കണ്ഠത്തില് കുയിലിെൻറ നാദവുമായി പിറന്നവനെന്ന് കവി വൈലോപ്പിള്ളി പീർ മുഹമ്മദിനെ വിശേഷിപ്പിച്ചത് മനസ്സറിഞ്ഞുതന്നെയാണ്. ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിച്ച ഇശലുകൾ സമ്മാനിച്ച ഗായകനെ മലയാളികളുടെ ജനകീയ കവി ഇതിലപ്പുറമെങ്ങനെ അടയാളപ്പെടുത്താനാണ്. തലശ്ശേരിക്കല്യാണങ്ങളിലെ ഗാനമേളകളിലൂടെ രാവുകളെ ഹൃദയാർദ്രമാക്കി പീർ മുഹമ്മദ് പടിപടിയായി പാടിക്കയറിയത് മലബാറിലെയും മലയാളികളുടെയും ലോകത്തിെൻറയും പാട്ടകങ്ങളിലേക്കാണ്. 1950കളിൽ മുസ്ലിം വീടുകളിൽ മാത്രം ഒതുങ്ങിനിന്ന മാപ്പിളപ്പാട്ടിനെ സമൂഹത്തിെൻറ പൊതുധാരയിലേക്ക് എത്തിച്ചതിൽ പ്രധാനിയാണ് തലശ്ശേരിക്കാരുടെ സ്വന്തം പീർക്ക. മണലാരണ്യങ്ങളിലെ പൊടിക്കാറ്റേൽക്കുേമ്പാഴും മലയാളികളുടെ മനസ്സിൽ മൂളിപ്പാട്ടായെങ്കിലുമെത്തുന്ന 'ഒട്ടകങ്ങൾ വരിവരി വരിയായ്, കാരക്ക മരങ്ങള്‍ നിര നിര നിരയായ്' എന്ന ഗാനം ഒരുകാലഘട്ടത്തിെൻറ ഓർമപ്പെടുത്തലാണ്.
എട്ടാംവയസ്സിലായിരുന്നു ആദ്യവേദി. മുഹമ്മദ് റഫിയുടെതടക്കം സിനിമാഗാനങ്ങളാണ് അക്കാലത്ത് വേദിയില്‍ പാടിയത്. 1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭക്ക് കോഴിക്കോട് ഒരുക്കിയ സ്വീകരണമേറ്റുവാങ്ങാൻ ഇ.എം.എസും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരും കെ.ആര്‍. ഗൗരിയമ്മയും അടങ്ങിയ പ്രഗല്ഭർ വെള്ളയില്‍ കടപ്പുറത്തെ വേദിയിലെത്തി. അവരുടെ സാന്നിധ്യത്തിൽ 'ചുവപ്പേറും യവനിക പൊന്തിടുമ്പോള്‍' എന്ന ഗാനം ആലപിച്ച പീർ മുഹമ്മദെന്ന വെളുത്ത് മെല്ലിച്ച ഒമ്പതുവയസ്സുകാരന് ലഭിച്ച കൈയടിയിൽ അറബിക്കടലിെൻറ തിരയൊച്ചപോലും ചെറുതായിരുന്നു. കെ.പി.എ.സിയുടെ 'സര്‍വേക്കല്ല്'നാടകത്തിനായി മേക്കപ്പിടുകയായിരുന്ന കെ.പി.എ.സി സുലോചന ഓടിയെത്തി വാരിപ്പുണര്‍ന്നത് ചരിത്രം.
പീർ മുഹമ്മദ് ആൻഡ് പാർട്ടി എന്നപേരിൽ പുതിയ ട്രൂപ്പ് തുടങ്ങിയതോടെ വടക്ക് കാസർകോട് മുതൽ തെക്ക് തിരുവനന്തപുരംവരെയുള്ള വേദികളിൽ പീർ പാടിയിറങ്ങി.
എസ്.പി. ശൈലജയും സിബല്ല സദാനന്ദനും രഞ്ജിനിയും പ്രകാശിനിയുമെല്ലാം കൂടെ പാടാനെത്തി. ആലാപന സമയത്തെ അക്ഷരശുദ്ധിയും തെളിഞ്ഞ ശബ്ദവും മുഖത്ത് മിന്നിമായുന്ന ഭാവപ്രകടനങ്ങളുമാണ് പീർ മുഹമ്മദിലെ പാട്ടുകാരനെ ജനകീയനാക്കിയത്. സർ സയ്യിദ് കോളജിൽ പഠിക്കുേമ്പാൾ കാമ്പസിലെ താരമായിരുന്നു. കലാലയ രാഷ്ട്രീയത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ തോൽപിച്ച് ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായ കഥയുമുണ്ട് സഹപാഠികൾക്ക് പറയാൻ. എന്നാല്‍, രാഷ്ട്രീയം തട്ടകമാക്കാന്‍ പീർ മുഹമ്മദ് ആഗ്രഹിച്ചിരുന്നില്ല.
പി.ടി. അബ്ദുറഹ്മാൻ, ഒ. അബ്ദു, ഒ.വി. അബ്ദുല്ല, സി.എച്ച്. വെള്ളികുളങ്ങര, ഒ.എം. കരുവാരക്കുണ്ട് തുടങ്ങിയ രചയിതാക്കളുടെയും കെ. രാഘവൻ, എ.ടി. ഉമ്മർ, ചാന്ദ് പാഷ തുടങ്ങിയ സംഗീതജ്ഞന്മാരുടെയും ഒപ്പം പ്രവർത്തിക്കാനായി. 2008ൽ ശരീരം തളർന്ന് കിടപ്പിലായെങ്കിലും പഴയപടിയിലേക്ക് തിരിച്ചെത്തി പാടുന്നതിനിടയിലാണ് വീണ്ടും അസുഖബാധിതനാവുന്നതും മരണത്തിന് കീഴടങ്ങിയതും. ഗാനകോകിലമെന്ന് വൈക്കം മുഹമ്മദ് ബഷീർ വിശേഷിപ്പിച്ച മലബാറിെൻറ സ്വന്തം പീര്‍ക്ക നേർത്ത ഈണമായി വളപട്ടണം മന്ന ഖബർസ്ഥാനിലെ മണ്ണിലലിയുേമ്പാൾ ഇശലുകളുടെ കടലിരമ്പമാണ് ബാക്കിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.