ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വേഗം കൂട്ടുകയാണ്. ആദ്യ നടപടിയായി ഏകീകൃത വോട്ടര്‍പട്ടികയുടെ സാധ്യതകള്‍ വിലയിരുത്തി തുടര്‍നടപടികള്‍ക്ക് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയെ ചുമതലപ്പെടുത്തിയിരിക്കുന്നു.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുകയെന്ന 2014ലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം യാഥാര്‍ഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ആത്യന്തികമായി ഏകകക്ഷി മേധാവിത്വത്തിലേക്കും ഭൂരിപക്ഷ സമഗ്രാധിപത്യത്തിലേക്കും ഇന്ത്യന്‍ ജനാധിപത്യത്തെ മാറ്റിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചരിത്രവഴി
1947ല്‍ സ്വാതന്ത്ര്യം ലഭിച്ച് അഞ്ചുവര്‍ഷത്തിനു ശേഷമായിരുന്നു ആദ്യ പൊതു തെരഞ്ഞെടുപ്പ്. 1952ല്‍ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ചായിരുന്നു വോട്ടെടുപ്പ്. തുടര്‍ന്ന് ഓരോ അഞ്ചുവര്‍ഷം കൂടുന്പോഴും രാജ്യം പോളിങ്ബൂത്തിലേക്ക് നീങ്ങി. 1957ലും 1962ലും 1967ലും ഒരേ സമയത്ത് പാര്‍ലമെൻറ്, നിയമസഭ തെരഞ്ഞെടുപ്പുകൾ നടന്നു.
എന്നാല്‍, ഇതിനിടയില്‍ ചില സംസ്ഥാന നിയമസഭകളിലേക്ക് ഇടക്കാല വിധിയെഴുത്ത് വേണ്ടിവന്നു. 1957ല്‍ രണ്ടാം ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം അധികാരത്തിലെത്തിയ കേരളത്തിലെ ഇ.എം.എസ് സര്‍ക്കാറിനെ പിരിച്ചുവിട്ടതോടെ പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് നിയമസഭ തെരഞ്ഞെടുപ്പ് വേണ്ടി വന്നു.
നിയമസഭ, പാര്‍ലമെൻറ് തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് എന്ന സങ്കല്പത്തിന് ജനാധിപത്യക്രമത്തിൽ അല്പായുസ്സാണെന്ന് അപ്പോൾ ബോധ്യമായി. 1967ലെ പൊതു തെരഞ്ഞെടുപ്പ് ഈ യാഥാർഥ്യം അരക്കിട്ടുറപ്പിച്ചു. ആ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും ബിഹാര്‍, യു.പി, രാജസ്ഥാന്, പശ്ചിമ ബംഗാള്‍, ഒഡിഷ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയേറ്റു. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിരുദ്ധ കക്ഷികളുടെ സഖ്യസര്ക്കാറുകളും അധികാരത്തിലെത്തി.
ഈ കൂട്ടുകക്ഷി പരീക്ഷണങ്ങളില്‍ അധികവും പാതിവഴിയില്‍ നിലംപൊത്തി. അങ്ങനെ അഞ്ചാം ലോക്സഭ പൊതു തെരഞ്ഞെടുപ്പിനു മുമ്പേ ഈ സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു. അതോടെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുകയെന്ന പതിവ് തെറ്റി.
പിന്നീട് ഏറെക്കാലത്തിനുശേഷം 1983ലാണ് തെരഞ്ഞെടുപ്പ് കമീഷന് ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന ആശയം വാര്‍ഷികറിപ്പോര്‍ട്ടില്‍ മുന്നോട്ടുവെച്ചത്. അപ്പോഴേക്കും പല സംസ്ഥാനങ്ങളിലും പ്രാദേശികകക്ഷികള്‍ ശക്തിയാര്‍ജിക്കുകയും കോണ്‍ഗ്രസിെൻറ ഏകകക്ഷി മേധാവിത്വം ഏതാണ്ട് അവസാനിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ഈ ആശയം ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാറോ മറ്റു രാഷ്ട്രീയ കക്ഷികളോ മുതിര്‍ന്നില്ല.
1999ല്‍ ബി.പി. ജീവൻറെഡ്ഡി ചെയര്‍മാനായ നിയമ കമീഷനും തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുകയെന്ന നിര്‍ദേശം മുന്നോട്ടു വെച്ചു. എന്നാല്‍, കേന്ദ്ര സര്‍ക്കാറും രാജ്യത്തെ മുഖ്യധാര രാഷ്ട്രീയ കക്ഷികളും ഈ ആശയത്തെ അനുകൂലിച്ചില്ല. അതേസമയം, ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനിയും എ.ബി. വാജ്പേയിയും ഈ ആശയത്തിെൻറ ശക്തരായ വക്താക്കളായി രംഗത്തുവന്നു. 2010ല്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ സന്ദര്‍ശിച്ച് അദ്വാനി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കണെമന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍, യു.പി.എ സര്‍ക്കാര്‍ താല്പര്യം കാണിച്ചില്ല.
2014ല്‍ ബി.ജെ.പി പ്രകടന പത്രികയില്‍ വീണ്ടും തെരഞ്ഞെടുപ്പ് ഏകീകരണം ഇടം നേടി. അധികാരത്തിലെത്തിയ ശേഷം 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം ആവര്‍ത്തിച്ചു. തൊട്ടടുത്ത വര്‍ഷം ഇ.എം. സുദര്‍ശന നാച്ചിയപ്പെൻറ നേതൃത്വത്തിലുള്ള പാര്‍ലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനുള്ള സാധ്യതകള്‍ പഠിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കി. 2017ല്‍ നിതി ആയോഗ് ഇതിനെ അനുകൂലിച്ചു.
തെരഞ്ഞെടുപ്പുകള്‍ പാഴ്ച്ചെലവോ?
വര്‍ധിച്ചുവരുന്ന ചെലവാണ് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന് വാദിക്കുന്നവരുടെ തുറുപ്പുചീട്ട്. തെരഞ്ഞെടുപ്പുകളുടെ എണ്ണം കുറക്കുന്നത് ഈ വലിയ ധനനഷ്ടം കുറക്കുമെന്നാണ് ഇവരുടെ വാദം. എന്നാൽ, തെരെഞ്ഞടുപ്പുതന്നെ ഇല്ലാതാക്കുന്നതിനുപകരം ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കാനുള്ള നിരീക്ഷണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് ചെലവുകള്‍ നിയന്ത്രിക്കാനുള്ള വഴി.
ആവര്‍ത്തിച്ചുവരുന്ന തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിെൻറ വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിപ്പിക്കുന്നുവെന്നതാണ് മറ്റൊരു വാദം. കഴിഞ്ഞ 30 വര്‍ഷത്തില്‍ ഒരുവര്‍ഷം പോലും രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് നടക്കാതെ കടന്നുപോയിട്ടില്ലെന്ന് 2017ലെ നിതി ആയോഗ് റിപ്പോര്‍ട്ട് പറയുന്നു. ഇടക്കിടെ വരുന്ന തെരഞ്ഞെടുപ്പുകള്‍ സര്‍ക്കാറുകള്‍ക്ക് ജനക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും തടസ്സമുണ്ടാക്കുന്നുെവന്നാണ് ഇവരുടെ വാദം.
മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നുകഴിഞ്ഞാല്‍ ക്ഷേമ പദ്ധതികള്‍പോലും പ്രഖ്യാപിക്കാനോ തുടക്കം കുറിക്കാനോ സര്‍ക്കാറുകള്‍ക്ക് കഴിയില്ല. മാത്രമല്ല, ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിന് ഒരുക്കുന്നതു കാരണം സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വേഗം കുറയുന്നു. ഇടക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്പത്തിക ഭാരം വര്‍ധിപ്പിക്കുകയും അത് അഴിമതിക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. കള്ളപ്പണത്തിെൻറ നിര്‍ബാധമായ ഒഴുക്കിനും തെരഞ്ഞെടുപ്പുകാലം കാരണമാകുന്നു എന്നൊക്കെ ന്യായമായി എണ്ണുന്നുണ്ട്. ഇതിനെല്ലാം പരിഹാരം ഒറ്റത്തവണ തെരഞ്ഞെടുപ്പാണെന്നത് തെറ്റായ രോഗനിര്‍ണയവും ചികിത്സയുമായി മാത്രമേ കാണാനാകൂ.
തെരഞ്ഞെടുപ്പ് ഏകീകരണത്തിലെ ചതിക്കുഴി
പ്രാദേശിക ഭരണസമിതികള്‍ മുതല്‍ പാര്‍ലമെൻറ് വരെ കാലാകാലങ്ങളില്‍ നടക്കുന്ന ഹിതപരിശോധനയാണ് ഇന്ത്യൻ ജനാധിപത്യത്തെ ഊർജസ്വലമായി നിര്‍ത്തുന്നത്. പ്രതിനിധാനാവകാശം അഞ്ചുവര്‍ഷത്തേക്ക് തീറെഴുതുകയെന്നതുതന്നെ അടിസ്ഥാനപരമായി ജനാധിപത്യ വിരുദ്ധമായ ആശയമാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം രാജ്യത്തിെൻറ ഫെഡറല്‍ സംവിധാനത്തിെൻറ അന്തഃസത്തക്കെതിരാണ്.
ഇന്ത്യ പോലെ വൈവിധ്യമാർന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സവിശേഷതകളുള്ള ഒരു രാജ്യത്ത് ഏകീകൃത തെരഞ്ഞെടുപ്പ് ശരിയായ രീതിയാകില്ല. പാര്‍ലമെൻററി സംവിധാനത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണക്രമത്തിലേക്കും കാലക്രമേണ ഭൂരിപക്ഷ സമഗ്രാധിപത്യത്തിലേക്കുമുള്ള കുറുക്കുവഴിയായാണ് ബി.ജെ.പിയുടെ ഈ അജണ്ടയെ കാണേണ്ടത്. പ്രാദേശിക രാഷ്ട്രീയസംഘാടനത്തിെൻറയും പ്രാദേശിക താല്പര്യങ്ങളുടെയും അടിവേരറുക്കുന്നതിനുള്ള കൗശലമാണ് സംസ്ഥാന നിയമസഭകളിലേക്കും പാര്‍ലമെൻറിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുകയെന്നത്. പ്രാദേശിക കക്ഷികളുടെ സാന്നിധ്യം ഈ മത്സരത്തില്‍ ദുര്‍ബലമാകും. മാത്രമല്ല, പ്രാദേശിക വിഷയങ്ങള്‍ മുഖ്യ പ്രചാരണ വിഷയമല്ലാതാകും.
ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറതന്നെ തകര്‍ക്കുന്നതാണ് ഈ ആശയം. എല്ലാ തെരഞ്ഞെടുപ്പിലും പാര്‍ലമെൻറിലോ സംസ്ഥാന നിയമസഭകളിലോ ഏതെങ്കിലും കക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിനു ശേഷം സുസ്ഥിരമായ സര്‍ക്കാറുണ്ടാകുമെന്ന് ഉറപ്പാക്കാനും കഴിയില്ല.
പല കാരണങ്ങളാല്‍ സര്‍ക്കാറുകള്‍ക്ക് അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കാനാവാതെ വരുകയും ചെയ്യാം. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാതെ നിലംപതിക്കുന്ന സര്‍ക്കാറുകള്‍ക്കു പകരം എന്തു സംവിധാനമെന്നോ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആര് ഭരണനിര്‍വഹണം നടത്തുമെന്നോ ഉള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം ലഭ്യമായിട്ടില്ല. രാഷ്ട്രപതി ഭരണമാണ് ഒരു പോംവഴി. അപ്പോള്‍ കാര്യകര്‍ത്താക്കള്‍ ഉദ്യോഗസ്ഥരായിരിക്കും. ഫലത്തില്‍ ജനങ്ങളുടെ പരമാധികാരം ഉദ്യോഗസ്ഥരിലേക്ക് ഏൽപിക്കുന്ന സംവിധാനത്തിലേക്ക് ജനാധിപത്യം ദുര്‍ബലപ്പെടും.
സമഗ്രാധിപത്യത്തിലേക്കുള്ള വഴി
പാര്‍ലമെൻററി ഭരണക്രമത്തിനു പകരം ഒരു പ്രസിഡന്‍ഷ്യല്‍ ഭരണക്രമത്തിലേക്ക് രാജ്യത്തെ കൊണ്ടുവരുകയെന്നത് സംഘ്പരിവാറിെൻറ രാഷ്ട്രീയ അജണ്ടയാണ്. അതിെൻറ ആദ്യ ചുവടുകളെന്നോണം സംസ്ഥാനങ്ങളുടെ മേല്‍ കേന്ദ്ര സര്‍ക്കാറിെൻറ പിടിമുറുക്കുന്ന നടപടികളാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ സ്വീകരിച്ചത്.
സംസ്ഥാനങ്ങളുടെ സാന്പത്തിക സ്വാശ്രയത്വത്തെ തകര്‍ക്കുകയായിരുന്നു 'ഒരു രാജ്യം, ഒരു നികുതി' എന്ന ജി.എസ്.ടി നടപ്പാക്കിയതോടെ സംഭവിച്ചത്. യു.എ.പി.എ, എൻ.െഎ.എ നിയമങ്ങള്‍ ഭേദഗതി ചെയ്ത് സംസ്ഥാന വിഷയമായ ക്രമസമാധാനപാലനത്തില്‍ നേരിട്ട് ഇടപെടാനുള്ള ലൈസന്‍സ് കേന്ദ്രം സ്വന്തമാക്കി. ദേശീയ വിദ്യാഭ്യാസ നയം പരിഷ്കരിച്ച് കണ്‍കറൻറ് ലിസ്റ്റിലുള്ള വിദ്യാഭ്യാസ മേഖലയിലും പിടിമുറുക്കി.
ഇങ്ങനെ അധികാര വിഭജനത്തിെൻറയും ഭരണസംവിധാനത്തിെൻറയും നിഖിലമേഖലകളിലും ശക്തമായ കേന്ദ്രശക്തിെയ അടിച്ചേൽപിച്ച് സംസ്ഥാനങ്ങളെ ദുര്‍ബലമാക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയവും സാംസ്കാരികവുമായ, രാജ്യത്തിെൻറ എല്ലാ വൈവിധ്യങ്ങളെയും തകര്‍ത്ത് ഒരു ഏകശിലാത്മക സവര്‍ണ ഹിന്ദുത്വരാഷ്ട്ര രൂപവത്കരണത്തിന് കളമൊരുക്കാനുള്ള മറ്റൊരു നീക്കമാണ് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന് നിസ്സംശയം പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.