സതേൺ ട്രാക്ക്

ചില രാഷ്ട്രീയ നിമിഷങ്ങളുണ്ട്; അന്നേരം, പരിണതപ്രജ്ഞരായ നേതാക്കൾ പോലും സ്തംഭിച്ചുപോകും. എന്തുചെയ്യണമെന്നറിയാത്തൊരു പ്രത്യേകതരം മാനസികാവസ്ഥയിലേക്ക് തെന്നിമാറും അവർ. ഗീതാഞ്ജലി ശ്രീയിലൂടെ ആദ്യമായി ഒരു ഹിന്ദി നോവലിന് ബുക്കർ പുരസ്കാരം ലഭിച്ചപ്പോൾ മോദിപ്പടക്ക് സംഭവിച്ചത് അതായിരുന്നു. കേന്ദ്രത്തിന്റെ ഹിന്ദിപ്രേമം വെച്ചുനോക്കുമ്പോൾ ഗീതാഞ്‍ജലിയെ അവർ വാഴ്ത്തേണ്ടതായിരുന്നു. പക്ഷേ, ഒരു ട്വിറ്റർ അഭിനന്ദനം പോലുമുണ്ടായില്ല. കാര്യം ലളിതമാണ്: 30 വർഷമായി ഹിന്ദുത്വയുടെ എതിർപക്ഷത്തുനിൽക്കുന്ന ഗീതാഞ്ജലിക്ക് നൊബേൽ കിട്ടിയാലും സംഘം അനങ്ങില്ല. ഏതാണ്ട് ഇതേ സ്തംഭനാവസ്ഥയിപ്പോൾ കേരളത്തിലുമുണ്ട്. അവിടെ ഗീതാഞ്ജലിശ്രീയാണെങ്കിൽ ഇവിടെയത് പി.ടി. ഉഷയാണെന്നു മാത്രം; ബുക്കറിന് പകരം രാജ്യസഭാംഗത്വമാണെന്ന ചെറിയ മാറ്റവുമുണ്ട്. ആദ്യമായിട്ടാണ് ഒരു മലയാളി വനിത രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്നത്; അതും ഓരോ കേരളീയന്റെയും അഭിമാന താരം. എന്നിട്ടും ഇവിടത്തെ ഭരണ-പ്രതിപക്ഷ സംഘങ്ങൾക്ക് കുലുക്കമില്ല. പയ്യോളിയിലെ 'ഉഷസി'ൽ പഴയപോലെ ആരവങ്ങളും അഭിനന്ദനപ്രവാഹങ്ങളുമില്ല. പുതിയ 'അംഗീകാര'ത്തിന്റെ രാഷ്ട്രീയത്തിൽ എല്ലാം കലങ്ങിപ്പോയോ?

അങ്ങനെ പൂർണമായും കലങ്ങിപ്പോയി എന്നുപറയാറായിട്ടില്ല. സഖാവ് എളമരം കരീമിനെപ്പോലുള്ളവർ കോഴിക്കോട്ടുണ്ട്. കളിയായാലും കലയായാലും അതിൽ രാഷ്ട്രീയമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് സഖാവ്. അതിനാൽ, ഉഷയുടെ സ്ഥാനലബ്ധിയിൽ രാഷ്ട്രീയമുണ്ടെന്ന് തുറന്നുപറയാൻ ടിയാൻ മടിച്ചില്ല. ഏഷ്യാഡ് യോഗ്യതക്കുപുറമെയുള്ള യോഗ്യതകൾ ഉഷക്ക് അനവധിയാണെന്നാണ് സഖാവിന്റെ പക്ഷം. തെളിച്ചുപറഞ്ഞാൽ, സംഘ്പരിവാർ സഹയാത്രിക എന്നതാണ് ഉഷയുടെ അധികയോഗ്യത. കേരളത്തിലെ ഇടതു-വലതു നേതാക്കൾ പറയാൻ മടിച്ചത് സഖാവ് തുറന്നു പറഞ്ഞെന്നേയുള്ളൂ. കളംമാറിപ്പോയി ബി.ജെ.പി ടിക്കറ്റിൽ രാജ്യസഭയിലെത്തിയ അൽഫോൺസ് കണ്ണന്താനത്തെ വരെ ഫേസ്ബുക്കിൽ അഭിനന്ദിച്ച വിശാലഹൃദയനായ മുഖ്യൻപോലും മൗനത്തിലാണ്. പറയണമെന്നുണ്ട്; പക്ഷേ, നൂറ് അന്താരാഷ്ട്ര മെഡലൊക്കെ നേടിയ താരത്തെക്കുറിച്ച് വിയോജിപ്പുകളോടെയെങ്കിലും എങ്ങനെ നല്ല രണ്ട് വാക്ക് പറയും?

എന്നുവെച്ച്, മേൽപറഞ്ഞ 'അധികയോഗ്യത' സമ്മതിച്ചുതരാൻ ഉഷ ഒരുക്കമല്ല. സ്പോർട്സാണ് തന്റെ രാഷ്ട്രീയമെന്ന് ഇതാദ്യമൊന്നുമല്ല അവർ പറയുന്നത്. തന്റെ ജീവിതവും രാഷ്ട്രീയവുമെല്ലാം ട്രാക്കിലെ കുമ്മായവരക്കുള്ളിലാണെന്ന് പലകുറി തെളിയിച്ചിട്ടുമുണ്ട്. പക്ഷേ, മറ്റൊന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കളി രാഷ്ട്രീയമാണ്. 'ദ ഗ്രേറ്റ് ഇന്ത്യൻ പൊളിറ്റിക്സി'ൽ ആ കളി ഏറ്റവും നന്നായി കളിക്കുന്ന കൂട്ടരാണ് സംഘ്പരിവാർ. ചാക്കെറിഞ്ഞ് കളിക്കാരെ പിടിക്കാനുള്ള വിരുത് ഈ രാജ്യത്ത് അവരോളം മറ്റാർക്കാണുള്ളത്. ആ സംഘമാണ് 'പയ്യോളി എക്സ്പ്രസി'ന് പുതിയ ട്രാക്കൊരുക്കിയിരിക്കുന്നത്. സത്യത്തിൽ, ഇതൊരു പഴയ ട്രാക്കാണ്. ദക്ഷിണേന്ത്യയിലേക്ക് ചീറിപ്പായാനുള്ള ട്രാക്ക്. പക്ഷേ, ആ ട്രാക്കിലിറക്കിയതെല്ലാം എൻജിൻ തകരാറുമൂലം വഴിയിൽനിന്നു. മെട്രോമാൻ വരെയുണ്ടായിരുന്നു അക്കൂട്ടത്തിൽ. ഒന്നും ശരിയായില്ല. എന്നുവെച്ച് പിന്തിരിയാനാവില്ല. 'ഇനിയാര്' എന്ന ചോദ്യത്തിന് ഹൈദരാബാദിലെ പാർട്ടിയുടെ നാഷനൽ എക്സിക്യൂട്ടിവ് സമ്മേളനമാണ് മറുപടി നൽകിയത്. സമ്മേളനത്തിന്റെ തൊട്ടടുത്ത ദിവസം, പാർട്ടി പത്രമൊരുക്കിയ പരിപാടിക്കായി കേന്ദ്രമന്ത്രി അനുരാഗ് ഠാകൂർ കോഴിക്കോട്ടേക്ക് പറന്നെത്തി. വേദിയിൽ ഉഷയും! ആ സർപ്രൈസ് അവിടെവെച്ച് ഠാകൂർ പൊട്ടിച്ചോ എന്നറിയില്ല. പക്ഷേ, ആ ഫ്രെയിമിൽ സുരേഷ് ഗോപിയുടെ പിൻഗാമിയുണ്ടെന്ന് പലരും അപ്പോഴേ പ്രവചിച്ചു. തൊട്ടടുത്ത ദിവസം, അത് സംഭവിച്ചു: ഉഷയും ഇളയരാജയുമടക്കം നാല് തെന്നിന്ത്യക്കാർ രാജ്യസഭയിലേക്ക്. കേന്ദ്രം തെക്കേ ഇന്ത്യയെ പരിഗണിക്കുന്നില്ലെന്ന് ഇനിയാരും പരാതി പറയരുത്. സതേൺ ട്രാക്കിൽ ഇനിയും പുതിയ 'എക്സ്പ്രസു'കൾ പ്രതീക്ഷിക്കാം.

ഇന്ത്യൻ ജഴ്സിയണിഞ്ഞ് ട്രാക്കിലേക്കിറങ്ങുന്ന അതേ മാനസികാവസ്ഥയിലാണത്രെ നിയുക്ത രാജ്യസഭാംഗം. പതിനാറാം വയസ്സിൽ, ദേശീയ ജഴ്സിയിൽ മോസ്കോയിലെ ഒളിമ്പിക് ട്രാക്കിലിറങ്ങിയപ്പോഴേ അതൊരു റെക്കോഡായിരുന്നു. ആ പ്രായത്തിൽ അന്നേവരെ ആരും ഇന്ത്യൻ ജഴ്സിയിൽ ഒളിമ്പിക്സിനിറങ്ങിയിരുന്നില്ല. നാലു വർഷങ്ങൾക്കപ്പുറം, ലോസ്ആഞ്ജലസിൽ അണിഞ്ഞ ജഴ്സി മറ്റൊരു സുവർണ നിമിഷത്തിന്റെ സാക്ഷ്യപത്രമായിരുന്നു. സെക്കൻഡുകളുടെ നൂറിലൊരംശത്തിന് മെഡൽ പോയെങ്കിലും പയ്യോളി എക്സ്പ്രസ് മടങ്ങിയത് ചരിത്രം സൃഷ്ടിച്ചാണ്. പിന്നെയും രണ്ട് ഒളിമ്പിക്സുകൾ; അഞ്ച് ഏഷ്യാഡുകൾ, അഞ്ച് ഏഷ്യൻ ട്രാക് ആൻഡ് ഫീൽഡ് മീറ്റ്. ദേശീയ ജഴ്സിയിൽ അണിഞ്ഞത് എണ്ണം പറഞ്ഞ 102 മെഡലുകൾ. ദേശീയ ജഴ്സിയിൽ അന്നൊക്കെ പോഡിയത്തിൽ തലയുയർത്തിനിന്നപ്പോഴുള്ള മാനസികാവസ്ഥയിൽനിന്ന് അൽപം വ്യത്യാസം പുതിയ ജഴ്സിയിൽ കാണാതിരിക്കില്ല. ജഴ്സിയുടെ നിറത്തിലും അൽപസ്വൽപം മാറ്റം കണ്ടേക്കാം. ഈ ജഴ്സിയണിയാൻ മുമ്പേ ക്ഷണിക്കപ്പെട്ടതാണ്. വാജ്പേയി കേന്ദ്ര കായിക വകുപ്പ് വരെ വാഗ്ദാനം ചെയ്തിരുന്നു. അന്ന്, ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സ് പിച്ചവെച്ചുതുടങ്ങുന്നതേയുള്ളൂ. സ്വപ്നഭൂമി വിട്ട് മറ്റെവിടേക്കുമില്ലെന്ന് അന്ന് തുറന്നുപറയേണ്ടിവന്നു. അതുകഴിഞ്ഞ്, സാക്ഷാൽ മോദി ഗുജറാത്തിലേക്ക് വിളിച്ചു; അവിടെ കുട്ടികളെ പരിശീലിപ്പിക്കാൻ. അന്നും പോയില്ല. ഓരോ തെരഞ്ഞെടുപ്പ് കാലത്തും സ്ഥാനാർഥിത്വ ചർച്ച വരുമ്പോൾ ഉഷയുടെ പേരും ഉയർന്നുകേൾക്കും. അന്നൊന്നും സംഭവിച്ചില്ല. പക്ഷേ, സമയമാകുമ്പോൾ രാഷ്ടീയത്തിൽ വരുമെന്ന് അന്നേ സൂചിപ്പിച്ചിരുന്നു. റെയിൽവേയിൽനിന്ന് വിരമിച്ച ശേഷമായിരിക്കും അതുണ്ടാവുക എന്നാണ് കരുതിയത്. പക്ഷേ, മോദി പിന്നെയും വിളിച്ചു, അതും നേരിട്ട്. എത്രയെന്നുവെച്ചാണ് ഇങ്ങനെ 'നോ' എന്നു പറയുക. അതുകൊണ്ടാണ്, റെയിൽവേ ജോലി അവസാനിപ്പിച്ച് ജഴ്സിയണിയാൻ തന്നെ തീരുമാനിച്ചത്.

പിലാവുള്ളകണ്ടി തെക്കേപറമ്പിൽ ഉഷ എന്നാണ് പൂർണനാമധേയം. ഇന്ത്യൻ കായികചരിത്രത്തിലെ സമാനതകളില്ലാത്ത പ്രതിഭ. 1978ല്‍ ദേശീയ സ്കൂൾ മീറ്റിലൂടെ വരവറിയിച്ചു. '82ലെ ഏഷ്യന്‍ ഗെയിംസിലും '85ലെയും '89ലെയും ഏഷ്യന്‍ ട്രാക്ക് ആൻഡ് ഫീല്‍ഡിലും '86ലെ സോള്‍ എഷ്യന്‍ ഗെയിംസിലും നടത്തിയ സ്വർണക്കൊയ്ത്തുകൾ പിന്നീട് ഒരിന്ത്യൻ അത്‍ലറ്റിനും ആവർത്തിക്കാനായില്ല. ഏഷ്യയിലെ മികച്ച താരമെന്ന അപൂര്‍വ ബഹുമതി. ഈ നേട്ടങ്ങൾക്കിടയിലും അവഗണിക്കപ്പെടുന്നുവെന്ന പരിഭവം മറച്ചുവെച്ചിട്ടില്ല. ചെറുപ്രായത്തിൽതന്നെ പത്മശ്രീയും അർജുനയും നേടിയെങ്കിലും ഈ ഗണത്തിലെ മേൽത്തട്ട് പുരസ്കാരങ്ങൾ കിട്ടാതെപോയത് ആ അവഗണനകൊണ്ടാണ്. 1989ലെ ഏഷ്യൻ ഗെയിംസിൽ നാലു സ്വർണവും രണ്ടു വെള്ളിയും കൊണ്ടുവന്നിട്ടും അന്നത്തെ നായനാർ സർക്കാർ നയാപൈസപോലും കൊടുത്തില്ല. മറ്റു താരങ്ങൾക്ക് വീടും സ്ഥലവുമൊക്കെ നൽകിയപ്പോൾ അവിടെയും തിരസ്കൃതയായി. സഹതാരങ്ങൾ ഒറ്റപ്പെടുത്തിയെന്ന പരാതി വേറെയുമുണ്ട്. അതിന് ഷൈനിയും വത്സമ്മയും മറുപടി പറഞ്ഞപ്പോൾ വലിയ വിവാദമായി. സ്പോർട്സ് അക്കാദമിയിലെ തിരുവനന്തപുരം ലോബിയോട് പണ്ടേ ധർമയുദ്ധത്തിലാണ്. ഈ പോരാട്ടങ്ങൾക്കിടയിൽ കിനാലൂരിൽ ഉഷ സ്കൂൾ 20 വർഷമായി തരക്കേടില്ലാതെ പോകുന്നുണ്ട്. മുൻ കബഡി താരം ശ്രീനിവാസനാണ് ജീവിത സുഹൃത്ത്. ഉജ്ജ്വൽ ഏക മകൻ.

Tags:    
News Summary - On a changing track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.