2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കശ്മീരിലെ പ്രധാന പ്രാദേശിക പാർട്ടിയായ നാഷനൽ കോൺ ഫറൻസിന് ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്തെ മൂന്നു മണ്ഡലങ്ങളിൽ ഒന്നിൽപോലും വി ജയിക്കാൻ കഴിഞ്ഞിരുന്നില്ല. മൂന്ന് സീറ്റുകളിലും വിജയിച്ച പീപ്ൾസ് ഡെമോക്രാറ്റിക ് പാർട്ടി (പി.ഡി.പി) അതേ കൊല്ലംതന്നെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഏറ്റവും വലിയ ഒറ് റക്കക്ഷിയായി. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സംസ്ഥാനത്ത് വലതുപക്ഷ പാർട്ടിയായ ബി.ജ െ.പിയുമായി സഖ്യമുണ്ടാക്കി പി.ഡി.പി മുന്നണി സർക്കാർ രൂപവത്കരിച്ചതാണ് പിന്നീട് കണ്ടത്. ഒടുവിൽ അതിെൻറ ദാരുണമായ പതനവും.
അഞ്ചുവർഷത്തിനു ശേഷം പി.ഡി.പിയുടെ ജനസമ്മതി അക്ഷരാർഥത്തിൽ കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേട്ടമുണ്ടാവണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. ബാരാമുല്ല, ശ്രീനഗർ, അനന്ത്നാഗ് എന്നീ ലോക്സഭ മണ്ഡലങ്ങളിൽ പി.ഡി.പിക്ക് നാഷനൽ കോൺഫറൻസ്, കോൺഗ്രസ്, സജ്ജാദ് ലോണിെൻറ പീപ്ൾസ് കോൺഫറൻസ് എന്നീ പാർട്ടികളിൽനിന്ന് കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്. 1999ൽ പാർട്ടിയുടെ രൂപവത്കരണം തൊട്ട് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്ന പി.ഡി.പിക്ക് 2014ലെ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിലൂടെ കനത്ത വില നൽകേണ്ടിവന്നു.
പി.ഡി.പിയുടെ സ്ഥാപക നേതാവ് മുഫ്തി മുഹമ്മദ് സഇൗദിെൻറ 2016ലെ മരണം, തീവ്രവാദി കമാൻഡർ ബുർഹാൻ വാനിയുടെ മരണത്തെ തുടർന്ന് താഴ്വരയിലുണ്ടായ സംഭവവികാസങ്ങൾ കൈകാര്യം ചെയ്തതിൽ മകളും മുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തിക്കുണ്ടായ വീഴ്ച, മുതിർന്ന നേതാക്കളുടെ പാർട്ടിയിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് തുടങ്ങിയവയാകെട്ട പാർട്ടിയുടെ നില ഏറെ പരുങ്ങലിലാക്കി. എങ്കിലും മഹ്ബൂബ ഇപ്പോൾ കുറെയൊക്കെ കശ്മീരികളുടെ അടിസ്ഥാന പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ട്. കശ്മീർ പോരാട്ടത്തോടുള്ള മൃദു സമീപനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിശിതമായി വിമർശിക്കുന്നതും സംസ്ഥാനത്തിെൻറ പ്രത്യേക പദവി നിലനിർത്തുന്നതിനായുള്ള ആഹ്വാനവുമെല്ലാം അവരുടെ ജനസമ്മതി ഉയർത്തുന്നു.
സ്വാധീനം വീണ്ടെടുക്കാൻ
തീവ്രവാദികൾക്ക് നല്ല സ്വാധീനമുള്ള നാല് ജില്ലകൾ ഉൾപ്പെടുന്ന അനന്ത്നാഗ് മണ്ഡലത്തിലാണ് മഹ്ബൂബ മുഫ്തി ജനവിധി തേടുന്നത്. തെക്കൻ കശ്മീരിൽ പഴയ സ്വാധീനം തിരിച്ചുപിടിക്കാനും ഏതു സമയത്തും നടന്നേക്കാവുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുമാണ് പി.ഡി.പിയുടെ കൊണ്ടുപിടിച്ച ശ്രമം. ബുർഹാൻ വാനിയുടെ കൊലപാതകത്തിന് ശേഷം പാർട്ടിക്ക് ഇൗ മേഖലയിൽ ജനപിന്തുണ ഏറെ നഷ്ടപ്പെട്ടിരുന്നു. മറുവശത്ത്, പി.ഡി.പിയുടെ പഴയ ബി.ജെ.പി ചങ്ങാത്തം മുതലെടുത്ത് പരമാവധി നേട്ടമുണ്ടാക്കാനാണ് നാഷനൽ കോൺഫറൻസിെൻറ ശ്രമം.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി നിലനിർത്തുന്നതിെൻറയും 1953ന് മുമ്പ് താഴ്വരക്ക് ലഭിച്ചിരുന്ന സ്വയംഭരണാധികാരം പുനഃസ്ഥാപിക്കുന്നതിെൻറയും ന്യായവാദങ്ങൾ അവർ ശക്തമായി അവതരിപ്പിക്കുന്നു. കശ്മീരിൽ മുമ്പ് നിലവിലുണ്ടായിരുന്ന സദ്റെ റിയാസത്ത്, പ്രധാനമന്ത്രി എന്നീ പദവികൾ തിരിച്ചുകൊണ്ടുവരുമെന്ന് പറയാൻ വരെ പാർട്ടി വൈസ് പ്രസിഡൻറും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല തയാറായിട്ടുണ്ട്. മഹ്ബൂബക്കെതിരെ മുൻ ഹൈകോടതി ജഡ്ജി ഹസനൈൻ മസ്ഉൗദിയെയാണ് നാഷനൽ കോൺഫറൻസ് അനന്ത്നാഗിൽ രംഗത്തിറക്കിയത്. പാർട്ടിയുടെ സമുന്നത നേതാവും അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല ശ്രീനഗർ മണ്ഡലത്തിൽനിന്നാണ് ജനവിധി തേടുന്നത്. സാമുദായികതക്കെതിരെ പോരാടുമെന്നാണ് അദ്ദേഹത്തിെൻറ പ്രതിജ്ഞ. മൂന്നുതവണ മുഖ്യമന്ത്രിയായ അദ്ദേഹം 2017ലെ ഉപതെരഞ്ഞെടുപ്പിൽ ശ്രീനഗറിൽനിന്നാണ് വിജയിച്ചത്. 2014ൽ പി.ഡി.പിയിലെ താരീഖ് കർറയോട് ഇതേ മണ്ഡലത്തിൽ തോറ്റ ചരിത്രവും ഫാറൂഖിനുണ്ട്. ഏപ്രിൽ 18ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഇവിടെ ബദ്ധവൈരികളായ പി.ഡി.പിയും നാഷനൽ കോൺഫറൻസും തമ്മിൽ കനത്ത പോരാട്ടം നടക്കും.
പീപ്ൾസ് കോൺഫറൻസ് വെല്ലുവിളി
സജ്ജാദ് ലോണിെൻറ പീപ്ൾസ് കോൺഫറൻസും ഇപ്പോൾ കശ്മീരിൽ അവഗണിക്കാനാവാത്ത ശക്തിയാണ്. ഏപ്രിൽ 11ന് തെരഞ്ഞെടുപ്പ് നടക്കുന്ന ബാരാമുല്ലയിൽ പാർട്ടി രംഗത്തിറക്കിയത് മുൻ പൊലീസ് മേധാവി രാജ െഎജസ് അലിയെയാണ്. ഇൗ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന കുപ്വാര ജില്ലക്കാരനായ അലിക്ക് അവിടെ നല്ല സ്വാധീനമുണ്ട്. മുതിർന്ന ശിയ നേതാവ് ഇംറാൻ അൻസാരിയുടെ പിന്തുണയും സജ്ജാദ് ലോണിന് പ്രതീക്ഷക്ക് വകനൽകുന്നു. താഴ്വരയിലെ മൂന്നു മണ്ഡലങ്ങളിലും കോൺഗ്രസ് നന്നെ വിയർക്കുന്ന കാഴ്ചയാണുള്ളത്. നാഷനൽ കോൺഫറൻസുമായി അവർ ‘സൗഹൃദ മത്സര’ത്തിലാണ്. ത്രികോണ മത്സരം നടക്കുന്ന അനന്ത്നാഗിൽ തങ്ങളുടെ സ്ഥാനാർഥി ഗുലാം അഹ്മദ് മിറിൽ അവർ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. 2014ൽ ഇവിടെനിന്ന് ജയിച്ച മഹ്ബൂബ മുഫ്തി 2016ൽ പിതാവിെൻറ മരണത്തെതുടർന്ന് മുഖ്യമന്ത്രി പദം ഏറ്റെടുക്കാനായി എം.പി സ്ഥാനം രാജിവെക്കുകയായിരുന്നു.
വോെട്ടടുപ്പ് നടത്താൻ കഴിയാത്ത സാഹചര്യമാണ് മണ്ഡലത്തിലുള്ളതെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷൻ ഇവിടെ ഇനിയും ഉപതെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. കശ്മീരികൾ മുഖ്യധാരയിൽനിന്ന് ഏറ്റവും അകന്നിരിക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിഘടനവാദികൾക്കെതിരെ കടുത്ത നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ജെ.കെ.എൽ.എഫ് നേതാവ് യാസീൻ മാലിക് അറസ്റ്റിലാണ്. ജെ.കെ.എൽ.എഫിനെയും കശ്മീർ ജമാഅത്തെ ഇസ്ലാമിയെയും നിരോധിച്ചിട്ടുമുണ്ട്. ഹുർറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിട്ടുമുണ്ട്. രാഷ്ട്രപതി ഭരണം നിലനിൽക്കുന്ന കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് ഏതുസമയവും നടക്കാനിരിക്കെയാണ് വോട്ടർമാർ ലോക്സഭയിലേക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ തയാറെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.