പ്രഫ. സാബു കമ്മിറ്റി റിപ്പോർട്ട്​; ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാൽപനിക രചന

2020ലെ ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനമനുസരിച്ച് കേരളത്തിലെ കോളജുകളിൽ പുതുതലമുറ കോഴ്സുകളും ഇൻറർ ഡിസിപ്ലിനറി കോഴ്സുകളും ആരംഭിക്കുന്നതിനെക്കുറിച്ച് പഠനം നടത്തി റിേപ്പാർട്ട് സമർപ്പിക്കാൻ ഒരു സമിതിയെ നിയോഗിച്ചു. 2020 ജൂൺ 10​െൻറ സർക്കാർ ഉത്തരവ് പ്രകാരം മഹാത്മ ഗാന്ധി യൂനിവേഴ്സിറ്റി വൈസ്​ ചാൻസലർ പ്രഫ. സാബു തോമസ് അധ്യക്ഷനായ ആറംഗ സമിതി പഠനം നടത്തി ജൂൺ 20ന് സർക്കാറിന് റിേപ്പാർട്ട് സമർപ്പിച്ചു. കേരളത്തിലെ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും ഏതെല്ലാം തരത്തിലുള്ള കോഴ്സുകളാണ് ഭാവിയിൽ തുടങ്ങേണ്ടത് എന്നതിനെ കുറിച്ച് പഠിക്കാൻ ഒരു വിദഗ്​ധസമിതിക്ക് ആവശ്യമായിവന്നത് കേവലം 10 ദിവസം മാത്രം. ഇത്രമാത്രം നിസ്സാരമായും തത്ര​െപ്പട്ടും ചെയ്യേണ്ട ഒന്നാണോ ഉന്നതവിദ്യാഭ്യാസത്തിെൻറ പുനഃക്രമീകരണം? പ്രധാനമായും സാമൂഹികശാസ്​ത്ര മേഖലയിലാണ് കാര്യമായ മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്. ഇതിനായി നിരവധി സാമൂഹികശാസ്​ത്ര അധ്യാപകരുമായും ഗവേഷകരുമായും ആശയവിനിമയം നടത്തിയെന്ന് സമിതി അവകാശ​െപ്പടുന്നു. സാമൂഹികശാസ്​ത്ര പഠനത്തിലെ പുതിയ മാറ്റങ്ങളൊന്നും കേരളത്തിലെ സർവകലാശാലകളുടെ പാഠ്യപദ്ധതിയിൽ കാണാനില്ല എന്നതാണ് സമിതി അന്വേഷണത്തിൽ കണ്ടെത്തിയത​​ത്രേ. പല സർവകലാശാലകളിലും പ്ലസ്​ ടു ക്ലാസുകളിലെ പാഠഭാഗങ്ങൾതന്നെയാണ് ബിരുദതലത്തിലും പഠിപ്പിക്കുന്നത് എന്ന നിരാശജനകമായ സ്​ഥിതിയാണത്രെ കാണാൻ കഴിഞ്ഞത്. മാത്രമല്ല, ബിരുദതലത്തിൽ പഠനഗവേഷണങ്ങൾക്കിടയിൽ പൊറുപ്പിക്കാൻ പറ്റാത്ത വിടവുകളും കണ്ടെത്തി.

കേരളത്തിലെ മാനവിക/സാമൂഹികശാസ്​ത്ര വിഷയങ്ങൾ പഠിക്കുന്ന കുട്ടികൾക്ക് വിമർശനാത്മക ചിന്താശക്തി, വിശകലനാത്മകത, യുക്ത്യാധിഷ്ഠിത പഠനം എന്നിവയുടെ അഭാവംമൂലം മികവ് കൈവരിക്കാൻ കഴിയുന്നില്ല. അതിനാൽ, ഇക്കണോമിക്സ്​ പഠനം യുക്തിഭദ്രമായി നടക്കണമെങ്കിൽ ഗണിതവും ചരിത്രപഠന​േത്താടൊപ്പം ഇക്കണോമിക്സ്​, പുരാവസ്​തുശാസ്​ത്രം, സംസ്​കാരപഠനം എന്നിവയും സാധ്യമാക്കണം. ഇങ്ങനെ മുഴുവൻ കോഴ്സുകളും വ്യത്യസ്​ത പഠനവിഷയങ്ങൾ സമ്മിശ്രമാക്കുന്നവയാവണം (ഇൻറർ ഡിസിപ്ലിനറി) എന്നതാണ് പ്രധാനനിർദേശം. ഇങ്ങനെ നിരവധി കണ്ടെത്തലുകൾ വിശദമാക്കിയശേഷം ബിരുദപഠനത്തിന് പുതിയ ചട്ടക്കൂടും തദടിസ്​ഥാനത്തിൽ നിരവധി പുതിയ കോഴ്സുകളും നിർദേശിക്കുന്നു. ഒന്നാമ​െത്ത നിർദേശം നാലു വർഷ ഓണേഴ്സ്​ ബിരുദമാണ്. ഇതിെൻറ പ്രധാനലക്ഷ്യവും ഗുണവുമായി പറയുന്നത് വിദേശ യൂനിവേഴ്സിറ്റികളിൽ തുടർപഠനത്തിന് പോകാൻ കഴിയുമെന്നതാണ്. ഗവേഷണപാരമ്പര്യമുള്ള സ്​ഥാപനങ്ങൾ മാത്രമേ ഇത്തരം കോഴ്സുകൾ നടത്താവൂ. അല്ലെങ്കിൽ ദയനീയമായി പരാജയ​െപ്പടും. അതിനാൽ 'നാക്' (NAAC) അക്രഡിറ്റേഷനിൽ എ ​േഗ്രഡോ മുകളിലോ റാങ്കുള്ളവരോ അല്ലെങ്കിൽ 2020ലെ നാഷനൽ റാങ്കിങ്​ െഫ്രയിംവർക്ക് പ്രകാരം ആദ്യ 50 റാങ്കിെൻറ പരിധിയിൽ വരുന്നവയോ ആയ യൂനിവേഴ്സിറ്റികൾക്കോ അഫിലിയേറ്റഡ് കോളജുകൾക്കോ മാത്രമേ ഈ കോഴ്സുകൾ അനുവദിക്കാവൂ. വളരെ അപകടം പിടിച്ചതും ഇേപ്പാൾതന്നെ നിലനിൽക്കുന്ന പ്രാദേശിക അസന്തുലിതാവസ്​ഥ വർധിപ്പിക്കുന്നതുമായ നിർദേശമാണിത്. കേരളത്തിൽ ഈ യോഗ്യതയുള്ള കോളജുകൾ നൂറിൽ താഴെയാണ്. അതിൽ ഭൂരിഭാഗവും തെക്കൻ ജില്ലകളിലും. വയനാട്, കാസർകോട്​ ജില്ലകളിൽ ഒന്നുംതന്നെയില്ല. ഇേപ്പാൾതന്നെ മലബാറിൽ സ്​ഥാപനങ്ങളും കോഴ്സുകളും വളരെ കുറവാണ്. ഉദാഹരണത്തിന് പത്തനംതിട്ട ജില്ലയിൽ 10,595 കുട്ടികൾ പ്ലസ്​ടു പരീക്ഷ പാസാവുമ്പോൾ ജില്ലയിൽ സർക്കാർ എയ്​ഡഡ് മേഖലയിൽ ബിരുദത്തിന്​ 4097 സീറ്റുകൾ ലഭ്യമാണ്​. എന്നാൽ, മലപ്പുറം ജില്ലയിൽ 57,208 കുട്ടികൾ പ്ലസ്​ ടു യോഗ്യത നേടുമ്പോൾ എയ്​ഡഡ്, ഗവൺമെൻറ് മേഖലകളിൽ 4850 സീറ്റുകൾ മാത്രമാണുള്ളത്. ഈ രീതിയാണ് ഭാവിയിൽ കോഴ്സുകൾ അനുവദിക്കുന്നതിൽ മാനദണ്ഡമാക്കുന്നതെങ്കിൽ കേരളത്തിലെ ഭൂരിഭാഗം കോളജുകളും നിന്നിടത്തു തുടരുകയോ അടച്ചുപൂട്ടുകയോ വേണ്ടിവരും. മേൽപറഞ്ഞ മാനദണ്ഡങ്ങൾ ഉൾക്കൊണ്ട്​ സർക്കാർ പുതിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുകയും ചെയ്തു. 09.09.2020ലെ ഉത്തരവ് പ്രകാരം മേൽ മാനദണ്ഡങ്ങളനുസരിച്ച്​ യോഗ്യതയുള്ള കോളജുകൾക്ക് മാത്രമേ കോഴ്സ്​ അനുവദിക്കാവൂ എന്നാണ് നിർദേശിച്ചിരിക്കുന്നത്. മാത്രമല്ല, കേന്ദ്രസർക്കാർ അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭ്യാസനയത്തിെൻറ ചുവടുപിടിച്ചാണ് ഈ നടപടി. ഒരു ഭാഗത്ത് ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ കാര്യമായ വിമർശനം നടത്തുന്ന സർക്കാർ, അതേ നയത്തിെൻറ പ്രയോഗവത്​കരണത്തിനായി ത്വരിതഗതിയിൽ പ്രവർത്തിക്കുന്നത് കൗതുകകരംതന്നെ. റിേപ്പാർട്ട് ചുട്ടെടുക്കുന്ന വ്യഗ്രതയിൽ നിലവിലെ വസ്​തുതകൾ പഠിക്കുന്നതിൽ കമ്മിറ്റി പരാജയ​െപ്പട്ടു എന്നർഥം. മറ്റൊരു പ്രധാനനിർദേശം ട്രിപ്​ൾ മെയിൻ ബിരുദകോഴ്സുകൾ തുടങ്ങുകയെന്നതാണ്. സമിതി കണ്ടെത്തിയെന്നു പറയുന്നത്​ ബിരുദപഠനത്തിെൻറ ഗൗരവക്കുറവ്​. എന്നാൽ, പകരം നിർദേശിക്കുന്നതോ, മൂന്നു വിഷയങ്ങൾക്ക് തുല്യപ്രാധാന്യം നൽകിക്കൊണ്ടുള്ള മൂന്നുവർഷ ബിരുദപഠനവും! മുമ്പ് കേരളത്തിൽ നിലവിലുണ്ടായിരുന്ന ഡബ്​ൾ മെയിൻ കോഴ്സുകൾ ഫലപ്രദമല്ല എന്ന കണ്ടെത്തലിെൻറ അടിസ്​ഥാനത്തിൽ പല കോളജുകളിൽനിന്നും അതൊഴിവാക്കിയതാണ്​. ആ വസ്​തുത പഠിക്കാതെയാണ് ഈ നിർദേശം കമ്മിറ്റി മുന്നോട്ടുവെച്ചത്. മൂന്നുവർഷംകൊണ്ട്​ ഒരു വിഷയംതന്നെ ആഴത്തിൽ പഠിപ്പിക്കുന്നതിൽ കോളജുകൾ പരാജയ​െപ്പടുന്നു എന്ന് പരിതപിക്കുന്ന സമിതി, മൂന്നു വർഷം മൂന്നു പ്രധാന വിഷയങ്ങൾ പഠിക്കുന്നത്​ എത്രമാത്രം ഫലപ്രദമാകുമെന്ന കാര്യം ചിന്തിച്ചതേയില്ല. ഇതോടൊപ്പം പുതുതലമുറ കോഴ്സുകൾ എന്ന നിലയിൽ ചിലത്​ നിർദേശിക്കുന്നു. മുൻകാലത്ത് തൊഴിലധിഷ്ഠിത, പുതുതലമുറ കോഴ്സുകളായി നിർദേശിച്ച പലതും ഉദ്ദേശിച്ച തൊഴിൽ നൽകുകയോ അക്കാദമികമായി പ്രയോജനെ​െപ്പടുകയോ ചെയ്യാത്തതിനാൽ ക്രമേണ നിർത്തലാക്കേണ്ടിവന്നുവെന്ന് സമിതി കണ്ടെത്തലിൽ പറയുന്നുണ്ട്​. പുതുതായി നിർദേശിക്ക​െപ്പട്ട പല കോഴ്സുകളും സമിതി പ്രതീക്ഷിക്കുന്ന തൊഴിൽസാധ്യതയില്ലാത്തതോ സംരംഭകത്വ സാധ്യതകളില്ലാത്തതോ ആണ്. നിർദേശിക്ക​െപ്പട്ട പുതിയ കോഴ്സുകളായ ബി.എ മോഡേൺ ലാം​ഗ്വേജ്, ബാച്​ലർ ഓഫ് ഫിനാൻഷ്യൽ മാർക്കറ്റിങ്​, ബി.എ അപ്ലൈഡ് ലിംഗ്വിസ്​റ്റിക് ആൻഡ്​ ലാംഗ്വേജ് ടീച്ചിങ്​, ബി.എസ്​സി ആന്ത്രോേപ്പാളജി/ വിഷ്വൽ, മെറ്റീരിയൽ ആൻഡ്​ മ്യൂസിക് ആന്ത്രോേപ്പാളജി, ബാച്​ലർ ഓഫ് മൾട്ടിമീഡിയ കമ്യൂണിക്കേഷൻ (ഇത് നിലവിലുള്ളതും മൂന്നു വർഷത്തിനിടെ ഒട്ടു മിക്ക സ്​ഥാപനങ്ങളിലും കുട്ടികളെ കിട്ടാത്തതിനാൽ പൂട്ടിേപ്പായതുമാണ്) തുടങ്ങിയവയുടെ തൊഴിൽസാധ്യത തുലോം വിരളമാണ്. ഏതുതരം തൊഴിൽമേഖലയെക്കുറിച്ച പഠനം അടിസ്​ഥാനമാക്കിയാണ് ഇവ നിർദേശിക്ക​െപ്പട്ടത് എന്ന് മനസ്സിലാവുന്നില്ല.

ഈ കോവിഡ്​ കാലത്ത് ഓഫിസ്​ മുറിക്കകത്തിരുന്ന് ചെയ്ത പഠനങ്ങളും പരിമിത ചർച്ചകളും മാത്രം മുൻനിർത്തി തയാറാക്കിയ കപോലകൽപിതമായ ഒരു പഠന റിേപ്പാർട്ടിനെ അടിസ്​ഥാനമാക്കി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ​െത്ത നിർവചിക്കാൻ അധികാരികൾ തയാറാവരുത്. പ്രത്യേകിച്ച്, കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത് രണ്ട്​ കോളജ്​ അധ്യാപകരാവുമ്പോൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.