ഞാൻ വരുന്നത് അവിടെനിന്നാണ്
നശ്വരർക്കുണ്ടാകുന്ന ഓർമകൾ എനിക്കുമുണ്ട്,
അമ്മ, ഒരുപാട് ജനലുകളുള്ള വീട്,
സഹോദരന്മാർ, കൂട്ടുകാർ,
തണുത്ത ജനലുള്ള ഒരു ജയിൽമുറിയും.
കടൽക്കാക്കകൾ റാഞ്ചിയെടുത്ത തിരയാണ് എേൻറത്.
എനിക്ക് സ്വന്തമായി ദൃശ്യമുണ്ട്,
അധികമായി ഒരൽപം പുൽത്തകിടിയും.
- മഹ്മൂദ് ദർവീശ്
ഇസ്രായേലി ഭരണകൂടത്തിെൻറ വംശവെറിയൻ അത്യാചാരങ്ങൾ സകല സീമകളും ലംഘിക്കുന്നതിനാണ് ഇൗ ദിനങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ 1948 മുതല്‍ 1991 വരെ നിലനിന്ന അപാർതീഡിനെ ഓർമിപ്പിക്കുന്ന തരത്തിലാണ് ഇസ്രായേലിെൻറ വംശവെറി പുരോഗമിക്കുന്നത്. മധ്യ-പൂർവദേശത്തെ ഏക ജനാധിപത്യമെന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും ജൂതരാഷ്ട്രം പക്ഷേ, കടുത്ത വിവേചനമാണ് കഴിഞ്ഞ 70 വർഷമായി സ്വന്തം പൗരന്മാരായ അറബ് വംശജരോടും തങ്ങള്‍ അധിനിവേശം ചെയ്ത ഫലസ്തീൻ പ്രദേശങ്ങളിലെ തദ്ദേശീയരോടും പുലർത്തിക്കൊണ്ടിരിക്കുന്നത്.
ദക്ഷിണാഫ്രിക്കൻ ആർച് ബിഷപ് ഡെസ്മണ്ട് ടുട്ടു പറഞ്ഞതുപോലെ, ഇസ്രായേലി ഭരണകൂടം ഫലസ്തീൻ ജനതയോട് പെരുമാറുന്നത് വർണവെറിയുടെ കാലത്ത് ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ ഭരണകൂടം കറുത്തവർഗക്കാരായ പൗരന്മാരോട് പെരുമാറിയതുപോലെയോ അതിനേക്കാള്‍ മോശമായോ ആണ്. അതിനാൽ, ഇസ്രായേലിനെതിരെ ബി.ഡി.എസ് (ബോയ്കോട്ട്, ഡൈവെസ്റ്റ്മെൻറ്സ്, സാങ്ഷൻസ്- ബഹിഷ്കരണം, സാമ്പത്തിക നിക്ഷേപം തടയല്‍, ഉപരോധം) പ്രസ്ഥാനം ശക്തിപ്രാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
അപാർത്തീഡ് അഥവാ വർണവെറിയുടെ അടിസ്ഥാനം ഒരു രാജ്യത്തെ തദ്ദേശീയരായ ജനതക്ക് പൗരത്വം നല്‍കുന്നതിലും തദടിസ്ഥാനത്തിലുള്ള മൗലികാവകാശമായ വോട്ടവകാശം വകവെച്ചുകൊടുക്കുന്നതിലും നിലനില്‍ക്കുന്ന വംശീയമായ വിവേചനമാണ്. ചരിത്രപരമായി നോക്കിയാല്‍, അമേരിക്ക, കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ് പോലുള്ള രാജ്യങ്ങളില്‍ ഇത്തരം വർണവെറി നിയമപരമായി ഇല്ലാതായതിെൻറ കാരണം അവിടങ്ങളില്‍ കുടിയേറിയ ക്രിസ്ത്യൻ-യൂറോപ്യൻ വംശജർ തദ്ദേശീയരെക്കാള്‍ എണ്ണത്തില്‍ അധികമായിരുന്നുവെന്നതാണ്. എന്നാല്‍, ദക്ഷിണാഫ്രിക്കയിലാകട്ടെ, കുടിയേറിയ യൂറോപ്യരേക്കാള്‍ കറുത്ത വർഗക്കാർക്കായിരുന്നു ഭൂരിപക്ഷം. യാദൃച്ഛികമെന്ന് പറയട്ടെ, വർണവെറി ദക്ഷിണാഫ്രിക്കയില്‍ നിലവില്‍വന്ന 1948 മേയിൽതന്നെയാണ് ഫലസ്തീനില്‍ യൂറോപ്യൻ ജൂതർക്ക് ഭൂരിപക്ഷം വരുന്ന തദ്ദേശീയ അറബ് വംശജരെ നേരിടേണ്ടിവന്നത്. കറുത്തവരുടെ ഭൂരിപക്ഷത്തെ നേരിടാൻ ദക്ഷിണാഫ്രിക്കൻ ഭരണകൂടം പ്രത്യക്ഷമായി വർണവെറിയുടെ ഏറ്റവും പ്രകടരൂപമായ വോട്ട് നിഷേധം ആയുധമാക്കി. കറുത്തവർഗക്കാർ ഒരിക്കലും തുല്യാവകാശങ്ങളുള്ള പൗരന്മാരായിരിക്കില്ലെന്ന സന്ദേശമാണ് അതുമുഖേന ഭരണകൂടം നല്‍കിയത്. നേരെമറിച്ച്, ഇസ്രായേലാകട്ടെ, ജനാധിപത്യത്തിെൻറ മേലങ്കിയണിഞ്ഞു പ്രച്ഛന്ന വർണവെറിയാണ് പ്രകടിപ്പിച്ചത്. അതിനുവേണ്ടി, ആദ്യം ഏഴുലക്ഷത്തോളം വരുന്ന ഫലസ്തീനികളെ അവരുടെ ഭൂമിയില്‍നിന്ന് ആട്ടിയോടിച്ചു. ഐക്യരാഷ്ട്രസഭ പോലും അംഗീകരിച്ച തിരിച്ചുവരാനുള്ള അവകാശം അവരില്‍നിന്ന് എെന്നന്നേക്കുമായി എടുത്തുകളയുകയാണ് ഇസ്രായേല്‍ തുടർന്ന് ചെയ്തത്. ഇതു മുഖേന 55 ശതമാനം അറബ് വംശജരുണ്ടായിരുന്ന ആ രാജ്യത്ത് പിന്നീട് 80 ശതമാനം ജൂതരായി മാറി. ഇതേക്കുറിച്ച് ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ഡാരില്‍ ഗ്ലേസർ പറഞ്ഞത്, വോട്ടവകാശം എടുത്തുകളഞ്ഞ ദക്ഷിണാഫ്രിക്കൻ ഭരണകൂടത്തേക്കാള്‍ ക്രൂരമായ വർണവെറിയൻ നിലപാടാണ് രാജ്യത്തുനിന്ന് തദ്ദേശീയരെ ആട്ടിയോടിച്ച് ഇസ്രായേല്‍ ഭരണകൂടം ചെയ്തതെന്നാണ്.
അതിദയനീയമായ സാഹചര്യങ്ങളില്‍ ഗസ്സയില്‍ ഇന്ന് താമസിക്കുന്ന ഫലസ്തീനികളിൽ അധികവും 1948ലോ പിന്നീടുള്ള വർഷങ്ങളിലോ ഇസ്രായേലില്‍നിന്ന് അടിച്ചോടിക്കപ്പെട്ടവരോ അവരുടെ മക്കളോ തുടർന്നുള്ള തലമുറകളോ ആണ്. തങ്ങളെ ബാധിച്ച ദുരന്തത്തിെൻറ (നകബ) 70ാം വാർഷികത്തില്‍ അവർ ഒന്നിച്ചുചേർന്ന് ഗസ്സയുടെയും ഇസ്രായേലിെൻറ യും അതിർത്തിയില്‍ ‘തിരിച്ചുവരവിനുള്ള മഹാപ്രയാണം’ (Great March of Return) നടത്തുമ്പോള്‍ ഇസ്രായേല്‍ പിന്തുടരുന്ന വർണവെറിയൻ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് തദ്ദേശീയരായ ഈ ഫലസ്തീനികള്‍. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ (യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ വിധിയടക്കം) ഈ തിരിച്ചുവരവിനെ പിന്തുണക്കുന്നുണ്ട്. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലമിലും ഇസ്രായേലിെൻറ വർണവെറിയൻ സമ്പ്രദായം ഒരു നിയമത്തേയും മാനിക്കാതെ ഇപ്പോഴും തുടരുന്നു. ഏതാണ്ട് അഞ്ചുലക്ഷം ജൂതകുടിയേറ്റക്കാർക്കുള്ള ഭവനസമുച്ചയങ്ങള്‍ അന്യായമായി ഈ പ്രദേശങ്ങളില്‍ ഫലസ്തീനികളുടെ ഭൂമിയില്‍ ഇസ്രായേല്‍ നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഇസ്രായേലീ പൗരന്മാർ എല്ലാവിധ അവകാശങ്ങളും നിർബാധം ആസ്വദിക്കുമ്പോള്‍ അവിടങ്ങളില്‍ താമസിക്കുന്ന അറബ് വംശജർക്ക് വോട്ടവകാശമോ പൗരത്വമോ നല്‍കാതെ കടുത്ത വിവേചനം തുടരുകയാണ് ജൂതരാഷ്ട്രം ചെയ്യുന്നത്. കിഴക്കൻ ജറൂസലമില്‍ പൗരത്വമുള്ള ഫലസ്തീൻ വംശജരെത്തന്നെ രണ്ടാംകിടക്കാരായാണ് കാണുന്നത്. തങ്ങള്‍ ജനാധിപത്യത്തെ മാനിക്കുന്നവരാണെന്ന് അറിയപ്പെടാൻ വേണ്ടി മാത്രമാണ് നേരിയ എണ്ണം വരുന്ന അവർക്ക് പേരിന് പൗരത്വം അനുവദിച്ചിട്ടുള്ളതെന്നതും ഇതോട് ചേർത്തു വായിക്കണം.
ദക്ഷിണാഫ്രിക്കൻ വർണവെറിയെ അന്താരാഷ്ട്രസമൂഹം ശക്തമായെതിർത്തപ്പോള് വെള്ളക്കാരുടെ ഭരണകൂടം കറുത്തവർക്ക് ചില പ്രത്യേക സ്വയംഭരണ പ്രദേശങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ലോകം അതിനെ എതിർത്തുതോല്പിച്ചു. ഇതേ സംഗതി ഇസ്രായേല്‍ മുന്നോട്ടുെവച്ചപ്പോള് (ഒാസ്ലോ കരാർ) അതേ ‘അന്താരാഷ്ട്ര സമൂഹം’ ജൂതരാഷ്ട്രത്തിെൻറ മഹാമനസ്കതയെയും സമാധാനപ്രേമത്തെയും വാഴ്ത്തുകയാണ് ചെയ്തത്! അതിന് കാരണക്കാരിലൊരാളായ യിത്സാഖ് റബിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വരെ ലഭിച്ചു. ഇന്നിപ്പോള്‍, നേരത്തേ കിഴക്കൻ ജറൂസലമും ജൂലാൻ കുന്നുകളും അധിനിവേശം ചെയ്തതുപോലെ വെസ്റ്റ് ബാങ്കും ഇസ്രായേല്‍ പിടിച്ചെടുക്കണമെന്നാണ് ഇസ്രായേല്‍ വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെന്നെറ്റ് അഭിപ്രായപ്പെട്ടത്. അവിടംവരെ എത്തിനിൽക്കുന്നു ജൂതരാഷ്ട്രത്തിെൻറ അന്താരാഷ്ട്ര സമൂഹത്തോടുള്ള കടപ്പാട്!
ദക്ഷിണാഫ്രിക്കയിലേതുപോലെ ഇസ്രായേലിെൻറ വർണവെറി സമ്പ്രദായം ‘ആഗോളസമൂഹത്തിന്’ അലോസരമുണ്ടാക്കാത്തതിെൻറ ന്യായം കഴിഞ്ഞ നൂറ്റാണ്ടില്‍ ജൂതരെ ക്രൂശിച്ചതിലുള്ള യൂറോപ്പിെൻറ കുറ്റബോധമാണ്. തങ്ങളുടെ പാപം കഴുകിക്കളയാൻ ഫലസ്തീനികളുടെ ഭൂപ്രദേശം ദുരുപയോഗം ചെയ്തത് അവരായതിനാല്‍, ഇസ്രായേലിന് തങ്ങളുടെ വർണവെറി നിർബാധം തുടരാൻ സാധിക്കുന്നു. ഇത്തരം അനീതികള്‍ക്കിടയിലും ധാരാളം സാധാരണ പൗരന്മാർ ഈ ചരിത്രസത്യത്തെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അമേരിക്കൻ യൂനിവേഴ്സിറ്റികളില്‍ പഠിക്കുന്ന ജൂതവിദ്യാർഥികളടക്കം മാതൃരാജ്യത്തിെൻറ യഥാർഥ ചരിത്രമെന്തെന്ന് മനസ്സിലാക്കിത്തുടങ്ങി. നിലനില്പിന് വേണ്ടി ജൂതഭരണകൂടം കാട്ടിക്കൂട്ടുന്ന അനീതികളെ അവർ വെറുക്കുന്നു. ഇത് ബി.ഡി.എസ് പ്രസ്ഥാനത്തിന് ആക്കംകൂട്ടുമെന്നാണ് അനുമാനിക്കപ്പെടുന്നത്. സ്വാഭാവികമായും യൂറോപ്പിലും വടക്കേ അമേരിക്കയിലുമുള്ള സർക്കാറുകള്‍ ഇസ്രായേലിനെ സമ്മർദത്തിലാക്കാൻ നിർബന്ധിതരാകും. അതിനിടയില്‍ ഡോണൾഡ് ട്രംപിെൻറ തീവ്ര വലതുപക്ഷ കളികളെ മുഖവിലക്കെടുക്കേണ്ടതില്ലെന്നാണ് നിരീക്ഷകമതം. അമേരിക്കയില്‍ത്തന്നെ ബഹുഭൂരിപക്ഷം പേരും വെറുത്തുതുടങ്ങിയ ട്രംപിനോട് ചേർന്ന് നെതന്യാഹു നടത്തുന്ന തലസ്ഥാനമാറ്റ ആഘോഷങ്ങള്‍ നാടകരംഗങ്ങള്‍ മാത്രമായി അവശേഷിക്കാനാണ് സാധ്യതയെന്നും അത് അന്തിമമായി ഇസ്രായേലിനുതന്നെ വിനയായിത്തീരുമെന്നും ‘വാഷിങ്ടണ്‍ പോസ്റ്റ്’ പോലുള്ള പത്രങ്ങള്‍ നിരീക്ഷിക്കുന്നു.
ഇസ്രായേലും ഫലസ്തീനുമെന്ന പൂർണ സ്വതന്ത്രമായ രണ്ടു രാഷ്ട്രങ്ങൾക്ക് ജൂതഭരണകൂടം തയാറായില്ലെങ്കില്‍, എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങളുള്ള (വോട്ടവകാശമടക്കം) ഒരൊറ്റ രാഷ്ട്രത്തിന് അവർ അധികം വൈകാതെ നിർബന്ധിക്കപ്പെടും. അതോടൊപ്പം എല്ലാത്തരം വിവേചനങ്ങളെയും വിപാടനം ചെയ്യുന്ന ശക്തമായ ഒരു ഭരണഘടന നിലവില്വരുകയെന്നതും സമയത്തിെൻറ മാത്രം പ്രശ്നമാണ്. അതുവരെ, ജന്മഭൂമിയിലേക്ക് തിരിച്ചുവരാനുള്ള അവകാശത്തിനായി നിരായുധരായി പ്രകടനം നടത്തുന്ന ഗസ്സ നിവാസികളില്‍നിന്ന് ഇസ്രായേലിന് ചിലരെയൊക്കെ കൂട്ടക്കൊല നടത്താൻ സാധിച്ചേക്കാം. പക്ഷേ, ദക്ഷിണാഫ്രിക്കയിലെ സൊവേറ്റോ നഗരം വർണവെറിക്കെതിരായ സമരത്തിന് എപ്രകാരം ചൂട് പകർന്നുവോ അതുപോലെ ഗസ്സ നിവാസികളുടെ ഈ ഉയിർത്തെഴുന്നേല്പ് ലോകത്തിലെ ഈ രണ്ടാം നമ്പർ സൈനികശക്തിയെ വിറപ്പിക്കുകതന്നെ ചെയ്യും, തീർച്ച!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.