‘നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു’വെന്ന പുസ്തകം രചിച്ചത് പി. സായ്നാഥാണ്. വരൾച്ചയിലല്ല, അതിെൻറ പേരിൽ ലഭ്യമാവുന്ന ദുരിതാശ്വാസനിധിയിലാണ് ഭരണനിപുണരുടെ കണ്ണ്. മൂക്കോളം മുങ്ങിയ മനുഷ്യെൻറ സർവസ്വവും തട്ടിയെടുക്കാനുള്ള അവസരമായി ദുരന്തത്തെ കാണുന്ന കോർപറേറ്റുകൾക്കൊപ്പം നിൽക്കുന്ന ഭരണാധികാരികളാണ് ചുറ്റും. കൊറോണ വൈറസ്ബാധ ഒഴിയുമ്പോൾ രാജ്യത്തിെൻറ പൊതുമേഖലയിൽ എന്തെങ്കിലും അവശേഷിക്കുമോ എന്നതാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഭയാനകമായ ചോദ്യം. വിദ്യാഭ്യാസരംഗത്തെ സ്ഥിതിയും വ്യത്യസ്തമല്ല. കിട്ടിയ അവസരം പാഴാക്കാതെ ഔപചാരിക വിദ്യാഭ്യാസത്തിെൻറയും പൊതുവിദ്യാഭ്യാസത്തിെൻറയും ചുമതലകൾ കൈയൊഴിയാനുള്ള പദ്ധതികൾ ജനാധിപത്യരഹിത മാർഗങ്ങളിലൂടെ എത്രയും വേഗം നടപ്പാക്കാൻ ശ്രമിക്കുകയാണ് എല്ലാ സർക്കാറുകളും.
മേയ് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ ഭാവിയിലെ ഇന്ത്യൻ വിദ്യാഭ്യാസത്തെ ഓൺലൈൻ മോഡിലേക്ക് മാറ്റാൻ ആഹ്വാനം ചെയ്തു. കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ പരീക്ഷകളും പഠനവും മൂല്യനിർണയവുമെല്ലാം ഡിജിറ്റൽ മോഡിലേക്ക് മാറ്റാനുള്ള തീവ്രപരിശ്രമങ്ങൾ വൈകാതെ ആരംഭിച്ചു. കോവിഡ് രോഗഭീതി ജനങ്ങൾക്കിടയിൽ സൃഷ്ടിച്ച നിരാശ്രയത്വത്തെ ഫലപ്രദമായി മുതലെടുത്ത് വിദ്യാഭ്യാസസമ്പ്രദായത്തെ ഘട്ടംഘട്ടമായി അനൗപചാരികമാക്കി മാറ്റാനുള്ള വ്യക്തമായ ചുവടുവെപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. താൽക്കാലികമായി, മറ്റ് മാർഗങ്ങളില്ലാത്തതിനാൽ ഓൺലൈൻ സാധ്യതകൾ ഉപയോഗിക്കുന്നുവെന്നതല്ല ഔപചാരികമായ അധ്യാപനം എന്ന ഒഴിച്ചുകൂടാനാവാത്ത വിദ്യാഭ്യാസപ്രക്രിയയുടെ പ്രാധാന്യത്തെതന്നെ വെല്ലുവിളിച്ചുകൊണ്ടാണ് ഭരണകൂടം ബോധനാവകാശത്തിനുമേൽ കൈവരിച്ചിരിക്കുന്നത് എന്നതാണ് പ്രശ്നം.
ആധുനികവിദ്യാഭ്യാസം എന്നാലർഥം ഔപചാരിക വിദ്യാഭ്യാസമെന്നാണ്. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള കൊടുക്കൽവാങ്ങലുകളിലൂടെയാണ് അത് സാധ്യമാകുന്നത്. മുഖാമുഖം നടക്കുന്ന ആ ജൈവപ്രക്രിയയെ മാറ്റി പ്രതിഷ്ഠിക്കാൻ എത്ര വിദഗ്ധമായി േപ്രാഗ്രാം ചെയ്യപ്പെട്ട കമ്പ്യൂട്ടറിനും കഴിയില്ല. മനുഷ്യന് മാത്രമേ മറ്റൊരു മനുഷ്യന് വിദ്യാഭ്യാസം നൽകാനാവൂ. നേരിട്ടുള്ള ബോധനമില്ലാതെ, അധ്യാപകനില്ലാതെ ഒരു വിദ്യാഭ്യാസവും പൂർണമാകില്ല. ഔപചാരിക വിദ്യാഭ്യാസത്തിൽ അധ്യാപകർ മാത്രമല്ല, ക്ലാസ്മുറി, സഹവിദ്യാർഥികൾ, വിദ്യാലയാന്തരീക്ഷം എന്നിവയിലൂടെയെല്ലാം പകർന്നു കിട്ടുന്ന മൂല്യത്തെയാണ് വിദ്യാഭ്യാസത്തിെൻറ ആകത്തുകയായി ഗണിക്കുന്നത്. അനൗപചാരിക ഓൺലൈൻ പഠനം ഔപചാരിക വിദ്യാഭ്യാസത്തിന് പകരമല്ല, അതിന് ഉപോദ്ബലകം മാത്രമാണെന്ന അനിഷേധ്യപാഠം എല്ലായ്പ്പോഴും ഓർക്കേണ്ടതുണ്ട്.
2017-18 വർഷത്തിൽ ഇന്ത്യയിലെ വിദ്യാഭ്യാസത്തെക്കുറിച്ച് നടന്ന ദേശീയ സാമ്പിൾ സർവേയിൽ കണ്ടെത്തിയത് രാജ്യത്ത് ആകെ ഇൻറർനെറ്റ് സൗകര്യം ലഭ്യമായിട്ടുള്ളത് 27 ശതമാനം ആളുകൾക്ക് മാത്രമാണെന്നാണ്. ഇന്ത്യയിലെ ഗ്രാമീണമേഖലയിലെ 66 ശതമാനം വരുന്ന ജനവിഭാഗങ്ങളിൽ 15 ശതമാനത്തിന് മാത്രമേ ഇൻറർനെറ്റ് ലഭ്യതയുള്ളൂവെന്നും കണ്ടെത്തിയിരുന്നു. ആനുപാതികമായി, നഗരവാസികളിൽ 42 ശതമാനം ആളുകൾക്ക് ഇൻറർനെറ്റ് ലഭ്യമാണ്. അഞ്ചുവയസ്സിനും 24 വയസ്സിനും ഇടയിൽ പ്രായമുള്ള വിഭാഗങ്ങൾക്കിടയിൽ ഫലത്തിൽ എട്ടു ശതമാനത്തിന് മാത്രമേ കമ്പ്യൂട്ടറും ഇൻറർനെറ്റും ഒന്നിച്ച് ലഭ്യമാകുന്നുള്ളൂവെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അവരിൽതന്നെ, ദരിദ്ര ജനവിഭാഗങ്ങളിൽപ്പെട്ടവർക്ക് ഡിജിറ്റൽ ലഭ്യത 2.7 ശതമാനത്തിന് മാത്രമേയുള്ളൂവെന്നാണ് സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ദേശീയ ശരാശരിയിൽ, കേരളത്തിൽപ്പോലും പൊതുവിൽ 23.5 ശതമാനത്തിന് മാത്രമാണ് സ്വന്തമായി കമ്പ്യൂട്ടറും ഇൻറർനെറ്റും ലഭ്യമായിട്ടുള്ളത്.
ലോക്ഡൗൺ കാലത്ത് കേരളത്തിലെ വിദ്യാഭ്യാസവകുപ്പു നടത്തിയ റാൻഡം ടെസ്റ്റിൽ 2.61 ലക്ഷം വിദ്യാർഥികൾക്ക് ഇൻറർനെറ്റോ ടി.വിയോ പോലുമില്ലെന്ന് കണ്ടെത്തിയല്ലോ. ഈ ചുറ്റുപാടിൽ, കുറച്ചുപേർക്ക് മാത്രമായി ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിലെ വിവേചനത്തെയും വിഭജനത്തെയും പിന്തുണച്ചാൽ അത് എത്ര ഭീമമായ ഒരു അനീതിക്കു കൂട്ടുനിൽക്കലാവും!
ഇനി, ഓൺലൈൻ വിദ്യയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങൾകൊണ്ട് അഭിലഷണീയമായ വിദ്യാഭ്യാസലക്ഷ്യങ്ങളിൽ ഏതെങ്കിലും ഒന്ന് പൂർത്തീകരിക്കാനാവുമോ? സ്കൂൾവിദ്യാർഥികൾക്കൊരിക്കലും ടി.വി, യൂട്യൂബ് ചാനലുകളെ ഗൗരവത്തിൽ കാണാൻ കഴിയില്ല. അത്തരം കാര്യങ്ങൾ വിനോദോപാധി മാത്രമാണവർക്ക്. ഉന്നത വിദ്യാഭ്യാസരംഗത്ത് വിവരം കൈമാറൽ മാത്രമായി വിദ്യാഭ്യാസപ്രക്രിയയെ ചുരുക്കിക്കാണുകയാണെങ്കിൽ, അതുപയോഗിക്കാം. സർവകലാശാല വിദ്യാർഥികൾ, ഗൂഗ്ൾ പോലെയുള്ള വെബ്സൈറ്റുകൾ ഇപ്പോൾത്തന്നെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അവയെ വിദ്യാഭ്യാസത്തിെൻറ ആകമാനസ്വഭാവത്തിൽ ആരും കാണാറില്ല. വിദ്യാഭ്യാസം കേവലം വിവരം ആർജിക്കലല്ലയെന്നതുകൊണ്ടുതന്നെ.
അയഥാർഥമായ വെർച്വൽ വിദ്യാഭ്യാസത്തിലൂടെയല്ല; യഥാർഥ ജീവിതഗന്ധിയായ വിദ്യാഭ്യാസത്തിലൂടെയാണ് മനുഷ്യനെ സൃഷ്ടിക്കാനാവുന്നത്. അതിന് നിശ്ചയമായും വിവരത്തിനപ്പുറം ജ്ഞാനാർജനത്തിെൻറയും ജ്ഞാനോൽപാദനത്തിെൻറയും ഉത്കൃഷ്ട വഴികളിലൂടെ വിദ്യാർഥികൾക്കു കടന്നുപോയേ തീരൂ. കാഴ്ചപ്പാടുകളും മൂല്യങ്ങളും വിശകലനശേഷിയുമൊക്കെ കലാലയങ്ങളിൽനിന്നുമാത്രം സിദ്ധിക്കുന്ന കാര്യങ്ങളാണ്. വെബ്സൈറ്റുകൾക്കു അധ്യാപനത്തെ സഹായിക്കാം, അധ്യാപകരുടെ റോൾ ഏറ്റെടുക്കാനാവില്ല.എന്നാൽ, അധ്യാപകരെ ഒഴിവാക്കാനുള്ള വിദ്യകളെക്കുറിച്ച് ഭരണകൂടം ഏറെ നാളായി പല വഴികളിലൂടെ ചിന്തിച്ചുകൊണ്ടിരിക്കുന്നു. 2014 ജനുവരി 3, 4, 5 തീയതികളിൽ തിരുവനന്തപുരത്ത് നടന്ന ട്രാൻസ് നാഷനൽ എജുക്കേഷൻ കോൺഫറൻസിൽ ഒരു പ്രഖ്യാപനം ഉണ്ടായി. തിരുവനന്തപുരം പ്രഖ്യാപനപ്രകാരം വിദ്യാഭ്യാസം അനൗപചാരികമാകണമെന്നും ‘മൂക്’ (മാസീവ് ഒാപൺ ഒാൺലൈൻ കോഴ്സ്-MOOC) മാതൃകയിൽ വേണം ഭാവി വിദ്യാഭ്യാസം. ‘മൂക്’ വ്യാപകമാക്കാനായാൽ, സർവകലാശാലകൾ അടച്ചുപൂട്ടാൻ കഴിയും എന്ന് ആ പ്രഖ്യാപനത്തിെൻറ ലക്ഷ്യത്തിൽ പറഞ്ഞുെവച്ചിരുന്നു. നേരിട്ടുള്ള അധ്യാപനം, പഠനം, പരീക്ഷ തുടങ്ങിയവയൊന്നും ‘മൂക്’ ലോകത്ത് ഉണ്ടാവില്ല. നിയമനങ്ങൾ കഴിയുന്നത്ര ഒഴിവാക്കാനും പൊതുഖജനാവിൽനിന്ന് വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കുന്നതു വൻതോതിൽ കുറയ്ക്കാനും കഴിയുമെന്ന ആശയം പരസ്യമായി അവതരിപ്പിച്ചുകൊണ്ടാണ് ‘മൂക്’ കടന്നുവന്നത്.
കുഞ്ഞുങ്ങൾക്ക് അക്ഷരത്തിെൻറ വെളിച്ചം പകർന്നുനൽകാൻ ഔപചാരികമായും അനൗപചാരികമായും വിദ്യാലയങ്ങൾ ഇല്ലാതെവരുന്ന കാലത്തെക്കുറിച്ച് ആഗോളീകരണത്തിെൻറ വക്താക്കൾക്ക് ഉറക്കെ ചിന്തിക്കാനായേക്കും. പക്ഷേ, പരിപാവനവും സാരവത്തുമായി വിദ്യാഭ്യാത്തെ വിഭാവനം ചെയ്യുന്നവർക്ക്, വിജ്ഞാന വെളിച്ചം കാംക്ഷിക്കുന്നവർക്ക് അതിനോടു യോജിക്കാനാവില്ല. അതുകൊണ്ടാണ് ഓൺലൈൻ വിദ്യാഭ്യാസത്തിെൻറ മറവിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച്, പിന്നാമ്പുറത്ത് സജീവമായി പ്രവർത്തിക്കുന്ന സ്വകാര്യവത്കരണ-കോർപറേറ്റ് അജണ്ടകളെക്കുറിച്ച് ഉറക്കെപ്പറഞ്ഞുകൊണ്ടുവേണം കോവിഡ് മഹാമാരിയുടെ കാലത്തെ വിദ്യാഭ്യാസരംഗത്തെ പരിഷ്കാരങ്ങളെ വിശകലനം ചെയ്യാൻ എന്ന് പറയേണ്ടിവരുന്നത്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.