രാഷ്ട്രീയ ലീലാവിലാസങ്ങള്‍ എങ്ങും സമാനം

രാഷ്ട്രീയ നാടകങ്ങള്‍ക്കും ഉന്നതപദവികള്‍ കൈപ്പിടിയിലൊതുക്കാനുള്ള ചരടുവലികള്‍ക്കും തെക്കുവടക്ക് ഭേദമില്ല. വ്യക്തിപ്രഭാവത്തെ കേന്ദ്രീകരിച്ചുള്ള പൂജാബിംബ നിര്‍മിതി എവിടെയും സ്വീകാര്യതയും പ്രാമാണികതയും നേടിക്കൊണ്ടിരിക്കുന്നു. വീരാരാധനഭ്രാന്തില്‍ ആത്മാഹുതി നടത്താന്‍ സന്നദ്ധരായ അനുയായിവൃന്ദങ്ങള്‍കൂടി ഉണ്ടാകുമ്പോള്‍ ലക്ഷ്യപ്രാപ്തി ആയാസരഹിതമായിത്തീരുന്നു.

തമിഴ്ജനതയുടെ മാനസം കവര്‍ന്ന വി.കെ. ശശികല അത്തരമൊരു പൂജാബിംബമായിരുന്നു. അനധികൃത സ്വത്തുസമ്പാദന കേസില്‍ കോടതിവിധിപ്രകാരം തുറുങ്കിലടക്കപ്പെട്ടുവെങ്കിലും തന്‍െറ വിശ്വസ്തനെ മുഖ്യമന്ത്രിപദവിയില്‍ അവരോധിക്കാന്‍ അവര്‍ക്ക് സാധിച്ചു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക എന്ന കടമ്പകൂടി കടന്നാല്‍ എടപ്പാടി പളനിസാമിക്ക് മുഖ്യമന്ത്രിപദം ഭീഷണികളില്ലാതെ നിലനിര്‍ത്താം.

എന്നാല്‍, തമിഴ്നാട് രാഷ്ട്രീയത്തില്‍ സമീപവാരങ്ങളില്‍ അരങ്ങേറിയ നാടകങ്ങള്‍ ആശ്ചര്യജനകങ്ങളായിരുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയായി അവരോധിതനായ പന്നീര്‍സെല്‍വം ഒരുനാള്‍ രാജിവെക്കുന്നു. തൊട്ടുപിറ്റേന്ന് പുതിയ ബോധോദയപ്രകാരം മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ താന്‍തന്നെ അര്‍ഹനെന്ന് പ്രഖ്യാപിക്കുന്നു. ശശികലയുടെ സമ്മര്‍ദവും അവരുടെ അധികാരമോഹവുമാണ് തന്‍െറ രാജിയുടെ യഥാര്‍ഥ കാരണമെന്ന അദ്ദേഹത്തിന്‍െറ പ്രസ്താവനയോടെ തമിഴകം ഇളകിമറിയുന്നു.

യഥാര്‍ഥത്തില്‍ ഒരു രാഷ്ട്രീയനാടകം അരങ്ങേറേണ്ട സന്ദര്‍ഭമായിരുന്നില്ല ഇത്. ശശികലയും പരേതയായ ജയലളിതയും ഉള്‍പ്പെട്ട അഴിമതികേസില്‍ ഉടന്‍ വിധി ഉണ്ടാകുമെന്ന് നിയമവൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു.

ജയലളിതയുടെ ദീര്‍ഘകാല തോഴി എന്ന നിലയില്‍ ശശികല വിപുലമായ അധികാര സ്വാധീനങ്ങള്‍ ആര്‍ജിച്ചിരുന്നു എന്നത് അനിഷേധ്യവസ്തുതയാണ്. അതേസമയം, ചില സന്ദര്‍ഭങ്ങളില്‍ ശശികലയെ അകറ്റിനിര്‍ത്താനും ജയ ജാഗ്രത പുലര്‍ത്തുകയുണ്ടായി. തന്‍െറ പിന്‍ഗാമിയായി പന്നീര്‍സെല്‍വത്തെ നിശ്ചയിച്ച ജയയുടെ തീരുമാനങ്ങളില്‍ ശശികലയോടുള്ള നീരസംതന്നെയാണ് പ്രതിഫലിച്ചിരുന്നത്. മന്നാര്‍കുടി മാഫിയയുടെ ഭാഗമായ ശശികലയുടെ നീക്കങ്ങള്‍ ജനങ്ങളെ പ്രകോപിതരാക്കിയ സന്ദര്‍ഭങ്ങളില്‍ ജയ ശക്തമായ താക്കീതുമായി രംഗപ്രവേശം ചെയ്തിരുന്നു. ശശികലയുടെ ഭര്‍ത്താവ് എം. നടരാജന്‍െറ അജണ്ടകള്‍ തിരിച്ചറിഞ്ഞ ജയ അയാളെയും ദൂരെ നിര്‍ത്തി.

അഴിമതിക്കേസില്‍ ജയ ജയില്‍വാസം അനുഷ്ഠിച്ചപ്പോഴും ഇടവേളയില്‍ അധികാരത്തില്‍നിന്ന് മാറിനിന്ന ഘട്ടത്തിലും പന്നീര്‍സെല്‍വമാണ് പകരക്കാരനായി നിയോഗിക്കപ്പെട്ടത്. കൂറുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം ജയയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചു. ജയ തിരികെ എത്തിയപ്പോള്‍ അധികാരസ്ഥാനങ്ങള്‍ ഒഴിഞ്ഞു. ജയലളിതയുടെ കസേരയില്‍ ഇരിക്കാതെ മറ്റൊരു കസേരയില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചതുപോലും പന്നീര്‍സെല്‍വത്തിന്‍െറ ആദരവിന്‍െറ അടയാളമായിരുന്നു. അദ്ദേഹത്തിന്‍െറ ഓഫിസ് മുറിയിലും പോക്കറ്റിലും ജയയുടെ ഫോട്ടോ സദാ സ്ഥാനംപിടിച്ചിരുന്നു. മരണശേഷവും ദിനേന പന്നീര്‍സെല്‍വം മറീന കടലോരത്തെ ജയസമാധി സന്ദര്‍ശിച്ചുകൊണ്ടിരുന്നു.

എന്നാല്‍, അജയ്യമായ വ്യക്തിപ്രഭാവത്താല്‍ ജയലളിത വ്യത്യസ്തമായി നിലകൊണ്ടു. ശശികലക്കോ പന്നീര്‍സെല്‍വത്തിനോ പളനിസാമിക്കോ ഇല്ലാത്ത ഗരിമയില്‍ അവര്‍ തമിഴകം അടക്കിവാണു. ഒരുപക്ഷേ, ജവഹര്‍ലാല്‍ നെഹ്റുവുമായി ഇതിനെ താരതമ്യംചെയ്യാം. നെഹ്റു എന്ന വടവൃക്ഷത്തിനു കീഴില്‍ ഇതര വൃക്ഷങ്ങള്‍ക്ക് വളര്‍ച്ച ഉണ്ടാകുമായിരുന്നില്ല. ജയ ഏറക്കുറെ ഒറ്റക്കുതന്നെ കാര്യങ്ങള്‍ നിറവേറ്റി. എം. കരുണാനിധിയെപോലുള്ള ശക്തനായ പ്രതിയോഗിയെപ്പോലും അവര്‍ മുട്ടുകുത്തിച്ചു.

തമിഴകത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍നിന്ന് നേട്ടം കൊയ്യാമെന്നാഗ്രഹിക്കുന്ന ബി.ജെ.പിയുടെ നില പക്ഷേ, ഒട്ടും ആശാവഹമല്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ അവരുടെ വിജയം ഒറ്റ സീറ്റില്‍ പരിമിതപ്പെട്ടു. അതേസമയം, എ.ഐ.എ.ഡി.എം.കെ 37 സീറ്റുകളാണ് സ്വന്തമാക്കിയത്.

തമിഴകത്തെ രാഷ്ട്രീയ പ്രക്ഷുബ്ധത സാകൂതം നിരീക്ഷിച്ചുവരുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍െറ പാര്‍ട്ടിയും. പന്നീര്‍സെല്‍വവുമായി കടുത്ത അടുപ്പമുണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍ അമിത് ഷാ ആരായുന്നതായും ശ്രുതിയുണ്ട്. ഒരുപക്ഷേ, ഭാവിയിലെ രാഷ്ട്രീയ വിജയം ഉന്നമിടുന്ന കരുനീക്കങ്ങള്‍ പരീക്ഷിക്കുകയാവാം ബി.ജെ.പി നേതൃത്വം.

ഇദയക്കനിയോടും ശശികല കനിവില്ലാതെ പെരുമാറിയതായി ജയയുടെ മരണാനന്തര അഭ്യൂഹങ്ങള്‍ സൂചന നല്‍കുന്നു. സഹോദരപുത്രി ദീപ ജയകുമാരിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ളെന്ന ആരോപണവും ശക്തമാണ്. എന്നാല്‍, ഇത്തരം കൗശലങ്ങള്‍ രാഷ്ട്രീയത്തില്‍ പുതുമയുള്ള സംഭവമല്ല. മകള്‍ ഇന്ദിരയെ തന്‍െറ പിന്‍ഗാമിയായി നിയമിക്കണമെന്ന കലശലായ മോഹം പുലര്‍ത്തിയ വ്യക്തിയായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. അതേസമയം, ജനസമ്മതനായ ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന അവഗണിക്കാനാകാത്ത നേതാവിന്‍െറ സാന്നിധ്യം നെഹ്റുവിന്‍െറ ആഗ്രഹ സാഫല്യത്തിന് വിഘാതമായി നിലകൊണ്ടു. പ്രശ്നം കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. കാമരാജിന്‍െറ മുമ്പാകെ അവതരിപ്പിക്കപ്പെട്ടു. ആദ്യം ശാസ്ത്രി, പിന്നീട് ഇന്ദിര എന്ന ഫോര്‍മുലയിലൂടെ കാമരാജ് പ്രശ്നത്തിന് താല്‍ക്കാലിക തീര്‍പ്പ് കല്‍പിച്ചു. എന്നാല്‍, നെഹ്റുവിന്‍െറ നിലപാടിനോട് മൊറാര്‍ജി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. (നെഹ്റുവിന്‍െറ മരണശേഷം അദ്ദേഹം ഇന്ദിരയുമായി ഇടഞ്ഞുകൊണ്ട് ഈ പ്രതിഷേധം പരസ്യപ്പെടുത്തി).

ദേശായിയെ അംഗീകരിക്കുന്നതിനെക്കാള്‍ ഭേദം പാര്‍ട്ടിയെ പിളര്‍ത്തുക എന്ന ഗൂഢോദ്ദേശ്യത്തോടെ കരുക്കള്‍ നീക്കിയ ഇന്ദിര  അനായാസം തന്‍െറ മോഹങ്ങള്‍ സാക്ഷാത്കരിച്ചു. പിന്നീട് കരുത്തനായ കാമരാജിനെയും ഇന്ദിര തരംതാഴ്ത്തി. കോണ്‍ഗ്രസില്‍ സംഭവിച്ച അതേ പിളര്‍പ്പിന് സമാനമായ പ്രതിസന്ധിയിലാണിപ്പോള്‍ എ.ഐ.എ.ഡി.എം.കെ.

 

Tags:    
News Summary - political plays same everywhere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.