കേരളത്തിൽ 3500 വ്യാപാരസ്ഥാപനങ്ങളാണ് 2020 ലോക്ഡൗണിനുശേഷം പൂട്ടിപ്പോയത്. ജി.എസ്.ടി രജിസ്ട്രേഷൻ എടുത്ത വ്യാപാരികളുടെ മാത്രം കണക്കാണ് ഇത്. 40 ലക്ഷം രൂപ വാർഷിക വിറ്റുവരവുള്ളവർക്കാണ് ജി.എസ്.ടി രജിസ്ട്രേഷൻ നിർബന്ധം. ഇതുകൂടാതെ പ്രാദേശികമായി സംസ്ഥാനത്തുനിന്ന് അപ്രത്യക്ഷമായ വ്യാപാര സ്ഥാപനങ്ങളുടെ കണക്ക് ഞെട്ടിക്കുന്നതാണ്.
കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻറ് ആക്ടിനു കീഴിൽ രണ്ടുവർഷം മുമ്പത്തെ കണക്കുപ്രകാരം 2,65,893 ചെറുകിട വ്യാപാരസ്ഥാപനങ്ങളും 46,262 വാണിജ്യ കേന്ദ്രങ്ങളും സംസ്ഥാനത്തുണ്ട്. ഇതിലാകെ 10,08,012 പേർ ജോലിചെയ്യുന്നു. ഇതിലുമേറെയാണ് സൂക്ഷ്മവ്യാപാര സ്ഥാപനങ്ങൾ.
നോട്ടുനിരോധനം, ജി.എസ്.ടി, രണ്ട് പ്രളയം എന്നിവ മൂലം കോവിഡിനു മുേമ്പ ചെറുകിട വ്യാപാരസ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്. കോവിഡ് ലോക്ഡൗണും വിപണിയിലേക്ക് പണമൊഴുക്ക് കുറഞ്ഞതുംകൊണ്ട് പിടിച്ചുനിൽക്കാൻ കഴിയാതെയാണ് കടകൾ പൂട്ടിപ്പോകുന്നത്. ആ ഗതികേടിലേക്ക് കൂടുതൽ വ്യാപാരികളെ തള്ളിയിടുന്നതായി ഇ-കോമേഴ്സ് കുത്തകകളുടെ കടന്നുവരവും കച്ചവടവ്യാപനവും.
ഇക്കഴിഞ്ഞ മേയിൽ ലോക്ഡൗൺ തുടങ്ങിയതു മുതൽ വ്യാപാരം തീരെ നിലച്ചു. സ്റ്റോക്കുചെയ്ത വസ്തുക്കൾ വിൽക്കാനാകാതെ കെട്ടിക്കിടന്നു. വാടകയും ലോൺ തിരിച്ചടവുകളും കുമിഞ്ഞുകൂടുന്നു. എന്നാൽ, ആ സമയത്തുതന്നെയാണ് പൊലീസ് ആസ്ഥാനത്തുനിന്ന് ഓൺലൈൻ കുത്തകകൾക്ക് കേരളത്തിലെ ചെറുകിട വ്യാപാര രംഗത്ത് നിലയുറപ്പിക്കാൻ സഹായകമാകുന്ന ഉത്തരവിറങ്ങിയത്.
ആമസോൺ സെല്ലർ സർവിസ്, ഫ്ലിപ്കാർട്ട് ഇൻറർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ഇ കാർട്ട്, ഇൻസ്റ്റകാർട്ട് സർവിസസ്, ഐ.എം.ജി, ഗിൽബർകോ വീഡർ റൂട്ട് ഇന്ത്യ, മെഡ്ലൈഫ്, ഫാർമഈസി, നെറ്റ്മെഡ്സ്, ഗ്രോഫേഴ്സ് എന്നിവർക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ അനുമതി നൽകണമെന്ന്. ഇതിെൻറ മറവിൽ എല്ലാ ഉൽപന്നങ്ങളും ഇ-േകാമേഴ്സ് കുത്തകകൾ സംസ്ഥാനത്തുടനീളം വിതരണം ചെയ്തു. ട്രിപ്ൾ ലോക്ഡൗൺ നിലനിന്ന പ്രദേശങ്ങളിൽ രണ്ടുദിവസം ആറുമണിക്കൂർ മാത്രം ചെറുകിട വ്യാപാരികൾക്ക് കടകൾ തുറക്കാൻ അനുമതി ലഭിച്ചപ്പോൾ നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ ഇ-കോമേഴ്സ് വ്യാപാരം പൊടിപൊടിച്ചു.
ഇതോടെ ഇ-കാർട്ടിെൻറ ഉൾപ്പെടെ ഗോഡൗണുകൾക്കു മുന്നിൽ വ്യാപാര സംഘടനകൾ ഉപരോധം തീർത്തു. സംസ്ഥാനത്ത് പലയിടത്തായി സമരം അരങ്ങേറിയപ്പോഴാണ് ഫ്ലിപ്കാർട്ട്, ആമസോൺ വെബ്സൈറ്റുകളിൽ അവശ്യസാധനങ്ങളുടെ ഓർഡർ മാത്രമേ എടുക്കൂവെന്ന് അറിയിപ്പുണ്ടായത്.
'ആഗോള ഭീമന്മാരായ ആമസോണിലും ഫ്ലിപ്കാർട്ടിലും ഒരാൾക്ക് ബിസിനസ് ആരംഭിക്കാൻ കഴിയുമെന്ന് വരുത്തിത്തീർക്കുന്നത് തദ്ദേശീയരെ കൊള്ളയടിക്കാനുള്ള അവരുടെ തന്ത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വ്യാപാരികൾക്ക് ഈ പ്ലാറ്റ്ഫോമിൽ കാര്യമായ പ്രയോജനം ലഭിക്കില്ലെന്ന് വ്യക്തമായിരുന്നു.
ഇന്ത്യയിലെ ഓൺലൈൻ വ്യാപാര രംഗം ചില വടക്കേ ഇന്ത്യൻ ലോബികളുടെ കൈകളിലാണ് -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറയുന്നു.
ഇ-കോമേഴ്സ് കുത്തകകളുടെ ഇ-വേ ബില്ലുകൾ പരിശോധിക്കപ്പെടുന്നില്ല. നികുതിവെട്ടിപ്പ് പരിശോധിക്കാത്തതുമൂലം സംസ്ഥാന സർക്കാറിന് ലഭിക്കേണ്ട ജി.എസ്.ടിയുടെ വിഹിതം കുറയും. ഇതുമൂലം കേരളത്തിനുണ്ടാകുന്ന ധനക്കമ്മി വളരെ വലുതാണ്. കോവിഡ് മഹാമാരിയിൽ ഓൺലൈൻ വ്യാപാരങ്ങളെ ശക്തിപ്പെടുത്തണമെന്ന സംസ്ഥാന സർക്കാറിെൻറ നിർദേശങ്ങൾ മറ്റൊരു വിപത്താണ്. കേരളത്തിെൻറ കാർഷിക മേഖല തകർന്നതുപോലെ, വ്യവസായിക രംഗം തകർന്നതുപോലെ, വളരെ വേഗം തകരുകയാണ് ചെറുകിട വ്യാപാര മേഖലയും.
കാർഷികമേഖല തകർന്നപ്പോൾ ഏറ്റവും കൂടുതൽ പേർ ചെറുകിട വ്യാപാരമേഖലയെയാണ് ആശ്രയിച്ചത്. 20നും 40നും ഇടയിൽ പ്രായമുള്ള ലക്ഷക്കണക്കിന് യുവ വ്യാപാരികളുണ്ട്. ഓൺലൈൻ വ്യാപാരത്തിെൻറ അതിപ്രസരത്തിൽ ഈ മേഖല തകരുമ്പോൾ നഷ്ടമാകുന്നത് യുവാക്കളുടെയും തൊഴിലാളികളുടെയും സ്വയംതൊഴിൽ വരുമാന മേഖല കൂടിയാണ്. മാറുന്ന കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളുന്നവരാണ് വ്യാപാരികൾ.
തദ്ദേശീയ ഓൺലൈൻ സംവിധാനങ്ങളിൽ ചെറുകിട വ്യാപാര മേഖലയെ കൂടി കൂട്ടിയിണക്കിയുള്ള പദ്ധതികൾക്ക് രൂപംനൽകാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവരണമെന്നും രാജു അപ്സര ചൂണ്ടിക്കാട്ടുന്നു.
'സാധാരണ കച്ചവടക്കാർക്ക് പിടിച്ചുനിൽക്കാൻ കഴിയാത്തത്ര വിലകുറച്ചാണ് ഓൺലൈൻ കുത്തകകളുടെ കച്ചവടം. മാർക്കറ്റ് വിലയിൽമാത്രം സാധനങ്ങൾ നൽകണമെന്നും നികുതിവെട്ടിപ്പ് തടയണമെന്നും ഞങ്ങൾ എപ്പോഴും ആവശ്യപ്പെടുന്നുണ്ട്'-കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയൻറ് സെക്രട്ടറി ബിന്നി ഇമ്മട്ടി വ്യക്തമാക്കുന്നു.
എല്ലാ വ്യാപാര മേഖലകളും ഫ്ലിപ്കാർട്ടും ആമസോണും ഉൾപ്പെടെ കൈയടക്കുകയാണ്. കോവിഡ് വന്നപ്പോൾ കേരളത്തിൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും പോയി വാങ്ങിക്കാൻ അനുമതി നൽകിയില്ല. ഇതോടെ, ജനം സ്വാഭാവികമായും ഓൺലൈൻ വ്യാപാരത്തിലേക്കു മാറി. നിലവിൽ കേരളത്തിലെ 20 ശതമാനം വ്യാപാരം ബഹുരാഷ്ട്ര കുത്തകകളുടെ കൈകളിലാണ്.
അന്യസംസ്ഥാനങ്ങളിൽനിന്ന് ഇ-കോമേഴ്സ് കുത്തകകളുടെതായി വരുന്ന ബിൽ വെറും കമ്പ്യൂട്ടർ പ്രിൻറുകൾ മാത്രമാണ്. അത് പരിശോധിക്കാമെന്ന് മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി കേരളത്തിലെ വ്യാപാരി നേതാക്കൾക്ക് ഉറപ്പുനൽകിയിരുന്നു. നടപടികളുണ്ടായില്ലെന്നു മാത്രമല്ല, പിന്നീട് എൻ.ഡി.എ നിലപാട് പ്രകാരം ഇ-കോമേഴ്സ് സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകുകയാണ് ചെയ്തത്. നികുതി വെട്ടിപ്പാണ് ഇതിലെ അപാകത.
കോടികൾ ലോണെടുത്ത് കെട്ടിടം പണിത് ജോലിക്കാർക്ക് ശമ്പളവും പി.എഫും ഉൾപ്പെടെ നൽകി സ്ഥാപനം നടത്തുന്നവർക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനമുടമകളാണ് ഏറ്റവും കൂടുതൽ ഈ വെല്ലുവിളി നേരിടുന്നത്. കമ്പനികൾ നേരിട്ട് വിലകുറച്ച് വിൽക്കുന്നതിലൂടെ രാജ്യത്തെ റീട്ടെയിൽ വ്യാപാരം ഇല്ലാതാകുന്ന അവസ്ഥ.
ആമസോണിലും ഫ്ലിപ്കാർട്ടിലും രജിസ്റ്റർ ചെയ്യൂ, അവർ നിങ്ങളുടെ ഉൽപന്നങ്ങൾ ലോകത്തിെൻറ പല കോണുകളിലുള്ള ഉപഭോക്താക്കളുടെ മുന്നിലെത്തിക്കും. നിങ്ങളുടെ ലോക്കൽ ബിസിനസ് അന്താരാഷ്ട്ര തലത്തിലേക്ക് വളരും- യൂട്യൂബിലും വെബിനാറുകളിലും മറ്റും മാർഗനിർദേശ പ്രസംഗം നടത്തി ഹിറ്റ് കൂട്ടുന്ന ഉപദേശികളിൽ പലരും പറഞ്ഞുതരുന്ന ടിപ്പുകളിലൊന്നാണിത്.
തങ്ങളുടെ സേവന-മാനുഷിക മുഖമായി കുത്തകകൾ പ്രചരിപ്പിക്കുന്ന സമാനമായ പരസ്യങ്ങൾ കണ്ടാൽ നമ്മുടെ ചെറുകിട ഉൽപാദകരോട് എന്തു കരുതലാണ് ഈ കമ്പനികൾക്ക് എന്ന് തോന്നിപ്പോകും. എന്താണ് ഇതിെൻറ വാസ്തവം?
സാധുക്കളും സാധാരണക്കാരുമായ ആളുകളുടെ ഉൽപന്നങ്ങൾക്ക് ഈ കുത്തകകൾ ഒരിക്കലും മുൻഗണന നൽകാറില്ല. ലഭിക്കുമെന്നു പറയുന്ന മോഹവില അവരുടെ ഉൽപന്നങ്ങൾക്ക് ലഭിക്കാറുമില്ല.
ആമസോണിൽ 7.56 ലക്ഷം സെല്ലേഴ്സ് ഉണ്ടെന്നാണ് കമ്പനി തന്നെ വ്യക്തമാക്കുന്നത്. ഇത്രയും സെല്ലർമാരിൽനിന്ന് സൈറ്റിലൂടെ ഏറ്റവും കൂടുതൽ വിറ്റുവരവ് നേടുന്നത് ക്ലൗഡ്ടൈൽ, അപ്പാരിയോ എന്നീ സെല്ലർമാരാണ്. ഇതിൽ ക്ലൗഡ്ടെൽ സെല്ലർ കമ്പനിയുടെ ഉടമകളായ പ്രിയോൺ ബിസിനസ് സർവിസസ് എന്നത് ആമസോണും ഇൻഫോസിസ് സഹ ഉടമയായ എൻ.ആർ. നാരായണ മൂർത്തിയുടെ കറ്റമരൻ വെഞ്ചേഴ്സും ചേർന്ന സംയുക്ത സംരംഭമാണെന്ന് അറിഞ്ഞാൽ ഞെട്ടാൻ മാത്രമേ പറ്റൂ.
ആമസോൺ, പാറ്റ്നി ഗ്രൂപ് എന്നിവ ചേർന്ന സംയുക്ത സംരംഭമായ ഫ്രണ്ട്റ്റിസോയുടെ ഉപകമ്പനിയാണ് അപ്പാരിയോ റീട്ടെയിൽ. പ്രത്യക്ഷ വിദേശ നിക്ഷേപ വ്യവസ്ഥകളുടെ പഴുതുകൾ കണ്ടുപിടിച്ച് അതിലൂടെ രാജ്യത്തിെൻറ ചെറുകിട വ്യാപാര മേഖലയാകെ കൈപ്പിടിയിൽ ഒതുക്കാൻ അമേരിക്കൻ കുത്തകകൾ നടത്തുന്ന ശ്രമങ്ങളുടെ ഒരറ്റം മാത്രമാണ് ഇത്.
ഇ -കോമേഴ്സ് കുത്തകകൾ തങ്ങളുടെ ഇഷ്ടക്കാരായ ചില വിൽപനക്കാർക്ക് മാത്രം സൈറ്റിൽ മുൻഗണന നൽകി ചെറുകിട വ്യവസായങ്ങളെ തകർക്കുന്നുവെന്നു കാണിച്ച് ചെറുകിട, ഇടത്തരം വ്യാപാര ഉടമകളുടെ സംഘടനയായ ഡൽഹി വ്യാപാർ മഹാസംഘ് ഒരുവർഷം മുമ്പ് നൽകിയ പരാതിയിൽ കോമ്പറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ഇവർ നൽകിയ ഹരജി കഴിഞ്ഞ ദിവസം കർണാടക ഹൈകോടതി തള്ളിയിട്ടുണ്ട്.
എങ്ങനെ നേരിടും ഈ വെല്ലുവിളികൾ? (നാളെ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.