ഇന്നത്തെ ‘മാധ്യമം’ മുഖ്യവാർത്ത (ആര് കഴിക്കണം, എത്ര കഴിക്കണം ഇനി കേന്ദ്രം തീരുമാനിക്കും) വായിച്ചപ്പോള്‍ ‘കേന്ദ്ര സ്മാര്‍ട്ട് പി.ഡി.എസ് പദ്ധതി’യില്‍ ഒപ്പുവെച്ച ഇടതുപക്ഷ സര്‍ക്കാര്‍ നയത്തില്‍ ഒളിഞ്ഞിരിക്കുന്ന സംശയാസ്പദമായ ലക്ഷ്യങ്ങളെ ചില അനുഭവങ്ങളിലൂടെ പങ്കുവെക്കുകയാണ്.
സര്‍ക്കാര്‍ സര്‍വിസില്‍ പ്രവർത്തിക്കവേ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് കേരള മൂല്യ വര്‍ധിത നികുതി നിയമം കൊണ്ടുവരാനും തുടര്‍ന്നുള്ള നയപരമായ തീരുമാനങ്ങള്‍ എടുക്കാനും 2004-2009 വരെ ധനമന്ത്രിമാരുടെ കൂടെ പല ചര്‍ച്ചകളിലും ഇരുന്നിട്ടുണ്ട് ഈ കുറിപ്പുകാരൻ; പ്രത്യേകിച്ച് ഡോ.തോമസ് ഐസക്കിനൊപ്പം.
അതോടൊപ്പം ആ കാലഘട്ടത്തില്‍ പുതിയ നിയമം നടപ്പിലാക്കി കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ ഉദ്യോഗസ്ഥരുടെ കൂടെയും നിന്നിട്ടുണ്ട്. 2010ൽ സർവിസിൽ നിന്ന് വിരമിച്ച ശേഷം നികുതി വകുപ്പിനെ മാറിനിന്നു നിരീക്ഷിച്ചപ്പോള്‍ നയപരമായ തീരുമാനങ്ങളില്‍ പാളിച്ച പറ്റിയതാണ് വരുമാനം കൂപ്പുകുത്താന്‍ കാരണമായതെന്നാണ് ബോധ്യമായത്.
മൂല്യവർധിത നികുതി (വാറ്റ്) നിയമത്തില്‍ കേരള സര്‍ക്കാറിന് നയപരമായ ഇടപെടലുകള്‍ നടത്താന്‍ അധികാരം ഉണ്ടായതിനാല്‍ ഇന്റേണല്‍ ഓഡിറ്റ് പോലുള്ള സംവിധാനങ്ങള്‍ നിര്‍ത്തല്‍ ചെയ്തു. അതുമൂലം ചോര്‍ച്ച കൂടി നികുതി വരുമാനം കുത്തനെ താഴ്ന്നു. കമ്പ്യൂട്ടറൈസേഷന് നടപ്പാക്കിയതിലെ അപാകതകള്‍ കാരണം ഡേറ്റകള്‍ നഷ്ടപ്പെട്ടു, പരിശോധനകള്‍ തടസ്സപ്പെട്ടു.
2017ല്‍ ഒരു മുന്നൊരുക്കവും കൂടാതെ ‘ഒരു രാജ്യം ഒരു നികുതി ഒരു വിപണി’ എന്ന പ്രഖ്യാപനവുമായി മോദി സര്‍ക്കാര്‍ നടപ്പാക്കിയ ചരക്കുസേവന നികുതി (ജി.എസ്.ടി) നിയമത്തെ കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാര്‍ സ്വാഗതം ചെയ്തു. ഒന്നും ഉല്‍പ്പാദിപ്പിക്കാതെ ഇവിടെ വെറുതെ ഇരുന്നാലും മറ്റു സ്റ്റേറ്റുകൾ ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ വിപണിയായി മാറുന്ന കേരളത്തെ സർക്കാർ സ്വപ്നം കണ്ടു.
ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ വരുമാനം വന്നു മറിയുമെന്നു കരുതി. ഇന്ന് ‘ഒരു രാജ്യം ഒരു മതം’ എന്ന മട്ടിലേക്ക് ഇന്ത്യയെ ചുരുക്കിക്കെട്ടാനുള്ള, ഫെഡറലിസം അട്ടിമറിക്കാനുള്ള ദീർഘപദ്ധതിയുടെ പൈലറ്റ് പ്രോജക്ട് ആയിരുന്നു ജി.എസ്.ടി, അതിൽ കേന്ദ്രം വിജയം കണ്ടു. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്ന കേന്ദ്ര കമ്മിറ്റിയിലെ സംസ്ഥാന പ്രാതിനിധ്യം കുറച്ചുതുടങ്ങിയ കേന്ദ്രം അവസാനം അധികാരം മുഴുവന്‍ ഏറ്റെടുത്തു.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് വരുമാന തകര്‍ച്ചയെ നേരിടാന്‍ കടമെടുപ്പിനായി കിഫ്ബിയിലൂടെ കുറുക്കുവഴികള്‍ കണ്ടെത്തി കേന്ദ്രത്തിന്റെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ തുടങ്ങി. നേരത്തെ തന്നെ സംസ്ഥാനത്തിന് നിയന്ത്രണമുള്ള എല്ലാ അര്‍ധ സര്‍ക്കാർ വകുപ്പുകളിലുമുള്ള പല നിക്ഷേപങ്ങളും താല്‍ക്കാലികമായി എടുത്തു സര്‍ക്കാര്‍ ചെലവുകള്‍ക്ക് ഉപയോഗിച്ചു തുടങ്ങിയിരുന്നു.
പലപ്പോഴും ഓവർ ഡ്രാഫ്റ്റ് മറികടക്കാനും ആ വഴികൾ ഉപയോഗിച്ചു. ക്ഷേമ പെന്‍ഷനുകള്‍ക്ക് കിട്ടുന്ന കേന്ദ്ര വിഹിതം വകമാറ്റി ചെലവാക്കുന്നതായും ആരോപണങ്ങള്‍ ഉയർന്നിരുന്നു. മുഖ്യ വരുമാനമായ ജി.എസ്.ടിയിലെ ചോര്‍ച്ചക്ക് പരിഹാരം തേടാതെ, ഓഡിറ്റ് പരിശോധനകള്‍പോലും ഒഴിവാക്കി ഉദ്യോഗസ്ഥരെ വെറുതെയിരുത്തി ശമ്പളം കൊടുത്തുപോന്നു.
രണ്ടാം പിണറായി സര്‍ക്കാറിലെ ധനമന്ത്രിയും മുന്‍ഗാമിയുടെ പാത പിന്തുടരുകയല്ലാതെ വരുമാന ചോര്‍ച്ച തടയുന്നതിലോ കുടിശ്ശിക പിരിച്ചെടുക്കുന്നതിലോ ശ്രദ്ധയൂന്നിയില്ല. പല കേസുകളിലും കോടതി വിധികള്‍ പോലും അനുകൂലമായിട്ടും റവന്യൂ അധികൃതര്‍ കുടിശ്ശിക പിരിക്കാന്‍ തയാറായില്ല. അവ ചൂണ്ടിക്കാട്ടിയിട്ടും വകുപ്പില്‍ നടപടികള്‍ എടുത്തില്ല. അടുത്തകാലത്ത് വകുപ്പില്‍ ഉണ്ടാക്കിയ റീ ഓര്‍ഗനൈസേഷനും ജീവനക്കാരുടെ പുനര്‍വിന്യാസവും പോലും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല.
നികുതി വെട്ടിപ്പിന്റെ ഈറ്റില്ലമായി കേരളം മാറിക്കൊണ്ടിരിക്കുന്നു. രേഖയും ബില്ലും ഇല്ലാതെ ചിലർ നടത്തുന്ന കച്ചവടം മറ്റു കച്ചവടക്കാരെയും ബാധിച്ചുതുടങ്ങി. വകുപ്പിലെ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരില്‍നിന്നുള്ള വിവര ശേഖരണം നടക്കുന്നില്ല.
കേന്ദ്ര സ്മാര്‍ട്ട് പി.ഡി.എസ് പദ്ധതിയിലും ജി.എസ്.ടിയില്‍ തലവെച്ചുകൊടുത്ത് തിരിച്ചെടുക്കാന്‍ പറ്റാതായതുപോലെ സംഭവിക്കുമെന്നത് തീര്‍ച്ച.
കേരളം ഏറെ ശ്രദ്ധയോടെ വളർത്തി നിലനിർത്തിപ്പോരുന്ന പൊതുവിതരണ സംവിധാനത്തെ തകർച്ചയിൽ കൊണ്ടെത്തിക്കുന്ന നീക്കമാണിത്. കേന്ദ്രം വിരിച്ച ഈ വലയിലേക്ക് ചെന്നുവീഴുന്നതിലേക്ക് നയിച്ചത് കാരണം എന്തുതന്നെയാണെങ്കിലും ജനങ്ങൾക്കും ഈ നാടിനും ഗുണകരമായതല്ല എന്നുമാത്രം തൽക്കാലം പറഞ്ഞുവെക്കട്ടെ.
(കേരള സർക്കാർ മൂല്യവര്‍ധിത നികുതി വകുപ്പിൽ ജോയന്റ് കമീഷണര്‍ ആയിരുന്നു ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.