ജീവന് വിലപറയുന്നവര്‍

‘‘വിഷം തളിച്ച പച്ചക്കറികളും അജിനോമോട്ടോ പോലുള്ള രാസവസ്തുക്കള്‍ നിറഞ്ഞ ഫാസ്റ്റ് ഫുഡുകളും അന്തരീക്ഷ മലിനീകരണവുമെല്ലാം നമ്മുടെ ആരോഗ്യത്തിന് ഭീഷണിതന്നെ. എന്നാല്‍,  പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയായി നില്‍ക്കുന്നത് ഇവിടത്തെ ചില ഡോക്ടര്‍മാരാണ്. അതുകൊണ്ടാണ് സമൂഹത്തോട് ഇടക്കൊക്കെ സത്യങ്ങള്‍ വിളിച്ചുപറയുന്ന ഡോ. ഇക്ബാലിനെപോലെയുള്ളവര്‍ ഡോക്ടര്‍മാരുടെ ശത്രുവായിമാറുന്നതും അവരെ ഡോക്ടര്‍മാരുടെ സമൂഹം ഒറ്റപ്പെടുത്തുന്നതും...’’ ഇതു പറഞ്ഞതും മറ്റൊരു ഡോക്ടറാണ്. കോഴിക്കോട്ടെ ജനകീയനും സംഗീതപ്രിയനുമായ ഒരു ഫിസിഷ്യന്‍.
ഗുരുതരമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് മേലുദ്ധരിച്ച വാക്കുകള്‍. എന്തുകൊണ്ടാണ് പൊതുജനത്തിന്‍െറ ആരോഗ്യസംരക്ഷണത്തിനായി നിലകൊള്ളേണ്ട ഡോക്ടര്‍മാരും ആശുപത്രികളും ഇന്ന് അതിന് ഭീഷണിയായിരിക്കുന്നു എന്നുള്ള വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയര്‍ന്നുവരുന്നത്? മള്‍ട്ടിസ്പെഷാലിറ്റി ആശുപത്രികള്‍ അടങ്ങുന്ന ആരോഗ്യരംഗമാണ് ഇന്ന് ഏറ്റവും ലാഭമുണ്ടാക്കാവുന്ന ബിസിനസ് എന്ന് എല്ലാവരും പറയുമ്പോഴും അതിനുപിറകില്‍ നടക്കുന്ന പിടിച്ചുപറിക്കെതിരെ  ചെറുവിരല്‍ ഉയര്‍ത്താന്‍ സര്‍ക്കാറോ രാഷ്ട്രീയ സംഘടനകളോ തയാറാവാത്തത് എന്തുകൊണ്ടാണ്? അടിയന്തരമായി ഉത്തരം തേടേണ്ട ചില ചോദ്യങ്ങളാണിവ.

ഹൃദയധമനികളിലെ തടസ്സം നീക്കുന്ന ആന്‍ജിയോപ്ളാസ്റ്റി ചികിത്സയില്‍ ഉപയോഗിക്കുന്ന സ്റ്റെന്‍റ് എന്ന ചെറു ഉപകരണത്തിന്‍െറ വില കുത്തനെ കുറച്ചുകൊണ്ട് ദിവസങ്ങള്‍ക്കു മുമ്പ് കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഇടപെടലുകളും അതേതുടര്‍ന്നുള്ള വാര്‍ത്തകളും ഇതിനോട് ചേര്‍ത്തുവായിച്ചാല്‍ ഇന്ത്യയിലെ ആരോഗ്യരംഗം നേരിടുന്ന തകര്‍ച്ചയുടെ ചിത്രവും അവിടെ നടക്കുന്ന പച്ചയായ അഴിമതിയുടെ രൂപവും ഒരു പരിധിവരെ വ്യക്തമാവും.

ഹരിയാനക്കാരനായ ബിരേന്ദ്ര സാങ്വാന്‍ എന്ന അഭിഭാഷകന്‍ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് സ്റ്റെന്‍റിന്‍െറ പേരില്‍ ഡോക്ടര്‍മാരും സ്വകാര്യ ആശുപത്രികളും നടത്തിയ പകല്‍ക്കൊള്ള നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായത്.

നേരത്തേ പാസാക്കിയ ക്ളിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്‍റ് ആക്ടിന്‍െറ ചുവടുപിടിച്ചായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവിനെതുടര്‍ന്ന്, 45,000 രൂപ വരെ വില ഈടാക്കിയിരുന്ന ബെയര്‍ മെറ്റല്‍ സ്റ്റെന്‍റുകള്‍ക്ക് എല്ലാ നികുതികളുമുള്‍പ്പെടെയുള്ള പരമാവധി വില 7,623 രൂപയായി നിജപ്പെടുത്തി. ഒന്നേകാല്‍ ലക്ഷം വരെ വിലയിട്ടിരുന്ന മരുന്നുകള്‍ ചേര്‍ത്ത സ്റ്റെന്‍റുകള്‍ക്ക്  31,080 രൂപയായും കുറച്ചു. വിദേശ ഇറക്കുമതിയുടെ പേരില്‍ 1.65 ലക്ഷം വരെ രോഗികളില്‍നിന്ന് ഈടാക്കിയിരുന്ന ഈ ഇടപാടിലൂടെ ഓരോ രോഗിയില്‍നിന്നും 30,000 രൂപയോളം ഡോക്ടറും 45,000 രൂപയോളം ആശുപത്രിയുമാണ് കമീഷനായി അടിച്ചുമാറ്റിയിരുന്നത്. ബാക്കിവരുന്ന 12,500 രൂപ ടെക്നിഷ്യനും വിതരണക്കാരനും പങ്കിട്ടെടുക്കും. ഹൃദയധമനികളില്‍ 80 ശതമാനം തടസ്സം ഉണ്ടെങ്കില്‍ മാത്രം ഉപയോഗിക്കേണ്ട ഈ ചികിത്സ, കമീഷന്‍െറ ആകര്‍ഷണീയതകൊണ്ട്, തന്‍െറ മുന്നിലത്തെുന്ന ഒട്ടുമിക്ക ഹൃദ്രോഗികള്‍ക്കു മേലും അടിച്ചേല്‍പിക്കുകയായിരുന്നു ഭിഷഗ്വരന്മാര്‍ എന്ന് ചുരുക്കം. ഹൃദയ ചികിത്സക്ക് പകുതിയിലധികം പേര്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കുന്ന കേരളത്തിലാണ് ഈ കൊള്ള ഏറ്റവും കൂടുതല്‍ നടന്നിരുന്നത്.

ചികിത്സ ആവശ്യത്തിന് ഉപയോഗിക്കുന്നതിനാല്‍ മരുന്നുകളുടെ വിഭാഗത്തില്‍പെടുത്തി, സ്റ്റെന്‍റുകളെ സര്‍ക്കാര്‍  കസ്റ്റംസ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ഇവ അവശ്യമരുന്നുകളുടെ പട്ടികയില്‍ (National List of Essential Medicines -NLEM) ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ പഴുത് ഉപയോഗിച്ചാണ് രോഗികളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് സ്റ്റെന്‍റുകള്‍ക്ക്  തോന്നിയ വില ഈടാക്കിയിരുന്നത്.

സ്റ്റെന്‍റുകളുടെ വില നിയന്ത്രിച്ചതിനെ തുടര്‍ന്ന് പരിശോധന ചെലവുകള്‍ വര്‍ധിപ്പിച്ച് രോഗികളെ പിഴിയാനാണ് അണിയറയില്‍ ഗൂഢാലോചന നടക്കുന്നത്. സര്‍ക്കാര്‍ ഇടപെട്ടാലും രോഗികളുടെ കാശുപോകുമെന്ന് ചുരുക്കം. രോഗവുമായി തങ്ങളുടെ മുന്നിലത്തെുന്നവരെയും കുടുംബാംഗങ്ങളെയും പരമാവധി പേടിപ്പിക്കുക എന്നതാണ് സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന ‘പ്രാഥമിക ചികിത്സ.’ ഗുരുതരരോഗങ്ങള്‍ പിടിപെട്ടവരും മരണാസന്നരായവരും തങ്ങളെ പിഴിയാനുള്ള ആദ്യപടിയാണ് ഇതെന്ന് തിരിച്ചറിയാതെ ആശുപത്രികള്‍ നിര്‍ദേശിക്കുന്ന ഏത് ചികിത്സ നടത്താനും തയാറാവുന്നു. അങ്ങനെയാണ് കിടപ്പാടങ്ങളും കെട്ടുതാലിയും വിറ്റും ബന്ധുക്കള്‍ രോഗിയെ ചികിത്സിക്കുന്നത്.

സ്റ്റെന്‍റുകളുടെ വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യഥാര്‍ഥത്തില്‍ കുടത്തിലെ ഭൂതത്തെ തുറന്നുവിട്ടതിന് തുല്യമാണ്. ഇതിന്‍െറ ചുവടുപിടിച്ച് വൈദ്യശാസ്ത്ര രംഗത്ത് ഇന്ന് നടക്കുന്ന മറ്റു കൊള്ളകള്‍ക്കെതിരെയും പൊതുജനം തിരിയാനുള്ള സാധ്യത ഏറെയാണ്. ഇത്തരം വിഷയങ്ങളില്‍ കോടതികള്‍കൂടി കടുത്ത നിലപാടുകളെടുത്താല്‍ സര്‍ക്കാറിന് വെറുതെയിരിക്കാനാവില്ല. തുകയുടെ കാര്യത്തില്‍ ഇത്രയുമില്ളെങ്കിലും അസ്ഥിഭംഗ ചികിത്സയില്‍ ഉപയോഗിക്കുന്ന ‘ഇംപ്ളാന്‍റു’കളിലും കാന്‍സര്‍ രോഗത്തിനും മറ്റും ഉപയോഗിക്കുന്ന മരുന്നുകളിലും സമാനമായ കള്ളക്കളികളുണ്ടെന്ന് ആരോഗ്യരംഗത്തുള്ളവര്‍ സൂചന നല്‍കുന്നുണ്ട്.

അപകടങ്ങളിലും മറ്റും എല്ലുകള്‍ ഒടിയുന്നവരുടെയും രോഗങ്ങളെ തുടര്‍ന്ന് സന്ധികള്‍ പ്രവര്‍ത്തനരഹിതമായവരുടെയും ചികിത്സക്കായി ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള ഉപകരണങ്ങള്‍ക്കും കൃത്രിമ അവയവങ്ങള്‍ക്കും ഈടാക്കുന്ന വില യഥാര്‍ഥ വിലയെക്കാള്‍ എത്രയോ ഇരട്ടിയാണ്. ലക്ഷങ്ങള്‍ ചെലവുവരുന്ന ഇത്തരം ചികിത്സകളില്‍ ഉപയോഗിക്കുന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍, പോളിമര്‍, സിറാമിക്സ് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഉപകരണങ്ങള്‍ക്ക് പതിനായിരങ്ങളുടെ കമീഷനാണ് ഡോക്ടര്‍മാര്‍ കൈപ്പറ്റുന്നത്. അതുകൊണ്ടുതന്നെ പ്ളാസ്റ്ററുകളിട്ട് ഏതാനും മാസങ്ങള്‍ വിശ്രമിച്ചാല്‍ സുഖപ്പെടുന്ന പലതരത്തിലുള്ള ഒടിവുകളും പരിക്കുകളും ഇന്ന് സ്റ്റീല്‍ റോഡുകളും കമ്പികളും ഉപയോഗിച്ച് ‘ആധുനിക’ ചികിത്സക്ക് വിധേയമാക്കുകയാണ്. മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും രോഗികളില്‍നിന്ന് ലക്ഷങ്ങള്‍ ഈടാക്കുമ്പോള്‍ അതില്‍ വലിയൊരു പങ്ക് ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും കീശയിലേക്കാണ് പോകുന്നത്.

ഒരു രോഗിക്കു വേണ്ടി വാങ്ങുന്ന ഒരു സെറ്റ് ഉപകരണങ്ങളില്‍ ബാക്കിയാവുന്നവ  ഉപയോഗിച്ച് മറ്റു രോഗികളെ ചികിത്സിക്കുകയും അതേസമയം, എല്ലാ രോഗികളോടും ഉപകരണത്തിന്‍െറ പണം ഈടാക്കുകയും ചെയ്യുകയാണ് ഈ രംഗത്ത് നടക്കുന്ന മറ്റൊരു കൊള്ള. ഇത്തരത്തില്‍ ബാക്കിയാവുന്ന കവറുകള്‍ പൊട്ടിക്കാത്ത ഉപകരണങ്ങള്‍ തിരികെ വിതരണക്കാരന്‍െറ കൈകളിലത്തെുകയും അവ വീണ്ടും രോഗികള്‍ക്ക് വില്‍പന നടത്തുകയും ചെയ്യുന്നു. ഇത്തരം ഉപകരണങ്ങള്‍ സാധാരണ മെഡിക്കല്‍ ഷോപ്പുകളില്‍ ലഭ്യമാകാറില്ല. മറിച്ച്, റെപ്രസന്‍േററ്റിവുകള്‍ എന്നുവിളിക്കുന്ന ഏജന്‍റുമാര്‍ ആശുപത്രികള്‍ക്ക് എത്തിച്ചുനല്‍കുകയാണ്. ഈ സംവിധാനവും അമിതവില ഈടാക്കുന്നതിന്‍െറ ഭാഗമാണ്. ചികിത്സക്കു ശേഷം രോഗികളുടെ ശരീരത്തില്‍നിന്ന് നീക്കുന്ന സര്‍ജിക്കല്‍ ഗ്രേഡ് സ്റ്റെയിന്‍ലെസ് ഉപകരണങ്ങള്‍ അണുമുക്തമാക്കി വീണ്ടും ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. 

ഐ.സി.യുകളില്‍ കഴിയുന്ന രോഗികളുടെ ചികിത്സയുടെ പേരില്‍ ബന്ധുക്കള്‍ മുഖേന വാങ്ങിക്കുന്ന വിലകൂടിയ മരുന്നുകളില്‍ പലതും ഉപയോഗിക്കാതെ അതേ ആശുപത്രിയുടെ ഫാര്‍മസികളില്‍ തിരികെ എത്താറുണ്ടെന്നും ആരോപണങ്ങളുണ്ട്. ഇത്തരം കാര്യങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കോ ആധിപിടിച്ച് കഴിയുന്ന ബന്ധുക്കള്‍ക്കോ ‘തെളിവുകള്‍‘ ഹാജരാക്കാന്‍ കഴിയാറില്ല. എങ്ങനെയെങ്കിലും രോഗിയുടെ ജീവന്‍ രക്ഷപ്പെടട്ടെ എന്ന പ്രാര്‍ഥനയില്‍ കഴിയുന്ന ബന്ധുക്കളും സുഹൃത്തുക്കളുമാകട്ടെ ചികിത്സകന്‍ നിര്‍ദേശിക്കുന്ന  ഏത് മരുന്നും എങ്ങനെയെങ്കിലും വാങ്ങിനല്‍കാന്‍ തയാറാവുന്നു.

കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങളുടെ ചികിത്സക്കായി ഉപയോഗിക്കുന്ന ‘വിലകൂടിയ’ മരുന്നുകളുടെ കാര്യത്തിലും ഇത്തരം അഴിമതികള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് നേരിട്ട് ലഭിക്കാത്ത ഇത്തരം മരുന്നുകള്‍ ഏജന്‍റുമാര്‍ ആശുപത്രികള്‍ക്ക് നേരിട്ടത്തെിക്കുകയാണ്. യഥാര്‍ഥ വിലയെക്കാള്‍ പത്തും പതിനഞ്ചും ഇരട്ടിയാണ് ഈ കച്ചവടത്തിലൂടെ രോഗികളില്‍നിന്ന് ഈടാക്കുന്നത്. ഇത്തരം അരമന രഹസ്യങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും അടുത്ത കാലത്തായി അങ്ങാടിപ്പാട്ടായിട്ടും പൊതുജനാരോഗ്യംകൊണ്ട് പന്താടുന്നവര്‍ക്കെതിരെ ആരും രംഗത്തുവരാത്തത് ദു$ഖകരമാണ്്.

Tags:    
News Summary - price tag to life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.