സ്​ത്രീധന രോഗത്തിന്​ തൊലിപ്പുറ ചികിത്സ പോരാ

ധ​ന​മോ​ഹ​മെ​ന്ന​തി​ന​പ്പു​റം സ​മൂ​ഹ​ത്തി​ൽ മേ​നി​ ന​ടി​ക്കു​ന്ന​തി​നു​ള്ള ഒ​രു ഉ​പാ​ധി​യാ​യി ഇ​ന്ന് സ്ത്രീ​ധ​നം മാ​റി​യി​രി​ക്കു​ന്നു. മ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്ന സ്ത്രീ​ധ​ന​ത്തി​ന്റെ ഏ​റ്റ​ക്കു​റ​ച്ചി​ലി​ന് അ​നു​സ​രി​ച്ചാ​ണ് സ​മൂ​ഹ​ത്തി​ൽ ത​ങ്ങ​ളു​ടെ സ്റ്റാ​റ്റ​സ് നി​ർ​ണ​യി​ക്കു​ന്ന​തെ​ന്ന മി​ഥ്യാ​ധാ​ര​ണ​യാ​ണ് ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ഭ​രി​ക്കു​ന്ന​ത്

'ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം അന്വർഥമാക്കുന്ന ഭൂപ്രകൃതിയും സാമൂഹിക സാംസ്കാരിക പരിസരവുമാണ് കേരളത്തിന്റെത്​. അസൂയാവഹമായ ഈ സാമൂഹിക ഔന്നത്യവും സാംസ്കാരിക സമ്പന്നതയുമെല്ലാം യാദൃച്ഛികമായുണ്ടായതല്ല. പൂർവസൂരികളായ മതനേതാക്കളുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും പ്രതിഭാശാലികളായ ഭരണകർത്താക്കളുടെയുമെല്ലാം നിരന്തര പോരാട്ടങ്ങളുടെ ആകെത്തുകയാണ്​. ലോകത്തിനുതന്നെയും മാതൃകയായ ഈ നാടിനെ സംരക്ഷിച്ചുനിർത്താൻ നാം ഓരോരുത്തരും നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്, വിശേഷിച്ച് വിദ്യാർഥിസമൂഹം.

വിദ്യാർഥി-യുവജന സമൂഹങ്ങൾ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും നീരാളി പ്പിടുത്തത്തിൽപ്പെട്ടുഴലുന്നത് അപകടകരമായ തോതിൽ വർധിച്ചുവരുകയാണ്. ലഹരി നിർമാർജനത്തിനായി പഴുതടച്ച പ്രവർത്തനങ്ങൾക്ക് കേരളീയ പൊതുസമൂഹം ഇനിയും അമാന്തിച്ചു കൂടാ!

കേരളത്തിൽ വർധിച്ചുവരുന്ന ആത്മഹത്യപ്രവണതകളും നമ്മുടെ ഉറക്കം കെടുത്തുന്നു. വിദ്യാസമ്പന്ന സമൂഹവും ഇക്കാര്യത്തിൽ പുറകിലല്ല. മത്സര പരീക്ഷകളിൽമാത്രം വിജയിക്കാൻ പ്രാപ്തരാക്കിയാൽ പോരാ, ജീവിതപരീക്ഷണങ്ങളെയും വിജയകരമായി മറികടക്കാൻ പുതുതലമുറയെ പ്രാപ്തരാക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്.

ഈയിടെ കേരളം ഏറെ ചർച്ചചെയ്​ത പല ആത്മഹത്യകൾക്കും കാരണമായത്​ സ്​ത്രീധന ആർത്തിയാണ്​. ദീർഘകാല സുഹൃത്തായ സഹഡോക്​ടറുമായി ധാരണയിലായ വിവാഹം അയാളുടെ വീട്ടുകാർ ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് മുടങ്ങിയതിലെ മനോവിഷമമാണ്​​ തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗം പി.ജി വിദ്യാർഥിനി ഡോ. ഷഹനയുടെ ജീവനെടുത്തത്​.

സ്ത്രീധനത്തിന്റെ പേരിൽ കേരളത്തിൽ നടന്നിട്ടുള്ള ആത്മഹത്യകളും കൊലപാതകങ്ങളും വിവാഹമോചനങ്ങളുമൊന്നും ചില്ലറയല്ല! അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 15 വർഷങ്ങൾക്കിടെ നടന്നിട്ടുള്ള മരണങ്ങൾമാത്രം 250നു മുകളിലാണ്.

ഓരോ ദുരന്തങ്ങൾ നടക്കുമ്പോഴും സ്ത്രീധനവിരുദ്ധ പ്രസ്താവനകളും പ്രഭാഷണങ്ങളും ലേഖനങ്ങളും ചാനൽ ചർച്ചകളുമൊക്കെയായി രോഷപ്രകടനങ്ങൾ തകൃതിയായി നടക്കും. കുറച്ചുകാലം കഴിയുമ്പോൾ ഇതങ്ങ് കെട്ടടങ്ങുകയും സ്ത്രീധനമോഹം ഒരു ലഹരിയായി പതിന്മടങ്ങ് ശക്തിയോടെ സമൂഹ മനസ്സിൽ പടർന്നു കയറുകയും ചെയ്യുന്നതാണ് കണ്ടുവരുന്നത്.

2021 ജൂൺ 21ന് കൊല്ലം ജില്ലയിലെ നിലമേൽ സ്വദേശിയായ ആയുർവേദ വിദ്യാർഥിനി വിസ്മയ പോരുവഴിയിലെ ഭർതൃഗ്രഹത്തിൽ സ്​ത്രീധന പീഡനത്തെ തുടർന്ന്​ ആത്മഹത്യചെയ്ത സംഭവം കേരളമാകെ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്.

സർക്കാർതലത്തിൽ സ്ത്രീധനത്തിനെതിരെ വിദ്യാർഥി യുവജനങ്ങളെ ബോധവത്കരിക്കുന്നതിനും അണിനിരത്തുന്നതിനുമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു, സ്ത്രീധന നിരോധന നിയമം സംബന്ധിച്ചും ഗാർഹിക പീഡനങ്ങൾ ഉൾപ്പെടെയുള്ളവയിൽ പരാതിപ്പെടാനുള്ള മാർഗങ്ങൾ സംബന്ധിച്ചും ബോധവത്കരണ പ്രവർത്തനങ്ങളും നടന്നു. എല്ലാ സ്കൂളുകളിലും കോളജുകളിലും വിദ്യാർഥികൾ സ്ത്രീധനവിരുദ്ധ പ്രതിജ്ഞയുമെടുത്തു.

എന്നാൽ, ഇതുകൊണ്ടൊന്നും സ്ത്രീധനം എന്ന വിപത്തിനെ തടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന സന്ദേശമാണ് ഡോക്ടർ ഷഹനയുടെ ആത്മഹത്യയിലൂടെ പുറത്തുവരുന്നത്. കോ ഴിക്കോട്​ ജില്ലയിലെ വടകര ഓർക്കാ​ട്ടേരിയിൽ ഷെബീന എന്ന യുവതി സ്വയംഹത്യ ചെയ്​തതും സ്​ത്രീധനം ആവശ്യപ്പെട്ടുള്ള മർദനങ്ങൾ സഹിക്കവയ്യാതെയാണ്​.

സ്​ത്രീധനത്തിനെതിരെ ഇപ്പോൾ നടക്കുന്ന രോഷപ്രകടനങ്ങളും പ്രതിഷേധ പരിപാടികളും കെട്ടടങ്ങുന്നതോടെ തൽക്കാലം മാളത്തിലൊളിച്ചിരിക്കുന്ന വില്ലൻ വീണ്ടും പുറത്തുവരുകയും ഫണം വിടർത്തിയാടുകയും ചെയ്യും. സമൂഹത്തെ മുച്ചൂടും ഗ്രസിച്ചിരിക്കുന്ന സ്ത്രീധന മോഹം അവസാനിപ്പിക്കണമെങ്കിൽ തൊലിപ്പുറത്തുള്ള ചികിത്സകൊണ്ടുമാത്രം മതിയാകില്ല.

വേരോടെ പിഴുതെറിയാനുള്ള ഫലപ്രദ മാർഗങ്ങൾ അവലംബിച്ചേ തീരൂ! സ്ത്രീധന വിമുക്ത സമൂഹത്തിനായി പടനയിക്കുന്നവർപോലും സ്വന്തംകാര്യമെത്തുമ്പോൾ അതൊക്കെ വിസ്മരിച്ച് സ്ത്രീധനക്കമ്പോളത്തിലെ ഒന്നാന്തരം കശാപ്പുകാരായി മാറുന്നത് പതിവു കാഴ്ചകളാണ്.

പെൺകുട്ടിയുടെ വീട്ടുകാരെ സമ്മർദത്തിലാക്കി കാറും പൊന്നും പണവും പറമ്പുമൊക്കെ വസൂലാക്കുന്നതിനായി താങ്ങാവുന്നതിൽ അധികംഭാരം രക്ഷിതാക്കളുടെ തലയിൽവെക്കുന്നതിൽ ഒരു മനസ്സാക്ഷിക്കുത്തും പലരും കാണിക്കാറില്ല! അതുമൂലം ഉണ്ടായിട്ടുള്ള കടബാധ്യതകൾ വീട്ടാനാകാതെ ജീവിതം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവന്ന രക്ഷിതാക്കളുടെ എണ്ണവും കുറവല്ല.

ധനമോഹമെന്നതിനപ്പുറം സമൂഹത്തിൽ മേനിനടിക്കുന്നതിനുള്ള ഒരു ഉപാധിയായി ഇന്ന് സ്ത്രീധനം മാറിയിരിക്കുന്നു. മക്കൾക്ക് ലഭിക്കുന്ന സ്ത്രീധനത്തിന്റെ ഏറ്റക്കുറച്ചിലിന് അനുസരിച്ചാണ് സമൂഹത്തിൽ തങ്ങളുടെ സ്റ്റാറ്റസ് നിർണയിക്കുന്നതെന്ന മിഥ്യാധാരണയാണ് ഭൂരിഭാഗം ജനങ്ങളെയും ഭരിക്കുന്നത്.

സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരുടെയും ആത്മാർഥവും നിരന്തരവുമായ ഇടപെടലുകൾകൊണ്ട് മാത്രമേ സാമൂഹ്യ വിപത്തുകളിൽനിന്ന് നാടിനെ രക്ഷിക്കാൻ കഴിയൂ. ഭരണകൂടവും രാഷ്ട്രീയകക്ഷികളും മതനേതൃത്വങ്ങളും സമുദായ സംഘടനകളും കൂട്ടായ ചർച്ചകളും കൂടിയാലോചനകളും നടത്തി ഫലപ്രദമായ മാർഗങ്ങൾ അവലംബിച്ച് ഇതിന് സന്നദ്ധമായേ പറ്റൂ. രാജ്യത്തിന്റെ നിലവിലെ നിയമങ്ങളും മതനിയമങ്ങളും ഇതിന് വഴിയൊരുക്കുന്നവയാണ്.

ഇസ്‍ലാം മതത്തിലെ വിവാഹത്തിന് പെൺവീട്ടുകാരല്ല, വരൻ വധുവിന് ‘മഹർ’ അഥവാ വിവാഹമൂല്യം നൽകുകയാണ്​ വേണ്ടത്​. ഇക്കാര്യം ഓർമിപ്പിക്കാനും നടപ്പാക്കാനും മതപണ്ഡിതരും മഹല്ല് സംവിധാനങ്ങളും ഉറച്ച തീരുമാനങ്ങളുമായി മുന്നോട്ടുപോകാൻ ഇനിയെങ്കിലും സന്നദ്ധരാവണം.

അതുപോലെ ഇതര മതവിഭാഗങ്ങളുടെ സന്നദ്ധ സംഘടനകളും നേതൃത്വങ്ങളും സത്വര മാർഗങ്ങൾ സ്വീകരിക്കണം. മക്കളെ സ്​ത്രീധനപ്പിശാചിന്​ എറിഞ്ഞു കൊടുക്കുന്ന ഒരു നാടിന്​ ദൈവത്തിന്റെ സ്വന്തം നാട്​ എന്ന്​ അവകാശ​പ്പെടാൻ ഒരു അർഹതയുമില്ല എന്ന്​ മറക്കരുത്​.

(കേരള മുസ്‍ലിം ജമാഅത്ത് ഫെഡറേഷൻ ഓർഗനൈസിങ് സെക്രട്ടറിയും ‘മെക്ക’ സംസ്ഥാന സെക്രട്ടറിയുമാണ് ലേഖകൻ)

Tags:    
News Summary - outskin treatment is not enough for dowry disease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.