പ്രതി-പക്ഷം

എന്തിനു വന്നു? എങ്ങനെ തിരിച്ചു പോകും? അഞ്ചു വർഷം എങ്ങനെ കഴിച്ചുകൂട്ടും? 20ൽ 19 സീറ്റും വാരിയെടുത്ത് രാഹുൽ സമേതരാ യി ലോക്സഭയിലെത്തിയ കേരളത്തിലെ യു.ഡി.എഫ് എം.പിമാർ ഇപ്പോൾ പരസ്പരം പങ്കുവെക്കുന്ന വികാരം അതായിരിക്കണം. കേരളം കൈ വിെട്ടങ്കിലും ആലപ്പുഴ പിടിച്ച അഭിമാനവുമായി ഡൽഹിയിൽ വന്നിറങ്ങിയ സി.പി.എം എം.പിയുടെ വികാരവും മറ്റൊന്നാകാൻ വഴി യില്ല. അഞ്ചു വർഷവും സംസ്ഥാന രാഷ്​ട്രീയത്തിലെ സാധ്യതകളും കളഞ്ഞുകുളിച്ച നിരാശയിലാണ് അവർ. ലോക്സഭയിൽ ജനത്തെ ബോ ധ്യപ്പെടുത്താൻ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടാം എന്നല്ലാതെ പാർലമ​െൻറിൽ പ്രത്യേകിെച്ചാന്നും ചെയ്യാനില്ല , ചെയ്തിട്ടു കാര്യവുമില്ല എന്ന അവസ്ഥ. ശബരിമലയിലെ ആചാര സംരക്ഷണത്തിന് സ്വകാര്യ ബിൽ അവതരിപ്പിച്ച എൻ.കെ. പ്രേമചന്ദ ്രനും മുത്തലാഖ് ബിൽ അവതരണ നേരത്ത് പിടിപ്പു കേടുകൊണ്ട് സംസാരിക്കാൻ അവസരം കിട്ടാതെപോയ പി.കെ. കുഞ്ഞാലിക്കുട്ട ിയും, പാർട്ടിയുടെ അംഗബലം ചോർന്ന് എഴുന്നേറ്റുനിൽക്കാൻ അവസരം കണ്ടെടുക്കേണ്ട എ.എം. ആരിഫും, കോൺഗ്രസ് ചീഫ് വിപ്പായതിൽ പുളകംകൊള്ളുന്ന കൊടിക്കുന്നിൽ സുരേഷുമെല്ലാം സഭയിൽ ഇരിക്കുന്നത് ഇൗ വികാരത്തോടെ തന്നെ. കേരളം ​ൈകയടക്കിയത് അവരെല്ലാമാണെങ്കിലും കേന്ദ്രമന്ത്രിയായത് മണ്ണും ചാരി നിന്ന വി. മുരളീധരനാണ്.

സഭാധ്യക്ഷ​​െൻറ വലതുവശത്ത് കാവിക്കൊഴുപ്പും ഇടതുവശത്ത് മെലിഞ്ഞൊട്ടിയ മതേതര ജനാധിപത്യവും വിളംബരം ചെയ്യുന്നതാണ് 17ാം ലോക്സഭ. ബാബരി മസ്ജിദ് പൊളിച്ചതിലേക്ക് എത്തിയ പ്രക്ഷോഭത്തിൽ പങ്കാളിയായി ജയിലിൽ കിടന്നിട്ടുള്ള രാജസ്ഥാനിലെ ആർ.എസ്.എസ് നേതാവും മോദി^അമിത്​ ഷാമാരുടെ പ്രീതി പാത്രവുമായ ഒാം ബിർല സ്പീക്കറുടെ കസേരയിൽ. മാലേഗാവ് ഫെയിം പ്രജ്ഞാസിങ് ഠാകുർ മുതൽ വിഷനാവുകൊണ്ട് പേരെടുത്ത സാക്ഷി മഹാരാജ് വരെ നിരവധി കാഷായ ധാരികൾ. കാവിയും രുദ്രാക്ഷവും മന്ത്രച്ചരടും വൻ തൊടുകുറിയുമൊക്കെയായി സ്വന്തം ഹിന്ദുത്വം വിളംബരം ചെയ്യാൻ മത്സരിക്കുന്നവർ. സത്യപ്രതിജ്ഞക്കു വരെ റാം റാം, ജയ് ശ്രീറാം വിളിയുടെ ആവേശം. അവരൊക്കെയും ചേർന്ന് വാജ്പേയി^അദ്വാനിമാരുടെ രാഷ്്ട്രീയവും ഭരണകാലവും മുനതേഞ്ഞ പഴമ്പുരാണമാക്കി ചവറ്റുകൊട്ടയിലേക്ക് തള്ളിയിരിക്കുന്നു. ഭരണഘടനയാണ് ഇന്ത്യയുടെ മതമെന്നൊെക്ക മേനി പറയാവുന്ന കാലം കഴിഞ്ഞു. ഭരണഘടനക്കു മേൽ ഭൂരിപക്ഷ മതത്തി​െൻറ പേരിൽ കപടഹിന്ദുത്വത്തെ പ്രതിഷ്ഠിച്ചുള്ള മുന്നോട്ടു പോക്ക്. വർഗീയ ധ്രുവീകരണത്തിൽ അധിഷ്ഠിതമായ രാഷ്​ട്രീയം. മോദി^അമിത്​ ഷാമാരുടെ തിരുവായ്ക്ക് എതിർവായില്ലാത്ത കാലം.

അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ്, രാഷ്​ട്രപതിയുടെ അഭിസംബോധന എന്നിവക്കു പിന്നാലെ, പുതിയ ലോക്സഭയിൽ സർക്കാർ എടുത്തിട്ട ആദ്യത്തെ കാര്യപരിപാടി മുത്തലാഖ് ബിൽ. സഭക്കുപുറത്ത് പ്രധാനമന്ത്രി വിളിച്ച പ്രഥമ സർവകക്ഷി യോഗത്തി​െൻറ ചർച്ചാവിഷയം ഒറ്റ തെരഞ്ഞെടുപ്പ്. ചെന്നൈയിലെ കുടിവെള്ള പ്രശ്നത്തെക്കുറിച്ച്, ബിഹാറിൽ 150ഒാളം കുഞ്ഞുങ്ങൾ മസ്തിഷ്കജ്വരം പിടിപെട്ട് മരിച്ചതിനെക്കുറിച്ച്​ ഒന്നും മിണ്ടാട്ടമില്ല. തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. സാമ്പത്തിക വളർച്ചയുടെ സർക്കാർ കണക്കുകൾ ഉൗതിപ്പെരുപ്പിച്ചതാണെന്ന് പറയുന്നത് പ്രധാനമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേശകനാണ്. മൂന്നു കൊല്ലം കൊണ്ട് കാർഷിക വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനത്തി​െൻറ കാമ്പും കഴമ്പും വിളിച്ചോതി കാർഷിക രംഗം കരിഞ്ഞുണങ്ങി നിൽക്കുന്നു. കയറ്റുമതി മുരടിച്ച വ്യവസായങ്ങൾക്കൊപ്പം ആഭ്യന്തര ഉപഭോഗവും കുറയുന്നതി​െൻറ ചിത്രമാണ് കാർ നിർമാതാക്കൾ ഒാരോന്നായി ഉൽപാദനം വെട്ടിച്ചുരുക്കുന്നതിൽ വ്യക്തമാവുന്നത്. കൂടുതൽ മാന്ദ്യത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്ന മുന്നറിയിപ്പുകളാണ് വന്നുകൊണ്ടേയിരിക്കുന്നത്. പക്ഷേ, സ്വാതന്ത്ര്യത്തി​െൻറ 75 വർഷം തികയാൻ ബാക്കിനിൽക്കുന്ന മൂന്നു വർഷംകൊണ്ട് പുതിയ ഇന്ത്യ സൃഷ്​ടിക്കുമെന്നാണ് സർക്കാറി​െൻറ നയപരിപാടിയെക്കുറിച്ച് രാഷ്​ട്രപതി വിളംബരം ചെയ്തത്.

75ലേക്ക് നടക്കുന്ന സ്വതന്ത്ര ഇന്ത്യ നേരിടുന്ന ദുരവസ്ഥ ലോക്സഭയിൽ എത്രകണ്ട് ഉയർന്നുവരുമെന്നും, അത് എത്രകണ്ട് പരിഗണിക്കപ്പെടുമെന്നും ഉൗഹിക്കാവുന്നതേയുള്ളൂ. കാവി രാഷ്​ട്രീയത്തി​െൻറ തേരോട്ടത്തിൽ വീണ്ടെടുപ്പ് അത്യന്തം ദുഷ്കരമാക്കി പ്രതിപക്ഷം തകർന്നു തരിപ്പണമായിരിക്കുന്നു എന്നതാണ് പലരും വിളിച്ചുപറയാൻ മടിക്കുന്ന യാഥാർഥ്യം. പിന്നിട്ട അഞ്ചു വർഷത്തിനു പുറമെ, ഇനിയൊരു അഞ്ചു വർഷത്തേക്കും ലോക്സഭക്ക് പ്രതിപക്ഷ നേതാവില്ല. ചട്ടപ്രകാരം കോൺഗ്രസിന് ആ പദവി ചോദിച്ചു വാങ്ങണമെങ്കിൽ മൂന്നു സീറ്റി​െൻറ പോരായ്മയുണ്ട്. കോൺഗ്രസ്മുക്ത ഭാരതത്തിന് വിയർപ്പൊഴുക്കുന്ന ബി.ജെ.പിക്കാക​െട്ട, രാജ്യത്തിനൊരു പ്രതിപക്ഷ നേതാവു വേണമെന്ന താൽപര്യമോ ജനാധിപത്യ മര്യാദയോ ഇല്ല. പ്രതിപക്ഷ നേതാവില്ല എന്നതു മാത്രമല്ല, ഭരണപക്ഷം വിലമതിക്കുന്ന തലയെടുപ്പുള്ള ഒറ്റ നേതാവു പോലും പ്രതിപക്ഷ നിരയിൽ ഇല്ല എന്നതാണ് യാഥാർഥ്യം. സോണിയ ഗാന്ധി ബി.ജെ.പിയുടെ കണ്ണിൽ വിദേശി തന്നെ. കോൺഗ്രസി​െൻറ അടുത്ത അനന്തരാവകാശി പടനായക​​െൻറ വാളും വേഷവും എടുത്തെറിഞ്ഞ്, ലോകത്തോടു തന്നെ കലഹിച്ച്, തോൽവിയുടെ ധാർമിക ഉത്തരവാദിത്തമേറ്റ്, പാർട്ടിയെ അനാഥമാക്കി പടിപ്പുര വാതിലടച്ചു. സഭയിൽ പാർട്ടിയെ നയിക്കാൻ പതിനൊന്നാം മണിക്കൂറിൽ കുളിപ്പിച്ച് പൗഡറിടുവിച്ച് അധീർ രഞ്ജൻ ചൗധരിയെ മുൻനിരയിൽ ഇരുത്താൻ സാധിച്ചതു തന്നെ വലിയ കാര്യം. ലോക്സഭയുടെ പ്രതിപക്ഷ മുൻനിര ബെഞ്ചുകളിൽ എടുത്തു പറയാൻ കഴിയുന്ന ഒരു നേതാവ് മുലായം സിങ്ങാണ്.

കുറെക്കാലമായി മിണ്ടാട്ടം തന്നെ ഇല്ലാതായ നേതാവ്. സമാജ്​ വാദി പാർട്ടിയുടെ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസി​െൻറ സുദീപ് ബന്ദോപാധ്യായ, ഡി.എം.കെ നേതാവ് ടി.ആർ. ബാലു തുടങ്ങിയവരൊന്നും ബി.ജെ.പിയെ ഉറച്ച ശബ്​ദത്തിൽ നേരിടുന്നവരല്ല. വൈ.എസ്.ആർ കോൺഗ്രസ്, ടി.ആർ.എസ്, ബി.ജെ.ഡി തുടങ്ങിയവർ സംസ്ഥാന സാഹചര്യങ്ങൾ മുൻനിർത്തി ബി.ജെ.പിയുമായി സമരസപ്പെട്ടു മുന്നോട്ടു പോകും. ലോക്സഭയിലെ ചട്ടവും ക്രമവുമെല്ലാം ബി.ജെ.പി മറികടന്നാൽ, രാജ്യത്തെ സാഹചര്യങ്ങൾ സമർഥമായി പാർലമ​െൻറിനു മുമ്പാകെ വെക്കാനൊക്കെ സാമർഥ്യവും സമയവുമുള്ള ചെറുപാർട്ടി നേതാക്കളും അപൂർവം. ഇതിനെല്ലാമിടയിൽ പ്രതി എന്ന പോലെയാണ് പ്രതിപക്ഷാംഗങ്ങളെ ബി.ജെ.പിക്കാർ കാണുന്നതെന്നു പറഞ്ഞാൽ കഴിഞ്ഞു. കോൺഗ്രസ്, കമ്യൂണിസ്​റ്റ്​, സോഷ്യലിസ്​റ്റ്​ ആശയങ്ങളുടെ ദീപശിഖാ വാഹകരുടെ തലയെടുപ്പ് ഉണ്ടായിരുന്ന പാർലമ​െൻറിമ​െൻറി​െൻറ ഇന്നത്തെ ദുരവസ്ഥയാണിത്.

ലോക്സഭ തെരഞ്ഞെടുപ്പ് കോൺഗ്രസി​െൻറയും പ്രാദേശിക പാർട്ടികളുടെയും ആത്മവീര്യം എത്രകണ്ട് കശക്കിയെന്ന യാഥാർഥ്യവും ഇതിനൊപ്പമുണ്ട്. ടി.ഡി.പിയുടെ നാലു രാജ്യസഭാംഗങ്ങൾ നാടകീയമായി ബി.ജെ.പിയിൽ ലയിച്ചത് ഏറ്റവുമൊടുവിലത്തെ ഉദാഹരണം. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്നും കോൺഗ്രസിൽ നിന്നും സി.പി.എമ്മിൽ നിന്നും നേതാക്കളെ ചാക്കിട്ടുപിടിക്കുകയാണ് ബി.ജെ.പി. യു.പിയിൽ ബി.ജെ.പിയെ നേരിടാൻ കൈകോർത്ത ബി.എസ്.പിയും സമാജ്​വാദി പാർട്ടിയും വഴിപിരിഞ്ഞു. അക്കൂട്ടത്തിൽ ഉണ്ടായിരുന്ന രാഷ്​​ട്രീയ ലോക്ദളി​െൻറ നേതാവ് അജിത്​ സിങ്ങിനെ കാണാൻ തന്നെയില്ല. ബിഹാറിൽ വട്ടപ്പൂജ്യമായി മാറിയ ആർ.ജെ.ഡി ലാലുപ്രസാദി​െൻറ ജയിൽവാസത്തിനിടയിൽ പലവിധ കലഹങ്ങളിൽ മുങ്ങിക്കിടക്കുന്നു. കർണാടകത്തിൽ കോൺഗ്രസ്^ജനതാദൾ (എസ്) സഖ്യത്തി​െൻറ കെട്ടുറപ്പ് സംശയാസ്പദം. കർണാടകത്തിനൊപ്പം മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാറുകളുടെ നിലനിൽപും അപകടത്തിലാണ്.

പരാജിതർ പോരാട്ടത്തി​െൻറ വീറ് വീണ്ടെടുക്കാൻ ശ്രമിക്കേണ്ട സന്ദർഭമാണിത്. അത്തരമൊരു വീറും വാശിയും ഒപ്പംനിൽക്കുന്നവർക്കും വോട്ടുചെയ്തവർക്കും മുന്നോട്ടുള്ള പോക്കിനെക്കുറിച്ച് കൃത്യമായ സന്ദേശം കൈമാറാൻ പര്യാപ്തമാണ്. എന്നാൽ , തങ്ങൾക്ക് വോട്ടു ചെയ്തവർക്ക് പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ കൈമാറുന്ന സന്ദേശം എന്താണ്? തോൽവിയിൽനിന്ന് പാഠം പഠിക്കുകയോ വീര്യം സമാഹരിക്കുകയോ അല്ല പ്രതിപക്ഷം. കഴിവുകേടും നിവൃത്തികേടും പരസ്യമാക്കുകയാണ്. രാഹുൽ ഗാന്ധി എം.പിമാർക്കു നടുവിലിരുന്ന് മൊബൈലിൽ മുഖം പൂഴ്ത്തുകയും പാർട്ടിയെ കൈയൊഴിയുകയുമാണ്. പാർട്ടികളിൽ പരസ്പര കലഹം നടക്കുകയാണ്. മമത സർവത്ര കലഹിച്ചു തോൽക്കുകയാണ്. ഒക്കെയും പ്രതിപക്ഷം ബി.ജെ.പിക്ക് സമ്മാനിക്കുന്ന അധിക ആഹ്ലാദങ്ങളാണ്.

Tags:    
News Summary - Opposition problems loksabha-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.