പയ്യന്നൂർ: 1942ലെ ആഗസ്റ്റ് വിപ്ലവത്തിന്റെ തീജ്വാലകൾ നാടുമുഴുവൻ ഇളക്കിമറിച്ച നാളുകൾ. പയ്യന്നൂരിൽ സമരക്കാറ്റ് തീർത്തു പ്രക്ഷോഭക്കാർ. എന്നാൽ, അതുകൊണ്ടും മതിവന്നില്ല പോരാളികൾക്ക്. അങ്ങനെയാണ് അധികൃതരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുന്ന സമരരീതിയെക്കുറിച്ച് ആലോചിച്ചത്. മർദകരുടെ കേന്ദ്രമായ പൊലീസ് സ്റ്റേഷനുമുന്നിലെ കൊടിമരത്തിൽ പാറിക്കളിക്കുന്ന യൂനിയൻ ജാക്ക് വലിച്ചെറിഞ്ഞ് ത്രിവർണ പതാക ഉയർത്തുക എന്നതായിരുന്നു പുതിയ സമരം.
മൂന്നു യുവാക്കൾ അതിന് തയാറായി മുന്നോട്ടുവന്നു. ടി.സി.വി. കുഞ്ഞിക്കണ്ണ പൊതുവാൾ, സി.വി. കുഞ്ഞമ്പു സറാപ്പ്, എ.കെ. കുഞ്ഞിരാമ പൊതുവാൾ എന്നിവരായിരുന്നു ആ വിപ്ലവകാരികൾ. തുടർന്ന് അർധരാത്രി സ്റ്റേഷനു മുന്നിലെത്തിയ സംഘം കുനിഞ്ഞുനിന്ന കുഞ്ഞമ്പു സറാപ്പിന്റെ ചുമലിൽ ചവുട്ടി കൊടിമരത്തിൽ കയറിയ ടി. സി.വി. കുഞ്ഞിക്കണ്ണ പൊതുവാൾ ബ്രിട്ടീഷ് പതാക വലിച്ചുകീറി പകരം ത്രിവർണ പതാക കെട്ടി. നേരം വെളുത്തപ്പോൾ പൊലീസ് അധികൃതർ കൊടികണ്ട് ഞെട്ടി. ബ്രിട്ടീഷുകാരുടെ ആത്മാഭിമാനം തകർന്നടിഞ്ഞ നിമിഷമായിരുന്നു അത്.
ക്വിറ്റിന്ത്യ സമരത്തോടെ പൊലീസ് പയ്യന്നൂരിലും പരിസരങ്ങളിലും ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. വ്യാപക അറസ്റ്റുണ്ടായി. ജയിലുകൾ നിറഞ്ഞതോടെ പൊലീസിന്റെ സ്വഭാവം മാറി. മർദിച്ചൊതുക്കുക എന്ന കിരാത നടപടിയായിരുന്നു അത്. ഭരണകൂട ഭീകരത ശക്തിപ്പെട്ടതോടെ സമരത്തിന്റെ സ്വഭാവവും മാറി. സഹനസമരത്തിന് വിധ്വംസക പ്രവർത്തനത്തിന്റെ മാനം കൈവന്നു. ടെലിഫോൺ കമ്പികൾ മുറിച്ചുമാറ്റുക, ഗതാഗതം തടസ്സപ്പെടുത്തുക തുടങ്ങിയ സമരങ്ങൾ അധികാരികളുടെ ഉറക്കം കെടുത്തി. ഇതിനിടെ മുംബൈയിൽ നിന്നുള്ള സോഷ്യലിസ്റ്റ് വിഭാഗത്തിന്റെ ലഘുലേഖകളുമായി എൻ.വി. കൃഷ്ണവാര്യർ പയ്യന്നൂരിലെത്തിയത് സമരത്തിന് ഊർജം പകർന്നു. എൻ.വിയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച സ്വതന്ത്ര ഭാരതം എന്ന നിരോധിത പത്രിക പയ്യന്നൂരിൽ രഹസ്യമായി വൻതോതിൽ പ്രചരിപ്പിച്ചു.
മുറിച്ചുമാറ്റപ്പെട്ട ടെലിഫോൺ കമ്പികൾ പയ്യന്നൂർ ക്ഷേത്ര ചിറയിൽ കണ്ടെടുത്തതിനെ തുടർന്ന് വി.പി. നാരായണ പൊതുവാൾ ഉൾപ്പെടെ 12 പേർ അറസ്റ്റിലായി. രണ്ടാഴ്ചയാണ് ഇവരെ ജയിലിലടച്ചത്. പൊലീസ് സ്റ്റേഷൻ പിക്കറ്റുചെയ്ത മൊഴക്കോത്ത് ഉത്തമന്തിൽ കുഞ്ഞിരാമ പൊതുവാൾ പൊലീസ് മർദനത്തെത്തുടർന്ന് കോയമ്പത്തൂർ ജയിലിൽ രക്തസാക്ഷിയായി. ഇതിനിടയിലും കല്ലച്ചിൽ തയാറാക്കിയ നോട്ടീസുകളും ലഘുലേഖകളും വിദ്യാർഥികൾ മുഖേന പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ആത്മാഭിമാനത്തിന്റെ പതാകയുയർന്ന പൊലീസ് സ്റ്റേഷൻ ഇന്ന് പോരാട്ട സ്മൃതികൾ അയവിറക്കുന്ന ഗാന്ധി സ്മൃതി മ്യൂസിയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.