വിഴിഞ്ഞം: ഇത് രാജ്യം ഏറ്റെടുക്കേണ്ട സമരം

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ പ്രതിഷേധിച്ചപ്പോൾ ദേശവിരുദ്ധ ശക്തികൾക്ക് വേണ്ടിയാണ് സമരം നടത്തുന്നതെന്നാണ് കേന്ദ്രം ഭരിക്കുന്ന സർക്കാർ ആക്ഷേപിച്ചത്. ആ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരളത്തിലെ സി.പി.എം നേതാക്കളും സിംഘു അതിർത്തിയിലെത്തിയിരുന്നു. എന്നാൽ, വിഴിഞ്ഞം തുറമുഖ നിർമാണം മൂലമുണ്ടാകുന്ന നാശങ്ങളിൽ പ്രതിഷേധിക്കാൻ മത്സ്യത്തൊഴിലാളികളും കടലിനെ സ്നേഹിക്കുന്നവരും ഒരുമിച്ചു ചേരുമ്പോൾ അത് പുറത്തുനിന്നെത്തിയവരുടെ സമരമാണ് എന്ന് അധിക്ഷേപിച്ച് ഒതുക്കാനാണ് മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കൾ ശ്രമിക്കുന്നത്.

തുറമുഖം അദാനിയുടേതായതിനാൽ ഈ വിഷയത്തിൽ ബി.ജെ.പിക്കും സമാന നിലപാടാണ്. കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ വിഴിഞ്ഞം സമരത്തിനു പിന്നിൽ എന്ന് പരിശോധിക്കണമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രസ്താവിച്ചത്.


മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിശോധിച്ച് പരിഹരിച്ച് വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് അഭിപ്രായപ്പെടുന്ന സ്ഥലം എം.പി കൂടിയായ കോൺഗ്രസ് നേതാവ് ശശി തരൂർ തീരം നഷ്ടപ്പെടുന്നത് തുറമുഖം കൊണ്ടാണെന്ന് പറയുന്നത് ശരിയല്ലെന്ന അഭിപ്രായക്കാരനാണ്. രാഷ്ട്രീയ നേതാക്കളും അവരുടെ സൈബർ അണികളും ഉന്നയിക്കുന്ന ആരോപണങ്ങളിൽ ചിലത് സമരമുഖത്തുള്ളവരുമായി പങ്കുവെച്ചു. അവരുടെ മറുപടി ഇങ്ങനെ:

ശ്രീലങ്കയിൽ ചൈനയുടെ കപ്പൽ വന്നതുകൊണ്ട് വിഴിഞ്ഞത്തുനിന്ന് ഒഴിവാകാൻ അദാനി സ്പോൺസർ ചെയ്തതാണ് ഈ സമരമെന്ന് പറയുന്നതിനെക്കുറിച്ച്?

അദാനി സ്പോൺസർചെയ്തു എന്ന് സാമാന്യബോധമുള്ളവർ പറയില്ല. 2021ൽ ശ്രീലങ്കയിൽതന്നെ അദാനി പോർട്ട് സ്വന്തമാക്കി. ചൈനയെ പേടിച്ചാണെങ്കിൽ, ആദ്യം ശ്രീലങ്കയിലെ പോർട്ട് അല്ലേ അദാനി പൂട്ടുക? രാജ്യം ഭരിക്കുന്ന കേന്ദ്ര സർക്കാറും കേരളം ഭരിക്കുന്ന സർക്കാറും പ്രതിപക്ഷ പാർട്ടികളും ഒക്കെ അദാനിക്ക് ഒപ്പമാണ്. മത്സ്യത്തൊഴിലാളികൾക്കൊപ്പം ഇവർ ആരുമില്ല.

തുറമുഖമല്ല, ആഗോള താപനവും കാലാവസ്ഥയുമാണ് തീരശോഷണത്തിന് കാരണമെന്ന് പറയുന്നുണ്ടല്ലോ?

എങ്കിൽ പദ്ധതിയുടെ വടക്കു ഭാഗത്തു മാത്രം തീരശോഷണം സംഭവിക്കുന്നത് ആഗോളതാപനം മൂലമെന്ന് പറയുമോ? തെക്കുവശത്ത് വലിയ തീരങ്ങൾ ഉണ്ടാകുന്നു. അതെന്താ കാലാവസ്ഥാ വ്യതിയാനത്തിന് തെക്കുവശത്തെ തീരത്തെ വേണ്ടേ? കടലിന്റെ സീസണൽ ഒഴുക്കും മണലിന്റെ സഞ്ചാരത്തിലെ പ്രത്യേകതയും മൂലം തെക്കു പടിഞ്ഞാറൻ തീരത്തുള്ള കേരളത്തിൽ എവിടെയും കടലിൽ കല്ലിട്ടാലോ കടൽ നികത്തിയാലോ കടലിനകത്ത് നിർണപ്രവൃത്തികൾ നടത്തിയാലോ തെക്ക് വശത്ത് പുതിയ തീരം ഉണ്ടാകുകയും വടക്ക് വശത്ത് തീരം കടലെടുക്കുകയും ചെയ്യും. രാജ്യത്തിന്റെ വിവിധ മന്ത്രാലയങ്ങളും കടൽ, പരിസ്ഥിതി ശാസ്ത്രജ്ഞന്മാരും തയാറാക്കി പ്രസിദ്ധീകരിച്ച വിവിധ ശാസ്ത്ര റിപ്പോർട്ടുകളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ നൽകുന്ന ഫ്ലാറ്റുകളിലേക്കു മാറാൻ മത്സ്യത്തൊഴിലാളികൾ വിസമ്മതിച്ചുവോ?

പലയിടത്തും ഫ്ലാറ്റ് നൽകിയെന്നത് ശരിയാണ്. എന്നാൽ, കിട്ടിയവരെക്കാൾ ഇരട്ടിയാണ് കിട്ടാത്തവർ. കടലിനെ ആശ്രയിച്ചു ജീവിക്കുന്നവരാണ് മത്സ്യത്തൊഴിലാളികൾ. അവരെ കടൽതീരത്തു നിന്ന് മാറ്റുന്നതുതന്നെ നീതികേടാണ്. എന്നിട്ടും, മത്സ്യത്തൊഴിലാളികൾ മാറാൻ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്. അത്, അഭയാർഥി ക്യാമ്പിൽ ദുരിതപ്പെട്ടു ജീവിക്കുന്നതിലും ഭേദമാണ് എന്ന തിരിച്ചറിവിലാണ്. എങ്കിലും, മത്സ്യത്തൊഴിലാളിയുടെ ഭൂമിക്കും വീടിനും ആനുപാതികമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണം.


എന്തിനാണ് കടലിൽ വീടുവെച്ചത്?

കടലിൽ വീട് വെച്ചു എന്നത് അസംബന്ധമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മലനാട്ടിലെ ഇടനാട്ടിലും തീരപ്രദേശത്തും ജനം തിങ്ങിവസിക്കുന്നു. കേരളത്തിന്റെ തീരപ്രദേശം അതിനിബിഡ ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ്. കേരള സർക്കാറിന്റെതന്നെ കണക്കുകൾ പ്രകാരം വേലിയേറ്റ രേഖയിൽനിന്ന് പത്തും അമ്പതും മീറ്ററിനകത്തു താമസിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇപ്പോൾ തിരുവനന്തപുരത്തു നശിക്കുന്ന വീടുകളൊക്കെ മത്സ്യത്തൊഴിലാളികൾക്ക് പട്ടയമുള്ള ഭൂമിയിൽ സ്വപ്നസമ്പാദ്യമായി കെട്ടിപ്പൊക്കിയവയാണ്.

ഇത് സഭ നയിക്കുന്ന സമരമാണോ?

കിടപ്പാടം നഷ്ടപ്പെട്ട കേരളത്തിന്റെ സൈന്യമാണ് ഈ സമരം നടത്തുന്നത്. കേരളത്തിലെ ഏറ്റവും വലിയ തീരദേശ ജില്ലയാണ് തിരുവനന്തപുരം. കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ കണക്കുപ്രകാരം തിരുവനന്തപുരത്തെ 42 മത്സ്യബന്ധന ഗ്രാമങ്ങളിലായി 182,875 മത്സ്യത്തൊഴിലാളികൾ ഉണ്ട്. ഇതിൽ 95 ശതമാനം പേരും ലത്തീൻ കത്തോലിക്ക വിഭാഗത്തിൽ വരുന്നവരാണ്.

സമരത്തിന്റെ മുൻപന്തിയിൽ നിൽക്കുന്ന ലത്തീൻ പുരോഹിതരിൽ 99 ശതമാനം പേരും മുക്കുവരുടെ മക്കളാണ്. ജോനക പൂന്തുറ മുതൽ ബീമാപ്പള്ളിവരെയും വിഴിഞ്ഞം ഹാർബറിന് വടക്കുവശം മതിപ്പുറം ഭാഗത്തും മുതലപ്പൊഴി ഭാഗത്ത് പെരുമാതുറയിലുമുള്ള മുസ്‍ലിം മത്സ്യത്തൊഴിലാളികളും സമരത്തിലുണ്ട്. ബീമാപ്പള്ളി ജമാഅത്തുതന്നെ കഴിഞ്ഞദിവസം ഐക്യദാർഢ്യ പ്രഖ്യാപനം നടത്തിയിരുന്നു. ധീവര സമൂഹവും സമരത്തിലുണ്ട്.

കാർഷിക സമ്പത്തിനെ കുത്തക മുതലാളിമാർക്ക് അടിയറവെക്കുന്നതിനെതിരെ കർഷകത്തൊഴിലാളികൾ സമരംചെയ്തതുപോലെ കേരളത്തിലെ ഓരോ മനുഷ്യനും വേണ്ടിയാണ് ഞങ്ങൾ സമരമുഖത്ത് നിൽക്കുന്നത്. രാജ്യം ഏറ്റെടുക്കേണ്ട സമരമാണിത്.

(അവസാനിച്ചു)

Tags:    
News Summary - Protest against Vizhinjam port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.