ക്രിസ്തുവർഷം 37 മുതൽ 41 വരെ റോമൻ ചക്രവർത്തിയായിരുന്ന കലിഗുല എന്നറിയപ്പെട്ടിരുന്ന ഗയസ് ജർമനിക്കസ് ചരിത്രത്തിൽ സ്വേച്ഛാധിപത്യത്തിെൻറ ആൾരൂപമായിരുന്നു. അധികാരമുറപ്പിക്കാൻ സ്വയം ദൈവമായി പ്രഖ്യാപിച്ച ദുരധികാരമൂർത്തി. റോമൻ ക്ഷേത്രങ്ങളിലെ പൂജാവിഗ്രഹങ്ങളുടെ തല നീക്കി തൽസ്ഥാനത്ത് തെൻറ മുഖം പ്രതിഷ്ഠിച്ച അധികാരപ്രമത്തൻ. കലിഗുല ശവകുടീരത്തിൽനിന്ന് പുനരുദ്ധാനംചെയ്ത് വർത്തമാനകാല ഇന്ത്യൻ രാഷ്്ട്രീയത്തിൽ അവതരിക്കുകയാണിപ്പോൾ. അയുക്തിയുടെ രഥത്തിലാണ് ഈ എഴുന്നള്ളത്ത്. പോഷകാഹാരക്കുറവിൽ സബ്സഹാറൻ ആഫ്രിക്കയുടെ പിന്നിൽ നിൽക്കുന്ന ഇന്ത്യയിൽ ജനങ്ങളുടെ ഭക്ഷണത്തിെൻറ പ്രധാന ഭാഗമായിരുന്ന കന്നുകാലികളെ പൊതുവെയും പശുവിനെ പ്രത്യേകിച്ചും ദൈവപദവിയിലേക്കുയർത്തിയിരിക്കുന്നു. കലിഗുല പ്രിയപ്പെട്ട കുതിരയെ സെനറ്റിൽ അംഗവും കോൺസലുമാക്കിയതേയുള്ളൂ. അഭിനവ ഇന്ത്യൻ കലിഗുല എണ്ണത്തിൽ ശതകോടി കവിയുന്ന ഒരു ജനതയെ മുഴുവൻ പശുവിെൻറ വാലിൽ കെട്ടിത്തൂക്കിയിരിക്കുകയാണ്.
ഇപ്പോൾ വിജ്ഞാപനം ചെയ്ത പ്രിവൻഷൻ ഓഫ് ക്രുവെൽറ്റി ടു അനിമൽ (റെഗുലേഷൻ ഓഫ് ലൈവ് സ്റ്റോക്ക് മാർക്കറ്റ് റൂൾസ്-2017) ഈ യുക്തിവിരുദ്ധ രാഷ്ട്രീയത്തിെൻറ നേർസാക്ഷ്യമാണ്. അത് ഭരണഘടനയുടെ 19 (ജി) വകുപ്പിൽ പൗരന്മാർക്ക് ഉറപ്പുനൽകുന്ന തൊഴിലും വ്യാപാരവും ചെയ്യാനുള്ള മൗലികാവകാശത്തെ അന്യായമായി തടസ്സപ്പെടുത്തുന്നു. ഭരണഘടനയുടെ ഏഴാം പട്ടികയിൽ സ്റ്റേറ്റ് ലിസ്റ്റിൽ 15ഉം 16ഉം ഇനങ്ങളായി ഉൾപ്പെടുത്തിയ കാര്യങ്ങളാണ് കന്നുകാലികളുടെ സംരക്ഷണം. ഇൗ വിഷയത്തിൽ സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ നിയമനിർമാണം നടത്തുകവഴി ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറലിസം എന്ന ആശയത്തെയും ഭരണകൂടം തൃണവത്ഗണിക്കുന്നു. ചട്ടനിർമാണത്തിെൻറ അടിസ്ഥാനതത്ത്വമാണ് ചട്ടങ്ങൾ അടിസ്ഥാനനിയമത്തിെൻറ പരിധിയിൽ നിൽക്കുന്നതായിരിക്കണം എന്നത്. എന്നാൽ, അടിസ്ഥാനനിയമമായ 1960ലെ പ്രിവൻഷൻ ഓഫ് ക്രുവെൽറ്റി ടു അനിമൽ ആക്ടിെൻറ പരിധിയിൽ വരുന്നതല്ല ഇപ്പോൾ വിജ്ഞാപാനം ചെയ്തിരിക്കുന്ന ചട്ടങ്ങൾ. കാലിച്ചന്തകളിൽ അറവിനോ ബലിക്കോ കാലികളെ വിൽക്കരുത് എന്നാണ് ചട്ടം. ചത്ത കാലികളുടെ ശവമോ തോലോ കാലിച്ചന്തയിൽ വിൽക്കാനും പാടില്ല. എന്നാൽ, ഇതൊന്നും അടിസ്ഥാനനിയമത്തിൽ അനുശാസിച്ചിട്ടില്ല. പ്രസ്തുത നിയമത്തിെൻറ ഒരേയൊരു ലക്ഷ്യം അറക്കുന്നതിനു മുമ്പ് കാലികളെ അനാവശ്യമായ പീഡനത്തിന് വിധേയമാക്കരുത് എന്നതു മാത്രമാണ്. ആക്ടിെൻറ വകുപ്പ് 11 പ്രകാരം ഭക്ഷണാവശ്യത്തിന് കാലികളെ അറക്കുന്നത് കാലികളോടുള്ള ക്രൂരതയല്ല എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിനാൽ അടിസ്ഥാനപ്രമാണങ്ങളെ ലംഘിക്കുന്നതാണ് ഈ ചട്ടങ്ങൾ എന്ന് വ്യക്തമാണ്. ഇന്ന് ഇന്ത്യയിൽ പശുവിെൻറ അഭിമാനവും വിശുദ്ധിയും സംരക്ഷിക്കാൻ മനുഷ്യെൻറ ജീവനും അഭിമാനവും തൃണവത്ഗണിക്കപ്പെടുന്നു.
മനുഷ്യൻ ഉൽകൃഷ്ടനാണ് എന്ന അനുമാനത്തിൽനിന്നു തുടങ്ങുന്ന തത്ത്വചിന്തയാണ് ലിബറലിസം, മാർക്സിസം, ഗാന്ധിസം തുടങ്ങിയ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽ കലാശിച്ചത്. ജോൺ ലോക്കിെൻറ സാമൂഹിക കരാർസിദ്ധാന്തത്തിെൻറ അടിസ്ഥാനമനുസരിച്ച് മനുഷ്യൻ രാഷ്ട്ര പൂർവാവസ്ഥയിൽ പരസ്പരസഹകരണത്തോടെ ജീവിച്ചു. ഈ പാരസ്പര്യം നിലനിർത്താനും മെച്ചപ്പെടുത്താനുമാണ് മനുഷ്യർ ഒരു സാമൂഹികകരാറിലൂടെ രാഷ്ട്രം സ്ഥാപിച്ചത്. മനുഷ്യെൻറ ഉൽകൃഷ്ടതയിൽ അതിരുകവിഞ്ഞു വിശ്വസിച്ച അനാർക്കിസം രാഷ്ട്രം എന്ന സ്ഥാപനംതന്നെ അനാവശ്യമാണെന്ന തീർപ്പിൽ എത്തിച്ചേർന്നു. എന്നാൽ, തോമസ് ഹോബ്സ് മനുഷ്യൻ അടിസ്ഥാനപരമായി നിന്ദ്യനും ഒറ്റപ്പെട്ടവനും മൃഗതുല്യനുമാണ് എന്ന സങ്കൽപമാണ് അവതരിപ്പിച്ചത്. പരസ്പരം യുദ്ധം ചെയ്യുന്ന, ആർക്കും സംരക്ഷണമില്ലാത്ത രാഷ്ട്രപൂർവാവസ്ഥയിൽ എല്ലാ അവകാശങ്ങളും അനിയന്ത്രിത അധികാരങ്ങളുമുള്ള ഒരു സർവാധിപതിക്കു മുന്നിൽ അടിയറവെച്ച് ജനം രാഷ്ട്രം രൂപവത്കരിക്കുന്നു. ഹോബ്സ് വിഭാവനം ചെയ്യുന്ന രാഷ്ട്രം തികഞ്ഞ ഫാഷിസ്റ്റ് രാഷ്ട്രമാണ്. മനുഷ്യൻ പ്രകൃത്യാ, നികൃഷ്ടനാണ് എന്ന ചിന്താധാരയുടെ അന്തിമഫലമാണ് ഫാഷിസം. മൃഗതുല്യനായ മനുഷ്യനെ മെരുക്കാനുള്ള ദിവ്യസ്വഭാവമുള്ള സ്ഥാപനമാണ് ഫാഷിസ്റ്റ് പരിപ്രേക്ഷ്യത്തിൽ സ്റ്റേറ്റ് അഥവാ രാഷ്ട്രം. ഫാഷിസം വിഭാവനം ചെയ്യുന്ന സമഗ്രാധിപത്യത്തിലും സ്വേച്ഛാധിപത്യത്തിലും ഊന്നിയ രാജ്യം രൂപവത്കരിക്കാൻ വേണ്ട പ്രഥമ ഉപാധിയാണ് വിവേകരഹിതരും വികാരഭരിതരുമായ ജനത.- അത് സൃഷ്ടിച്ചെടുക്കാനാണ് ഫാഷിസം പശുവിനെ മനുഷ്യനുമേൽ പ്രതിഷ്ഠിക്കുന്ന വിചിത്രരാഷ്ട്രീയം പയറ്റുന്നത്. കാരണം വിവേചനശേഷിയില്ലാത്ത, യുക്തിചിന്തയില്ലാത്ത ഒരു ജനതയാണ് ഫാഷിസത്തിന് അഭികാമ്യം.
ഇറ്റാലിയൻ ഫാഷിസ്റ്റുകൾ ഉയർത്തിയ ഒരു മുദ്രാവാക്യം ‘1789 മരിച്ചിരിക്കുന്നു’ എന്നതായിരുന്നു. ഫ്രഞ്ച് വിപ്ലവം നടന്ന വർഷമാണ് 1789. ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നതായിരുന്നല്ലോ ഫ്രഞ്ച് വിപ്ലവത്തിെൻറ മുദ്രാവാക്യം. ഈ ആശയങ്ങളുടെ നിഷേധമാണ് ഫാഷിസത്തിെൻറ ആശയാടിത്തറ. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നത് ഇന്ത്യൻ ഭരണഘടനയുടെയും പീഠികതത്ത്വങ്ങളാണ് എന്നും ഒാർക്കുക. ഫ്രഞ്ച് വിപ്ലവത്തിെൻറ താത്ത്വികാടിത്തറ ജ്ഞാനോദയം (എൻലൈറ്റൻമെൻറ്) ആയിരുന്നല്ലോ.
ഫ്രഞ്ച് വിപ്ലവത്തെയും ജ്ഞാനോദയത്തേയും ശത്രുപക്ഷത്തു നിർത്തുകവഴി ഫാഷിസം ലക്ഷ്യം നിർവചിക്കുകയും സ്പഷ്ടീകരിക്കുകയും ചെയ്തു. യുക്തിയാണ് അവരുടെ ശത്രു. ജോർജ് ഓർവെലിെൻറ ‘1984’ എന്ന നോവലിൽ ഇങ്സോക് പാർട്ടിയുടെ മുദ്രാവാക്യംതന്നെ ‘അജ്ഞതയാണ് ശക്തി’ എന്നതാണ്. അറിവും യുക്തിയുമാണ് ഫാഷിസത്തിെൻറ മുഖ്യശത്രുക്കൾ. ‘ഗോമാതാവ്’ എന്ന വാക്ക് ഇന്ത്യയുടെ സമൂഹമനസ്സിൽ പ്രതിഷ്ഠിച്ചതിലൂടെ ഫാഷിസം ഈ ലക്ഷ്യം നേടിയിരിക്കുന്നു. മാതൃത്വം എന്നത് ഏറ്റവും മഹിതമായ മനുഷ്യബന്ധമാണ്. അതിനുമേൽ പശുവിനെ സൂപ്പർഇമ്പോസ് ചെയ്ത് അതുവഴി മറ്റു ചിന്തകളെ അസാധ്യമാക്കുക എന്നതാണ് ഫാഷിസ്റ്റ് ലക്ഷ്യം.
ഇറ്റാലിയൻ കമ്യൂണിസ്റ്റ് ചിന്തകനും നേതാവുമായിരുന്ന അേൻറാണിയോ ഗ്രാംഷിയെ വിചാരണ ചെയ്ത ഫാഷിസ്റ്റ് കോടതിയുടെ മുന്നിൽ വിചാരണ ഉപസംഹരിച്ചുകൊണ്ട് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത് ഇതായിരുന്നു: ‘ഈ മസ്തിഷ്കത്തെ ഇരുപത് വർഷത്തേക്ക് പ്രവർത്തനരഹിതമാക്കണം’. കോടതി അത് അംഗീകരിച്ചു. ഇരുപത് വർഷത്തേക്ക് ഗ്രാംഷിയെ ഏകാന്തതടവിനു ശിക്ഷിച്ചു. എന്നാൽ, തടവുജീവിതകാലത്താണ് ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രമീമാംസയിലെ ക്ലാസിക്കുകളായ പല കൃതികളും ഗ്രാംഷി രചിച്ചത്. ഫാഷിസത്തെ എങ്ങനെ നേരിടണം എന്നതിനെ പറ്റിയുള്ള താത്ത്വികവും പ്രായോഗികവുമായ ചിന്തകളാൽ സമ്പന്നമാണ് ഈ കൃതികൾ. ഫാഷിസത്തിന് നിലനിൽക്കാൻ ജനതയുടെ മുഴുവൻ മസ്തിഷ്കങ്ങളെയും പ്രവർത്തനരഹിതമാക്കേണ്ടതുണ്ട്. അതിനാൽ മസ്തിഷ്കങ്ങളെ പ്രവർത്തനനിരതമാക്കുക എന്നതാണ് ഫാഷിസത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും കാര്യക്ഷമമായ മാർഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.