ഡൽഹി കലാപ റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ട് മാർച്ച് ആറിന് വൈകീട്ട് 7.30 മുതൽ 48 മ ണിക്കൂർ നേരത്തേക്ക് മലയാളം വാർത്ത ചാനലുകളായ ഏഷ്യാനെറ്റ്, മീഡിയവൺ എന്നിവ അടച്ചിടാൻ വാർത്താവിതരണ, പ്രക്ഷേപണമന്ത്രാലയം വഴി ഉത്തരവിട്ട കേന്ദ്രസർക്കാർ നടപടി വിലക്ഷണവും ക്ഷുദ്രവും ഏകപക്ഷീയവുമായി. ഭരണഘടനയുടെ 19(1) വകുപ്പ് അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ നഗ്നമായി ഉല്ലംഘിക്കുന്ന നടപടി, അതേ വകുപ്പ് മുന്നോട്ടുവെക്കുന്ന യുക്തിസഹമായ ആത്മനിയന്ത്രണം പാലിച്ചാണെന്ന് ഭാവനയുടെ ഒരു അളവുകോലുകൊണ്ടും പറയാനാകില്ല.
തുടർന്നുവരുന്ന അവധിദിനങ്ങളിൽ കോടതികൾ പ്രവർത്തിക്കില്ലെന്ന് മനസ്സിലാക്കി വെള്ളിയാഴ്ച വൈകീട്ട് നടപടി സ്വീകരിക്കുക വഴി, ഇരയാക്കപ്പെട്ട ചാനലുകൾക്ക് സമയോചിതവും അടിയന്തരവുമായി നിയമവഴി സ്വീകരിച്ച് പിടിച്ചുനിൽക്കാനുള്ള അവസാന അവസരംകൂടി മറികടക്കാനായിരുന്നു ശ്രമം. ഇരു ചാനലുകൾക്കും മന്ത്രാലയം നൽകിയ നോട്ടീസിലോ അവ നൽകിയ മറുപടിയിലോ ഉദ്ധരിച്ച വിഷയങ്ങൾ ഏതെങ്കിലും തരത്തിൽ തെറ്റായ റിപ്പോർട്ടിങ്ങാണെന്നു പറയാനാവില്ല. മറ്റു മുഖ്യധാരാ ഇലക്ട്രോണിക്, അച്ചടിമാധ്യമങ്ങളിലൊക്കെയും നാം കണ്ടതും കേട്ടതും തന്നെയാണ് ഇവയിലുമുണ്ടായിരുന്നത്. മാധ്യമപ്രവർത്തനത്തിെൻറ മേലങ്കിയണിഞ്ഞ ചില ‘ദേശീയ ചാനലുകൾ’ പച്ചയായി വിഷം വമിക്കുകയും സംഘർഷഭരിതമായ അന്തരീക്ഷം കൂടുതൽ കലുഷിതമാക്കുകയും ചെയ്തിട്ടും അവ നടപടിയൊന്നും നേരിടാതെ രക്ഷപ്പെട്ടുവെന്ന വൈരുധ്യത്തിനും തമാശക്കുമിടെയായിരുന്നു ഇത്.
നടപടിക്ക് കാരണമായി മന്ത്രാലയം വ്യക്തമാക്കിയ ഞെട്ടിപ്പിക്കുന്ന ഒരു കാരണം ആർ.എസ്.എസിനെ ഈ റിപ്പോർട്ടുകൾ കുറ്റപ്പെടുത്തുന്നുവെന്നാണ്. എന്നുമുതലാണ് ഒരു രാഷ്ട്രീയ കക്ഷിയെയോ സാംസ്കാരികസംഘടനയെയോ പൊതുവേദിയിൽ കുറ്റപ്പെടുത്തുന്നത് നിയമവിരുദ്ധമായത്? സത്യത്തിൽ, സർക്കാറും പാർട്ടിയും പ്രത്യയശാസ്ത്രവും ഒന്നാക്കിമാറ്റി ആശയക്കുഴപ്പമുണ്ടാക്കുകയാണ് (ഒരു ആശയക്കുഴപ്പവും സത്യത്തിൽ ഇല്ലാതിരുന്നിട്ടും) മന്ത്രാലയം ചെയ്യുന്നത്.
പിന്നീട് പക്ഷേ, 48 മണിക്കൂർ വേണ്ടെന്നുവെച്ച് ഏഷ്യാനെറ്റ് പുലർച്ച 2.30 ഓടെയും മീഡിയവൺ പിറ്റേന്ന് 9.30 ഓടെയും ഓൺ എയറായി. മന്ത്രാലയം ഇതുസംബന്ധിച്ച് കാരണം വ്യക്തമാക്കി നോട്ടീസ് നൽകാത്തതിനാൽ എന്തുകൊണ്ട്, എങ്ങനെ വിലക്ക് നീങ്ങിയെന്നത് അവ്യക്തം. ചാനലുകൾ വിശദീകരണം നൽകിയോ അതോ മാപ്പുപറഞ്ഞോ? ഭാവിയിൽ സംഭവിക്കില്ലെന്ന് ഉറപ്പുനൽകിയോ? എന്തിെൻറ പേരിലാകും നടപടി പാതിവഴിയിൽ ഉപേക്ഷിച്ചത്. മന്ത്രാലയത്തിന് മനഃസാക്ഷിക്കുത്ത് തോന്നി, ചാനലുകളുടെ പ്രയാസം ലഘൂകരിക്കാമെന്നു തീരുമാനിച്ചതാണോ? ഒന്നുമല്ലെങ്കിൽ, ഒരിക്കലും പരിഹരിക്കാനാവാത്തവിധം പ്രശ്നം കൈവിട്ടുപോകുമെന്ന് മനസ്സിലാക്കി അടിയന്തരമായി പരിഹാരക്രിയ ചെയ്തോ? ഇനി, ഇതുതന്നെയായിരുന്നോ പദ്ധതി, മാധ്യമങ്ങളെ ഒരു പാഠം പഠിപ്പിക്കുക. ഭരിക്കുന്ന സർക്കാറിന് മാധ്യമങ്ങളെ എന്തൊക്കെ ചെയ്യാനാകുമെന്ന് ഒരു മുന്നറിയിപ്പും മാതൃകയുമാകുക. മാധ്യമങ്ങളെ പിടിച്ചുകെട്ടാനുള്ള സ്വാതന്ത്ര്യം ഏത്രത്തോളം പ്രയോഗിക്കാനാവുമെന്ന ടെസ്റ്റ് ഡോസ് ആയിരുന്നുവെന്നുവരുമോ?
മാധ്യമസമൂഹത്തിെൻറ പ്രതികരണം, പ്രത്യേകിച്ച് കേരളത്തിൽ പരമദയനീയമായിരുന്നു. ചാനലുകൾ നിശ്ശബ്ദമായ ഉടൻ സമൂഹമാധ്യമങ്ങൾ ശക്തമായി രംഗത്തുവന്നപ്പോൾ, ഒന്നും സംഭവിച്ചില്ലെന്നുവരുത്താൻ ശരിക്കും പാടുപെടുകയായിരുന്നു കേരളത്തിലെ മാധ്യമങ്ങൾ. ‘സാങ്കേതിക’ കാരണങ്ങളാൽ നിശ്ശബ്ദമാണെന്നും വൈകാതെ തിരിച്ചുവരുമെന്നും വ്യക്തമാക്കി ഒരു വരി മാത്രമായിരുന്നു, വിലക്കുവീണ രണ്ടു ചാനലുകളിലും എെൻറ ടെലിവിഷനിൽ ഞാൻ കണ്ടത്. അതാകട്ടെ, പുതിയ സാഹചര്യങ്ങളിൽ ഒന്നും പറയാത്തതിനെക്കാൾ ഭീതിദമായിരുന്നു. മറ്റു മലയാളം വാർത്ത ചാനലുകൾ എല്ലാവരും ചേർന്ന് വിഷയത്തിൽ പാലിച്ച നിശ്ശബ്ദത വല്ലാതെ കാതടപ്പിക്കുന്ന പോലെ തോന്നി. സ്വയം കുഴിച്ച പാതാളത്തിൽ തല ആഴത്തിൽ പൂഴ്ത്തിനിൽക്കുകയായിരുന്നു അവയിൽ ഒാരോന്നും.
എക്സിക്യൂട്ടിവ് നടത്തുന്ന കടന്നുകയറ്റങ്ങൾക്ക് നാലാം തൂൺ എന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾ ഇങ്ങനെയാണ് പ്രതികരിക്കുന്നതെങ്കിൽ, മാധ്യമ സ്വാതന്ത്ര്യത്തിനാണ് അപായമണി മുഴങ്ങുന്നത്. എങ്കിൽ പിന്നെ അവിടെ ഉയർന്നുവരേണ്ടത് അവബോധമുള്ള പൗരസമൂഹമാണ്. ചലനാത്മകമായ ജനാധിപത്യത്തിെൻറ അടിത്തറകളാണ് ഇതുപോലുള്ള പൗരസമൂഹവും മാധ്യമ സ്വാതന്ത്ര്യവും.നിങ്ങളൊന്നു സങ്കൽപിച്ചുനോക്കൂ (വെറുതെ സങ്കൽപിക്കാൻ െചലവില്ലല്ലോ), വിധേയപ്പെട്ടവെൻറ ഈ നിശ്ശബ്ദതക്കു പകരം, ഒരു ഡസനോ അതിലേറെയോ ഉള്ള മലയാളത്തിലെ വാർത്തമാധ്യമങ്ങൾ തീരുമാനിച്ചുറച്ച് പ്രതിഷേധവും ഐക്യദാർഢ്യവുമായി രംഗത്തുവരുകയും പ്രധാന സമയമായ രാത്രി ഒരു മണിക്കൂർ നേരത്തേക്കെങ്കിലും അവ കൂടി ഓഫ്എയർ ആകുകയും ചെയ്തിരുന്നുവെങ്കിൽ ജനങ്ങൾക്ക് ലഭിക്കുന്ന ആത്മവിശ്വാസം ചെറുതാകുമായിരുന്നില്ല. ഇടഞ്ഞ് കൊമ്പുംകുലുക്കിനിൽക്കുന്ന എക്സിക്യൂട്ടിവിന് മൂക്കുകയറിടാൻ അത് മതിയാകുമായിരുന്നു. മാധ്യമ സ്വാതന്ത്ര്യം അപായപ്പെട്ടാലുണ്ടാകുന്ന ആവേശകരമായ പ്രതികരണമാകും അത്. പക്ഷേ, അവസരം കളഞ്ഞുകുളിച്ചു നാം. ഔദ്യോഗിക സംഘടനകളും അംഗത്വവുമൊക്കെയുണ്ടായിട്ടും മാധ്യമങ്ങൾ ഒരിക്കലും ഒറ്റക്കെട്ടെല്ലന്നതുതന്നെ കാരണം. മാധ്യമങ്ങൾ ധ്രുവീകരിക്കപ്പെട്ടവയാണെന്ന് ചിലർ പറയാറുണ്ട്, പക്ഷേ, കേരളത്തിലെ വാർത്ത മാധ്യമങ്ങൾ അങ്ങനെയാണെന്ന് എനിക്ക് പക്ഷമില്ല.
മാധ്യമപ്രവർത്തനത്തിെൻറ മൗലിക ഗുണങ്ങളും അടിസ്ഥാന തത്ത്വങ്ങളും എന്താകണമെന്ന് കേരളത്തിലെ ജനതക്ക് പൊതുവായ ചിത്രമുണ്ട്. കടുത്ത നടപടിയുമായി സർക്കാർ പഠിപ്പിക്കാൻ ലക്ഷ്യമിട്ട പാഠം വ്യക്തമായിരിക്കാം. പക്ഷേ, മാധ്യമങ്ങളുടെ ശക്തി അവ ഒറ്റക്കെട്ടായി നിൽക്കുേമ്പാഴാണ്. ഒറ്റക്കെട്ട് എന്നുവെച്ചാൽ, ഒരു പത്രത്തെ മാത്രം, ഒരു ചാനലിനെ മാത്രം, അല്ലെങ്കിൽ ഒരു വാർത്ത പോർട്ടലിനെ മാത്രം ഒറ്റപ്പെടുത്താൻ അനുവദിക്കരുത് എന്നുതന്നെയാണ്. അതിന് ഓരോ പത്രവും ചാനലും പോർട്ടലും ഉറച്ചുവിശ്വസിക്കണം, ഞങ്ങളെ ഭിന്നിപ്പിക്കാനാവില്ലെന്ന്.
ഏഷ്യാവിൽ ചെയർമാനായ ലേഖകെൻറ
േഫസ്ബുക്ക് പോസ്റ്റിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.