കൃഷ്ണ ഉവാച

ഗ്രഹണസമയത്ത് ഭക്ഷണം വേവിച്ചാല്‍ അതില്‍ വിഷം പുരളുമെന്നൊരു വിശ്വാസം പണ്ടുണ്ടായിരുന്നു. പഴയ ഭാരതീയ വിശ്വാസങ്ങള്‍ക്കൊക്കെ ശാസ്ത്രീയാടിത്തറയുണ്ടെന്നും പുരാണങ്ങള്‍ ചരിത്രഗ്രന്ഥങ്ങളാണെന്നുമൊക്കെ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍പോലും ഊന്നിപ്പറയുന്ന സ്ഥിതിക്ക് അതങ്ങ് വിശ്വസിച്ചേക്കാം. ആ തിയറി അനുസരിച്ച് നോക്കുമ്പോള്‍ ഗ്രഹണസമയത്ത് ഞാഞ്ഞൂലിനും വിഷം വരും എന്ന വിശ്വാസവും സത്യമാവണമല്ളോ. നെലന്തര പടമെടുക്കുന്ന കാലം എന്നൊക്കെ നാടന്‍ഭാഷയില്‍ പറയും. നമ്മുടെ കാലത്തെ ഗ്രഹണാനുഭവം ഫാഷിസമാണ്. ജീവിക്കാനുള്ള അവകാശത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കും മീതെ ഫാഷിസം നിഴല്‍ വീഴ്ത്തുന്ന കാലം.  ഫാഷിസം വരുന്നേ ഫാഷിസം വരുന്നേ എന്നു ചില ഇടതു ലിബറല്‍ മതേതരവാദികള്‍ പുലി വരുന്നേ പുലി വരുന്നേ എന്ന ഈണത്തില്‍ വിളിച്ചുകൂവിയിട്ടും ആര്‍ക്കും വിശ്വാസം വന്നിരുന്നില്ല. 

വിശ്വസിപ്പിക്കാനായി അവര്‍ ചെയ്തത് ഉംബര്‍ട്ടോ എക്കോ അവതരിപ്പിച്ച ഫാഷിസത്തിന്‍െറ 14 ലക്ഷണങ്ങളും ഇന്ത്യന്‍ സാഹചര്യത്തില്‍ കാട്ടിക്കൊടുക്കുകയാണ്. ഭൂരിപക്ഷത്തോടു വിയോജിക്കുന്നവരെ വഞ്ചകരും രാജ്യദ്രോഹികളുമായി മുദ്രകുത്തുക എന്നത് ഈ ലക്ഷണങ്ങളിലൊന്നാണ്.  കമല്‍ എന്ന പേരിനുള്ളില്‍ ഒളിച്ചിരിക്കുന്ന കമാലുദ്ദീനെ കണ്ടത്തെുകയും അദ്ദേഹത്തോടു നാടുവിടാന്‍ ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് ഞാഞ്ഞൂലുകള്‍ തലപൊക്കിയത് ഈ ഫാഷിസ്റ്റ് ലക്ഷണശാസ്ത്രവിധിപ്രകാരമാണെന്നു കാണാം. എ.എന്‍. രാധാകൃഷ്ണന്‍ പക്ഷേ വെറുമൊരു ഞാഞ്ഞൂല്‍ അല്ല. അദ്ദേഹം രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണ്. അപ്പോള്‍ രാധാകൃഷ്ണവചനം ഭരണകക്ഷിയുടെ നിലപാടു തന്നെയായി വേണം കാണാന്‍. 

പൊതുവെ സംഘ്പരിവാറില്‍ എഴുത്തും വായനയുമറിയുന്നവര്‍ കുറവാണെന്നാണ് പറയാറ്. തപസ്യയുടെ വേദിയിലാവട്ടെ അക്ഷരജ്ഞാനമുള്ള എഴുത്തുകാരെ കാണാറുമില്ല. ചില കവിയശ$പ്രാര്‍ഥികളും വേദികിട്ടാന്‍ വെമ്പി നടക്കുന്നവരും അരസികരും പരാജിതരുമൊക്കെയാണ് സംഘികളുടെ സാംസ്കാരികവേദി അലങ്കരിക്കാറ്. പുസ്തകങ്ങള്‍ അലര്‍ജിയായതാണ് കാരണം. രാധാകൃഷ്ണന്‍ പക്ഷേ അങ്ങനെയല്ല. എം.ടി ഒരു സാഹിത്യകാരനാണ് എന്നൊക്കെ അറിയാം. അല്‍പം ധനതത്ത്വശാസ്ത്രമൊക്കെ അറിയാവുന്ന എഴുത്തുകാരാണ് സേതുവും മോഹനവര്‍മയുമൊക്കെ എന്നുപോലും രാധാകൃഷ്ണന് അറിയാം. അതൊക്കെ അറിയുമ്പോള്‍ നമ്മുടെ മനസ്സില്‍ രാധാകൃഷ്ണനോട് അല്‍പസ്വല്‍പം ബഹുമാനമൊക്കെ ഉണ്ടാവാനിടയുണ്ട്. പക്ഷേ, അത് അദ്ദേഹം സംസാരിച്ചു തുടങ്ങുമ്പോള്‍ പോയിക്കിട്ടും. അതാണ് രാധാകൃഷ്ണന്‍െറ മിടുക്ക്. നമ്മുടെ ബഹുമാനം സഹതാപത്തിനു വഴിമാറുന്നത് എങ്ങനെയെന്നു നോക്കാം.

അമ്പത്തിയേഴാണ് പ്രായം. ഇനിയെങ്കിലും ഒരു തീപ്പൊരി നേതാവാകണം. അല്ളെങ്കില്‍ തന്‍െറ പേര് വേറിട്ടു കേള്‍ക്കാന്‍ പാടാണ്. നല്ല രാഷ്ട്രീയ നിലപാടുകള്‍ പറഞ്ഞ് ഇടതുപക്ഷ പൊതുബോധം പങ്കുവെക്കുന്ന കേരളത്തിന്‍െറ മനസ്സ് അപഹരിക്കുക എന്നത് എളുപ്പമല്ല. ഒന്നാമത്തെ കാരണം അതിനുള്ള രാഷ്ട്രീയ വിവേകമോ ചിന്താശീലമോ ഇല്ല എന്നതുതന്നെ. സ്വന്തം പരിമിതികള്‍ രാധാകൃഷ്ണന് നന്നായി അറിയാം. അപ്പോള്‍പിന്നെ മാലോകരുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള അടവ് തേടുക സ്വാഭാവികം. സംഘികളുടെ വിദ്വേഷജിഹ്വകളുടെ വിഷവിതരണ ശൃംഖലയില്‍ അംഗമായാലോ എന്ന ബുദ്ധി തോന്നിയത് അപ്പോഴാണ്. ഉള്ള ബുദ്ധിവെച്ച് ചിന്തിച്ചുണ്ടാക്കിയ ഐഡിയ. അത് ഏറ്റു എന്നുതന്നെ വേണം പറയാന്‍. ഇപ്പോള്‍ കീര്‍ത്തിമാനാണ്. പണ്ടത്തെ ഉമാഭാരതിയെപ്പോലെ, സാക്ഷിമഹാരാജിനെപ്പോലെ സാധ്വി പ്രാചിയെപ്പോലെ തീപ്പൊരിനേതാവായി. ഇത്രയും നാള്‍ ആരുമറിയാതിരുന്നവരൊക്കെ അറിയുമെന്ന സ്ഥിതിയായി.

കേരളത്തില്‍ തീപ്പൊരിക്കാരുടെ കുറവ് പരിഹരിച്ചു. പറയുന്ന മണ്ടത്തങ്ങള്‍ക്ക് മാധ്യമങ്ങളില്‍ നല്ല മുഴക്കം കിട്ടി. ചില സാമ്പിളുകള്‍ നമുക്ക് പരിശോധിക്കാം.
രാധാകൃഷ്ണ ഉവാച$. ‘സംവിധായകന്‍ കമല്‍ തീവ്രവാദിയാണ്. എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദികളുമായി ബന്ധമുള്ള അദ്ദേഹം രാജ്യം വിടണം. നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതാണ് കമലിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കാന്‍ ഇടതുപക്ഷം കണ്ട യോഗ്യത. പ്രാകൃതമായ കൊലപാതകങ്ങള്‍ നടത്തിയ ചെ ഗുവേരയുടെ ചിത്രങ്ങള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍നിന്ന് നീക്കം ചെയ്യണം. നോട്ട് നിരോധനം തുഗ്ളക്ക് നടപടിയാണെന്നു പറയാന്‍ എം.ടി ആരാണ്? എം.ടി മാപ്പു പറയണം. മോദിയെ വിമര്‍ശിക്കാന്‍ എം.ടിക്ക് എന്താണ് അര്‍ഹത? കേരള രാഷ്ട്രീയത്തില്‍ വി.എസ് ഇപ്പോള്‍ സില്‍ക്ക് സ്മിതയെപ്പോലെ ഐറ്റം ഡാന്‍സറാണ്.’ 

ഉവാചകളില്‍ ഉറച്ചുനില്‍ക്കുമെന്നുള്ളതാണ് രാധാകൃഷ്ണന്‍െറ ഒരു ഗുണം. മതേതര കേരളത്തിന്‍െറ തെറിവിളി കാതിന് മധുരമാണ്. സോഷ്യല്‍ മീഡിയയുടെ പൊങ്കാല വിഷുക്കണി കാണുംപോലെ കാണും. ബി.എ വരെ പഠിച്ചിട്ടുണ്ടെങ്കിലും മലയാളം നല്ല വശമില്ല. അതുകൊണ്ട് വിദ്വേഷം പ്രചരിപ്പിക്കുമ്പോള്‍ അക്ഷരത്തെറ്റുകളും വ്യാകരണ തെറ്റുകളും ഉണ്ടാവും. എല്ലാവരും സദയം ക്ഷമിക്കണം. നരേന്ദ്ര മോദിയെ കമല്‍ വിളിച്ചത് നരാധമന്‍ എന്നാണ്; നരഭോജി എന്നല്ല. അധമനായ മനുഷ്യനും മനുഷ്യനെ തിന്നുന്നവനും രണ്ടും രണ്ടാണ് എന്നു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി പോലുമില്ല എന്നതുകൊണ്ടും നമുക്ക് പാവം പാവം രാധാകൃഷ്ണനോട് സഹതാപം തോന്നാം.

വെറുപ്പിന്‍െറ വാക്കുകള്‍ക്കു കിട്ടിയ പ്രതികരണം പല തരത്തില്‍. രാധാകൃഷ്ണന്‍ മാധ്യമശ്രദ്ധ കിട്ടാന്‍ നടത്തുന്ന അടവാണിതെന്നു തിരിച്ചറിഞ്ഞ് മുകേഷ് അംബാനിയുടെ മലയാളം ചാനല്‍ ന്യൂസ് 18 വാര്‍ത്ത ചര്‍ച്ചിക്കേണ്ടെന്നു തീരുമാനിച്ചു.  രാധാകൃഷ്ണന്‍ പ്രസംഗിച്ച വേദി ഡിഫിക്കുട്ടികള്‍ ചാണകം തളിച്ച് ശുദ്ധമാക്കി. അലന്‍സിയര്‍ എന്ന നടന്‍ സംഘികളുടെ മടയില്‍ ചെന്ന് തെരുവില്‍ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ. പത്മനാഭന്‍ തള്ളിപ്പറഞ്ഞു. രാധാകൃഷ്ണന്‍ പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കി എന്നു പോലും പറഞ്ഞ് കൈവിട്ടു കളഞ്ഞു.

1960 ജനുവരി 25 ന് ജനനം. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെയാണ് വിദ്വേഷരാഷ്ട്രീയത്തിന്‍െറ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. ആര്‍.എസ്.എസ് പ്രചാരകനായിരുന്നു. ജന്മഭൂമി ദിനപത്രത്തിന്‍െറ ഡയറക്ടര്‍, അപ്പോളോ ടയേഴ്സിലെ മുന്‍ യൂനിയന്‍ പ്രസിഡന്‍റ്. എഫ്.സി.ഐ അംഗം, ബി.എസ്.എന്‍.എല്‍ സംസ്ഥാന ഉപദേശക സമിതി അംഗം. ബി.ജെ.പി ജില്ല സെക്രട്ടറി, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി, എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി, ജില്ല പ്രസിഡന്‍റ്, സംസ്ഥാനസമിതി അംഗം, സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ ജനുവരി മുതല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി.

Tags:    
News Summary - an radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.