ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ കാണുന്നത് അവശത അനുഭവിക്കുന്നവരുടെ ഉന്നമനത്തിനായി അക്ഷീണം, അവിശ്രാന്തം ഓടിനടക്കുന്ന പിതാവിനെയാണ്. ഏതെങ്കിലുമൊരു സംസ്ഥാനത്ത് കലാപങ്ങളോ പ്രശ്നങ്ങളോ ഉണ്ടായാൽ മറ്റെല്ലാം മറന്ന് അദ്ദേഹമവിടേക്ക് പാഞ്ഞുപോകുമായിരുന്നു. അവിടെ കാണുന്ന മനുഷ്യരും കുഞ്ഞുങ്ങളും അവരുടെ കണ്ണീരും മാത്രമായിരിക്കും ആ ദിനങ്ങളിൽ അദ്ദേഹത്തിന്റെ ചിന്ത. അവർക്ക് ആശ്വാസമേകാൻ മനുഷ്യസാധ്യമായ സഹായങ്ങളെല്ലാം ഒരുക്കും. പിന്നീട് കലാപങ്ങളുടെ ഉത്തരവാദികൾക്കെതിരെ പാർലമെൻറിൽ കടുത്ത ഭാഷയിൽ, നെഞ്ചുറപ്പോടെ ശബ്ദമുയർത്തും. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുയരുന്ന ആ വാക്കുകൾ കേട്ടില്ലെന്ന് നടിക്കാൻ ഒരാൾക്കും കഴിഞ്ഞിരുന്നില്ല. ന്യൂനപക്ഷ സമൂഹങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും മനുഷ്യ-സാമൂഹിക ബന്ധങ്ങളെ കോർത്തിണക്കാനും ഉഴിഞ്ഞുവെച്ചതായിരുന്നു ആ ജീവിതം.
അനീതിക്കെതിരെ ഇത്ര ഘോരമായി സംസാരിക്കുേമ്പാഴും ആർദ്രതയും നർമോക്തിയും അദ്ദേഹത്തിന് കൈമോശം വന്നിരുന്നില്ല.അദ്ദേഹത്തിന്റെയും പേരമകൾ മെഹ്റീന്റെയും ജന്മദിനം നവംബർ മൂന്നിനാണ്. എനിക്ക് 61 അവൾക്ക് 16 എന്ന് കൂടക്കൂടെ പറയുമായിരുന്നു.
കടുത്ത തിരക്കുകൾക്കിടയിൽ വീട്ടുകാര്യങ്ങൾക്കായി നീക്കിവെക്കാൻ സമയം കഷ്ടിയായിരുന്നു. പക്ഷേ, ഉള്ള സമയം ഏറ്റവും യുക്തമായും ഗുണപരമായും വിനിയോഗിച്ചു. എല്ലാം വൃത്തിയിലും വെടുപ്പിലും അടുക്കും ചിട്ടയിലും തന്നെ വേണമെന്ന കാര്യത്തിൽ അൽപം കടുംപിടിത്തമുണ്ടായിരുന്നു; അദ്ദേഹത്തിന്റെ വ്യക്തിത്വം പോലെത്തന്നെ. സമയനിഷ്ഠ പാലിക്കണമെന്നും ശാഠ്യമുണ്ടായിരുന്നു. എത്താമെന്നേറ്റ ചടങ്ങുകൾക്കും പ്രഭാഷണങ്ങൾക്കുമെല്ലാം നിശ്ചിത സമയത്തിനു മുമ്പുതന്നെ ഹാജരാകുമായിരുന്നു.
ഇത്രയേറെ തിരക്കുകൾക്കിടയിലും ബന്ധങ്ങൾക്ക് കൽപ്പിച്ച വിലയും അത് കാത്തുസൂക്ഷിക്കാൻ പുലർത്തിയ ശ്രദ്ധയും പറഞ്ഞാൽ തീരില്ല. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിക്കാനും അവർക്ക് കത്തെഴുതാനും അവരെ സന്ദർശിക്കാനുമെല്ലാം സമയം കണ്ടെത്തി. ഉറ്റവർക്കിടയിൽ ഏതെങ്കിലും വിധത്തിലെ വിള്ളലുകളുണ്ടാവുന്നത് സഹിക്കാനാകുമായിരുന്നില്ല. എന്തെങ്കിലും ആശയക്കുഴപ്പങ്ങളോ തെറ്റിദ്ധാരണകളോ ആരെങ്കിലുമായി ഉണ്ടായാൻ ചെന്ന് കണ്ട് സംസാരിച്ച് പരിഹരിക്കും. അടുപ്പമുള്ളവരും അല്ലാത്തവരും അദ്ദേഹത്തിൽ പരിപൂർണ വിശ്വാസമർപ്പിച്ചു, തങ്ങളുടെ ഉള്ളകം തുറന്നു പറഞ്ഞാലും ഒരു തുള്ളിപോലും പുറത്തറിയിക്കാതെ കാത്തുസൂക്ഷിക്കുന്ന കാതും കരളും പ്രിയപ്പെട്ട സേട്ട് സാഹിബിനുണ്ടെന്ന് അവർക്കറിയാമായിരുന്നു.
പാർലമെൻറിലെ ഉജ്ജ്വല താരവും ആയിരക്കണക്കിന് അനുയായികളുള്ള നേതാവുമായിരിക്കുേമ്പാഴും ലാളിത്യവും വിനയവും കൈവിട്ടില്ല, ഓട്ടോയിൽ യാത്ര ചെയ്യുന്നതും കാൽനടയായി പോകുന്നതുമൊന്നും പ്രയാസമായി കണ്ടില്ല. ചിലപ്പോൾ കൈയിൽ ചില്ലറയുണ്ടാവില്ല. ഞങ്ങളിൽ ആരിൽനിന്നെങ്കിലും വാങ്ങും. തിരിച്ചുതരുകയും ചെയ്യും! റമദാൻ വേളയിലാണ് കുടുംബത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യവും അസാന്നിധ്യവും ശരിക്കും പ്രകടമാവുക. നമസ്കാരങ്ങൾക്ക് ഞങ്ങൾക്ക് ഇമാമായി നിൽക്കും. അത്താഴ ശേഷം വീട്ടിലെ എല്ലാവരും ഒരുമിച്ച് പഴം നുറുക്കുകൾ കഴിച്ചിരുന്ന് വർത്തമാനങ്ങൾ പറയും.
രാഷ്ട്രീയത്തിരക്കിലമരും മുമ്പ് അദ്ദേഹം കാവ്യരചനയിൽ കാര്യമായി ശ്രദ്ധിച്ചിരുന്നു. കൗസർ എന്നായിരുന്നു ഉർദു കവിതകളെഴുതാൻ തിരഞ്ഞെടുത്ത യാഖുൽസ് (തൂലികാ നാമം). പാർലമെൻറിലെ ശ്രദ്ധേയ കവികളിലൊരാളായിരുന്ന അടൽ ബിഹാരി വാജ്പേയ് പ്രഭാഷണങ്ങളിൽ ഹിന്ദി കവിതകൾ ആലപിക്കുേമ്പാൾ അതിനനുയോജ്യമായ ഉർദു കവിതകൾ ചൊല്ലിയാണ് അദ്ദേഹം സംസാരിച്ചിരുന്നത്.
അവസാന നാളുകളിൽ, അതായത് മരണത്തിന് രണ്ടുദിവസം മുമ്പ് 2005 ഏപ്രിൽ 25ന് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഷോക്കും ഇൻജക്ഷനുെമല്ലാം നൽകേണ്ടിവന്നു. കണ്ണു തുറന്നതറിഞ്ഞ് ഞാൻ ഐ.സി.യുവിലേക്ക് ചെന്നു. അദ്ദേഹം അനുഭവിക്കുന്ന വേദന കണ്ട് എനിക്ക് സഹിക്കാനാകുമായിരുന്നില്ല. അൽപം ശാന്തമായപ്പോൾ എങ്ങനെയുണ്ട് എന്ന് തിരക്കി. 'ഏക് ദേ ദർദ് നഹി, സാരാ ജിസ്മ് ഹേ ചൽലി, ദർദ് ബേചാര പരേശാൻ ഹേ കഹാ സേ ഉേഠ'- ഒന്നോ രണ്ടോ അല്ല ദേഹം മുഴുക്കെ തുളകൾ വീണിരിക്കുന്നതുകണ്ട് പാവം വേദന ബേജാറിലാണ്, ഏത് ദ്വാരത്തിലൂടെ പുറത്തുവരണമെന്നോർത്ത്) എന്ന സയ്ദ് ഹമീദിന്റെ രണ്ടുവരിക്കവിതയാണ് മറുപടി പറഞ്ഞത്.
പിറ്റേന്നാൾ മുറിയിലേക്ക് മാറ്റി. അന്ന് മഴ നിർത്താതെ പെയ്യുന്ന ദിവസമായിരുന്നു. ജനാലക്കരികിലെ കട്ടിലിലാണ് അദ്ദേഹം കിടന്നിരുന്നത്. രാത്രി തണുപ്പ് അധികമേൽക്കേണ്ടെന്നു കരുതി ഞാൻ ജനാലയടക്കാൻ തുനിഞ്ഞു. - എത്ര മനോഹരമായ കാഴ്ചയാണ് പുറത്ത്, ജനൽ അടക്കല്ലേയെന്ന് പറഞ്ഞു അദ്ദേഹം. ഞാൻ നോക്കിയിട്ട് കുറ്റാക്കൂരിരുട്ടല്ലാതെ ഒന്നും കണ്ടില്ല. എന്റെ സഹോദരൻ സിറാജ് ഇബ്രാഹിം വന്നു. പിതാവ് ഉടനെ പ്രസംഗം പറഞ്ഞുകൊടുക്കാൻ തുടങ്ങി. ഇന്ത്യൻ നാഷനൽ ലീഗിന്റെ പത്താം വാർഷിക പരിപാടിയിൽ നടത്തേണ്ട പ്രഭാഷണം.
അത്ര കടുത്ത രോഗത്തിന്റെയും വേദനയുടെയും നടുവിലും സർവതല സ്പർശിയായ പ്രസംഗമാണ് അദ്ദേഹത്തിൽനിന്ന് പുറത്തുവന്നത്. കാറ്റും തണുപ്പും കണ്ട് ഞാൻ വീണ്ടും ജനാലയടക്കാൻ പോയെങ്കിലും അദ്ദേഹം വിലക്കി. രാവേറെയാവുന്നു, ബാക്കി നാളെയെഴുതാമെന്ന് പറഞ്ഞു സിറാജ്. സമയം കുറവാണ്, ഇപ്പോൾത്തന്നെ തീർക്കേണ്ടതുണ്ടെന്നായിരുന്നു പിതാവിന്റെ മറുപടി. ആ വാക്കുകൾ സത്യമായിരുന്നു. അടുത്ത സൂര്യോദയം കാണാൻ അദ്ദേഹമുണ്ടായിരുന്നില്ല. പടച്ചവന്റെ വിളിക്കുത്തരം നൽകി യാത്രയായി. ആ വിയോഗം സൃഷ്ടിച്ച വേദനയെന്തെന്ന് ഞങ്ങളേക്കാളേറെ വേദനിക്കുന്ന, അദ്ദേഹത്തിന്റെ അഭാവം തിരിച്ചറിയുന്നവരോട് ഞാൻ പറയേണ്ടതില്ലല്ലോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.