്ച ദുരന്തത്തിന്റെ നേർക്കാഴ്ചയുടെ ചിത്രത്തിന് 2022ലെ ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് സന്നയുടെ സുവർണനേട്ടം.
'വളരെ വലിയ പുരസ്കാരം, ഞങ്ങൾക്ക് അഭിമാന നിമിഷമാണ്' -പുരസ്കാരനേട്ടത്തിൽ സന്ന പറയുന്നു. സന്നയുടെ കാമറയിൽ പതിഞ്ഞതെല്ലാം ദുരിതത്തിന്റെ, ഭരണകൂട ഭീകരതയുടെ, വേദനയുടെ കഥകളായിരുന്നു. റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ഭാഗമായ സന്ന, ഫോട്ടോഗ്രാഫർക്ക് പുറമെ, ഡോക്യുമെന്ററി ഫോട്ടോഗ്രാഫർ കൂടിയാണ്.
കശ്മീരിലെ പ്രകൃതിഭംഗിയിൽ മാത്രമായിരുന്നു ഓരോ കാമറക്കണ്ണും പതിഞ്ഞിരുന്നത്. അതിൽനിന്ന് വേർപെട്ട് സൈനിക ചുറ്റുപാടുകളിൽ കഴിയുന്ന കശ്മീരിജനതയുടെ ജീവിതചുറ്റുപാടുകൾ ഭരണകൂടവിലക്കുകളെ മറികടന്ന് സന്ന പുറംലോകത്ത് എത്തിച്ചു. കശ്മീരിൽ 370ാം വകുപ്പ് റദ്ദാക്കിയതിനെ തുടർന്ന് കേന്ദ്രസർക്കാർ വാർത്താവിനിമയ മാർഗങ്ങൾ തടസ്സപ്പെടുത്തിയിരുന്നു. സ്തംഭിച്ച ജനജീവിതം ലോകത്തിന് മുന്നിലെത്തിച്ചത് സന്നയുടെ ചിത്രങ്ങളായിരുന്നു. കശ്മീരികളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും ചർച്ച ചെയ്യണമെന്ന് സന്ന ഓരോ ചിത്രത്തിലൂടെയും കലഹിച്ചുകൊണ്ടിരിക്കുന്നു. 'മനുഷ്യാവകാശ ലംഘനം കശ്മീരിൽ ഒരു വാർത്തയേ അല്ലാതായിരിക്കുന്നു. വകുപ്പ് 370ന്റെ വിച്ഛേദനം രാഷ്ട്രീയമോ ഭരണഘടനാപരമോ ആയ പ്രശ്നം എന്നതിലുപരി വലിയ മനുഷ്യാവകാശ ലംഘനം കൂടിയാണ്' -കശ്മീരികൾ നേരിടുന്ന പക്ഷപാതത്തെക്കുറിച്ച് അവർ പറയുന്നു.
'സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത സ്ഥിതി വരുമ്പോൾ സ്വയം പുറത്തിറങ്ങി വിവരങ്ങൾ അന്വേഷിച്ച് ഡോക്യുമെന്റ് ചെയ്യുകയല്ലാതെ മറ്റു വഴികളില്ല. അതാണ് ഞാൻ ചെയ്തത്;. ചെയ്തുകൊണ്ടിരിക്കുന്നത്' -സൈനിക ചുറ്റുപാടുകളിൽ കഴിയുന്ന കശ്മീർ ജനതയുടെ ചിത്രങ്ങൾ പകർത്തിയതിനെക്കുറിച്ച് സന്ന പറയുന്നത് ഇങ്ങനെ. എല്ലാ ബുദ്ധിമുട്ടുകളും മറികടന്ന് അയക്കുന്ന വിവരങ്ങൾ പുറംലോകം അറിയുന്നുണ്ടോ ഇല്ലയോ എന്നുപോലും അറിയാതെ ഒരു പ്രതീക്ഷയുമില്ലാതെയാണ് ഓരോ ചിത്രവും പകർത്തിയതെന്നും സന്ന പറയുന്നു. കശ്മീരിനെയും കശ്മീരീ ജനതയേയും ഇനിയും കേൾക്കാൻ, നീതിപൂർവം പരിഗണിക്കാൻ ഇപ്പോഴും സമയമുണ്ടെന്നും സന്ന കൂട്ടിച്ചേർക്കുന്നു.
കശ്മീരിലെ സെൻട്രൽ യൂനിവേഴ്സിറ്റിയിലായിരുന്നു സന്നയുടെ പഠനം. അവിടെനിന്ന് കർവെർജന്റ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടി. 2021ൽ മാഗ്നം ഫൗണ്ടേഷന്റെ 'ഫോട്ടോഗ്രഫി ആൻഡ് സോഷ്യൽ ജസ്റ്റിസ്' ഫെലോഷിപ്പും നേടി. അൽ ജസീറ, ടൈം, കാരവൻ തുടങ്ങിയ അന്തർദേശീയ മാധ്യമങ്ങളിൽ സന്നയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.