പൂർണ ശരികളായി സ്വയം കരുതുന്ന ഉത്തരമലബാറിലെ, പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് പ്രദേശങ്ങളിലെ, കൊലപാതക രാഷ്ട്ര ീയത്തിെൻറ പുറംകാഴ്ചക്കപ്പുറത്തെ സങ്കീർണതകളിൽ ചിലത് പരിശോധിക്കുകയാണിവിടെ. കണ്ണൂരുമായി ബന്ധപ്പെട്ട ചുരുക ്കം ചില പഠനങ്ങളിലും ചർച്ചകളിലും രാഷ്ട്രീയ കാരണങ്ങളാൽ മാറ്റിനിർത്തപ്പെട്ട ചില വശങ്ങളുടെ പരിശോധനയാണിത്. ആർ. എസ്.എസിനെ ‘തിന്മ’യുടെ ആത്യന്തിക മാതൃകയായി കാണുന്ന മാർക്സിസ്റ്റ് പാർട്ടിയും ‘ഇന്ത്യൻ ദേശീയത’യുടെ ‘ആജന്മശ ത്രു’വായി കമ്യൂണിസത്തെ കാണുന്ന ആർ.എസ്.എസും ഇവ രണ്ടിനെയും ഒരേപോലെ ശത്രുക്കളായി കാണുന്ന കോൺഗ്രസും തമ്മിൽ നില നിൽക്കുന്ന അമ്പതോളം വർഷത്തെ രാഷ്ട്രീയ കൊലപാതകങ്ങളെ ആഴത്തിൽ പരിശോധിച്ചുള്ള നരവംശ-സാമൂഹിക പഠനങ്ങൾ വളരെ പരിമ ിതമാണ്. കണ്ണൂർ രാഷ്ട്രീയത്തെ സംബന്ധിച്ച പഠനങ്ങളിൽ രുചി ചതുർവേദിയെ പോലുള്ള ഗവേഷകർ ജാതി പോലുള്ള ചില വശങ്ങൾ പ്ര തിപാദിക്കുന്നുണ്ട്. അടുത്തകാലത്ത് പുറത്തുവന്ന വിവരണാത്മകമായ ചില പഠനങ്ങൾ ഇൗ വശം നിഷേധിക്കുകയും ചെയ്യുന്നു. ജ ാതി മാത്രമല്ല, മറ്റു പലതും ഇൗ രാഷ്ട്രീയ കൊലകളെ വലിയൊരളവിൽ വ്യത്യസ്തമാക്കുന്നത് കാണാം.
കണ്ണൂർ-കാസർകോട ് പ്രദേശങ്ങളിൽ തങ്ങളുടേതല്ലാത്ത രാഷ്ട്രീയപ്രവർത്തകരെ ‘അപരൻ’, ‘അപകടകാരി’ എന്നിങ്ങനെയാണ് നിർവചിക്കുന്നത് . ‘അപരരെ’യും ‘ശത്രുക്കളെ’യും പൂർണമായും നശിപ്പിക്കേണ്ടതാണ് എന്ന ബോധത്തിൽനിന്നാണ് കുടിപ്പകയും കൊലപാതകങ്ങളും രാഷ്ട്രീയപ്രവർത്തനമായിത്തന്നെ ഇവിടങ്ങളിൽ ഉയർന്നുവരുന്നത്. കൊലപാതക രാഷ്ട്രീയത്തിെൻറ ഭാഗമായ പ്രധാന പാർട്ടികളുടെ -ആർ.എസ്.എസ്, സി. പി.എം - പ്രധാന ജനസംഖ്യ സ്രോതസ്സ് തിയ്യ സമുദായമാണെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. അതായത് രണ്ടു പാർട്ടികളും സാമ്പത്തികവും തൊഴിൽപരവും ജാതീയവും ഭൂമിശാസ്ത്രപരവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരേ സമുദായത്തിെൻറ നിരന്തരമായ പിന്തുണക്കുവേണ്ടിയാണ് ശ്രമിക്കുന്നെതന്ന് കാണാം.
രുചി ചതുർവേദി തുടങ്ങിവെച്ച കണ്ണൂരിലെ ‘സൗഹൃദത്തിെൻറ രാഷ്ട്രീയം’ കൂടുതലായി പരിശോധിക്കേണ്ടതാണ്. അവർ ഉപയോഗിച്ച ‘സ്നേഹം’ എന്ന ഭാവനയിൽനിന്ന് കുറച്ചുകൂടി ദൃഢവികാരമായ ‘ലോഹ്യം’ എന്ന കാറ്റഗറിയാണ് കണ്ണൂരിെൻറ കാര്യത്തിൽ കൂടുതൽ കരണീയമെന്നു തോന്നുന്നു. ജാതിബന്ധിതമായ ഒരു ജൈവികാവസ്ഥയിൽനിന്ന് ഉയർന്നുവന്ന പാർട്ടിഗ്രാമങ്ങളിൽ ഉരുത്തിരിയുന്ന ഒരു സാമൂഹികാവസ്ഥയാണ് ആൺ രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ ആഴത്തിലുള്ള ജൈവിക ലോഹ്യം (organic intimacy). ഭൂമിശാസ്ത്രപരമായും ജാതീയമായും തൊഴിൽപരമായും അടുത്തുനിൽക്കുന്നവർ തമ്മിലുണ്ടാവുന്ന ജൈവികമായ സ്നേഹബന്ധവും അതിൽനിന്നുയർന്നുവരുന്ന പുരുഷ ലോഹ്യവും അരനൂറ്റാണ്ടായി നടക്കുന്ന കണ്ണൂരിലെ കൊലപാതകങ്ങളുടെ തുടർച്ചയെ നിർണയിച്ച ശക്തമായ ഘടകമാണ്. പാർട്ടിഗ്രാമങ്ങളിലെ തിയ്യസമുദായ ജീവിതത്തിെൻറ ഉള്ളിൽ ഉരുത്തിരിയുന്ന ഇത്തരത്തിലുള്ള നിരവധി ജൈവികമായ ലോഹ്യങ്ങൾ ആദർശപരമായ ഒരു ബന്ധുത്വത്തെ (ideological kinship) ഉണ്ടാക്കിയെടുക്കുന്നു.
ഒരേ ഭാഷ, സംസ്കാരം, സാമൂഹികബന്ധങ്ങൾ, ജാതിജീവിതം എന്നീ കാര്യങ്ങളിൽ സമാനത പുലർത്തിയ കണ്ണൂരിലെ തിയ്യ സമുദായത്തിലെ പുരുഷ ജൈവികലോഹ്യത്തിെൻറ രാഷ്ട്രീയമൂലധനത്തെ, പരസ്പരം ശത്രുക്കളായി നോക്കിക്കാണുന്ന രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികൾ തങ്ങളുടേതാക്കാൻ മത്സരിച്ചു തുടങ്ങിയതും ഉന്മൂലനം രാഷ്ട്രീയപ്രവർത്തനമായി ഉരുത്തിരിഞ്ഞു വരുന്നതും ഒരേ സമയത്താണ്. ആഴത്തിലുള്ള ജൈവികമായ പുരുഷ ലോഹ്യങ്ങളുടെ കൂട്ടായ്മകൾ രണ്ടു സമാന്തര രാഷ്ട്രീയജീവിതമായി പരിണമിച്ചപ്പോൾ സംഭവിച്ചത്, ചരിത്രപരമായി വളരെ അടുത്തുനിന്ന് ജീവിച്ചവരുടെ വൈകാരിക അകൽച്ചകൂടിയായിരുന്നു.
കണ്ണൂരിലെ മാർക്സിസ്റ്റുകാരനും ആർ.എസ്.എസുകാരനും ചില ഭാഗങ്ങളിൽ കോൺഗ്രസുകാരനും ജൈവികമായ ലോഹ്യങ്ങൾക്ക് രാഷ്ട്രീയമാനം വന്നതോടെ, ചെറിയ ഭൂമിശാസ്ത്രമേഖലയിൽ ഒരേസമയം തൊട്ടടുത്തും എന്നാൽ, വളരെ അകലെയും നിൽക്കുന്ന പുരുഷ ലോഹ്യക്കൂട്ടായ്മകളായി മാറി. ഭൂമിശാസ്ത്രം, ജാതി, വർഗം, തൊഴിൽ എന്നീ നിലകളിലുണ്ടായിരുന്ന തികഞ്ഞ അടുപ്പം, 70കൾ മുതൽ ആർ.എസ്.എസ് നടത്തിയ ഹിന്ദുത്വത്തിെൻറ ഗ്രാമവത്കരണത്തിലൂടെ വിഭജിക്കപ്പെട്ടു.
ഇൗ വിഭജനത്തോടെ സ്വന്തം രാഷ്ട്രീയത്തിൽ വിശ്വസിക്കാത്തവർ അപരനും ആജന്മശത്രുവുമായി മാറുകയായിരുന്നു ഈ പ്രദേശങ്ങളിൽ. മാത്രമല്ല, തൊട്ടടുത്തുള്ളവനെ ജാതിവഞ്ചകനായും ഭാവനയിൽ കൊണ്ടുവന്നു. കണ്ണൂരിലെ കൊലപാതകങ്ങളുടെ ഇരകളിലെയും പ്രതികളിലെയും മഹാഭൂരിപക്ഷവും തിയ്യ പുരുഷന്മാരാവുന്നത്, ഇവിടെ കൊലപാതകം രാഷ്ട്രീയ പകപോക്കലിൽനിന്ന്, ജാതിവഞ്ചകരോടുള്ള പുരുഷ ലോഹ്യക്കൂട്ടായ്മകളുടെ പകപോക്കൽ എന്ന രൂപത്തിലേക്കു മാറുന്നതോടുകൂടിയാണ്. കണ്ണൂർ കൊലകളിലെ ഇരകളുടെയും പ്രതികളുടെയും ജാതി തിരിച്ച കണക്കെടുത്താൽ ഈ നിഗമനത്തിെൻറ കൃത്യമായ കാരണം മനസ്സിലാക്കാം.
മിക്ക സംഭവങ്ങളിലും പ്രതികൾ ഇരകൾക്കോ കുടുംബങ്ങൾക്കോ സുഹൃത്തുക്കൾക്കോ പരിചയമുള്ളവരും എളുപ്പം തിരിച്ചറിയപ്പെടാൻ പറ്റുന്നവരുമാണ്. അവർ കൊലനടത്തുന്നത് മുഖം മറയ്ക്കാതെയാണ്. മുഖം മറയ്ക്കാതെ, ഇരകളെയും അവരുടെ കുടുംബത്തെയും തങ്ങളാണ് പ്രതികൾ എന്നറിയിച്ചുള്ള കൊലപാതകങ്ങൾ, താൻ കൊല്ലപ്പെടുന്നത് രാഷ്ട്രീയത്തിനപ്പുറം ജൈവ-ലോഹ്യബന്ധങ്ങളെ തകർത്തതിനും അതിന് കാരണമായ ജാതിയെ വഞ്ചിച്ചതിനുമുള്ള പ്രതികാരമാണെന്ന് ഇരയെ അറിയിക്കുന്നതിന് വേണ്ടിത്തന്നെയാണ്. പലപ്പോഴും, പ്രതികൊല നടത്തുന്നത്, അല്ലെങ്കിൽ ആസൂത്രണം ചെയ്യുന്നത് മുമ്പ് കൊല ചെയ്യപ്പെട്ടയാളുടെ ഏറ്റവും അടുത്ത ലോഹ്യക്കാരനെയോ അയാളുടെ ജൈവ ലോഹ്യക്കൂട്ടായ്മയിലെ മറ്റാരെയെങ്കിലുമോ ആണെന്നു കാണാം. താൻ കൊല്ലപ്പെട്ടാൽ അതിെൻറ രക്തപ്രതികാരം ഉറപ്പുവരുത്തുമെന്ന വിശ്വാസത്തെ ഉറപ്പിക്കാനും ഇത്തരത്തിലുള്ള കൂട്ടായ്മകൾക്ക് സാധിക്കുന്നുണ്ട് ഇവിടെ. കൃപേഷിെൻറയും ശരത്തിെൻറയും കൊലപാതകങ്ങൾ നടന്ന കാസർകോട്ടെ കല്യോട്ട് ഭാഗത്തെ അവസ്ഥയും വ്യത്യസ്തമെല്ലന്നാണ് മനസ്സിലാകുന്നത്. പാരമ്പര്യമായി കോൺഗ്രസ് ശക്തികേന്ദ്രമായ കല്യോട്ട് പ്രദേശത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നത് വിശാല യാദവ സമുദായത്തിെൻറ ഭാഗമായുള്ള മണിയാണി എന്ന സമുദായമാണ്. അതേസമയം, കാസർകോട്ട് മറ്റ് പലപ്രദേശത്തിലും യാദവ സമുദായവും തിയ്യ സമുദായത്തിലെ വലിയ വിഭാഗവും മാർക്സിസ്റ്റ് പാർട്ടിയെ പിന്തുണക്കുന്നവരാണ്. കല്യോട്ട് നായർ-ക്രൈസ്തവ സമുദായങ്ങളുടെ ശക്തമായ പിന്തുണയുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ളത് തിയ്യ സമുദായത്തിലുള്ളവരാെണന്നു കാണാം.
കൊലപാതകത്തിന് നേതൃത്വം നൽകി എന്ന് സ്വയം സമ്മതിച്ച പീതാംബരനും കൊലചെയ്യപ്പെട്ട ശരത്തും മണിയാണി സമുദായക്കാരാണ്. തിയ്യ സമുദായത്തിൽനിന്നുള്ളവരുടെ പാർട്ടി നേതൃത്വം, തിയ്യ സമുദായക്കാരനും പാരമ്പര്യ സി.പി.എം വീട്ടിൽനിന്നുള്ള കൃപേഷിനെയും നേരേത്ത പറഞ്ഞ ജാതിയിലധിഷ്ഠിതമായ ജൈവ സൗഹൃദത്തിനെ വെല്ലുവിളിച്ച ‘വഞ്ചകരാ’യി, കണ്ണൂർ മോഡലിൽ മുദ്രകുത്തി കൊലപ്പെടുത്തിയതാണെന്ന് അനുമാനിക്കേണ്ടി വരും. ജാതിയും അതുമായി ബന്ധപ്പെട്ട മനോഭാവവും, ‘വഞ്ചന’ എന്ന വികാരവും ഉന്മൂലന രാഷ്ട്രീയത്തിെൻറ ഭാഗമായി കാസർകോട്ടേക്കും ശക്തമായിട്ടുണ്ട് എന്നും കരുതേണ്ടിവരും. കണ്ണൂരിലെയും കാസർകോട്ടെയും സംഘർഷങ്ങൾ ജാതിക്കുള്ളിലെ സംഘർഷവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ആഴത്തിലുള്ള ഒരു സാമൂഹികാവസ്ഥയാണ്. രണ്ടു പാർട്ടികളിലെയും സംസ്ഥാന നേതൃത്വം കത്തിതാഴെ വെക്കാൻ പറഞ്ഞാൽ ഒറ്റദിവസം കൊണ്ട് ഇല്ലാതാകുന്നതാണ് ഇൗ കൊലപാതകങ്ങൾ എന്ന വാദം, അതുകൊണ്ടുതന്നെ വളരെ ഉപരിപ്ലവമാെണന്ന് പറയേണ്ടിവരും.
കൊലപാതകം എന്ന അരങ്ങ് മേൽസൂചിപ്പിച്ച സങ്കീർണതകളിൽനിന്നാണ് 1970കൾക്കു ശേഷവും സമൂഹമാധ്യമങ്ങളുടെ പ്രവേശനത്തിനു മുമ്പുമായി നടന്ന കൊലപാതക പരമ്പരകൾ, മിക്കതും കാണികളെ ഉറപ്പുവരുത്തിയ പ്രദർശന അരങ്ങുകളായി മാറിയത്. ശരീരത്തെ വികൃതമാക്കുന്ന പ്രകടനാത്മകമായ കൊലപാതക പ്രക്രിയകൾ (murder spectacles) മേൽ സൂചിപ്പിച്ച തിയ്യ ജൈവ ലോഹ്യത്തിെൻറയും വൈകാരിക ബോധത്തിൽനിന്നും വഞ്ചിക്കപ്പെട്ടുവെന്ന ആകുലതകളിൽനിന്നുമുണ്ടാവുന്നതാണ്.
രക്തം തെറിപ്പിച്ചും അംഗങ്ങൾ ഛേദിച്ചും കൊന്നുകഴിഞ്ഞിട്ട് ശരീരത്തിൽ വീണ്ടും വീണ്ടും മുറിവുകളുണ്ടാക്കുന്നത് കൊലപാതകത്തെ ഒരു അരങ്ങായി കണക്കാക്കുന്നതു കൊണ്ടുകൂടിയാണ്. കണ്ണൂരിലെ കൊലപാതകപരമ്പരകൾ തുടങ്ങുന്നതിെൻറ തൊട്ടുമുമ്പാണ്, 70കളിൽതന്നെ, ആഫ്രിക്കയിലെ റുവാണ്ടയിൽ അരങ്ങേറിയ ടുട്സി-ഹുട്ടു വംശക്കാർ കൊലപാതകങ്ങളെ ഇത്തരം അരങ്ങായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. കണ്ണൂരിലെ അരങ്ങുകളിൽ മഴു, വടിവാൾ, കൊടുവാൾ, ബോംബ് തുടങ്ങിയവ ഉപയോഗിക്കുന്നത് കൊലപാതകത്തിെൻറ ദൃശ്യ-ശബ്ദങ്ങൾക്ക് കാലങ്ങളോളം നിലനിർത്താൻ കഴിയുന്ന പ്രതികാരത്തിെൻറ ഓർമകളുടെ സാധ്യതയെ മുൻനിർത്തിതന്നെയാണ്. രക്തം തെറിപ്പിച്ചുള്ള കൊലപാതകങ്ങൾ തീർക്കുന്ന നിറത്തിെൻറയും പിടച്ചിലിെൻറയും ഇഞ്ചിഞ്ചായി മരിക്കുന്നതിെൻറയും ഉന്മാദാവസ്ഥയും അത് കാണികളിലുണ്ടാക്കുന്ന സംവേദനക്ഷമതയും പാരമ്പര്യ കൊലപാതകങ്ങൾക്ക് കുറവാണ്. നിറങ്ങളാലും കാഴ്ചകളാലും സമൃദ്ധമായ കണ്ണൂരിലെ ജൈവ-രാഷ്ട്രീയബോധത്തിെൻറ തുടർച്ചതന്നെയാണ് നിറങ്ങളും ശബ്ദവും കാഴ്ചകളും സമൃദ്ധമായ കൊലകളും മറുകൊലകളും.
സമൂഹമാധ്യമങ്ങളുടെ രംഗപ്രവേശനത്തിനുമുമ്പ് കൊലപാതകികൾ കാണികളെ ഉറപ്പുവരുത്തുന്ന രീതിയിലും പ്രത്യേകത കാണാം. കുടുംബാംഗങ്ങൾ, വിദ്യാർഥികൾ, നഗര ജനക്കൂട്ടം, പാർട്ടിപ്രവർത്തകർ, യാത്രക്കാർ എന്നിങ്ങനെ കാണികളെ പലരീതിയിൽ ഉറപ്പുവരുത്തും. കാണികളെ ഉറപ്പുവരുത്തി കൊലപാതകങ്ങളെ പ്രദർശനാത്മകമാക്കുന്നതിലൂടെ (spectacularize), അതിജീവനത്തിെൻറയും ശക്തിയുടെയും ജാതി-രാഷ്ട്രീയ തുടർച്ചയുടെയും ബഹുമാനത്തിെൻറയും (honour) ഒരു പ്രത്യേക തരത്തിലുള്ള ആഖ്യാനം കണ്ണൂരിലും കാസർകോട്ടും ശക്തമാകുന്നത് കാണാം. സമൂഹമാധ്യമങ്ങളുടെ പ്രവേശനത്തോടെ കാണികളെ ഉറപ്പുവരുത്തി കൊല്ലുക എന്നതിന് വലിയൊരു മാറ്റം വന്നു. മൊബൈൽ ഫോണുകൾക്ക് ഒപ്പിയെടുക്കാനുള്ള നിരവധി മുറിവുകൾ ഉണ്ടാക്കി സ്ഥലംവിടുന്ന കൊലയാളികൾക്കറിയാം, ലോകം മുഴുവൻ തങ്ങളുടെ പ്രതികാര സന്ദേശം മിനിറ്റുകൾക്കുള്ളിൽ എത്തുമെന്ന്.
ശരത്തിെൻറയും കൃപേഷിെൻറയും ശരീരത്തിൽ പീതാംബരെൻറ നേതൃത്വത്തിൽ ഏൽപ്പിച്ച നിരവധി വെട്ടുകൾ, വീട്, ജാതി, പാർട്ടിവിധേയത്വമുള്ള ജാതിബന്ധിതമായ ജൈവ-ലോഹ്യം എന്ന ഭാവനക്ക് പുറത്തുള്ള അഗാധമായ സൗഹൃദം തുടങ്ങിയവ പ്രാദേശിക നേതൃത്വം മനസ്സിലാക്കിയിട്ടുള്ളത് ‘വഞ്ചന’ എന്ന മനോഭാവം വെച്ചുതന്നെയാണെന്നു സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള മാറുന്ന സാമൂഹികപശ്ചാത്തലങ്ങളെ അഭിമുഖീകരിക്കാനുള്ള രാഷ്ട്രീയാഖ്യാനങ്ങൾ നേർക്കുനേർ പോരടിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയും ആർ.എസ്.എസും ഉത്തര മലബാറിൽ രൂപപ്പെടുത്തിയിട്ടില്ല. ഇത്തരം സങ്കീർണതകളെ പറ്റിയുള്ള ചർച്ചകൾ നടക്കാത്തിടത്തോളം കണ്ണൂരും കാസർകോട്ടും ജാതിബന്ധിതമായ ജൈവലോഹ്യം രാഷ്ട്രീയവികാരമായി കൊണ്ടുനടക്കുന്ന അണികൾക്കും പ്രാദേശികനേതാക്കൾക്കും കൊലപാതകങ്ങൾക്ക് വിരാമമിടുക പ്രയാസമാണ്.
(ഡൽഹി സർവകലാശാല ചരിത്രവിഭാഗം അസി. പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.