റഷ്യൻസേനയെ പ്രതിരോധിക്കാൻ ഴൈറ്റോമിർ നഗരത്തിൽ മണൽ നിറച്ച ചാക്കുകൊണ്ട് ബാരിക്കേഡുണ്ടാക്കുന്ന പ്രദേശവാസികൾ

പുടിൻ ഇപ്പോഴെ തോറ്റമ്പിയിരിക്കുന്നു

അസത്യത്തിലൂന്നി, അധാർമിക മാർഗത്തിലൂടെ അധിനിവേശം അഴിച്ചുവിട്ട റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുക്രെയ്നു മുന്നിൽ ഇതിനോടകം തന്നെ പരാജിതനായിരിക്കുന്നു എന്ന് വിലയിരുത്തുകയാണ് ചരിത്രകാരനും സാപിയൻസ്-മാനവരാശിയുടെ ഹ്രസ്വചരിത്രം എന്ന വിഖ്യാതകൃതിയുടെ രചയിതാവുമായ യുവാൽ നോവ ഹരാരി ദ ഗാർഡിയനിലെഴുതിയ ലേഖനത്തിൽ

യുദ്ധമാരംഭിച്ച് ഒരാഴ്ചപോലും തികയുംമുന്നേ വ്ലാദ്മിർ പുടിൻ ഒരു ചരിത്രപരമായ തോൽവിയിലേക്ക് നീങ്ങുന്നതിന്റെ സാഹചര്യങ്ങളാണ് കാണുന്നത്. അദ്ദേഹം ചിലപ്പോൾ മറ്റെല്ലാ പോരാട്ടങ്ങളും വിജയിച്ചേക്കാം, പക്ഷേ ഇവിടെ തോറ്റുപോകുന്നു. റഷ്യൻ സാമ്രാജ്യം വീണ്ടും കെട്ടിപ്പൊക്കുക എന്ന പുടിന്റെ സ്വപ്നം നിലകൊള്ളുന്നതു തന്നെ നുണകളിലാണ്. യുക്രെയ്ൻ ഒരു രാഷ്ട്രമല്ലെന്ന, യുക്രെയ്നികൾ യഥാർഥ നാട്ടുകാരല്ലെന്ന, കിയവിലേയും ഖാർകിവിലെയും ലിവിലെയും ജനത മോസ്കോയുടെ ഭരണത്തിനായി ഉൽക്കടമായി ആഗ്രഹിക്കുന്നുവെന്ന നുണ- അതൊക്കെ പച്ചക്കള്ളങ്ങളാണ്. ആയിരത്തിലേറെ ആണ്ടുകളുടെ ഇതിഹാസമുള്ള ദേശമാണ് യുക്രെയ്ൻ. മോസ്കോ വെറുമൊരു ഗ്രാമം പോലുമാകും മുമ്പേ വൻ നഗരമായിരുന്നു കിയവ്. എന്നാൽ, റഷ്യൻ സമ്രാട്ട്‌ താൻ വിശ്വസിക്കുന്ന ആ നുണ ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു.

യുക്രെയ്നിലേക്ക് ഇരച്ചുകയറാൻ പദ്ധതിയിടുമ്പോൾ പുടിന് കുറെയേറെ കാര്യങ്ങൾ അറിയാമായിരുന്നു- റഷ്യയെ വെച്ചുനോക്കുമ്പോൾ സൈനികമായി വെറും നരുന്ത് മാത്രമാണ് യുക്രെയ്നെന്ന് അയാൾക്ക് അറിയാമായിരുന്നു. യുക്രെയ്നിനെ സഹായിക്കാൻ നാറ്റോ ഒരിക്കലും സേനയെ അയക്കില്ല എന്നയാൾക്ക് അറിയാമായിരുന്നു. എണ്ണക്കും വാതകത്തിനും വേണ്ടിയുള്ള യൂറോപ്പിന്റെ ആശ്രിതത്വം ജർമനിയെപ്പോലുള്ള രാജ്യങ്ങളെ കടുത്ത ഉപരോധങ്ങൾ അടിച്ചേൽപ്പിക്കുന്നതിൽ നിന്ന് വിമുഖമാക്കുമെന്ന് അയാൾക്കറിയാമായിരുന്നു. ഈ അറിവുകളുടെ വെളിച്ചത്തിൽ ഏറ്റവൂം പെട്ടെന്ന് യുക്രെയ്നിനെ അടിച്ചു മലർത്തി, അവിടത്തെ സർക്കാറിനെ താഴെയിട്ട് കിയവിൽ ഒരു പാവഭരണകൂടത്തെ പ്രതിഷ്ഠിച്ച് പടിഞ്ഞാറൻ ഉപരോധങ്ങളെ മറികടക്കാനായിരുന്നു പുടിന്റെ കണക്കൂകൂട്ടൽ.

പക്ഷേ, അറിവില്ലാത്ത ഒരു വലിയ കാര്യമുണ്ടായിരുന്നു. അമേരിക്കക്കാർ ഇറാഖിൽനിന്നും സോവിയറ്റുകാർ അഫ്ഗാനിസ്താനിൽ നിന്നും പഠിച്ചതുപോലെ ഒരു രാജ്യത്തെ കീഴടക്കുന്നതാണ് പിടിച്ചുവെക്കുന്നതിനേക്കാൾ എളുപ്പം. യുക്രെയ്ൻ കീഴടക്കാനുള്ള ശക്തി തനിക്കുണ്ടെന്ന് പുടിനറിയാം. എന്നാൽ, യുക്രെയ്ൻ ജനത പാവഭരണകൂടത്തെ എളുപ്പത്തിലങ്ങ് അംഗീകരിക്കാൻ കൂട്ടാക്കുമോ? പുടിൻ ഊഹകണക്കുകൂട്ടിയത് അവർ അംഗീകരിക്കുമെന്നായിരുന്നു. കേൾക്കാൻ തയാറുള്ള എല്ലാവരോടും അയാൾ ആവർത്തിക്കുന്നതുപോലെ യുക്രെയ്ൻ യഥാർഥ രാജ്യവും അവിടത്തുകാർ യഥാർഥ ജനതയുമല്ലാത്ത സ്ഥിതിക്ക്. 2014ലെ റഷ്യൻ അധിനിവേശകരെ ക്രിമിയ ചെറുത്തതേയില്ലായിരുന്നു. അപ്പോൾ പിന്നെ 2022ൽ എന്തു മാറ്റമുണ്ടാവാൻ?


ഓരോ ദിവസവും കടന്നുപോകവെ പുടിന്റെ ചൂതാട്ടക്കണക്കുകൂട്ടലുകൾ തെറ്റുന്നുവെന്നാണ് വ്യക്തമാവുന്നത്. യുക്രെയ്ൻ ജനത സകലശക്തിയുമെടുത്ത് ചെറുത്തുനിൽക്കുകയാണ്, അതു വഴി മുഴുലോകത്തിന്റെയും സ്നേഹം പിടിച്ചെടുക്കുകയാണ്, യുദ്ധം വിജയിക്കുകയാണ്. ഇനിയുമൊരുപാട് ഇരുൾകാലം കിടപ്പുണ്ട് മുന്നിൽ. റഷ്യക്കാർക്ക് യുക്രെയ്ൻ മുഴുവനും കീഴടക്കാൻ കഴിഞ്ഞേക്കും. പക്ഷേ, യുദ്ധം വിജയിക്കണമെങ്കിൽ റഷ്യക്കാർക്ക് യുക്രെയ്നിൽ പിടിച്ചുനിൽക്കാനാവണം. അതിനു സാധിക്കണെമങ്കിൽ അവിടത്തെ മനുഷ്യന്മാർ സമ്മതിക്കണം. ഇന്നത്തെ അവസ്ഥയിൽ അതിന് ഒരു സാധ്യതയും കാണുന്നില്ല.

ഓരോ റഷ്യൻ ടാങ്കും തകർക്കുമ്പോഴും ഒാരോ റഷ്യൻ പട്ടാളക്കാരൻ കൊല്ലപ്പെടുമ്പോഴും ചെറുത്തുനിൽക്കാനുള്ള യുക്രെയ്ൻ ജനതയുടെ ധൈര്യം ഏറിവരുകയാണ്. വികാരങ്ങളിൽ ഏറ്റവും കെട്ടത് വിദ്വേഷമാണ്. എന്നാൽ, അടിച്ചമർത്തപ്പെട്ടവർക്ക് വിദ്വേഷം ഒളിച്ചുവെക്കപ്പെട്ട നിധിയാണ്. നെഞ്ചിന്റെ അടിത്തട്ടിൽ കുടികൊള്ളുന്ന ആ വികാരം ചെറുത്തുനിൽപിനെ തലമുറ തലമുറ കൈമാറി നിലനിർത്തും. റഷ്യൻ സാമ്രാജ്യത്തിന്റെ വീണ്ടെടുപ്പിന് ചോരചിന്തൽ കുറഞ്ഞ, താരതമ്യേന വെറുപ്പിന്റെ ആധിക്യമില്ലാത്ത അധിനിവേശമായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, ഓരോ യുക്രെയ്നിയുടെയും ചോര വീഴുമ്പോഴും പുടിൻ തന്റെ സ്വപ്നം ഒരുകാലത്തും നടക്കാനാവാത്ത വിധത്തിലാക്കി മാറ്റിത്തീർക്കുകയാണ്. റഷ്യൻ സാമ്രാജ്യത്തിന്റെ മരണപത്രികയിൽ മിഖായേൽ ഗോർബച്ചേവിന്റെ പേരാവില്ല, പുടിന്റെ പേരാവും എഴുതി ചേർക്കപ്പെടുക. റഷ്യക്കാരെയും യുക്രെയ്നികളെയും സഹോദര സമാനരായാണ് ഗോർബച്ചേവ് കണ്ടത്; പുടിനാവട്ടെ അവരെ പരസ്പരം ശത്രുക്കളാക്കി. യുക്രെയ്ൻ രാഷ്ട്രത്തെ റഷ്യയുടെ എതിരാളികളെന്ന് സ്വയം നിർവചിക്കുന്ന അവസ്ഥയിലുമെത്തിച്ചു.

രാഷ്ട്രങ്ങൾ ആത്യന്തികമായി പടുക്കപ്പെട്ടത് കഥകൾക്കു മേലാണ്. കഴിഞ്ഞുപോകുന്ന ഓരോ ദിവസവും യുക്രൈൻകാർക്ക് പുതുപുതു കഥകളുണ്ടാവുന്നു. അവയൊന്നും ഈ ഇരുൾക്കാലത്തേക്ക് മാത്രമുള്ളവയല്ല മറിച്ച്, വരുന്ന പതിറ്റാണ്ടുകളിലും വരാനിരിക്കുന്ന തലമുറകളിലും പറയപ്പെടാനുള്ളവയാണ്. അമേരിക്കയോട് ഓടിയൊളിക്കാനുള്ള വാഹനമല്ല, ആഞ്ഞടിക്കാനുള്ള ആയുധമാണ് വേണ്ടതെന്നു പറഞ്ഞ് തലസ്ഥാനത്തുനിന്ന് ഒളിച്ചോടാൻ കൂട്ടാക്കാഞ്ഞ പ്രസിഡന്റ്, കീഴടങ്ങാൻ പറഞ്ഞ റഷ്യൻ കപ്പൽപടയോടു പോയി തുലയാൻ പറഞ്ഞ സർപ്പദ്വീപിലെ പട്ടാളക്കാർ, വഴിയിൽ ചടഞ്ഞിരുന്ന് റഷ്യൻ ടാങ്കുകളെ തടഞ്ഞു നിർത്തിയ നാട്ടുകാർ...അതെല്ലാം കൊണ്ടാണ് രാഷ്ട്രം നിർമിക്കപ്പെടുക. കാലം കഴിഞ്ഞുപോകുമ്പോൾ ഈ കഥകൾ ടാങ്കുകളേക്കാൾ കരുത്തുറ്റവയായിത്തീരും.

റഷ്യൻ ഏകഛത്രാധിപധിക്കും മറ്റുള്ളവരെപ്പോലെ ഇതൊക്കെ മനസ്സിലാവണമായിരുന്നു. ജർമൻ അതിക്രമങ്ങളെക്കുറിച്ചും ലെനിൻ ഗ്രാഡിലെ റഷ്യൻ ധീരതയെക്കുറിച്ചുമുള്ള നൂറുനൂറ് കഥകളാൽ ഊട്ടിവളർത്തപ്പെട്ടതാവും അയാളുടെ കുട്ടിക്കാലവും. ഇപ്പോഴിതാ അയാൾ സമാനമായ കഥകൾക്ക് കാരണഭൂതരാവുകയാണ്, പക്ഷേ പഴയ കഥകളിലെ ഹിറ്റ്ലറുടെ വേഷമാണ് അയാൾക്കിപ്പോൾ.


യുക്രെയ്ൻ ജനതയുടെ വീരകഥകൾ അന്നാട്ടുകാർക്ക് മാത്രമല്ല, മുഴു ലോകത്തിനും ആശ്വാസം പകരുന്നുണ്ട്. അവർ യൂറോപ്യൻ ഭരണകൂടങ്ങൾക്കും, അമേരിക്കൻ അധികാരികൾക്കും റഷ്യയിലെ അടിച്ചമർത്തപ്പെട്ട ജനങ്ങൾക്കുപോലും കരുത്തേകുന്നു. യുക്രെയ്നികൾക്ക് വെറും കൈയാലെ റഷ്യൻ ടാങ്കുകളെ പിടിച്ചുനിർത്താൻ കഴിയുമെങ്കിൽ അവർക്ക് കുറച്ച് മിസൈൽ വേധ ടാങ്കുകൾ നൽകാൻ ജർമൻ സർക്കാറിന് ധൈര്യമാവും, റഷ്യയെ സ്വിഫ്റ്റിൽനിന്ന് ഒഴിവാക്കാൻ അമേരിക്കൻ സർക്കാറിന് ധൈര്യമാവും. വെളിവില്ലാത്ത ഈ യുദ്ധത്തിനെ എതിർത്തിറങ്ങാൻ റഷ്യൻ ജനതക്ക് ധൈര്യമേകും.

നമുക്കും ധൈര്യപ്പെടാനും സംഭാവനയായും, അഭയാർഥികളെ വരവേറ്റും, ഓൺലൈൻ പോരാട്ടത്തെ പിന്തുണച്ചുമെല്ലാം എന്തെങ്കിലുമൊക്കെ ചെയ്യാനുമാവും. യുക്രെയ്നിലെ യുദ്ധം വരുംകാല ലോകത്തിന്റെ ഭാവിയെത്തന്നെ രൂപപ്പെടുത്തും. നിഷ്ഠുരവാഴ്ചയെയും അതിക്രമങ്ങളെയും വിജയിക്കാൻ അനുവദിച്ചാൽ നമ്മളെല്ലാവരും അതിന്റെ പ്രത്യാഘാതങ്ങളും അനുഭവിക്കേണ്ടി വരും. ഇനിയും കാഴ്ചക്കാരായി നിൽക്കുന്നതിൽ അർഥമില്ല, എഴുന്നേറ്റുനിന്ന് എണ്ണപ്പെടേണ്ട നേരമാണിത്.

ദൗർഭാഗ്യവശാൽ, ഈ യുദ്ധം പല രൂപം പ്രാപിച്ച് ഒരുപാട് വർഷങ്ങൾ നീണ്ടുനിൽക്കാനിടയുണ്ട്. പക്ഷേ, പരമപ്രധാനമായ കാര്യത്തിൽ ഇതിനകം തീർപ്പ് കൽപിക്കപ്പെട്ടിരിക്കുന്നു. ഇക്കഴിഞ്ഞ കുറഞ്ഞ ദിവസങ്ങൾ മുഴുലോകത്തിനും ഒരു കാര്യം വ്യക്തമായി മനസ്സിലായിരിക്കുന്നു- യുക്രെയ്ൻ ഒരു യഥാർഥ രാഷ്ട്രമാണ്, അവിടത്തേത് യഥാർഥ ജനതയാണ്, അവർക്ക് റഷ്യൻ സാമ്രാജ്യത്വത്തിന് കീഴിൽ കഴിയുകയേ വേണ്ട. അവശേഷിക്കുന്ന സുപ്രധാനമായ ഒരു ചോദ്യം മാത്രമാണ്- നെടുങ്കൻ ഭിത്തികളിലൂടെ തുളച്ചു കയറി ഇൗ വിവരം ക്രെംലിനിലെത്താൻ എത്ര കാലമെടുക്കും എന്ന ചോദ്യം മാത്രം.

Tags:    
News Summary - Putin has lost now itself Yuval Noah Harari writes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.