റഫാ, ലെജൻഡ്

കാര്യത്തിലേക്ക് കടക്കുന്നതിന് മുമ്പ് അൽപം ശാസ്ത്രവിചാരമാകാം. സൗരയൂഥത്തിൽ ചൊവ്വക്കും വ്യാഴത്തിനുമിടയിൽ പതിനായിരക്കണക്കിന് 'ചെറുഗ്രഹങ്ങൾ' (ഛിന്നഗ്രഹങ്ങൾ എന്നോ അസ്ട്രോയിഡുകൾ എന്നോ പറയാം) സൂര്യനെ വലം വെക്കുന്നുണ്ട്. സംഗതി കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തതുകൊണ്ടും ഭൂമിയെപ്പോലെ കൃത്യമായ ഗോളാകൃതിയില്ലാത്തതുകൊണ്ടുമൊക്കെ അവയെ ഗ്രഹങ്ങളായി പരിഗണിക്കാറില്ലെന്ന് മാത്രം.

2003ൽ, സ്‍പെയിനിലെ മയോർക്ക വാനനിരീക്ഷണാലയത്തിലെ ശാസ്ത്രജ്ഞർ അങ്ങനെയൊരു കുഞ്ഞനെ കണ്ടെത്തി. അതിന്റെ വലുപ്പവും ചലനവേഗവുമെല്ലാം കൃത്യമായി മനസ്സിലാക്കി; നടപ്പുരീതിയനുസരിച്ച് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂനിയനെ വിവരം ധരിപ്പിക്കുകയും ചെയ്തു. അവിടെനിന്ന് അംഗീകാരം കിട്ടിയാലേ 'ഛിന്നഗ്രഹ പദവി' ലഭിക്കൂ. അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അത് സംഭവിച്ചു. മയോർക്കയിലെ യുവവാനനിരീക്ഷകരുടെ കണ്ടെത്തൽ ശരിയായിരുന്നു. അതൊരു ഛിന്നഗ്രഹം തന്നെ. 'ഗ്രഹ'ത്തിനൊരു പേരിടാൻ യൂനിയൻ നിർദേശിച്ചു.

ആകാശലോകത്തെ താരാഗണങ്ങളെയും ഗ്രഹങ്ങളെയും പൾസാറുകളെയുമൊക്കെ തേടിപ്പോകുന്നതിന് എത്രയോ മുന്നേത്തന്നെ അവർ ഭൂമിയിലെ മറ്റൊരു താരകത്തെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഒരു പേര് നിർദേശിക്കാൻ അവർക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല: അവർ അതിനെ 'റാഫേൽ നദാൽ' എന്നു വിളിച്ചു.

പതിനാല് വർഷങ്ങൾക്കിപ്പുറവും ടെന്നിസ് കോർട്ടിൽ പുതിയ റെക്കോഡുകൾ ഭേദിച്ച് പിന്നെയും കുതിച്ചുകൊണ്ടിരിക്കുകയാണ് ഈ താരകം. റാഫേൽ നദാൽ പെരേര എന്നാണ് പൂർണ നാമധേയം. മയോർക്കയുടെ സ്വന്തക്കാരൻ. ഫ്രാൻസിലെ 'കളിമൺ വിപ്ലവ'ത്തിനുശേഷം വിംബ്ൾഡണിനുള്ള ഒരുക്കങ്ങളിലാണിപ്പോൾ നദാൽ. ആ ചരിത്ര സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിടുന്നു. ലോക ടെന്നിസിലെ സുൽത്താൻ ആരെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂവെന്ന് തെളിയിക്കപ്പെട്ട ചരിത്ര സംഭവം. റോളങ് ഗാരോയിലെ ഫിലിപ് ഷാട്രിയർ കോർട്ടിൽ ഫൈനൽ മത്സരത്തിന് അരങ്ങൊരുങ്ങുകയാണ്. ഫ്രഞ്ച് ഓപണിൽ 14ാം കിരീടമാണ് റഫായുടെ ലക്ഷ്യം.

ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലിനിറങ്ങുന്ന നോർവേയുടെ കാസ്പർ റൂഡാണ് എതിരാളി. ടെന്നിസിനെക്കുറിച്ച് സാക്ഷാൽ വീനസ് വില്യംസ് പറഞ്ഞുവെച്ച ഫിലോസഫി തന്നെയാണ് നദാലിനും. അതൊരു മൈൻഡ് ഗെയിം കൂടിയാണ്; അതുകൊണ്ടുതന്നെ കോർട്ടിലേക്ക് എത്തുന്നതിന് മുന്നേ തന്നെ ജേതാവാരെന്ന് നിശ്ചയിക്കപ്പെട്ടു. വീനസിന്റെ ഈ തത്ത്വം മറ്റൊരുരീതിയിൽ റഫായും അവതരിപ്പിച്ചിട്ടുണ്ട്: ''തോൽവിയല്ല, തോൽവിയെക്കുറിച്ചുള്ള ഭയമാണ് എന്നെ കീഴ്പ്പെടുത്തുക''. അതിനാൽ, കാലിലെ പരിക്കൊന്നും കണക്കിലെടുക്കാതെ ജയിക്കാനുറച്ചുതന്നെ കോർട്ടിലേക്ക് നടന്നുകയറി. അറിയാമല്ലോ, പ്രശാന്തസുന്ദരമായൊരു അന്തരീക്ഷത്തിൽ നടക്കുന്ന 'വയലന്റ് ആക്ഷൻ' എന്നാണ് ടെന്നിസിന്റെ നിർവചനം. ആ കളിമൺ കോർട്ടിലും അതുതന്നെ സംഭവിച്ചു. നേരിട്ടുള്ള സെറ്റുകളിൽ റൂഡ് പരാജയം രുചിച്ചു. 22 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ. 20 കിരീടങ്ങളുമായി ഫെഡററും ദ്യോകോവിച്ചും തൊട്ടുപിറകെയുണ്ട്. പക്ഷേ, രണ്ടുപേരും റഫാക്കൊരു ഭീഷണിയാകില്ലെന്നുറപ്പ്.

ശാസ്ത്രലോകം നദാലിന് 'ഛിന്നഗ്രഹ' പദവി നൽകുന്നതും ഇതുപോലൊരു ചരിത്ര നിമിഷത്തിലായിരുന്നു. 2008ലെ വിംബ്ൾഡൺ ഫൈനൽ മത്സരം. 22 കാരനായ നദാലിനെ നേരിടുന്നത് സാക്ഷാൽ ഫെഡറർ. അഗാസിക്കും പീറ്റ് സാംപ്രാസിനുംശേഷം ടെന്നിസ് കോർട്ടിലെ രാജാവായി ഫെഡറർ അരങ്ങുവാഴുന്ന കാലമാണ്. റാങ്കിങ്ങിൽ ഒന്നാം സ്ഥാനം. കളിൺ മൈതാനത്ത് നദാൽ ആളൊരു പുലിയാണെന്ന് അതിനു മുന്നേ തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും പുൽമൈതാനങ്ങളിൽ അവസാന നിമിഷം എല്ലാം നഷ്ടമാകുന്നതായിരുന്നു പതിവുകാഴ്ച. ആ ശനിദശ മാറിയത് വിംബ്ൾഡൺ വേദിയിലാണ്, അതും ഫെഡററെ തോൽപിച്ച്. ഏതാണ്ട് നാലേ മുക്കാൽ മണിക്കൂർ നീണ്ട മത്സരമായിരുന്നു അത്. അഞ്ച് സെറ്റ് പോരാട്ടം. ഒടുവിൽ തോൽവി സമ്മതിക്കുമ്പോൾ, ഫെഡിന് നഷ്ടമായത് തുടർച്ചയായ മൂന്ന് വിംബ്ൾഡൺ കിരീടമെന്ന സ്വപ്നനേട്ടമാണ്. ആ വർഷം ശരിക്കും നദാലിന്റേതായിരുന്നു. പതിവുപോലെ ഫ്രഞ്ച് ഓപൺ റഫാ കൈവശപ്പെടുത്തിയിരുന്നു. അതുകഴിഞ്ഞ് ഒളിമ്പിക്സ് സ്വർണവും. സ്വാഭാവികമായും ഒന്നാം റാങ്കിലേക്കും ഉയർന്നു. ലോകം കണ്ട ഏറ്റവും മികച്ച ടെന്നിസ് താരമെന്ന് മാധ്യമങ്ങൾ ഒന്നടങ്കം വിശേഷിപ്പിച്ചു. അഗാസിയെപ്പോലുള്ളവർ 'ലെജൻഡ്' എന്നു തന്നെ വിളിച്ചു. ആ സുന്ദര നിമിഷങ്ങളിലാണ് മയോർക്കയിലെ ശാസ്ത്രജ്ഞർ റഫായുടെ ലെഗസി ആകാശത്തോളം ഉയർത്തിയത്.

അവിടുന്നങ്ങോട്ട് വിജയപ്രയാണങ്ങളുടെ ആകാശയാത്ര തന്നെയായിരുന്നു. എത്രയെത്ര കിരീടങ്ങൾ. 17 തവണ ഗ്രാൻഡ് സ്ലാം കിരീടങ്ങൾ തന്നെ സ്വന്തമാക്കി. എ.ടി.പി ഫൈനൽസിൽ രണ്ട് തവണ. മൊത്തം അന്താരാഷ്ട്ര കിരീടങ്ങളുടെ കണക്കെടുത്താൽ ഏകദേശം നൂറിനടുത്ത് വരും. ലോക ഒന്നാം നമ്പർ താരമെന്ന പദവി നിലനിർത്തിയത് 209 ആഴ്ചയാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ, ടെന്നിസ് ലോകത്തെ മുഖ്യ കിരീടങ്ങളിലൊന്നിലെങ്കിലും ചുംബിക്കാതെ കടന്നുപോയിട്ടില്ല. ഇതിനിടെ, സ്വന്തം രാജ്യത്തിന് അഞ്ച് തവണ ഡേവിസ് കപ്പ് നേടിക്കൊടുത്തു; സിംഗിൾസിലും ഡബ്ൾസിലും ഒളിമ്പിക് മെഡലും. അങ്ങനെ കരിയർ ഗ്രാൻഡ് സ്ലാം നേട്ടം വേറെയും. അഗാസിക്കു മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൊയ്യാനായത്.

പ്രായമിപ്പോൾ 36 ആയി. 30 പിന്നിട്ടതിനുശേഷം ടെന്നിസ് ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചവർ നന്നേ കുറവാണ്. കരിയർ ഗ്രാഫ് കുറഞ്ഞുവരുന്ന പോയന്റായി പലരും കണക്കാക്കിയിരിക്കുന്നത് ഇവിടെയാണ്. ആെന്ദ്ര അഗാസിക്ക് 30നുശേഷം ആകെ കിട്ടിയത് രണ്ട് ഗ്രാൻഡ് സ്ലാമുകളാണ്; ഫെഡറർക്ക് നാലും. ഈ 'മത്സര'ത്തിൽ ദ്യോകോവിച്ചിനൊപ്പമാണ് നദാൽ -രണ്ടാളും ഇതിനകം എട്ടെണ്ണം സ്വന്തമാക്കി. ദ്യോകോവിച്ചിന് ഒന്നും നദാലിന് നാലുമാണിപ്പോൾ റാങ്ക്. എന്നുവെച്ചാൽ, ഫുട്ബാളിലെന്നപോലെ ടെന്നിസിലുമിപ്പോൾ വയസ്സന്മാരുടെ പോരാട്ടമാണ്. കുമ്മായവരക്കുള്ളിൽ മെസ്സിയും റൊണാൾഡോയുമെല്ലാം ഈ പ്രായത്തിലും അരങ്ങുതകർക്കുമ്പോൾ കോർട്ടിൽ റഫായും ദ്യോകോവിച്ചും ഫെഡററും മറ്റൊരു വസന്തം തീർക്കുന്നു. ഫ്രഞ്ച് ഓപൺ പുരുഷ സിംഗിൾസ് ജേതാവാകുന്ന ഏറ്റവും പ്രായം കൂടിയ താരം കൂടിയാണിപ്പോൾ നദാൽ. ആസ്ട്രേലിയൻ ഓപൺ നേടിയശേഷമാണ് റോളങ് ഗാരോയിലെത്തിയത്. ഇനി വിംബ്ൾഡണാണ് ലക്ഷ്യം. പക്ഷേ, പരിക്കാണ് വില്ലൻ. കാലിന് ചെറുതല്ലാത്ത പ്രയാസങ്ങളുണ്ട്. അത് പരിഹരിക്കാൻ തൽക്കാലം ചികിത്സയും വിശ്രമവും ആവശ്യമുണ്ടെന്നാണ് ഡോക്ടർമാരുടെ ഉപദേശം. പക്ഷേ, ഹൃദയം വിംബ്ൾഡൺ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കുന്നുവെന്നാണ് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. അതൊരു സൂചനയായി വിലയിരുത്തിയവരുണ്ട്. അത്ഭുതങ്ങൾ ആവർത്തിക്കാൻ അയാൾ അവിടെയും റാക്കറ്റേന്തുമെന്ന് പ്രതീക്ഷിക്കാം.

1986 ജൂൺ മൂന്നിന് ജനനം. അന്നയും സെബാസ്റ്റ്യനുമാണ് മാതാപിതാക്കൾ. വിഖ്യാത സ്പാനിഷ് ഫുട്ബാൾ താരം മിഗ്യേൽ എയ്ഞ്ചൽ നദാൽ റഫായുടെ അമ്മാവനാണ്. '90കളിൽ ബാഴ്സയുടെ പ്രതിരോധത്തിലും മധ്യനിരയിലും തിളങ്ങിയ മിഗ്യേൽ, സ്‍പെയിനിനുവേണ്ടി മൂന്ന് തവണ ലോകകപ്പിലും ഒരിക്കൽ യൂറോകപ്പിലും ജഴ്സിയണിഞ്ഞു. മാതാവിന്റെ മറ്റൊരു സഹോദരൻ ടോണിയാണ് റഫായെ ടെന്നിസിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചത്. മൂന്ന് വയസ്സിൽ തുടങ്ങിയ പഠനം ആറ് വർഷം പിന്നിട്ടപ്പോഴേക്കും റഫായുടെ പ്രതിഭ വ്യക്തമായി തുടങ്ങി. ആ സമയത്ത് ഫുട്ബാളിലും പരിശീലനം നേടിയിരുന്നു. 12ാം വയസ്സിൽ ദേശീയ ജൂനിയർ ടെന്നിസ് ചാമ്പ്യനായതോടെ, രണ്ട് കളികളിലേതെങ്കിലും ഒന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പിതാവ് കട്ടായം പറഞ്ഞു. ഇതിനിടയിൽ പഠനം മുടങ്ങുന്നതും പതിവായിരുന്നു. ''എനിക്ക് ടെന്നിസ് മതി''. ആ തീരുമാനമാണ് ലോകത്തിന് ഒരു ഇതിഹാസത്തെ സമ്മാനിച്ചത്.

Tags:    
News Summary - Rafa Nadal The Legend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.