കേരളത്തിൽ വിവിധ നിയമങ്ങളുടെയും നയതീരുമാനങ്ങളുടെയും അടിസ്ഥാനത്തിൽ പലപ്പോഴായി നൽകിയ പട്ടയങ്ങൾ, ഏലമലക്കാട്, സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും എസ്റ്റേറ്റുകൾ,1977 ജനുവരി ഒന്നിനു മുമ്പു കുടിയേറിയവർക്കു നൽകിയ പട്ടയങ്ങൾ എന്നിവയൊന്നും വനവിസ്തൃതിയിൽനിന്ന് വനംവകുപ്പ് കുറവുചെയ്തിട്ടില്ല എന്നതാണ് കരുതൽ മേഖല നിർദേശം ജനവിരുദ്ധമാകാൻ പ്രധാന കാരണം.
ചിലയിടങ്ങളിൽ കരുതൽ മേഖലയാകേണ്ടിയിരുന്ന പഞ്ചായത്തുകൾ കരുതൽ മേഖലയായില്ല. മറ്റു ചിലയിടങ്ങളിൽ രണ്ടും മൂന്നും പഞ്ചായത്തുകൾക്കപ്പുറമുള്ള പ്രദേശങ്ങൾപോലും കരുതൽ മേഖലയായി. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളിലുള്ളവർ സമാനമായ പ്രശ്നം നേരിടുന്നുണ്ട്.
2015 ജൂൺ ആറിന് അന്നത്തെ വനംമേധാവി ഡോ. ആർ.എസ്. കോറി ഐ.എഫ്.എസ് പരിസ്ഥിതി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിൽ കേരളത്തിലെ സർക്കാർ വനവിസ്തൃതി 9741.4 ചതുരശ്ര കിലോമീറ്ററാണെന്നും ഇത് കൈയേറ്റമടക്കമുള്ള വന വിസ്തൃതിയാണെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്.
പാലക്കാട് ജില്ലയിലുള്ള പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ കരുതൽ മേഖല എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിൽ എത്തിനിൽക്കുന്നതിനു പ്രധാന കാരണവും ഇത്തരം പിഴവുകളാണ്.
ഉപഗ്രഹസർവേ റിപ്പോർട്ടിന്റെ ഭാഗമായി സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ഭൂപടമാണ് കേരള വനം വകുപ്പിന്റെ കള്ളക്കളി പുറത്തുകൊണ്ടുവന്നത്. സംരക്ഷിത വനമേഖലകൾക്കു ചുറ്റും ഒരു കിലോമീറ്റർ മാത്രമായിരിക്കും കരുതൽ മേഖലയെന്ന് പറയുമ്പോഴാണ് ഭൂപടത്തിൽ നൂറിലേറെ കിലോമീറ്റർ കരുതൽ മേഖല വന്നിരിക്കുന്നത്.
കേരളത്തിൽ വനമല്ലാത്ത ഭൂമിയുടെ നിയന്ത്രണാവകാശം റവന്യൂ വകുപ്പിനാണ്. ജില്ല ഭൂപടങ്ങളും, താലൂക്ക്, വില്ലേജ് ഭൂപടങ്ങളും തയാറാക്കുന്നതും അതിർത്തികൾ നിശ്ചയിക്കുന്നതും റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിൽ സർവേവകുപ്പാണ്. ഇങ്ങനെ തയാറാക്കുന്ന ഭൂപടമാണ് ഒരു പ്രദേശം വനമാണോ റവന്യൂ ഭൂമിയാണോ എന്നു നിർണയിക്കുന്നതിനുള്ള അടിസ്ഥാന രേഖ.
ഈ രേഖയുടെ അടിസ്ഥാനത്തിലോ കാലാകാലങ്ങളിൽ വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും പക്ഷിസങ്കേതങ്ങളും സ്ഥാപിച്ച അന്തിമ വിജ്ഞാപനങ്ങളിൽ വിവരിച്ചിരിക്കുന്ന അതിർത്തികളിൽനിന്ന് ഒരു കിലോമീറ്റർ വീതിയിലോ വേണം കരുതൽ മേഖല നിർണയിക്കാൻ.
എന്നാൽ, ഈ രീതിയിലല്ല നിലവിൽ കരുതൽ മേഖല നിശ്ചയിച്ചിരിക്കുന്നത്. വനേതര ഭൂമിയിൽ ഏതൊക്കെ സർവേ നമ്പറുകളിൽ, ഏതൊക്കെ ഭാഗത്ത് ഏതുതരത്തിലുള്ള സർവേയാണ് നടത്തിയതെന്ന് വ്യക്തമാക്കാൻ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. റവന്യൂ ഭൂമിയിൽ എവിടെയൊക്കെ വനംവകുപ്പിന്റെ സർവേ നടന്നുവെന്ന വിവരം റവന്യൂ വകുപ്പിലുമില്ല.
റവന്യൂ, വനഭൂമികൾ ഒരേ വില്ലേജ് രേഖകളിൽ ഒരുമിച്ച് കിടക്കുന്നത് വനസംരക്ഷണത്തിനു തടസ്സമാകുന്നുവെന്നത് 1980കളിൽ തന്നെ സർക്കാർ തിരിച്ചറിഞ്ഞിരുന്നു. കേരളത്തിലെ മുഴുവൻ വനാതിർത്തികളും കൃത്യമായി രേഖപ്പെടുത്തുന്നതിനായി 1989 ആഗസ്റ്റ് 31 ന് ജി.ഒ (എം.എസ്) 655/89 ആർ.ഡി എന്ന നമ്പറിൽ സർക്കാർ ഉത്തരവിറക്കി.
റവന്യൂവകുപ്പും വനം വകുപ്പും അതതു പ്രദേശത്തിന്റെ ചുമതലവഹിക്കുന്ന സർവേ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിമാരും വനത്തോടു ചേർന്ന ഭൂമിയുടെ ഉടമകളും ചേർന്ന് രേഖകൾ സംയുക്തമായി പരിശോധിച്ച് ഭൂമി തരംതിരിക്കണമെന്നായിരുന്നു നിർദേശം.
ജില്ല കലക്ടർമാരും ഡി.എഫ്.ഒമാരുമാണ് ഇതിനു മുൻകൈയെടുക്കേണ്ടിയിരുന്നത്. ഉത്തരവിറക്കി ആറു മാസത്തിനകം നടപടികൾ പൂർത്തിയാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, 33 വർഷമായിട്ടും ഈ ഉത്തരവു നടപ്പായില്ല.
കേരള സർക്കാർ 1989ൽ നിർദേശിച്ച സംയുക്ത പരിശോധന കൃഷിഭൂമിയോടുചേർന്നുകിടക്കുന്ന വനാതിർത്തികളിൽ നടത്തിയിരുന്നുവെങ്കിൽ കൃത്യമായി അളന്നുതിരിച്ചു ജണ്ടകെട്ടി വനം സംരക്ഷിക്കാനാകുമായിരുന്നു. നടപടികൾ പുരോഗമിക്കുന്നു എന്നതല്ലാതെ എന്ന് പൂർത്തിയാകുമെന്നുപറയാൻ ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല.
വനാതിർത്തി നിർണയം, കരുതൽമേഖല, പരിസ്ഥിതി ലോലമേഖല എന്നിവയുടെയൊക്കെ കാര്യത്തിൽ പ്രാഥമിക യൂനിറ്റായി കണക്കാക്കുന്നതു വില്ലേജാണ്. വില്ലേജായിരിക്കണം ഇ.എസ്.എയുടെ അടിസ്ഥാന ഭരണ ഘടകമെന്നും വില്ലേജിനകത്ത് മറ്റ് ഉപവിഭാഗങ്ങൾ തരംതിരിക്കാനാവില്ലെന്നും 2015 ൽ കേന്ദ്രം സംസ്ഥാന സർക്കാറിനെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെട്ട 123 വില്ലേജുകളിലെങ്കിലും വനഭൂമിയും കൃഷിഭൂമിയും തരംതിരിച്ച് പ്രത്യേക വില്ലേജുകളാക്കിയിരുന്നുവെങ്കിൽ കർഷകരുടെ ആശങ്ക പരിഹരിക്കപ്പെടുമായിരുന്നു. ഒരു വില്ലേജിൽ ഏതെങ്കിലും ഭാഗത്ത് വനം ഉൾപ്പെട്ടാൽ ആ വില്ലേജ് മുഴുവനായി വനമായി കണക്കാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.
ഈ പ്രശ്നം ഒഴിവാക്കാൻ തമിഴ്നാട് സർക്കാർ വനം മാത്രം ഉൾപ്പെടുന്ന വില്ലേജുകൾ രൂപവത്കരിച്ചിട്ടുണ്ട്. ആർ.എഫ് (റിസർവ് ഫോറസ്റ്റ്) വില്ലേജുകൾ എന്ന് അറിയപ്പെടുന്ന ഇവയാണ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിൽ തമിഴ്നാട്ടിലെ ഇ.എസ്.എ വില്ലേജുകളായി രേഖപ്പെടുത്തിയിരിക്കുന്നവയിൽ ബഹുഭൂരിപക്ഷവും.
കരുതൽ മേഖല ഉൾപ്പെടുന്ന പഞ്ചായത്തുകളിലെല്ലാം നേരിട്ടു സ്ഥലപരിശോധന നടത്തി ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാവൂ എന്നാണ് കുടിയേറ്റ കർഷകരുടെ ആവശ്യം. 2013ൽ ഗാഡ്ഗിൽ, കസ്തൂരിരംഗൻ പ്രശ്നം രൂക്ഷമായ സമയത്ത് പഞ്ചായത്ത്, വില്ലേജ് തലത്തിൽ വിദഗ്ധസമതി രൂപവത്കരിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു സമിതിയുടെ അധ്യക്ഷൻ.
പഞ്ചായത്ത് സെക്രട്ടറി സമിതി സെക്രട്ടറിയും. ബന്ധപ്പെട്ട വില്ലേജ് ഓഫിസർ, ഫോറസ്റ്റ് റേഞ്ച് ഓഫിസർ, കൃഷി ഓഫിസർ, സർവേ വകുപ്പിലെ ഉദ്യോഗസ്ഥൻ എന്നിവരായിരുന്നു അംഗങ്ങൾ. ഈ കമ്മിറ്റി ഉപഗ്രഹ സർവേയുടെ അടിസ്ഥാനത്തിൽ സ്ഥലപരിശോധന നടത്തി ഓരോ പഞ്ചായത്തിലെയും വിവരങ്ങൾ ശരിയാണോയെന്ന് പരിശോധിച്ചത്.
കരുതൽ മേഖലയിലും ഇത്തരത്തിൽ കമ്മറ്റിയുണ്ടാക്കുകയും അതിന്റെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വനം, കൃഷി, റവന്യൂ സെക്രട്ടറിമാർ അടങ്ങുന്ന ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നുമാണ് കർഷകർ പറയുന്നത്. ഇത്തരത്തിലാണെങ്കിൽ കരുതൽ മേഖലയിലെ നിർമിതികളെക്കുറിച്ചും മറ്റും അനായാസകരമായി വിവരശേഖരണം നടത്താനാവും.
കാരണം ഓരോ പഞ്ചായത്തിലെയും നികുതി വിഭാഗത്തിൽ കെട്ടിടങ്ങളുടെ എണ്ണം വാർഡ് അടിസ്ഥാനത്തിൽ ലഭ്യമാണ്. കേരളത്തിലെ ഏറ്റവും പ്രധാന വന്യജീവി സങ്കേതങ്ങളിലൊന്നായ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും മുകളിലുള്ള പഞ്ചായത്തായ കുമളിയിൽ 11,850 വീടുകളും 2280 കടകളുമാണുള്ളത്. ഇതേ കേന്ദ്രത്തിന്റെ ഏറ്റവും അടിയിലുള്ള കോട്ടയം ജില്ലയിലെ കോരുത്തോട് പഞ്ചായത്തിൽ 5750 കെട്ടിടങ്ങളുണ്ട്. ഇതിൽ 5083 എണ്ണം വീടുകളാണ്.
ഉപഗ്രഹ സർവേയെ ആശ്രയിക്കുന്നതിനുപകരം ഇത്തരത്തിൽ കണക്കെടുപ്പ് നടത്തി വൈദ്യുതി വകുപ്പ് നൽകിയിരിക്കുന്ന വൈദ്യുതി കണക്ഷനുകളുടെ പട്ടികയുമായി ഒത്തുനോക്കിയാൽ കൃത്യമായ വിവരം ലഭിക്കുമായിരുന്നു. കരുതൽ മേഖലയുടെ അതിർത്തി കണക്കാക്കി നൽകിയാൽ ആ വാർഡുകളുടെ നിർമിതികളുടെ മാത്രം പട്ടികയുണ്ടാക്കുന്നതിന് നിഷ്പ്രയാസം സാധിക്കുമായിരുന്നു.
കരുതൽ മേഖലയുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തുവിട്ട മാപ്പ് കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതും ആശങ്കകൾ പരിഹരിക്കാത്തതുമാണ്. ഈ മാപ്പിന്റെ നിയമസാധുത സംബന്ധിച്ച ആശങ്കകൾ നിലനിൽക്കെത്തന്നെ അതിലെ അവ്യക്തതകൾ കർഷകരെ കൂടുതൽ പ്രതിസന്ധിയിലാഴ്ത്തുന്നു.
ഈ മാപ്പിൽ കരുതൽ മേഖല (ESZ) പ്രദേശത്തെ വീടുകൾ, കൃഷിയിടങ്ങൾ, ആരാധനാലയങ്ങൾ, മറ്റ് നിർമാണങ്ങൾ എന്നിവയൊന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. 2020ൽ സമർപ്പിക്കപ്പെട്ട അതേ മാപ്പ് തന്നെ പുതിയതെന്ന രീതിയിൽ സമർപ്പിച്ചുവെന്നേ മനസ്സിലാക്കാൻ നിർവാഹമുള്ളൂ. ഈ പ്രദേശത്തെ സർവേ നമ്പറുകൾപോലും ഉൾപ്പെടുത്തിയിട്ടുമില്ല. പ്രദേശത്തെ കെട്ടിടങ്ങളും മറ്റു കൃഷിയിടങ്ങളും ഏതെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല.
കരുതൽ മേഖലയായി പ്രഖ്യാപിക്കപ്പെടുന്ന ഒരുകിലോമീറ്റർ ദൂരപരിധിയിലുള്ള എല്ലാ കെട്ടിടങ്ങളുടെയും കൃഷിയിടങ്ങളുടെയും കണക്ക് കൃത്യമായി തിട്ടപ്പെടുത്തി, ഒഴിവാക്കപ്പെടേണ്ടതിനെക്കുറിച്ചുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ജനവാസ മേഖലകൾ വ്യക്തമായി രേഖപ്പെടുത്താത്ത ഒരു റിപ്പോർട്ട് സമർപ്പിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് രൂപതക്ക് ആശങ്കയുണ്ട്. മാപ്പ് പ്രകാരം തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തിക്കുള്ളിലെ ജനവാസ മേഖലയും കരുതൽ മേഖലയിൽ ഉൾപ്പെടുന്നു.
പ്രദേശത്തെ കർഷകരുടെ സുപ്രധാന ആവശ്യം തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയിക്കുകയെന്നതാണ്. അതിർത്തി പുനർ നിശ്ചയിച്ചശേഷം സ്വീകരിക്കുന്ന കരുതൽ മേഖല നടപടികളെക്കുറിച്ചാണ് ഇവിടത്തെ കർഷകർക്ക് അറിയേണ്ടത്. ഈ ആശങ്കകൾ പരിഹരിക്കപ്പെടാത്തിടത്തോളംകാലം ഈ മാപ്പ് സ്വീകാര്യമല്ല.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.