2021 അവസാനിക്കാറാകുമ്പോള്‍ തെളിയുന്ന ദേശീയ-അന്തര്‍ദേശീയ ചിത്രം കോവിഡ്-19 എന്ന മഹാമാരിക്കൊപ്പം വിപത്കരമായി ജീവിക്കാന്‍ തീരുമാനിച്ച ഒരു സിവില്‍ സമൂഹത്തിേൻറതാണ്. ഒമിക്രോണ്‍ എന്ന അതിെൻറ ഏറ്റവും പുതിയ വകഭേദം സൃഷ്ടിക്കുന്ന അങ്കലാപ്പിെൻറ സാഹചര്യത്തില്‍പോലും പൊരുതിനില്ക്കാനുള്ള ഒരു ഏകമനസ്സ് ലോകത്തില്‍ രൂപപ്പെട്ടിരിക്കുന്നുവെന്ന് തൊഴിലിടങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും മറ്റു കര്മമേഖലകളിലേക്കും മടങ്ങുന്ന മനുഷ്യേച്ഛയുടെ കാലൊച്ചകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ഇത് പരിചിതമായ ഒരു പ്രതികരണമാണ്. മനുഷ്യചരിത്രത്തിലുടനീളം ഇത്തരം അപകടകരമായ കാലങ്ങളിലൂടെ അന്യംനിന്നുപോകാതെ കടന്നുവന്ന മനുഷ്യവംശത്തിെൻറ അതിജീവനത്വരയുടെ സാക്ഷ്യങ്ങള്‍ പതിഞ്ഞുകിടപ്പുണ്ട്. പക്ഷേ, തികച്ചും പ്രശ്നരഹിതമായ ഒന്നല്ല ഈ അതിജീവനം എന്നത് പുതിയകാലത്ത് നാം പഠിക്കാന്‍ ശ്രമിക്കുന്ന പാഠമാണ്.
മനുഷ്യകേന്ദ്രിതമായ ഒരു ലോകവീക്ഷണം പ്രകൃതിയുടെ സന്തുലനങ്ങളെ തകിടംമറിക്കുന്നതാണെന്ന് നിസ്സംശയം പറയാമെങ്കിലും ഓരോ ജീവിവർഗവും പിന്തുടരുന്ന അടിസ്ഥാന ചോദനയുടെ സാരാംശം അതിജീവനം എന്ന വെല്ലുവിളിയെ അഭിമുഖീകരിക്കുക എന്നതുതന്നെയാണ്. അതിെൻറ ബോധതലത്തിലുള്ള വികസിതരൂപമാണ് മനുഷ്യവംശം പ്രദർശിപ്പിച്ചുപോന്നിട്ടുള്ളത്. ഇതിെൻറ ആഴത്തിലുള്ള പ്രശ്നങ്ങള്‍ ഇന്ന് നമുക്ക് ബോധ്യമുണ്ട്. പക്ഷേ, നിലനില്പ് എന്ന ചോദ്യത്തിന് അടിവരയിട്ടു മാത്രമാണ് ഇതേക്കുറിച്ച് വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ കഴിയുന്നത് എന്നത് ജീവിവർഗപരമായ പരിമിതിയാണ്. അതിനാവട്ടെ നമ്മുടെ സാമൂഹിക സംഘാടനം എന്ന സ്ഥാപന നിർമിതികളുടെ പ്രത്യയശാസ്ത്രം രൂപവത്കരിക്കുന്നതില്‍ വലിയ പങ്കാണ് ഉണ്ടായിരുന്നത്. മനുഷ്യവംശം ഇത്തരം വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടങ്ങള്‍ പലപ്പോഴും ചില സാമൂഹിക പുനര്‍ വിചിന്തനങ്ങളുടെകൂടി കാലമായി മാറുന്നത് ഇവ തമ്മിലെ ഇത്തരം രൂപകാത്മക ബന്ധങ്ങൾക്കൂടി വെളിപ്പെടുത്തുന്ന വസ്തുതയാണ്.
ഡേവിഡ് വെൻേഗ്രാ , ഡേവിഡ് ഗ്രീബർ
കോവിഡ് മഹാമാരിയുടെ കാലം ആശയപരമായ സംവാദങ്ങളുടേത് കൂടിയായിരുന്നു. ഇപ്പോഴും അത് അവസാനിപ്പിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടില്ല. രണ്ടു വ്യത്യസ്ത സമീപനങ്ങളാണ് കോവിഡിനെ നേരിടുന്നതുമായി ബന്ധപ്പെട്ട് ലോകത്ത് ഉയര്‍ന്നുവന്നിരുന്നത്. ഒന്ന് ഭരണകൂടങ്ങള്‍ നിശ്ചയിക്കുന്ന അജണ്ടകള്‍ അക്ഷരംപ്രതി പൗരസമൂഹം അനുസരിക്കുക എന്ന അധികാരശ്രേണീപരമായ സമീപനമായിരുന്നു അത്. അതിനാണ് മേല്‍ക്കൈ ലഭിച്ചതും.
ആധുനിക ലിബറല്‍/നോണ്‍-ലിബറല്‍ ഭരണകൂടങ്ങള്‍ ആഗോളതലത്തില്‍തന്നെ കോർപറേറ്റ് അജണ്ടകളുമായി താദാത്മ്യം പ്രാപിച്ച ഒരു കാലത്ത് സ്വാഭാവികമായും ഇത് മുതലാളിത്തത്തിെൻറതന്നെ പുതിയ ഭരണയുക്തിയെക്കൂടി അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. ഭരണകൂടങ്ങളുടെ പരമാധികാരനീതി അനുശാസിക്കുന്ന കളങ്ങളില്മാത്രം പൗരസമൂഹം ഒതുങ്ങിനില്ക്കുക എന്ന ചരിത്രപരമായ മാതൃക പല പ്രദേശങ്ങളിലും വലിയ അടിച്ചമർത്തലുകള്‍ക്കും സ്വാതന്ത്ര്യ നിഷേധങ്ങള്‍ക്കും കാരണമായിത്തീര്‍ന്നു. പൊതുവില്‍ ഒരു മർദകാനുഭവമായി മഹാമാരിയുടെ കാലം മാറിയത് ഈ ആഗോളയുക്തിയുടെ നുകത്തില്‍ പൗരസമൂഹത്തെ തളച്ചതുകൊണ്ടായിരുന്നു. ലോക്ഡൗണ്‍ പോലുള്ള ഏകപക്ഷീയമായ ഭരണകൂട ഇടപെടലുകള്‍ സൃഷ്ടിച്ച ആഘാതങ്ങള്‍ കാര്യമായ അന്വേഷണങ്ങള്‍ക്കുപോലും ഇടയാക്കുന്നില്ല എന്നത് ഈ മർദക സമീപനം ആന്തരികവത്കരിക്കപ്പെട്ടതിെൻറ കൂടി പശ്ചാത്തലത്തിലാണ്.
കാര്യമായ ശ്രമങ്ങള്‍ ഉണ്ടാകാതെപോയത് ഇതില്‍നിന്ന് വ്യത്യസ്തമായ പൗരസമൂഹ സമീപനം ശക്തിപ്പെടുത്തുന്നതിലായിരുന്നു. മുതലാളിത്ത പൗരസമൂഹം ഒരു ആദര്ശനിർമിതിയൊന്നുമല്ല. അതിെൻറ ആന്തരിക സംഘര്‍ഷങ്ങളും പരിമിതികളും വിള്ളലുകളും പ്രതിലോമകരമായ ഉള്ളടക്കങ്ങളും നമുക്കറിയാവുന്നതാണ്. ഇവ മറച്ചുവെക്കാനാണ് സിവില്‍ സമൂഹം ശ്രമിക്കുക എന്നതും സുവിദിതമാണ്. 'സിവില്‍ സമൂഹത്തിെൻറ മായാഗര്വ്വങ്ങള്' (Conceits of the civil society) എന്ന് നീര ചദ്ദോക്ക് ഇതിനെ വിളിച്ചിട്ടുമുണ്ട്. എങ്കിലും ഭരണകൂട- കോർപറേറ്റ് സംയുക്തം സൃഷ്ടിക്കുന്ന മർദക സംവിധാനങ്ങളേക്കാള്‍ മെച്ചപ്പെട്ട സാമൂഹിക ഇടപെടല്‍, സിവിൽ സമൂഹത്തിനു മുൻകൈയുള്ളതും ഭരണകൂടം സഹകാരിയാവുന്നതുമായ ഒരു പ്രവര്‍ത്തന സംവിധാനത്തിനാണ് സാധ്യമാവുകയെന്നത് സംശയരഹിതമായ കാര്യമാണ്. എന്നാല്‍, അതിന് സ്വീകാര്യത ലഭിച്ചില്ല എന്നതാണ് നമ്മെ വ്യാകുലപ്പെടുത്തുന്ന ഒരു പരമാർഥം. ഭരണകൂടത്തിെൻറ അനുസരണയുള്ള പ്രജ ആയിരിക്കുന്നതാണ് സൗകര്യം - അത് ഏതുതരം ഭരണകൂടമായാലും - എന്ന നിലപാടിലേക്ക് പൗരസമൂഹങ്ങള്‍ എത്തിച്ചേരുന്നത് എങ്ങനെയാണ്? ഏറ്റവും ആശാസ്യമായ ഒരു ജനാധിപത്യ ബദല്‍ ആയിരുന്നിട്ടുപോലും ഈ മാതൃക എന്തുകൊണ്ടാണ് സ്വീകരിക്കപ്പെടാതെ പോകുന്നത്? ഇതിെൻറ ഉത്തരം കണ്ടെത്തുക എളുപ്പമല്ല.
മഹാമാരിയുടെ കാലം വലിയ ചില ചിന്തകളുടേത് കൂടിയായിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പുസ്തകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി എനിക്ക് തോന്നിയത് നരവംശ ശാസ്ത്രജ്ഞനായ ഡേവിഡ് ഗ്രീബർ (David Graeber), പുരാവസ്തു ശാസ്ത്രകാരൻ ഡേവിഡ് വെൻേഗ്രാ (David Wengrow) എന്നിവർ ചേര്‍ന്നെഴുതിയ 'The Dawn of Everything: A New History of Humanity'യാണ്. ഇതിലെ നിഗമനങ്ങള്‍ മുഴുവന്‍ ശരിയാണോ എന്നോ അവര്‍ നിരത്തുന്ന തെളിവുകള്‍ വിശ്വാസയോഗ്യമാണോ എന്നോ ഉള്ള ഒരു ചര്‍ച്ചയിലേക്ക് ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല. പുസ്തകം ഇറങ്ങിയിട്ട് കഷ്ടിച്ച് ഒരു മാസമേ ആയുള്ളൂ (ദൗര്‍ഭാഗ്യകരമായ കാര്യം, പുസ്തകം പുറത്തിറങ്ങുന്നതിനുമുമ്പ് ഗ്രീബര് അന്തരിച്ചു എന്നതാണ്). എന്നാല്‍, ഇതിലെ പ്രാഥമികമായ ഉള്‍ക്കാഴ്ച രണ്ടു കാരണങ്ങള്‍കൊണ്ട് എനിക്ക് പ്രസക്തമായി അനുഭവപ്പെട്ടു. ഒന്ന്, ഇത് അവര്‍ അങ്ങനെ കരുതുന്നില്ലെങ്കില്പോലും ഈ മഹാമാരിയുടെ കാലത്തെ വിമതശബ്ദമാണ് ഈ പുസ്തകം. രണ്ട്, ഹരാരിയുടേതുപോലുള്ള ചിന്തകളില്‍ കാണുന്ന മനുഷ്യവംശാവലിയുടെ അടിസ്ഥാനമായ രേഖീയമായ രാഷ്ട്രീയ നൈരന്തര്യം ഇതില്‍ ചോദ്യം ചെയ്യപ്പെടുന്നു.
പുരാതന പെറുക്കിത്തീനി കാലഘട്ടം മനുഷ്യവംശത്തിെൻറ തികച്ചും അച്ചടക്കരഹിതമായ പ്രാകൃത-കിരാതദശയായിരുന്നു, കാര്‍ഷിക വൃത്തിയുടെ വരവോടെ ഭരണകൂടം സംജാതമായതോടെയാണ് അപരിഷ്കൃത ഘട്ടത്തില്‍നിന്ന് മനുഷ്യവംശം നാഗരികത കണ്ടെത്തുന്നത് തുടങ്ങിയ ചിന്തകൾ മുതലാളിത്ത പ്രത്യയശാസ്ത്രം ഒരുക്കിയ രൂപകാത്മകമായ ഒരു ചതിക്കുഴിയാണ് എന്ന് ഇവര്‍ വാദിക്കുന്നു. ഇതില്‍ ഭരണകൂടമെന്ന സ്ഥാപനത്തിെൻറ നിർമിതിക്ക് വലിയ പങ്കാണ് ഉള്ളതെന്നതും ഈ പുസ്തകത്തിെൻറ പ്രധാനപ്പെട്ട നിഗമനമാണ്. അക്കാലത്ത് മനുഷ്യര്‍ സാമൂഹികമായ ഒരു കെട്ടുപാടുകളും ഇല്ലാതെ സര്‍വതന്ത്ര സ്വതന്ത്രരായി അരാജകത്വത്തില്‍ വാഴുകയായിരുന്നുവെന്നതും ഇതേ പ്രത്യയശാസ്ത്രത്തിെൻറ മിഥ്യാനിർമിതിയാണെന്ന് ഇവര്‍ പറയുന്നു. കാര്‍ഷികവൃത്തിയിലേക്ക് മാറുന്നതിനുമുമ്പുള്ള ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ മനുഷ്യവംശം ജീവിച്ചുതീര്‍ത്തത് മൂഢമായ അപരിഷ്കൃതത്വത്തിലാണെന്ന മിഥ്യാവിചാരത്തെ പൊളിച്ചുകളഞ്ഞുകൊണ്ട് അവര്‍ ആ കാലത്തെ സാമൂഹിക സംഘാടനം കൂടുതല്‍ സങ്കീർണവും വികേന്ദ്രീകൃതവും ജനാധിപത്യപരവും ഏകാധിപത്യ ശാസനരീതികളെ ഒഴിവാക്കുന്നവയുമായിരുന്നുവെന്നും ഇതിനെ അപരിഷ്കൃതം എന്ന് വിളിക്കുന്നത് നീതിയല്ല എന്നും പറയുന്നു. ആത്യന്തികമായി ഭരണകൂടയുക്തിക്ക് കീഴ്പ്പെട്ടുമാത്രമേ പൗരസമൂഹത്തിന് നിലനില്ക്കാന് കഴിയൂ എന്ന വാദത്തോടുള്ള ഒരു പ്രതികരണം കൂടിയാണ് ഈ പുസ്തകം.
അത്തരമൊരു സമീപനത്തിന് മനുഷ്യചരിത്രത്തില്‍നിന്ന് ലഘുവായ ഉത്തരങ്ങള്‍ കണ്ടുപിടിച്ചു സാധൂകരണങ്ങള്‍ നല്കിപ്പോന്ന ദാര്‍ശനിക-രാഷ്ട്രീയ നിലപാടുകളെയാണ് ആ അർഥത്തില്‍ ഈ പുസ്തകം വെല്ലുവിളിക്കുന്നത്. നമ്മുടെ ആഗോള കോവിഡ് പരിപാലന സന്നാഹങ്ങളിലെ യുദ്ധപരത, അമിതാധികാര വാഞ്ഛ, പൗരസമൂഹത്തോടുള്ള അവിശ്വാസ്യത, കോര്‍പറേറ്റ് ഭീകരതകളോടുള്ള നിസ്സഹായമായ സഹിഷ്ണുത എന്നിവയെല്ലാം ഒരർഥത്തില്‍ മുതലാളിത്തം പകര്‍ന്നുനല്‍കിയ നരവംശശാസ്ത്ര ധാരണകളിലുള്ള അസമീക്ഷ്യമായ വിശ്വാസത്തില്‍ക്കൂടി അധിഷ്ഠിതമാണ് എന്നൊരു ഉള്‍ക്കാഴ്ച ഈ പുസ്തകം നല്കുന്നു.
സൈനികമായി നേരിടേണ്ടതാണ് മഹാമാരി എന്ന സമീപനത്തിെൻറ നിലപാടുതറയിലാണ് ഇവര്‍ വിള്ളലുകളുണ്ടാക്കുന്നത്. അതിജീവനം എന്നത് കേവലമായ ഒരു ജൈവിക പ്രശ്നം മാത്രമല്ല, നമ്മുടെ ചരിത്രത്തെയും ഭാവിയെയും കൂട്ടിയിണക്കുന്ന സങ്കീർണമായ സാംസ്കാരിക സന്ദര്‍ഭം കൂടിയാണ് എന്ന തിരിച്ചറിവിന് കൂടുതല്‍ പ്രാധാന്യം കൈവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.