കേരളം സമഗ്ര ഭൂപരിഷ്കരണം നടപ്പിലാക്കിയ സംസ്ഥാനമാണെന്നും ഭൂപരിഷ്കരണം കേരളത്തിലെ ദലിതർക്കിടയിലെ കർഷകർക്കിടയിൽ ഭൂരാഹിത്യം ഇല്ലാതാക്കി എന്നും കേരളത്തിന് പുറത്തെ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും വിദ്യാർഥികളെ അടുത്തകാലം വരെ പഠിപ്പിച്ചിരുന്നു. രാജ്യത്തെ മുൻനിര സർവകലാശാലകളിൽ ഇന്നും ഇത്തരം ഒരു അക്കാദമികവാദം നിലനിൽക്കുന്നുണ്ട്. ഭൂപരിഷ്കരണത്തെക്കുറിച്ച സവർണ ഗവേഷകരുടെ പാർട്ടി അനുകൂല പഠനങ്ങൾ ആധികാരികരേഖയാക്കി കേരളത്തെക്കുറിച്ച് അറിയാത്ത ഒരു കൂട്ടം വിദ്യാർഥികളെ പഠിപ്പിക്കുകയും അതുവഴി കേരളത്തിലെ ഇടതുപക്ഷത്തെ, ലോകത്തെ തന്നെ ഏറ്റവും വലിയ വിപ്ലവപ്രസ്ഥാനമായി ചിത്രീകരിക്കുകയും ചെയ്ത ചില ഇടതുചിന്താഗതിക്കാരായ അധ്യാപകർ കേരളത്തിലും പുറത്തുമുണ്ട്.
ഈ ചിന്താഗതിയെ ചോദ്യംചെയ്തത് മുന്നാക്ക വിഭാഗത്തിലെ ഗവേഷകരോ വിദ്യാർഥികളോ അല്ല. ക്ലാസിൽ കേരളത്തെ കുറിച്ച് പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകനോട് എെൻറ അച്ഛൻ ദലിതനായ കർഷകത്തൊഴിലാളി ആയിരുന്നുവെന്നും സാർ പറഞ്ഞ കൃഷിഭൂമി അച്ഛനെ പോലെയുള്ള കർഷകത്തൊഴിലാളികൾക്ക് കിട്ടിയിട്ടില്ലെന്നും അധ്യാപകെൻറ മുഖത്തുനോക്കി പറഞ്ഞ ഒരു മലയാളിവിദ്യാർഥിയെ അറിയാം. ഈ ചോദ്യം ചെയ്യലിലൂടെ ഇതുവരെ പഠിപ്പിച്ചിരുന്നത് തെറ്റാണ് എന്ന് ആ അധ്യാപകനും ഇനി കേരളത്തെ മാതൃകയാക്കി വികസന സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കാൻ കഴിയില്ല എന്നും തിരിച്ചറിയുന്നിടത്താണ് സംവരണം നമ്മുടെ അക്കാദമികരംഗത്തുണ്ടാക്കിയ മാറ്റങ്ങളെ മനസ്സിലാക്കേണ്ടത്.
ഇത് കേരളത്തിലെ വിദ്യാർഥികൾമാത്രം (ദലിത്/ പിന്നാക്ക) ഉന്നയിക്കുന്ന ദാർശനിക പ്രശ്നമല്ല. ഉദാഹരണമായി സർവകലാശാലയിലെ ഫീസ് വർധനവിനെക്കുറിച്ചും അത്തരം വർധന അനിവാര്യമായ സാഹചര്യത്തെക്കുറിച്ചും വിശദീകരിക്കവേ സംവരണംമൂലം സ്ഥാപനത്തിൽ പഠിക്കാൻ അവസരം കിട്ടിയ ആദിവാസി വിദ്യാർഥികൾക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചു വാചാലനായ ഒരു സർവകലാശാല രജിസ്ട്രാറിനോട് ഞങ്ങൾക്ക് നഷ്ടപ്പെട്ട അഥവാ ഞങ്ങളിൽനിന്നു പിടിച്ചെടുത്ത ഭൂമിയുടെ കണക്കുദ്ധരിച്ചുകൊണ്ട് സംവരണം ഈ സർക്കാറിെൻറയോ ഈ സ്ഥാപനത്തിെൻറയോ ഔദാര്യമല്ലെന്നും ഇത് ഞങ്ങൾക്ക് കിട്ടേണ്ട സാമൂഹിക വിഹിതമാണെന്നും വാദിച്ച ആദിവാസി വിഭാഗത്തിൽനിന്നു വന്ന ഒരു ഗവേഷകനെയും മറക്കാൻ കഴിയില്ല. ആ ഗവേഷകനും നേരത്തേ സൂചിപ്പിച്ച ദലിത് വിദ്യാർഥിനിയുമാണ് അക്കാദമിക ചിന്തകളിലെ സവർണാധിപത്യത്തെ ചോദ്യംചെയ്യുന്നത്. ഈ മാറ്റം നമ്മുടെ സർവകലാശാലകളിൽ വലിയ മാറ്റംതന്നെ ഉണ്ടാക്കി.
ഇന്ത്യയിലെ ഒന്നാംനിര സർവകലാശാലകളിലെ ക്ലാസ് മുറികളിലേക്ക് ജനാധിപത്യം കൊണ്ടുവന്നത് മണ്ഡൽ കമീഷൻ റിപ്പോർട്ടാണ് എന്നു പറയാം. ഇക്കാര്യം മനസ്സിലാക്കണെമങ്കിൽ കേരളത്തിലെ അക്കാദമിക/ ചിന്തമേഖലകളിലുണ്ടായ ചില തമസ്കരണങ്ങളെ കൂടി മനസ്സിലാേക്കണ്ടതുണ്ട്. ഉദാഹരണമായി, എന്തുകൊണ്ടാണ് അയ്യങ്കാളിയെ കുറിച്ചു 'മുഖ്യധാര/ ഇടത്/സവർണ' ചരിത്രകാരന്മാർ ഒന്നുംതന്നെ എഴുതാത്തത്? എന്തുകൊണ്ടാണ് ഇ.എം.എസ്.നമ്പൂതിരിപ്പാട് അയ്യൻകാളിയെ അവഗണിച്ച് പുസ്തകമെഴുതിയപ്പോൾ കേരളത്തിലെ അക്കാദമികമേഖലയിൽനിന്ന് എതിർപ്പുണ്ടായില്ല? ഇത്തരം എതിർപ്പുകൾ ഉണ്ടായത് മുഖ്യധാരയിൽനിന്നു മാറിനിൽക്കുന്ന എഴുത്തുകാരിൽ നിന്നും ചിന്തകരിൽനിന്നുമാണ്. സർവകലാശാലകളിലെ ഇത്തരം ഒഴിവാക്കലുകളിൽ നിന്നും വൈജ്ഞാനികമേഖലയിൽ നിലനിന്നിരുന്ന ആധിപത്യത്തെയും ചോദ്യംചെയ്യാൻ കഴിയുന്ന തരത്തിൽ ഒരു ചിന്താപദ്ധതി രൂപപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് സംവരണം ഉണ്ടാക്കിയ മാറ്റവും നേട്ടവും.
എന്നാൽ, ഈ ആധിപത്യത്തെ പൂർണമായും ഇല്ലാതാക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. ഇതിനുദാഹരണമാണ് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം. പിന്നാക്കക്കാരുടെ ദാരിദ്ര്യം നിർണയിക്കാൻ പലവിധ ഇടപെടലുകൾ നടത്തിയ സർക്കാർ മുന്നാക്കക്കാരുടെ സാമ്പത്തിക പിന്നാക്കാവസ്ഥ നിശ്ചയിക്കാൻ വിചിത്രമായ രീതിശാസ്ത്രമാണ് അവതരിപ്പിച്ചത്.
ഒരു വ്യക്തിക്ക് ജീവൻ നിലനിർത്താൻ വേണ്ട ഭക്ഷണത്തിെൻറ അളവും അതിനു വേണ്ട തുകയും ദാരിദ്ര്യത്തിെൻറ അളവുകോലായി കണക്കാക്കുന്ന സർക്കാർ (നഗരങ്ങളിൽ 32 രൂപയും ഗ്രാമങ്ങളിൽ 28 രൂപയും), മുന്നാക്കവിഭാഗത്തിനെ സംവരണ പട്ടികയിൽ ഉൾപ്പെടുത്താൻ അവലംബിച്ച രീതി രാജ്യത്തെ സാമൂഹികവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് (ഈ വിഷയത്തെകുറിച്ചുള്ള ഈ ലേഖകെൻറ ഒരു ലേഖനത്തിെൻറ ലിങ്ക് കൂടുതൽ വായനക്കായി ഇവിടെ ചേർക്കുന്നു (https://www.firstpost.com/business/10-quota-for-ews-in-general-category-govt-should-revise-poverty-line-ensure-all-poor-come-under-the-ambit-5872741.html).
സംവരണം ഇന്ത്യയെ വികസനപഠനങ്ങളുടെ രീതിശാസ്ത്രത്തെ തന്നെ തിരുത്തിയെഴുതി. ഉള്ളവരും ഇല്ലാത്തവരും എന്ന മാർക്സിയൻ രീതിശാസ്ത്രത്തെക്കുറിച്ചുള്ള സങ്കുചിത കാഴ്ചപ്പാടിനെ തിരുത്തുകയും പകരം വികസന പിന്നാക്കാവസ്ഥയുടെ സാമൂഹികവും ജാതീയവുമായ കാരണങ്ങൾ ക്ലാസ്മുറികളിൽ പഠിപ്പിക്കുകയും ചെയ്യേണ്ടിവന്നു എന്നതാണ് സംവരണം ഉണ്ടാക്കിയ മാറ്റം.
അതുവരെ അംബേദ്കർ മുേന്നാട്ടുെവച്ച ജാതിചിന്തകളെ ബൂർഷ്വാചിന്തയായി പരിഗണിച്ചിരുന്ന ഇടതു ബുദ്ധിജീവികളും അധ്യാപകരും സാവധാനത്തിൽ അംബേദ്കറെ കുറിച്ച് സംസാരിച്ചുതുടങ്ങി, സംഘ്പരിവാർ വലിയ തോതിൽ അംബേദ്കറെ മുസ്ലിംവിരുദ്ധനും ഹിന്ദു സംരക്ഷകനും ആയി ചിത്രീകരിക്കാൻ തുടങ്ങിയതും മണ്ഡൽ കമീഷൻ റിപ്പോർട്ട് വന്ന ശേഷമാണ്. അംബേദ്കറുടെ Pakistan or The Partition of India എന്ന പുസ്തകം സംഘ്പരിവാർ വലിയതോതിൽ പ്രചരിപ്പിച്ചതും ഈ മണ്ഡൽ കാലശേഷമാണ്. എന്നാൽ, അദ്ദേഹത്തിെൻറ മറ്റു പല പുസ്തകങ്ങളും ഇവർ മനഃപൂർവം വിസ്മരിച്ചു. ഇത്തരം മാറ്റങ്ങളുണ്ടാകാനുള്ള കാരണം മണ്ഡൽ കമീഷൻ റിപ്പോർട്ടും അത് മുേന്നാട്ടുവെച്ച സാമൂഹികനീതിയുടെ പ്രശ്നവുമാണ്. അംബേദ്കറെ ഗൗരവമായി സർവകലാശാലകൾ പഠിക്കാൻ തുടങ്ങിയത് സംവരണ വിഭാഗത്തിലെ വിദ്യാർഥികൾ സർവകലാശാലകളിലേക്ക് കടന്നു വന്നതോടെയാണ്.
മണ്ഡൽ കമീഷൻ സൃഷ്ടിച്ച സാമൂഹികാഘാതം മറികടക്കാൻ ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. അതിലൊന്നാണ് മുന്നാക്ക സംവരണം. ദാരിദ്ര്യം നിർണയിക്കാൻ ഒരു വ്യക്തിയുടെ ജീവൻ നിലനിർത്താനുള്ള ഭക്ഷണം മാനദണ്ഡമായി പരിഗണിച്ചു ദാരിദ്ര്യത്തെ എ.പി.എൽ, ബി.പി.എൽ എന്നാക്കി ചുരുക്കിയ സർക്കാർ സംവിധാനങ്ങൾ മുന്നാക്കസംവരണം നടപ്പിലാക്കാൻ കൊണ്ടു വന്ന അളവുകോൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം പിന്നാക്കവിഭാഗങ്ങൾക്കും അവസരവും സാമൂഹികാധികാരവും നിഷേധിക്കുന്നതുകൂടിയാണ്.
നിലവിൽ ദരിദ്രരുടെ എണ്ണം നിശ്ചയിക്കുന്നത് സർക്കാർസേവനങ്ങൾ എത്രത്തോളം പരിമിതപ്പെടുത്താം എന്നതിെൻറ അടിസ്ഥാനത്തിലാണ്, അതുകൊണ്ടുതന്നെ ഇതൊരു അജണ്ടകൂടിയാണ്. എന്നാൽ, മുന്നാക്കവിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കാൻ മാനദണ്ഡം നിശ്ചയിക്കേണ്ടിവന്നപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വളരെ ഉദാരമായ നയമാണ് സ്വീകരിച്ചത്. കേന്ദ്ര സർക്കാർ മാനദണ്ഡ പ്രകാരം വാർഷിക വരുമാനം എട്ടു ലക്ഷം കവിയാത്ത, അഞ്ച് ഏക്കർ കൃഷിഭൂമി ഇല്ലാത്ത, 1000 ചതുരശ്ര അടി വീടോ ഫ്ലാറ്റോ ഇല്ലാത്ത, മുനിസിപ്പാലിറ്റികളിൽ 100 ചതുരശ്ര യാർഡ് പാർപ്പിട ഭൂമി ഇല്ലാത്ത, മറ്റു മുനിസിപ്പാലിറ്റികളിൽ 200 ചതുരശ്ര യാർഡ് ഭൂമി ഇല്ലാത്ത വ്യക്തികളെയാണ് കേന്ദ്ര സർക്കാർ സംവരണത്തിനു തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിൽ ഈ മാനദണ്ഡത്തിൽ ഏറ്റക്കുറച്ചിലുകളുണ്ട്, വേണമെങ്കിൽ കേരളത്തിലെ സവിശേഷ സാഹചര്യത്തോട് ചേർത്തുെവച്ചുകൊണ്ടുള്ള ഒരു രീതി പിന്തുടരുന്നുണ്ട്. ഇപ്പോൾ കേരള സർക്കാർ ആഘോഷിക്കുന്ന ലൈഫ് മിഷൻ അടക്കമുള്ള പദ്ധതികളുടെ ഗുണഭോക്താക്കളെ നിശ്ചയിക്കാൻ ഉപയോഗിക്കുന്നത് നേരത്തേ സൂചിപ്പിച്ച ദാരിദ്ര്യം തന്നെയാണ്. ഈ വൈരുധ്യം കേരളം ചർച്ച ചെയ്യേണ്ടതുണ്ട്.
സർക്കാർ നിശ്ചയിച്ച ദാരിദ്ര്യ രേഖക്ക് പുറത്തുള്ള എന്നാൽ, നിത്യജീവിതത്തിൽ ദാരിദ്ര്യം അനുഭവിക്കുന്ന വലിയൊരു വിഭാഗം പിന്നാക്കക്കാർ ഇന്നും കേരളത്തിലുണ്ട്, അതുകൊണ്ടുതന്നെ മുന്നാക്കക്കാർക്ക് സർക്കാർ അധികാരത്തിൽ പങ്കുറപ്പിക്കുന്നതും മറ്റൊരു വിഭാഗത്തിന് കേവലം പരിമിതമായ സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്നതുമായ ഒന്നാണ് സംവരണം എന്നു പറയേണ്ടിവരും.
കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് ഈ സംവരണം അവരുടെ രാഷ്ട്രീയത്തിെൻറ ഭാഗമാണ്. എന്നാൽ, കേരളത്തിലെ ഇടതുപക്ഷത്തിന് സംഘ്പരിവാർ നയമാണ് എന്നു പറയുന്നില്ല. എന്നാൽ, ഇടതുപക്ഷത്തെ ആശയപരമായി മുേന്നാട്ടുനയിക്കുന്ന ഒരു വിഭാഗത്തിന് ഈ സംവരണം അക്കാദമികമേഖലയിലെ ആധിപത്യം ഉറപ്പാക്കുക എന്ന വലിയ ഒരു ആശയം കൂടിയുണ്ട്. ഇവിടെ കേവലം ദാരിദ്ര്യമല്ല സംവരണത്തെ നിശ്ചയിക്കേണ്ടത് എന്ന പ്രഖ്യാപനം കൂടിയാണ് ഈ നിയമം. ദാരിദ്ര്യം ഒരു സമൂഹത്തിനും ഭൂഷണമല്ല. അത് നിർമാർജനം ചെയ്യേണ്ടതു തന്നെ. ജാതി-മതഭേദമില്ലാതെ തന്നെ അതിനൊരു സർക്കാർ പദ്ധതി ഉണ്ടാകേണ്ടതുമാണ്. എന്നാൽ, സാമൂഹികമായും ഘടനപരമായും ചരിത്രപരമായും ദരിദ്രരായ ഒരു സമൂഹത്തെ അധികാരത്തിൽനിന്നും വൈജ്ഞാനിക മേഖലയിൽ നിന്നും പുറത്താക്കുക എന്ന നയം നടപ്പാകുന്നതിനെ നിഷേധിക്കാൻ കഴിയില്ല. മണ്ഡൽ കമീഷൻ മുേന്നാട്ടുെവച്ച രാഷ്ട്രീയത്തെയും ഇന്ത്യൻ കാമ്പസുകളിൽ ഉണ്ടാക്കിയ 'മെറിറ്റ്' വാദത്തിനും പിന്തുണ നൽകുന്നതാണ് ഈ നയം. കേരളത്തിലെ ഇടതുസർക്കാറിന് മണ്ഡൽ വിരുദ്ധ സാമൂഹികാധികാരത്തെ മറികടക്കാൻ കഴിയുന്നില്ല എന്നതും ഇതിനോട് ചേർത്തുവായിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.